2011ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ സെമിഫൈനൽ മത്സരം, രണ്ട് പരമ്പരാഗത'വൈരി'കൾ തമ്മിലുള്ള കേവല ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല. പലവിധ മാനങ്ങളുള്ള ബൃഹത്തായൊരു രാഷ്ട്രീയസന്ദർഭത്തിനു കൂടിയാണ് അന്ന് മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനുള്ള മികച്ച അവസരമായി രാഷ്ട്രനേതാക്കൾ ആ മത്സരത്തെ നോക്കിക്കണ്ടതോടെ കേവലമായൊരു ഏകദിന 'മത്സരം' വിപുലമായ ' ക്രിക്കറ്റ് നയതന്ത്ര'ത്തിലേക്ക് പരിണമിക്കുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങുതന്നെ അതിന് മുൻകൈയെടുത്തു. പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ മത്സരം കാണാൻ ക്ഷണിച്ചു. അദ്ദേഹം മൊഹാലിയിലെത്തി മൻമോഹനൊപ്പം കളികാണുകയും അതിർത്തിഭേദിച്ചുള്ള പുതിയൊരു സൗഹൃദത്തിന് തുടക്കമിടുകയും ചെയ്തു. കുറച്ചുകാലത്തിനുശേഷം ആ സൗഹൃദം പഴയ വൈരത്തിലേക്കുതന്നെ വഴിമാറിയെങ്കിലും പരമ്പരാഗത നയതന്ത്ര ചർച്ചകൾക്കൊന്നും സാധ്യമാകാത്ത പലതും 'ക്രിക്കറ്റ് ഡിപ്ലോമസി'യിലൂടെ യാഥാർഥ്യമായി എന്നത് ആർക്കും നിഷേധിക്കാനാവില്ല. ദേശത്തിെൻറയും വംശത്തിെൻറയും മതത്തിെൻറയുമൊക്കെ വേലിക്കെട്ടുകളെ ഇത്രയും മനോഹരമായി പൊളിച്ചുകളയാൻ കളിക്കളങ്ങൾപോലെ മറ്റൊരു വേദിയുണ്ടാകുമോ എന്ന് സംശയമാണ്. എന്നാൽ, ഇതിനൊരു മറുവശംകൂടിയുണ്ട്. ഗാലറികളിൽനിന്നുയർന്ന ആരവങ്ങൾ സമാധാനം പുനഃസ്ഥാപിക്കുക മാത്രമല്ല, യുദ്ധങ്ങൾക്ക് തിരികൊളുത്തിയതിെൻറ ചരിത്രവും നമുക്കു മുന്നിലുണ്ട്. ഗാലറികളിെല ആക്രോശങ്ങൾ രാഷ്ട്രങ്ങളുടെയും ആൾക്കൂട്ടങ്ങളുടെയും വംശീയതയെ തുറന്നുവിട്ട സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. തീർത്തും അപലപനീയമായ അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം സിഡ്നിയിൽ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെയുണ്ടായത്. ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് ഇക്കുറി വംശീയാധിക്ഷേപത്തിന് ഇരയായിരിക്കുന്നത്.
അമേരിക്കൻ അത്ലറ്റുകളായ ടൊമീ സ്മിത്തും ജോൺ കാർലോസും 1968ലെ മെക്സികോ ഒളിമ്പിക്സിെൻറ മെഡൽ പോഡിയത്തിൽ നടത്തിയ 'ബ്ലാക് പവർ സല്യൂട്ട്' ഏറെ വിഖ്യാതമാണല്ലോ. കളിക്കളത്തിലെ വംശീയ വിവേചനങ്ങൾക്കെതിരെയാണ് അവർ അന്ന് മുഷ്ടി ചുരുട്ടിയത്. കായികലോകം അതിേനാട് െഎക്യപ്പെടുകയും ചെയ്തു. അതിനുശേഷം, വംശീയവിവേചനം ചെറുക്കാനുള്ള പലവിധ പദ്ധതികൾ കായിക സംഘടനകൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും കളിക്കളങ്ങളും ഗാലറികളും പലതവണ വർണ-വംശീയാധിക്ഷേപങ്ങളുടെ വേദിയായി മാറി. മാന്യന്മാരുടെ കളിയായ ക്രിക്കറ്റും ഇതിൽനിന്ന് ഒട്ടും മാറിനിന്നിട്ടില്ല. ഒളിമ്പിക് വേദിയിൽ സ്മിത്തും കാർലോസും പ്രതിഷേധ പ്രകടനം നടത്തിയ അതേസമയത്തുതന്നെയാണ്, ഇംഗ്ലണ്ടിെൻറ ആഫ്രിക്കൻ വംശജനായ ക്രിക്കറ്റ് താരം ബേസിൽ ഡി ഒലിവേര വംശീയമായ അധിക്ഷേപത്തിന് പാത്രമായത്. ഒലിവേരയെപ്പോലുള്ള കറുത്തവംശജരുമായി ഇങ്ങോട്ട് കളിക്കാൻ വരേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രി ബി.