യു.എസിലെ കാപിറ്റൽ മന്ദിരത്തിനുനേരെയുണ്ടായ കൈയേറ്റത്തോടെ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവസാന അടവും പൊളിഞ്ഞു. കൈയേറ്റത്തെ അമേരിക്കയിൽ മാത്രമല്ല ലോകമെങ്ങും ജനാധിപത്യവാദികൾ അപലപിച്ചത് നല്ല സൂചനയാവുകയും ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് ജനവിധി അട്ടിമറിക്കാൻ പലതരത്തിൽ ശ്രമിച്ചു. അറ്റകൈ പ്രയോഗമായിരുന്നു അദ്ദേഹത്തിെൻറ അനുകൂലികൾ കാപിറ്റൽ ഹിൽ ബിൽഡിങ്ങിൽ നടത്തിയത്.
ട്രംപിനുമേൽ ജോ ബൈഡൻ നേടിയ വിജയത്തിന് അന്തിമമായ അംഗീകാരം നൽകാൻ സമ്മേളിച്ചതായിരുന്നു യു.എസ് പാർലമെൻറിെൻറ ഇരുസഭകളും. ഈ സംയുക്ത യോഗത്തിലേക്ക് സായുധ അക്രമികളടക്കം ആയിരക്കണക്കിന് റിപ്പബ്ലിക്കൻ കക്ഷിക്കാർ ഇരച്ചുകയറിയത് ട്രംപിനു മാത്രമല്ല, അമേരിക്കൻ ജനാധിപത്യത്തിനും അവിടത്തെ രഹസ്യാന്വേഷണ - സുരക്ഷാസംവിധാനങ്ങൾക്കും നാണക്കേടായി.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. അധികാര കൈമാറ്റത്തോട് പൊരുത്തപ്പെടാനാകാതെ ട്രംപ് ആദ്യം വോട്ടിങ്ങിൽ കൃത്രിമമാരോപിച്ചിരുന്നു. പിന്നെ, പോസ്റ്റൽ വോട്ടുകൾ ബൈഡന് അനുകൂലമായപ്പോൾ അതിനെ എതിർത്തു. സംസ്ഥാനങ്ങളിലെ സ്വന്തം പാർട്ടിക്കാരായ അധികാരികളെ വിളിച്ച് തനിക്കാവശ്യമായ അധിക വോട്ടുകൾ ശരിപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ടു. ഒന്നും നടക്കാതായപ്പോൾ കുട്ടിക്കുറുമ്പുമായി പിണങ്ങിനിന്നു. ഒടുവിൽ ബൈഡെൻറ പ്രസിഡൻറ് പദവിക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് (പാർലമെൻറ്) ചേരാനിരിക്കെ, അധികാര കൈമാറ്റം സുഗമമാകാൻ സമ്മതിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫലം ശരിയല്ലെന്നും പറഞ്ഞ് അനുയായികളെ ഇളക്കിവിട്ടു.
കോൺഗ്രസ് ചേരുേമ്പാൾ ആ അനുകൂലികളാണ് ആയുധങ്ങളുമേന്തി പൊലീസ് ബാരിക്കേഡും കാപിറ്റൽ മന്ദിരത്തിെൻറ മതിലുമൊക്കെ ചാടിക്കടന്ന് ഭീകരാക്രമണം നടത്തിയത്. കോൺഗ്രസ് അംഗങ്ങളിൽ പലരെയും പൊലീസ് സുരക്ഷയെ കരുതി ഒഴിപ്പിച്ചു; ബാക്കി അംഗങ്ങൾ സീറ്റുകൾക്കുപിന്നിലും മറ്റുമായി ഒളിച്ചു.
അക്രമികളെ തുരത്തിയശേഷമാണ് കോൺഗ്രസ് വീണ്ടും ചേർന്ന് ബൈഡെൻറ അധികാരാരോഹണത്തിലേക്കുള്ള അവസാന ചുവടും പൂർത്തിയാക്കിയത്. എല്ലാ നിലക്കും തോറ്റ ട്രംപിന് അധികാരക്കൈമാറ്റത്തിന് സമ്മതിക്കേണ്ടിവന്നു; അദ്ദേഹത്തിെൻറ സമൂഹമാധ്യമ അക്കൗണ്ടുകൾ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികൾ നീക്കം ചെയ്തു: വിദ്വേഷ പ്രചാരണം, അക്രമത്തിന് പ്രേരിപ്പിക്കൽ എന്നിവയാണ് കാരണം.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിെൻറ ഏറ്റവും ശക്തനായ അധികാരി മാന്യതയില്ലാത്ത തെമ്മാടിക്കൂട്ടത്തിെൻറ തലവൻ മാത്രമാണെന്ന് ലോകം ശരിക്കും തിരിച്ചറിഞ്ഞ സമയമാണിത്. വിവിധ രാജ്യങ്ങളുടെ നേതാക്കൾ ട്രംപിെൻറ രീതിയെ അപലപിച്ചു. അപലപിക്കാതിരിക്കാൻ പറ്റാത്തത്ര വ്യക്തമാണ് ട്രംപിെൻറ മര്യാദക്കേട് എന്നതുതന്നെ കാരണം. അതേസമയം, ഇതേ രാജ്യങ്ങളിലെ നേതാക്കളിൽതന്നെ ട്രംപിെൻറ എത്രയോ പകർപ്പുകളുണ്ട്.
