പാട്ടുകാരെൻറ മാതൃഭാഷയും രാജ്യവുമെല്ലാം സംഗീതം മാത്രമാണെന്ന് തെളിയിച്ച അരനൂറ്റാണ്ട് സമ്മാനിച്ച് എസ്.പി. ബാലസുബ്രഹ്മണ്യം കടന്നുപോകുന്നു. തെലുങ്കനായി ജനിച്ചിട്ടും തമിഴരുടെ ഹൃദയമിടിപ്പായി മാറിയ അത്ഭുത പ്രതിഭ. തെലുങ്കെൻറയും കന്നഡിഗെൻറയും മലയാളിയുടെയും ഹിന്ദിക്കാരുടെയും കാേതാടുചേർന്നു പെയ്ത അഞ്ചു പതിറ്റാണ്ടുകൾ. കഴിഞ്ഞ 51 ദിവസമായി ആ നാദധാര നിലക്കല്ലേയെന്ന് ലോകം പ്രാർഥിക്കുകയായിരുന്നു. ഒടുവിൽ റെക്കോഡുകളിട്ട അനേകായിരം പാട്ടുകളിൽ, തന്നെ ബാക്കിയാക്കി ആരാധകരുടെ പ്രിയപ്പെട്ട ബാലു മടങ്ങി.
അനായാസ്യതയായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ സവിശേഷത. ആയാസം തെല്ലുമില്ലാതെ ഏത് സ്ഥായിയിലേക്കും പടർന്നേറുന്ന ആലാപന വൈദഗ്ധ്യം. ഒന്നിരുത്തി മൂളിയാൽ, ഇടയിലൊന്ന് പുഞ്ചിരിച്ചാൽ പോലും സംഗീതമാക്കിമാറ്റാൻ കഴിവുള്ള മാന്ത്രികത ആ ശബ്ദത്തിൽ പുണർന്നുനിന്നിരുന്നു. ശാസ്ത്രീയ സംഗീതത്തിെൻറ വടിവുകളിൽ വാർത്തെടുത്തില്ലെങ്കിലും മനുഷ്യാവസ്ഥയുടെ സകല ഭാവങ്ങളെയും പാട്ടിലാക്കാൻ കഴിഞ്ഞ ഇതിഹാസം തന്നെയായിരുന്നു എസ്.പി.ബി. ഗായകനും സംഗീത സംവിധായകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമൊക്കെയായിരുന്ന കരിയർ ലിസ്റ്റിനപ്പുറം അദ്ദേഹത്തിലെ മനുഷ്യനെ ഒാർത്തെടുത്തു പൂരിപ്പിക്കുന്നുണ്ട് ലോകമെങ്ങുമുള്ളവർ. വെല്ലുവിളികളില്ലാതെ മുന്നേറുമ്പോഴും അഹന്തയുടെ ലേശമില്ലാതെ വിനയത്തിെൻറ പ്രതിരൂപമായ വലിയ മനസ്സുംപേറി എസ്.പി.ബി പകരക്കാരനില്ലാതെ നിലകൊണ്ടു. ജൂനിയർ ആർട്ടിസ്റ്റുകളുടെ പിഴവുകളിൽ അവരെ കുറ്റപ്പെടുത്താതെ തെൻറ പിഴവുകളായി ഏറ്റെടുത്തുതിരുത്തിയ എസ്.പി.ബി എത്രയോ സ്റ്റേജുകളിൽ നേർക്കുനേർ ഹൃദയം കവർന്നു. നാൽപതിനായിരത്തിലേറെ പാട്ടുകൾ പാടി ഗിന്നസ് റെക്കോഡ് കുറിച്ച അദ്ദേഹം ആറുതവണയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായത്. പത്മശ്രീയും പത്മഭൂഷണും നൽകി ആ മഹാപ്രതിഭയെ രാജ്യം ആദരിച്ചു.
ആന്ധ്രയിലെ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ നാലിന് ജനിച്ച എസ്.പി.ബിയെ എൻജിനീയർ ആക്കണമെന്നായിരുന്നു അച്ഛൻ സാംബമൂർത്തിയുടെ ആഗ്രഹം. മദിരാശിയിൽ എൻജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കെ പാട്ടിെൻറ വഴി തീരുമാനിച്ചിറങ്ങിയ എസ്.പി.ബി പാട്ടുകാരുടെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിയില്ല. സങ്കുചിതമായ ദേശീയതകളുടെ അതിരുകളെ പാട്ടിനാൽ മായ്ച്ചുകളഞ്ഞു അദ്ദേഹം. ഇനിയൊന്നും പാടാൻ ബാക്കി വെക്കാതെയാണ് ഈ മടക്കം. ഇനിയൊരു ഗായകനും ഒരായുസ്സു മുഴുവനുമെടുത്താലും പാടിത്തീരാനാവാത്തത്രയും പാട്ടുകൾ തന്ന് 74ാമത്തെ വയസ്സിൽ എസ്.പി.ബി ഗാനാവശേഷനാകുന്നു. ആ ഇതിഹാസ ഗായകെൻറ ഒാർമകളിൽ 'മാധ്യമം' ആദരമർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.