പ്രവാസി ഭാരതീയ ദിവസ് സംഗമം എന്ന പാഴ്ച്ചെലവ്

സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തില്‍ ഗുണാത്മകമായ എന്തെങ്കിലും പരിവര്‍ത്തനം കഴിഞ്ഞ 13 പ്രവാസി ഭാരതീയ സമ്മേളനം സംഭാവന ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചാല്‍ ഇല്ല എന്ന് ഉത്തരം കിട്ടാന്‍ അധിക ഗവേഷണമൊന്നും വേണ്ടതില്ല; ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് 14ാമത് എഡിഷന്‍ സമ്മേളനം വിലയിരുത്തിയാല്‍ മാത്രം മതിയാകും. പ്രവാസി പ്രതിനിധികളെ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ശ്രവിച്ചാല്‍ തീര്‍ച്ചയാകും, സാധാരണക്കാരായ പ്രവാസികളുടെ, വിശേഷിച്ച് ഗള്‍ഫ് മേഖലയില്‍ വസിക്കുന്നവരുടെ സ്ഥാനം 70 കാതം അകലെയാണെന്ന്.  മൂന്നു കോടി പൗരന്മാര്‍ വിദേശത്ത് താമസിക്കുകയും 6900 കോടി ഡോളര്‍ പ്രതിവര്‍ഷം അയച്ച് ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തെ സമ്പന്നമാക്കുകയും ചെയ്യുന്നവരെ ബഹുമാനിക്കുന്നുവെന്ന് ആണയിട്ട പ്രധാനമന്ത്രി അവര്‍ക്കായി പ്രഖ്യാപിച്ചത് വിദേശത്ത് ജോലി തേടുന്ന യുവാക്കള്‍ക്ക് നൈപുണ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മാത്രം.   നോട്ട് നിരോധനം നിമിത്തം വിദേശനിക്ഷേപകരുടെ വിശ്വാസ്യത ആഗോളതലത്തില്‍ ഇടിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍െറ ഊന്നല്‍ വിദേശനിക്ഷേപത്തെ കൊണ്ടുവരുന്നതിന് മധ്യവര്‍ത്തി പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ പ്രവാസി വാണിജ്യ പ്രമുഖരോടുള്ള ആഹ്വാനമായിരുന്നു.  സാമ്പത്തികമാന്ദ്യത്തിന്‍െറ പിടിയിലമര്‍ന്നതിന് കാരണമായ തന്‍െറ സാമ്പത്തിക നടപടിക്രമങ്ങളെ ന്യായീകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍െറ  പ്രധാന ശ്രദ്ധ. അന്തര്‍ദേശീയ തലത്തില്‍ തന്‍െറ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള ‘പ്രതിഫലവും’  പ്രഖ്യാപിക്കപ്പെട്ടു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ പൊതുയോഗം സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഡോ. ഭാരത് ബറായിക്ക്  പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയതിലൂടെ കൃത്യമായി വെളിപ്പെടുന്നുണ്ട്, ബംഗളൂരു സംഗമത്തിന്‍െറ താല്‍പര്യവും പ്രവാസി സമ്പന്നര്‍ക്ക് പ്രധാനമന്ത്രിയും സര്‍ക്കാറും നല്‍കുന്ന സന്ദേശവും. 

