സ്വജനപക്ഷപാതം അഴിമതിതന്നെയാണ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ  ബന്ധുനിയമനങ്ങള്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കുകയും സി.പി.എമ്മിന്‍െറ ആഭ്യന്തര പ്രതിസന്ധിക്ക് ആക്കംകൂട്ടുകയും ചെയ്യുന്ന രീതിയില്‍ വികാസം പ്രാപിച്ചിരിക്കുന്നു. സി.പി.എമ്മിന്‍െറ കേന്ദ്ര സമിതിയംഗവും പാര്‍ട്ടി എം.പിയുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ യോഗ്യതകളില്ലാതിരുന്നിട്ടും കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ റദ്ദുചെയ്തതിലൂടെ പരിഹരിക്കാന്‍ കഴിയുന്നതല്ല ഇടതു സര്‍ക്കാറും സി.പി.എമ്മും ചെന്നുപെട്ട പ്രതിസന്ധി.

അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്തുതന്നെ സുധീര്‍ നമ്പ്യാരുടെ ഭാര്യ ധന്യ വി. നായരെ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചതും വിവാദമാകുകയും ഒടുക്കം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തത് ഇടതു സര്‍ക്കാറിന്‍െറ ശോഭ കെടുത്തിയ നടപടികളായിരുന്നു.  പേഴ്സനല്‍ സ്റ്റാഫിന്‍െറ നിയമനത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ അമരക്കാരെ നിശ്ചയിക്കുന്നതിലും പാലിക്കേണ്ട സൂക്ഷ്മതയും ധാര്‍മികതയും പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കരുതാന്‍ ഇടവരുത്തുന്നതാണ് നിയമനങ്ങളിലെ ബന്ധുത്വബാഹുല്യം. കഴിഞ്ഞമാസമാണ് ഇ.പി. ജയരാജന്‍െറ സഹോദരന്‍െറ മകന്‍െറ ഭാര്യ ദീപ്തി നിഷാന്തിനെ കേരള ക്ളേസ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജറാക്കിയത്. ആനത്തലവട്ടം ആനന്ദന്‍െറ മകന്‍, കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍, ഇ.കെ. നായനാരുടെ ചെറുമകന്‍ എന്നിവരെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതും വിമര്‍ശവിധേയമായിരിക്കുകയാണ്. ഇത്തരം നിയമനങ്ങളില്‍ സി.പി.എം സ്വീകരിച്ച ബന്ധുത്വപരിഗണനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‍െറ ആഴം മനസ്സിലാക്കാന്‍ ഇ.പി. ജയരാജന്‍െറയും പി.കെ. ശ്രീമതിയുടെയും ഫേസ്ബുക് പേജുകളിലെ കമന്‍റുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും. എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരിക്ക് പ്രസ്താവനയിറക്കാനും മുഖ്യമന്ത്രിക്ക് വ്യവസായ മന്ത്രിയോട് അനിഷ്ടം പ്രകടിപ്പിക്കാനും സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ബാധിച്ചുവെന്ന് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെടാനും കാരണമായത് സ്വന്തം അണികള്‍ക്കുപോലും സഹിക്കാനോ ന്യായീകരിക്കാനോ കഴിയാത്തവണ്ണം അധാര്‍മികമായ സ്വജനപക്ഷപാതിത്വ നടപടികളുടെ അപകടം  മനസ്സിലാക്കിയതുകൊണ്ടാകാം.  

