പാർട്ടിക്കുവേണ്ടി പാർട്ടിക്കാരുടെ ഭരണം?

തിരുവനന്തപുരം കോർപറേഷനിലെയും എസ്.എ.ടി ആശുപ​​ത്രിയിലെയും താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ നിയമിക്കാൻ സി.പി.എമ്മുകാരായ മേയർ ആര്യ രാജേന്ദ്രനും സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. അനിലും നൽകി എന്നു പറയുന്ന കത്തുകൾ മുമ്പേ സി.പി.എമ്മിനെതിരെ ഉയർന്ന സ്വജനപക്ഷപാത ആരോപണത്തിന് കൂടുതൽ ബലം പകർന്നിരിക്കുന്നു. താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക തേടിയുള്ള മേയറുടെ കത്ത് പാർട്ടിക്കാരുടെ ത​ന്നെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നാണ് ചോർന്നത്. ഔദ്യോഗിക ലെറ്റർ ഹെഡിൽ 'സഖാവേ' എന്നു വിളിച്ച് തുടങ്ങുന്ന മേയറുടെ കത്ത്, ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം അവയിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണന പട്ടിക നൽകാൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനോട് അഭ്യർഥിക്കുന്നു. ഇതേ തരത്തിലാണ് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനും കോർപറേഷനിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ സി.ആർ. അനിൽ എഴുതിയ കത്തും. എസ്.എ.ടി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിന് പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ചുള്ളതാണ് അനിലിന്റെ കത്ത്. പാർട്ടിക്കാരെ സർക്കാർ തസ്തികകളിലേക്ക് തിരുകിക്കയറ്റുന്നതായി സി.പി.എമ്മിനെതിരെ നേരത്തേ പല ആരോപണങ്ങളും ഉയർന്നിട്ടുള്ളതാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണരംഗത്ത് ഇടപെടാൻ അവസരം നൽകിയതും സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചട്ടങ്ങൾ മറികടന്നു നടത്തിയ നീക്കങ്ങളാണെന്നതു ശ്രദ്ധേയം. ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിലെ പുതിയ വിവാദം ആരോപണങ്ങൾക്ക് അടിവരയിടാൻ പര്യാപ്തമാണ്. മേയറുടെ രാജിക്കും വിശദമായ അന്വേഷണങ്ങൾക്കുമായി ആവശ്യം ഉയർന്നുകഴിഞ്ഞു. മുഖ്യ ഭരണകക്ഷിയുടെ വിശ്വാസ്യതകൂടിയാണ് സംശയിക്കപ്പെടുന്നത്; മേയറുടെ സത്യപ്രതിജ്ഞ ലംഘനത്തെപ്പറ്റിയും ആരോപണമുയർന്നിരിക്കുന്നു.

മേയർ ആര്യ രാജേന്ദ്രനും സി.ആർ. അനിലും ആരോപണം നിഷേധിച്ചിരിക്കുന്നു. മേയറോ മേയറുടെ ഓഫിസോ നിയമനത്തെപ്പറ്റി കത്ത് നൽകിയിട്ടില്ല എന്നാണ് നഗരസഭ വിശദീകരിക്കുന്നത്. കത്ത് താനയച്ചിട്ടില്ല എന്ന് മേയറും പറയുന്നു; കത്തിൽ പറയുന്ന തീയതിക്ക് താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. വിവാദം പാർട്ടി അന്വേഷിക്കും; താൻ പൊലീസിൽ പരാതി നൽകും. മേയർ തനിക്ക് അയച്ചതായി ആരോപിക്കപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. എന്നാൽ, ഇതേസമയം കോർപറേഷനുകളിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്താൻ കോർപറേഷനുള്ള അധികാരം എടുത്തുകളഞ്ഞ് സർക്കാർ അടിയന്തര തീരുമാനമെടുത്തിരിക്കുന്നു. അത്തരം നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണത്രേ ഈ സർക്കാർ നടപടി. ഒരു ഭാഗത്ത് ആരോപണങ്ങൾ നിഷേധിക്കുമ്പോഴും മറുഭാഗത്ത് അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കുന്നു. ദുരുപയോഗ സാധ്യത സർക്കാർ സമ്മതിക്കുന്നു എന്നു ചുരുക്കം. മുൻ സർക്കാറുകളുടെ കാലത്ത് നടന്ന സ്വജനനിയമനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇതൊന്നുംതന്നെ ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ ഖണ്ഡിക്കാൻ പര്യാപ്തമല്ല. പൊതു ഖജനാവിലെ പണം ചെലവഴിക്കുന്നതുമായും അഴിമതിമുക്ത ഭരണവുമായും ബന്ധപ്പെട്ട വിഷയത്തിന് പാർട്ടിതല വിശദീകരണങ്ങൾ മതിയാകില്ല. രാഷ്ട്രീയ വൈരാഗ്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനും പറ്റില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളിൽ ചാരി പ്രശ്നത്തിന്റെ മർമം മറച്ചുവെക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടി ആയിരിക്കില്ല.

