തകർച്ച നേരിടുന്ന മതസ്വാതന്ത്ര്യം


ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണഘടന പൗരജനങ്ങളുടെ മൗലികാവകാശമായി അംഗീകരിച്ച മതസ്വാതന്ത്ര്യം തകർച്ച നേരിടുകയാണെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മത കമീഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മുസ്‍ലിംകൾക്കും ക്രൈസ്തവർക്കും എതിരായ ആക്രമണസംഭവങ്ങളും ഉന്നത നേതാക്കളടക്കമുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും നടപടികളുമടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ഈ വർഷം മതസ്വാതന്ത്ര്യം കൂടുതൽ തകർച്ച നേരിട്ടതായും ഇത് ആശങ്കജനകമാണെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തിറക്കിയത്.

ഭരണഘടനയനുസരിച്ച്, ഇന്ത്യയിലെ ഓരോ പൗരനും മതങ്ങളിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ, ആധുനിക ഇന്ത്യയിൽ മതം തിരഞ്ഞ് ആക്രമിക്കുന്നതും ഒറ്റപ്പെടുത്തുന്നതും പുതിയ കാഴ്ചയല്ല. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ആദ്യ സർക്കാർ അധികാരമേറ്റതു മുതൽ വിവിധ രംഗങ്ങളിൽ, പ്രത്യേകിച്ച് മതസ്വാതന്ത്ര്യം, പൗരാവകാശം, ഭക്ഷ്യസുരക്ഷ, തൊഴിൽ ലഭ്യത, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ ഗ്രാഫ് താഴോട്ടാണ്. തീവ്ര വർഗീയത തുറുപ്പുശീട്ടാക്കിയും, റിപ്പോർട്ടുകൾ വസ്തുതപരമല്ലെന്നും മാനദണ്ഡങ്ങൾ ശരിയല്ലെന്നും ആവർത്തിച്ചാണ് സർക്കാർ ഇത് നേരിടുന്നതും. ഇത്തരം റിപ്പോർട്ടുകളിൽ ഒടുവിലത്തേതാണ് യു.എസ് മത കമീഷന്റെ റിപ്പോർട്ട്.

2024 ജനുവരി മുതൽ മാർച്ച് വരെ ക്രൈസ്തവർക്കെതിരായി ഛത്തീസ്ഗഢിൽ നടന്ന 47 ആക്രമണങ്ങളടക്കം 161 സംഭവങ്ങൾ കമീഷൻ ചൂട്ടിക്കാട്ടുന്നു. കൂടാതെ ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജൂൺ -ജൂലൈ മാസങ്ങളിലായി 20 ക്രൈസ്തവരെ തടവിലിട്ടതും പരാമർശിക്കുന്നു. ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുസ്‍ലിംകളെ ലക്ഷ്യമിട്ട് വലിയതോതിൽ ആക്രമണങ്ങളുണ്ടായതായും പറയുന്നു. മുസ്‍ലിം വിരുദ്ധ ആക്രമണസംഭവങ്ങളുടെ എണ്ണം വർധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് കാമ്പയിനുകൾക്ക് ചുവടുപിടിച്ചാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. മൂന്നാംഘട്ട തെരഞ്ഞെടുപ്പു മുതൽ ചുരുങ്ങിയത് നൂറിലധികം പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി ന്യൂനപക്ഷങ്ങൾക്കു നേരെ, പ്രത്യേകിച്ച് മുസ്‍ലിംകൾക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു. അത്തരം പ്രസംഗം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ജനം മോദിയുടെ സ്ഥാനാർഥികളെ തിരസ്കരിച്ചുവെങ്കിലും രാജ്യത്തിന്റെ അന്തരീക്ഷം വിഷമയമാക്കുന്നതിൽ അവ വിജയം കണ്ടു, തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള അതിക്രമങ്ങൾക്ക് കുറവുണ്ടായിട്ടില്ല.