ജെ വോർസ്റ്റർ തീർത്തുപറഞ്ഞതോടെ ആ പരമ്പരതന്നെ ഉപേക്ഷിക്കുകയായിരുന്നു. അതിെൻറ പേരിൽ ദീർഘകാലം, ദക്ഷിണാഫ്രിക്കയെ െഎ.സി.സി പുറത്താക്കുകയും ചെയ്തു. തുടർന്നും ഇത് പലരൂപത്തിൽ ആവർത്തിച്ചു. കോളിൻ ക്രോഫ്റ്റ് എന്ന ക്രിക്കറ്ററെ നിറത്തിെൻറ പേരിൽ ട്രെയിനിൽനിന്ന് പുറത്താക്കിയതു മുതൽ സിറാജും ബുംറയുമടക്കമുള്ള എത്രയോ പേർ 'കുരങ്ങുവിളി' കേട്ടതുവരെയുള്ള എത്രയോ സംഭവങ്ങൾ ഉദാഹരിക്കാൻ കഴിയും. ആസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയമാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് വേദിയാകുന്നതെന്നത് യാദൃച്ഛികമാകാം. എത്രയോ താരങ്ങൾ അവിടെ അപമാനിക്കപ്പെട്ടു. പാകിസ്താൻ വംശജനായ ആസ്ട്രേലിയൻ താരം ഉസ്മാൻ ഖാജയടക്കമുള്ളവരെപ്പോലും വംശീയത ബാധിച്ച ഗാലറികൾ വെറുതെ വിട്ടില്ല. പുതിയ സംഭവത്തെ ക്രിക്കറ്റ് ലോകം െഎകകണ്ഠ്യേന അപലപിച്ചു എന്നത് നല്ല നീക്കം തന്നെയാണ്. ഗാലറിയിൽ പ്രശ്നമുണ്ടാക്കിയവരെ മാച്ച് റഫറി ഇടപെട്ട് ഉടൻ പുറത്താക്കി. െഎ.സി.സിയും ക്രിക്കറ്റ് ആസ്ട്രേലിയയും കടുത്ത നടപടികൾക്കൊരുങ്ങുന്നതും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
ഗാലറികളിൽനിന്ന് എല്ലാ കാലത്തും വംശീയവിദ്വേഷത്തിെൻറ ആക്രോശങ്ങളും അട്ടഹാസങ്ങളും ഉയർന്നുകേട്ടിട്ടുണ്ടെങ്കിലും അടുത്തകാലത്ത് അതിന് മറ്റൊരു മാറ്റംകൂടി വന്നതായി സൂക്ഷ്മ നിരീക്ഷണത്തിൽ ബോധ്യപ്പെടും. തീവ്രവലതുപക്ഷ വാദികൾ നിരന്തരമായി ഉയർത്താറുള്ള ഇസ്ലാമോഫോബിയയുടെ മുദ്രാവാക്യങ്ങൾ പലപ്പോഴും ഗാലറികളിൽനിന്ന് കേൾക്കാറുണ്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംലയെ ഒരു കമേൻററ്റർ വിശേഷിപ്പിച്ചത് 'തീവ്രവാദി'യെന്നാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അംല വിക്കറ്റെടുത്തേപ്പാൾ, 'തീവ്രവാദിക്ക് ഒരു വിക്കറ്റുകൂടി' എന്നാണ് കമൻറ് ബോക്സിൽനിന്ന് കേട്ടത്. 2015ലെ ആഷസ് ടെസ്റ്റിനിടെ, ഇംഗ്ലീഷ് താരം മോയീൻ അലിയെ ആസ്ട്രേലിയൻ കളിക്കാരൻ 'ഉസാമ' എന്നു വിളിച്ചതും വലിയ വാർത്തയായിരുന്നു. കുടിയേറ്റക്കാരായ കളിക്കാരോട് 'സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ' ഗാലറിയിൽനിന്ന് ആവശ്യപ്പെടുന്നത് യൂറോപ്പിലും മറ്റും വ്യാപകമായ കുടിയേറ്റവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായിത്തന്നെ കാണണം. ജർമനിയിലും ഫ്രാൻസിലും നടക്കുന്ന പല ഫുട്ബാൾ മത്സരങ്ങൾക്കിടയിലും ഗാലറിയിൽനിന്ന് വംശീയവും കുടിയേറ്റവിരുദ്ധവുമായ 'നാസി ഗാന'ങ്ങൾ ആലപിക്കപ്പെടുന്നത് പതിവായിരിക്കുന്നു. മറ്റൊരർഥത്തിൽ, ലോകത്ത് തീവ്രവലതുപക്ഷം തെടുത്തുവിട്ട വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും മുദ്രാവാക്യങ്ങൾ ഗാലറികളിലേക്കുകൂടി പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. തീർത്തും അപകടകരമായ ഇൗ പ്രവണത ചെറുക്കപ്പെട്ടില്ലെങ്കിൽ, സർവഭിന്നതകളും മറന്ന് ഒത്തുകൂടുന്ന കളിക്കളമെന്ന പൊതു ഇടംകൂടി ലോകത്തിന് നഷ്ടമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.