വിവിധ പ്രദേശങ്ങളിലേക്ക് ചിതറിപ്പോയ ഇന്ത്യന്‍ ജനതയുമായുള്ള ഇടപഴകലിന്‍െറ പുനര്‍നിര്‍വചനം ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്മേളനം, പക്ഷേ അവരുടെ ജീവല്‍പ്രശ്നങ്ങളെ  പരിഗണിക്കുന്നതിലും പരിഹരിക്കുന്നതിലും  സമ്പൂര്‍ണമായ പരാജയമാണ്. പ്രവാസികളുടെ വരുമാനത്തെ നിക്ഷേപമാക്കി അവരുടെ പ്രവാസാനന്തര ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാനുള്ള ഒരന്വേഷണവും മുന്നോട്ടുവെച്ചില്ല. കാലികളുടെ കണക്കെടുക്കാന്‍പോലും ഒൗത്സുക്യമുള്ള സര്‍ക്കാര്‍  വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികളുടെ കൃത്യമായ വിവരശേഖരണത്തിന് ഇപ്പോഴും അമാന്തംകാട്ടുകയാണ്.  പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ഊഹാധിഷ്ഠിതമാണ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ഇനത്തില്‍ കേന്ദ്ര ഖജനാവിലേക്ക് വരുന്ന വരുമാനമെത്രെയെന്ന ചോദ്യത്തിന് പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി കണക്കില്ളെന്നാണ്. എത്ര ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്നതെന്ന് ഏതു രാജ്യത്തിലെ എംബസിയില്‍ ചോദിച്ചാലും കൃത്യമായ ഉത്തരം പറയാന്‍ ഒരു അംബാസഡര്‍ക്കും കഴിയില്ല. അത്രമാത്രം അലസവും അലംഭാവപൂര്‍ണവുമായ സമീപനത്തിന് വിധേയരാകുന്ന പ്രവാസികള്‍, ഇനി മുതല്‍ എംബസികള്‍ക്ക് അതത് രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന പ്രഖ്യാപനം പരിഹാസത്തോടെയാകും സ്വീകരിക്കുക. മുന്‍കാലങ്ങളില്‍ ചുരുങ്ങിയപക്ഷം വെറുതെ ആശിക്കാന്‍ കുറെ വാഗ്ദാനങ്ങളെങ്കിലുമുണ്ടാകുമായിരുന്നു. പരാതികള്‍ ഉന്നയിക്കാന്‍  ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും സാന്നിധ്യവും അവസരങ്ങളും ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുകയും വിദേശ്യനാണ്യമയക്കുകയും ചെയ്യുന്ന ഗള്‍ഫ് മേഖലക്ക് നാമമാത്രമാണെങ്കിലും പങ്കാളിത്തവും ലഭ്യമായിരുന്നു. പക്ഷേ, ഇത്തവണ ഗള്‍ഫ് മേഖല അജണ്ടയില്‍നിന്ന് സമ്പൂര്‍ണമായി തഴയപ്പെട്ടു. അവരുടെ സങ്കടങ്ങള്‍ പറയാനും പരാതികള്‍ പങ്കുവെക്കാനും വേദിയുണ്ടാക്കുന്നതിന്‍െറ ആവശ്യകത പോലും ബോധ്യമാകാത്തവരായി മാറിയിരിക്കുന്നു പ്രവാസം കൈകാര്യംചെയ്യുന്ന അധികാരികള്‍.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കാര്യപരിപാടി പരിശോധിച്ചാല്‍തന്നെ വ്യക്തമാകും സര്‍ക്കാറിന്‍െറ ഹിതം. നിക്ഷേപം വര്‍ധിപ്പിക്കുക, ഭരണാധികാരികളുടെ പ്രതിച്ഛായ നിര്‍മാണത്തില്‍ പ്രവാസി സമൂഹത്തെയും സംഘടനകളെയും സമര്‍ഥമായി പ്രയോജനപ്പെടുത്തുക എന്നീ താല്‍പര്യങ്ങളില്‍ കവിഞ്ഞ പ്രാധാന്യമൊന്നും പ്രവാസി ദിവസ് സംഗമം കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നില്ല. ഭരണാധികാരികളുമായി ചങ്ങാത്തംകൂടാനും തങ്ങളുടെ വ്യാപാരസാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള അവസരമായി ഉന്നതാവസ്ഥയിലുള്ള പ്രവാസി പ്രമുഖര്‍ക്ക് പ്രയോജനപ്പെടുന്നുവെന്നത് മാറ്റിനിര്‍ത്തിയാല്‍ സമ്പൂര്‍ണമായ പാഴ്ച്ചെലവും പ്രഹസനവുമായിത്തീര്‍ന്നിരിക്കുന്നു ഇത്തരം സമ്മേളനങ്ങള്‍.  പ്രവാസികള്‍ക്ക് ക്രിയാത്മകമായി ഒരു സംഭാവനയും സമര്‍പ്പിക്കാത്ത, സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തെ അശേഷം സ്പര്‍ശിക്കാതെ കടന്നുപോകുന്ന പ്രവാസി ഭാരതീയ ദിവസ് സംഗമം വേണ്ടെന്നുവെച്ചാല്‍ ഹര്‍ഷാരവത്തോടെയായിരിക്കും ആ തീരുമാനം സ്വീകരിക്കപ്പെടുക.
Tags:    
News Summary - Pravasi Bharatiya Divas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.