ട്രംപ് കാട്ടിക്കൂട്ടിയ നെറികേടുകൾ കുറഞ്ഞതോ കൂടിയതോ ആയ അളവിൽ അവരും ചെയ്യുന്നുണ്ട്. ഏറ്റവും കടുത്ത അന്യായങ്ങൾ ജനാധിപത്യത്തിെൻറ മുദ്രയൊട്ടിച്ചു ചെയ്തുകൂട്ടുന്നു പലരും; അപലപിക്കാനാകാത്ത തലത്തിലേക്ക് ട്രംപ് തരംതാഴുന്നതുവരെ അദ്ദേഹത്തിെൻറ എല്ലാ നെറികേടുകൾക്കും അവരും തുണയായിരുന്നു. അതേ വിഭാഗീയതയും വംശീയ വിദ്വേഷവുമെല്ലാം അതേ തീവ്രതയോടെ അവർ ഇന്നും കൊണ്ടുനടക്കുന്നു.
അമേരിക്കയിലെ 'ജനാധിപത്യത്തിെൻറ വിജയ'ത്തെ ചൊല്ലി ഇന്ന് ആഹ്ലാദിക്കുന്ന അമേരിക്കയിലെയും മറ്റും ഒരുപാട് മാന്യന്മാർ മറ്റു രാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടപ്പോൾ അവിടങ്ങളിലെ 'ട്രംപു'മാരുമായി ഒത്തുകളിച്ചതും മറ്റൊരു കാപട്യമാണ്. ഈജിപ്തിലെ ഏറ്റവും സത്യസന്ധമായ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറായ മുഹമ്മദ് മുർസിയെ പരസ്യമായ നെറികേടിലൂടെ അട്ടിമറിച്ച് പട്ടാളഭരണം സ്ഥാപിച്ച അബ്ദുൽ ഫതാഹ് അൽസീസിയെ ചെറുതായൊന്ന് അപലപിക്കാൻപോലും തയാറല്ലാത്തവരാണ് അമേരിക്കയിലെ 'ജനാധിപത്യപരായ ഭരണമാറ്റ'ത്തിെൻറ വിജയം കൊണ്ടാടുന്നത്.
അമേരിക്കയിലെ ആൾക്കൂട്ട ഫാഷിസത്തിെൻറ പരാജയം ചൂണ്ടിക്കാട്ടി പുറമേക്കെങ്കിലും ജനാധിപത്യത്തിെൻറ വിജയത്തെപ്പറ്റി ഊറ്റംകൊള്ളുന്നുണ്ട് ഇന്ത്യയിലെ ഭരണപക്ഷം. ആൾക്കൂട്ട ഫാഷിസമെന്ന ജനാധിപത്യവിരുദ്ധത ട്രംപിനേക്കാൾ കാര്യക്ഷമമായി നടപ്പാക്കുന്നവരാണ് അവരെന്നത് മറന്നുകൂടാ. ഭരണഘടന ലംഘിക്കുന്നതിനുവരെ ആൾക്കൂട്ടത്തെ ഇളക്കിവിടാനുള്ള പ്രാപ്തി ഇന്ത്യയിലെ ട്രംപുമാർ കൂടുതൽ ശക്തമായി മുേമ്പ ആർജിച്ചിട്ടുള്ളവരാണ്.
കോടതിക്കുമുമ്പാകെ ഉറപ്പുപറഞ്ഞ ഭരണകൂടങ്ങൾ അതിനെതിരായി ഒരു പള്ളി തകർക്കാൻ ആൾക്കൂട്ടത്തിന് ഒത്താശ െചയ്ത നാടാണിത്. ആൾക്കൂട്ട നീതിക്ക് പൊലീസ് തുണയാവുകയും ഒടുവിൽ ആ 'നീതി' നിയമത്തിൽ എഴുതപ്പെടുകയും ചെയ്യുന്ന നാടാണിത്. ഇതുമായി തട്ടിച്ചാൽ അമേരിക്കക്കുള്ള മികവ് മുമ്പ് അരുന്ധതി റോയ് പറഞ്ഞതുതന്നെയാണ്: അവിടെ പ്രസിഡൻറടക്കം ചിലരെ ദുഷിച്ചിട്ടുള്ളൂ; ജനായത്ത വ്യവസ്ഥിതി ഭദ്രമാണ്.
ഇവിടെ ഭരണപക്ഷവും നിയമനിർമാണ സഭകളും ജുഡീഷ്യറിയും മാധ്യമങ്ങളുമൊക്കെ ദുഷിച്ചിരിക്കുന്നു. യു.എസിൽ നിർണായക സന്ദർഭത്തിൽ ജനാധിപത്യത്തിന് താങ്ങായിനിന്നത് ഡെമോക്രാറ്റുകളെക്കാൾ ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. ഇന്ത്യയിലാകട്ടെ, ഭരണഘടനയുടെ സത്തക്കെതിരായ പൗരത്വ നിയമവും ജനാധിപത്യ വിരുദ്ധമായ കാർഷിക നിയമങ്ങളും പാർലമെൻറിനെ നോക്കുകുത്തിയാക്കി, ചർച്ച കൂടാതെ നിർമിച്ചപ്പോൾ ഭരണപക്ഷത്തെ ഒരാൾപോലും കക്ഷിരാഷ്ട്രീയത്തിനപ്പുറത്താണ് ഭരണഘടന എന്ന നിലപാടെടുത്തില്ല.
യു.എസിലെ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി ഇറക്കിയ പ്രസ്താവനയിൽ പോലും 'നിയമവിരുദ്ധ പ്രതിഷേധങ്ങളെ' എതിർക്കാനാണ് മുതിർന്നത്. പൗരത്വ, കർഷക പ്രതിഷേധങ്ങളെ 'നിയമവിരുദ്ധ'മാക്കുന്നത് ട്രംപിെൻറ ശൈലിയാണ് - ജനാധിപത്യത്തിേൻറതല്ല. ട്രംപ് പോയാലും ട്രംപിസം നിലനിൽക്കുന്നു, പലേടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.