ഈ വിധി നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി


കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളുമടക്കമുള്ള ഉള്ളടക്കങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമമായ പോക്‌സോ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഇത്തരം ദൃശ്യങ്ങൾ കാണുകയും സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം അവ കാണാന്‍ ആളുകൂടുമെന്ന് നിരീക്ഷിച്ചാണ് വിധി. സ്വകാര്യമായി ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്.

കുട്ടികൾക്കെതിരായ കഠോരകുറ്റകൃത്യത്തിന്റെ വ്യാപ്തി മുഴുവൻ ഉൾക്കൊള്ളാത്ത ചൈൽഡ് പോണോഗ്രഫി (കുട്ടികളുടെ അസഭ്യചിത്രം) എന്ന പ്രയോഗം മേലിൽ നടത്തരുതെന്ന് രാജ്യത്തെ മുഴുവൻ കോടതികൾക്കും നിർദേശവും നൽകിയിട്ടുമുണ്ട്. കുട്ടികളെ ലൈംഗിക ചൂഷണവും ദുരുപയോഗവും ചെയ്യുന്ന വസ്തു അഥവാ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേറ്റിവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ (സി.എസ്.ഇ.എ.എം) എന്നാണ് പകരമുപയോഗിക്കേണ്ടത്. പദപ്രയോഗം മാറ്റാൻ പോക്സോ നിയമത്തിൽ പാർലമെന്റ് നിയമ ഭേദഗതി കൊണ്ടുവരണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ ശതകോടികളുടെ ബിസിനസാണ് അശ്ലീല ദൃശ്യശേഖരണവും വിനിമയവും. അധാർമികമായ ഈ കച്ചവടത്തിൽ കുഞ്ഞുങ്ങളെ കുരുക്കി ഇരകളാക്കിമാറ്റുന്ന വമ്പൻ ശൃംഖലകൾ രാജ്യാന്തര തലത്തിൽ തന്നെ വലവീശിനടക്കുന്നുണ്ട്. കുഞ്ഞുങ്ങളുമായി സൗഹൃദം സ്ഥാപിച്ചും ഭീഷണിപ്പെടുത്തിയും ദാരിദ്ര്യവും കാലാവസ്ഥ വ്യതിയാനവും മുതലെടുത്തുമെല്ലാം അവർ ലൈംഗികദൃശ്യങ്ങൾ ചിത്രീകരിച്ച് ലോകമൊട്ടുക്കും വിൽപനക്ക് വെക്കുന്നു. അവികസിത രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങളാണ് ഭൂരിഭാഗവും ഇരയാക്കപ്പെടുന്നത്. പരിഷ്കൃതർ എന്നവകാശപ്പെടുന്ന രാജ്യങ്ങളിൽ പോണോഗ്രഫി വലിയ വ്യവസായമാണ്. ഇന്റർനെറ്റിന്റെ വരവോടെ അവരുടെ കച്ചവടവും വിപണിയും വിപുലമായി. ഇത്തരം നിരവധി സൈറ്റുകൾ നമ്മുടെ രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും അസംഖ്യം സൈറ്റുകളിൽ ഇപ്പോഴും നിർബാധം ലഭ്യവുമാണ്. നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇവയുടെ സ്വാധീനവും വലുതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു കാലമായി ഇടക്കിടെ കുട്ടികളുടെ അശ്ലീല വിഡിയോകളും ഫോട്ടോകളും തിരയുകയും ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ഓപറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്താറുണ്ട്. ടെക്കികൾ തുടങ്ങി സാധാരണക്കാരും വിദ്യാർഥികളും വരെ കുടുങ്ങാറുമുണ്ട്. ഇന്റർനെറ്റ് വഴി തിരയുന്നതും ടെലഗ്രാം, വാട്സ്ആപ്, ഇ-മെയിൽ തുടങ്ങിയവ വഴി പങ്കുവെക്കുന്നതും നിരീക്ഷിച്ചാണ് പരിശോധന നടത്താറ്. കേസ്, അറസ്റ്റ്, ഉപകരണങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ആറന്മുളയിൽ കുട്ടികളുടെ ലൈംഗിക വിഡിയോകൾ ഡൗൺലോഡ് ചെയ്ത് ടെലഗ്രാം വഴി വിൽപന നടത്തിയ യുവാവിൽനിന്ന് നൂറുകണക്കിന് വിഡിയോകളാണ് കണ്ടെത്തിയത്.

കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുംവേണ്ടി ഒരുപാട് നിയമങ്ങളും നയങ്ങളും നടപ്പാക്കിയ രാജ്യമാണ് നമ്മുടേത്. ബാലാവകാശ നിയമം, ബാലവേല നിരോധന നിയമം, സംയോജിത ശിശുവികസന, സംരക്ഷണ പരിപാടി തുടങ്ങിയവ ഇതിൽപെടും. 2000ത്തില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് എന്നിവ കുട്ടികളെ അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമനിർമാണങ്ങളാണ്. എന്നാൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് തടയിടാൻ ഇനിയും നമുക്കായിട്ടില്ല. അതിക്രമങ്ങൾക്ക് വലിയ പ്രേരകമായ വൈകൃത വിഡിയോകൾ ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കുന്നത് അതിക്രമങ്ങൾക്ക് ചെറിയ തോതിലെങ്കിലും കുറവു വരുത്തുമെന്ന് പ്രത്യാശിക്കാം.

മൊബൈൽ ഫോൺ ഒരു നിത്യോപയോഗ സാധനമാവുകയും കുട്ടികളുടെ പഠനോപാധി ആവുകയും ചെയ്തതോടെ പലവിധ ചതിക്കുഴികളിലാണ് പലരും ചെന്നുവീഴുന്നത്. മൊബൈലുകളിൽ തന്നെ കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടാവുക എന്നതാണ് ഇതിന് പോംവഴി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും വസ്തുതകളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും സ്കൂളുകളിൽ നിന്നും വീടകങ്ങളിൽനിന്നും അവബോധം ആരംഭിക്കണം. അപകടകരമായ ലൈംഗിക പെരുമാറ്റത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമ നിർവഹണ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നൽകാൻ സുപ്രീംകോടതി തന്നെ നിർദേശിച്ചിട്ടുണ്ട്.

അതേസമയം നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഫോൺ ഹാക്കിങ്, വാട്സ്ആപ് ഹാക്കിങ് തുടങ്ങിയവ സർവസാധാരണമായ ഈ കാലത്ത് ഈ നിയമവും ദുരുപയോഗപ്പെടാൻ സാധ്യതയേറെയാണ്. മയക്കുമരുന്ന് വാങ്ങി ആളുകളുടെ വാഹനത്തിൽവെച്ച് അവരെ കുടുക്കി നേട്ടമുണ്ടാക്കുന്ന പൊലീസുകാർ വിലസി നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അത്തരം സാഹചര്യങ്ങൾ നിലനിൽക്കേ, മൊബൈൽ ഫോൺ പിടിച്ചെടുത്തും മാൽവെയറുകൾ വഴി തിരുകിക്കയറ്റിയും കേസുകൾ കെട്ടിച്ചമക്കാനുള്ള സാധ്യതകൾ ഏറെയാണ്. ദുരുപയോഗ സാധ്യതകൾ തടയാനും കോടതി തന്നെ കൃത്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ട്.

ഓരോ കുഞ്ഞും കൺകുളിർമയാണ്, നാളെയിലെ പൗരരാണ്, അവരെ കാമക്കണ്ണിനാൽ സമീപിക്കുന്നവരെയും അനാശ്യാസതയുടെ വിപണിയിൽ വിൽപനക്ക് വെക്കുന്നവരെയും അമർച്ച ചെയ്യാൻ നിയമവും നീതിപീഠവും സമൂഹവും ഏതറ്റംവരെ പോകാനും മടിക്കരുത്.

Tags:    
News Summary - Supreme Court Verdict in Child Ponography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.