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ സുതാര്യമാക്കുന്നതിനാണ് ‘റിയാബ്’ (റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡ്) രൂപവത്കരിച്ചതും നിയമനങ്ങളുള്‍പ്പെടെ അതിന്‍െറ കീഴിലുള്‍പ്പെടുത്തിയതും. എന്നാല്‍, റിയാബിന്‍െറ സെക്രട്ടറിതന്നെ അഴിമതിയാരോപണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളാണ്. നിയമനത്തിന് തയാറാക്കിയവരുടെ ഷോര്‍ട്ട്ലിസ്റ്റിലാകട്ടെ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍വരെയുണ്ടത്രെ. ബോര്‍ഡുകളും കോര്‍പറേഷനുകളും ഇഷ്ടക്കാരെ വഴിവിട്ട് നിയമിക്കാനുള്ള ആസ്ഥാന കേന്ദ്രങ്ങളായി ചുരുങ്ങുകയാണോ? ബോര്‍ഡുകളും കോര്‍പറേഷനുകളും കമീഷനുകളും പിറവിയെടുക്കുന്നതും  നിയമനങ്ങള്‍ നടത്തുന്നതും  ജനക്ഷേമത്തിനാണെന്നത്  കെട്ടുകഥ മാത്രമാണ്. ഘടകകക്ഷികള്‍ക്കും സ്വന്തക്കാര്‍ക്കും വീതംവെക്കാനും അധികാരത്തിന്‍െറ കോപ്പ കൂടുതല്‍ പേരിലേക്ക് കൈമാറാനുമുള്ള വെള്ളാനകളാണിവയിന്ന്.  ചെയര്‍മാന്‍ പദവിക്കുവേണ്ടിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ കാരണം സര്‍ക്കാര്‍ തുടങ്ങി ഇത്രകാലമായിട്ടും നിയമനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്‍െറ നടപ്പുദീനങ്ങളില്‍നിന്ന് പുതിയ ഇടതു സര്‍ക്കാറും മുക്തമല്ളെന്ന് ഈ തര്‍ക്കങ്ങളും പൂര്‍ത്തിയായ നിയമനങ്ങളും തെളിയിക്കുന്നു. അതുകൊണ്ട് പൊതുമേഖലയിലെ നിയമനത്തില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ ഗുരുതരമെന്ന് മുഖ്യമന്ത്രിക്ക് ഉറച്ച ബോധ്യമുണ്ടെങ്കില്‍ മുഴുവന്‍ നിയമനങ്ങളും  പുന$പരിശോധിക്കാന്‍ തയാറാകുകയാണ് വേണ്ടത്. പല കോര്‍പറേഷനുകളും ബോര്‍ഡുകളും എന്തിനാണെന്നുതന്നെ ആര്‍ക്കുമറിയില്ല.

നിയമനങ്ങള്‍ രാഷ്ട്രീയ വിലപേശലുകളും വീതംവെക്കലുകളുമായി മാറിയിരിക്കുന്നു. ഖജനാവിനെ വെളുപ്പിക്കുന്ന, ഒരു പ്രയോജനവുമില്ലാത്ത കമീഷനുകളും ബോര്‍ഡുകളും പിരിച്ചുവിടാന്‍ അദ്ദേഹം ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്‍െറ ഉന്നതസ്ഥാനങ്ങളിലേക്ക് വ്യക്തികളെ നിയമിക്കുമ്പോള്‍ സാങ്കേതിക യോഗ്യത മാനദണ്ഡമായി പരിഗണിക്കുന്നതിനോടൊപ്പം, അനര്‍ഹമായി അധികാരം ഉപയോഗിക്കുന്നില്ളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ധാര്‍മിക  ഒൗന്നത്യംകൂടി പാലിക്കാന്‍ കഴിയുമ്പോഴാണ് സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത വര്‍ധിക്കുക. മതിയായ യോഗ്യതയില്ലാത്തയാളെ സ്വതാല്‍പര്യാര്‍ഥം ഉയര്‍ന്ന പദവികളില്‍ അനര്‍ഹമായി നിശ്ചയിക്കുന്നത് അഴിമതിതന്നെയാണ്. സ്വജനപക്ഷപാതം എന്ന അഴിമതി.  അധികാരവര്‍ഗത്തിന്‍െറ തെറ്റുകള്‍ മനുഷ്യസഹജമെന്ന് പറഞ്ഞ് ലഘൂകരിക്കുക സാധ്യമല്ല. വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളുകയും തെറ്റുചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. സി.പി.എം കൂടി ഉത്തരം പറയേണ്ട സ്വജനപക്ഷപാത നിയമനം ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള  ജാഗ്രതയും പുലര്‍ത്തേണ്ടതാണ്. ജീര്‍ണത ബാധിച്ച സാമ്പ്രദായിക പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തത അവകാശപ്പെടുന്നവര്‍ നിയമനം ഉള്‍പ്പെടെയുള്ള സര്‍വകാര്യങ്ങളിലും നീതിയുടെയും ധാര്‍മികതയുടെയും മാതൃകകളാണ് രചിക്കേണ്ടത്. അഴിമതിവിരുദ്ധ ഭരണം കാഴ്ചവെക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഒരു ഭരണകൂടത്തിന്‍െറ സവിശേഷ ബാധ്യതകൂടിയാണത്.

 

Tags:    
News Summary - posting scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.