2024ലുടനീളം രാജ്യത്ത് ആളുകൾ കൊല്ലപ്പെട്ടത്, പീഡനങ്ങൾ, ആൾക്കൂട്ടക്കൊലകൾ, വീടുകളും ആരാധനാലയങ്ങളം തകർക്കപ്പെട്ടത് എന്നിവയുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപാഹ്വാനവുമായി വിദ്വേഷ പ്രസംഗം, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവ നടക്കുന്നു. ബുൾഡോസർ നീതി, ഡൽഹിയിൽ 600 വർഷം പഴക്കമുള്ള മസ്ജിദ് പൊളിക്കൽ, വഖഫ് ഭേദഗതി നിയമം, മതപരിവർത്തന നിയമം, ഗോവധ നിയമം, ഭീകര വിരുദ്ധ നിയമങ്ങൾ പോലുള്ളവ അടിച്ചേൽപിച്ച് മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താനാണ് ശ്രമം. പൗരത്വ ബിൽ, ഏക സിവിൽകോഡ്, ഗോവധ നിരോധന നിയമങ്ങൾ തുടങ്ങിയവ വഴി മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാൻ നിയമചട്ടക്കൂടുമൊരുക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലോകത്ത് മതസ്വാതന്ത്ര്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ആഗസ്റ്റിൽ കത്ത് നൽകിയിരുന്നു. വംശീയ പാർട്ടിയായ ബി.ജെ.പി അധികാരത്തിൽ എത്തിയ ശേഷം ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വർധിക്കുന്നതായും മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നുവെന്നും ധ്രുവീകരണ പ്രസംഗങ്ങളിലൂടെ നേതാക്കള്‍ സ്പർധ വളര്‍ത്തുന്നുവെന്നും വളരെ മുമ്പേതന്നെ പൗരാവകാശ കൂട്ടായ്മയായ ആംനസ്റ്റി ഇന്റർനാഷനലും ചൂണ്ടിക്കാട്ടിയിരുന്നു.

മതകമീഷൻ പറഞ്ഞാലും ഇല്ലെങ്കിലും രാജ്യത്ത് മതസ്വാതന്ത്ര്യം ഭീഷണിയിലാണെന്നത് വസ്തുതപരമായി ശരിയാണ് എന്നതിൽ തർക്കമില്ല. അതിൽ പ്രധാന ആയുധമായ ബുൾഡോസർ നീതിക്കെതിരെ കഴിഞ്ഞ ദിവസമാണ് പരമോന്നത കോടതി മാർഗനിർദേശങ്ങൾ നൽകിയത്. പക്ഷേ, കോടതി തീർപ്പുണ്ടാകുംവരെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് രണ്ടാഴ്ച മുമ്പ് കോടതി നിർദേശിച്ചിട്ടും ഗുജറാത്തിലും അസമിലും നൂറുകണക്കിന് വീടുകളാണ് തകർത്തത്. പള്ളികളും തകർത്തു. ആരും അത് കണ്ടതുമില്ല.

ഏതുവിഷയത്തിലും അമേരിക്കൻ അനുകൂലദാസ്യ നിലപാടാണ് സ്വീകരിക്കാറെങ്കിലും യു.എസ് മതകമീഷന്റെ റിപ്പോർട്ട് മോദിയെയും കൂട്ടരെയും വർഗീയ അജണ്ടയിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ നടത്തിയ പൊതുയോഗത്തിലും ആദിവാസി ജനസംഖ്യ കുറയുന്നു, നുഴഞ്ഞുകയറ്റക്കാരും ബംഗ്ലാദേശികളും പെരുകുന്നു എന്ന പരാമർശവുമായി ന്യൂനപക്ഷങ്ങൾക്കെതിരെ ഡോഗ്‍വിസിൽ മുഴക്കിയിട്ടുണ്ട് നരേന്ദ്ര മോദി.

വ്യത്യസ്ത കമീഷനുകളും സംഘടനകളും രാജ്യം വിവിധ മേഖലകളിൽ നേരിടുന്ന അപചയം ചൂണ്ടിക്കാണിക്കുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന രീതിയിലാണ് ഇന്ത്യയിലെ വലതുപക്ഷ, ഫാഷിസ്റ്റ് സംഘടനകളുടെ പ്രതികരണങ്ങളും ചെയ്തികളും. ജനാധിപത്യത്തിനുതന്നെ ഭീഷണിയുയർത്തുന്ന ഇത്തരം നയങ്ങളെയും അതിന് ചൂട്ടുപിടിക്കുന്നവരെയും കിട്ടുന്ന അവസരത്തിൽ പരാജയപ്പെടുത്തുക മാത്രമാണ് മതനിരപേക്ഷ ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി.

Tags:    
News Summary - Religious freedom in decline in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.