സി.പി.എമ്മിലെ ചേരിപ്പോര് വിവാദത്തിനു പിന്നിലുണ്ട്. പാർട്ടി അതിനെ കാണുന്നതും ആ രീതിയിലാവാം. പക്ഷേ, അതു മാത്രമല്ല പ്രശ്നം. വിശദമായ അന്വേഷണങ്ങളിലൂടെ വസ്തുത കണ്ടെത്തുമെന്ന് മേയറും പാർട്ടിയും സൂചന നൽകിയിട്ടുണ്ട്. എന്നാൽ, എന്തുതരം അന്വേഷണം എന്നത് പ്രധാനമാണ്. പാർട്ടി തലത്തിലുള്ള അന്വേഷണമോ കോർപറേഷൻ നടത്തിയേക്കാവുന്ന ആഭ്യന്തര അന്വേഷണമോ സർക്കാറിന്റെ വകുപ്പുതല അന്വേഷണംപോലുമോ ഇതിൽ മതിയാകില്ല. കാരണം ഭരണം നടത്തുന്ന പാർട്ടിക്കെതിരെയാണ് ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. കുറ്റാരോപിതർക്ക് നിർണായക സ്വാധീനമുള്ള അന്വേഷണ സംവിധാനം പ്രഹസനം മാത്രമാവും. നിയമനങ്ങൾ രായ്ക്കുരാമാനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഏൽപിക്കാൻതക്ക ഭരണശുഷ്‍കാന്തി കാണിച്ച സർക്കാർ, മുമ്പ് അതേ തരത്തിൽ തദ്ദേശ ഓംബുഡ്സ്മാൻ ഇറക്കിയ ഉത്തരവ് മറികടന്നുകൊണ്ടിരുന്ന അനുഭവമുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ കരാർ നിയമനത്തിനുള്ള ഇന്റർവ്യൂ മേയർ ഇടപെട്ട് മാറ്റിവെപ്പിച്ചതും ഇപ്പോൾ വിവാദത്തിന് കൊഴുപ്പുകൂട്ടിയിട്ടുണ്ട്. ആരോപണങ്ങളും നിഷേധങ്ങളും അന്തരീക്ഷത്തിൽ പുകമറ സൃഷ്ടിച്ച് നിലനിൽക്കുന്നതുകൊണ്ട് കാര്യമില്ല. ഇപ്പോൾ ഉയർന്ന വിവാദത്തെപ്പറ്റി സ്വതന്ത്രവും വിശ്വാസയോഗ്യവുമായ അന്വേഷണം നടക്കണം. പ്രതിപക്ഷത്തെക്കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് വേണ്ടത്. തെറ്റു വരുത്തിയിട്ടില്ലെന്ന് ഭരണപക്ഷത്തിന് ആത്മവിശ്വാസമുണ്ടെങ്കിൽ അത് സ്ഥാപിക്കപ്പെടാനും നല്ലത് സ്വതന്ത്ര അന്വേഷണമാണ്. ഇതിനു പുറമെ, സംസ്ഥാനത്തെയും തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും നിയമനങ്ങൾ ചട്ടപ്രകാരവും സുതാര്യവുമാണെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ നടപടികളും വേണ്ടതുണ്ട്. പാർട്ടി വേറെ, ഭരണം വേറെ. അത് ബോധ്യപ്പെടുത്തും വരെ ഇപ്പോൾ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്നുതന്നെ വിശ്വസിക്കേണ്ടി വരും. 

Tags:    
News Summary - Rule by partisans for the sake of the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.