നാലു ലക്ഷത്തിലേറെ ആബാലവൃദ്ധം ജനങ്ങളെ കൊന്നുമുടിച്ച് എട്ടു വർഷത്തോളമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിലെ അതിദാരുണമായ അനുഭവങ്ങളിലൊന്നായി മാറുകയാണ് തലസ്ഥാനമായ ഡമസ്കസിെൻറ പ്രാന്തത്തിലുള്ള കിഴക്കൻ ഗൂതയിലെ കൂട്ടക്കുരുതി. തെൻറ സ്വേച്ഛാധിപത്യത്തിനെതിരായി ഉയരുന്ന അവസാനശബ്ദവും അടിച്ചമർത്താൻ റഷ്യൻ സൈനികശക്തിയുടെ പിന്തുണയോ
ടെ സിറിയൻ സ്വേച്ഛാധിപതി ബശ്ശാർ അൽഅസദ് നടത്തിവരുന്ന ബോംബാക്രമണത്തിൽ 110 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗൂത പ്രേതഭൂമിയായി മാറിയിരിക്കുന്നു.
ഒമ്പതു നാൾ നീണ്ട ബോംബിങ്ങിനൊടുവിൽ ‘ഭൂമിയിലെ നരക’മായി മാറിയ ഗൂതയിലെ ആക്രമണം നിർത്തിവെക്കണമെന്ന മുന്നറിയിപ്പുമായി െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് തന്നെ മുന്നിട്ടിറങ്ങി. യു.എൻ അഭ്യർഥന മാനിച്ച് ദിനേന അഞ്ചു മണിക്കൂർ ആക്രമണത്തിന് ഇടവേള നൽകാൻ റഷ്യ തയാറായിട്ടുണ്ട്. അറുനൂറോളം പേരെ അറുകൊല ചെയ്ത കഴിഞ്ഞയാഴ്ചയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അന്ത്യകർമങ്ങൾക്കും അവശേഷിക്കുന്ന നാട്ടുകാരെയും പരിക്കേറ്റവരെയും സുരക്ഷിതമായി കുടിയൊഴിപ്പിക്കാനുമാണ് ഇൗ ഇളവ് അനുവദിച്ചിരിക്കുന്നത്. 3,93,000 ആളുകൾ മേഖലയിൽ കുരുങ്ങിക്കിടക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരത്തോളം പേർ പ്രദേശത്ത് ചികിത്സ കാത്തുകഴിയുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എല്ലാം തകർന്നടിഞ്ഞ യുദ്ധഭൂമിയിൽ ഇങ്ങനെയൊരു ഇടവേളകൊണ്ട് എന്തു കാര്യം എന്നു സഹായസംഘടനകൾ ചോദിക്കുന്നുണ്ട്. കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനോ ആളുകൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനോ ഒന്നും പകലിലെ വെറും അഞ്ചു മണിക്കൂർകൊണ്ട് കാര്യമായൊന്നും ചെയ്യാനാവില്ലെന്ന് അവർ കൈമലർത്തുന്നു.
അതോടൊപ്പം, ഇൗ വെടിനിർത്തലിെൻറ കാര്യത്തിൽ ബശ്ശാർ സൈന്യം എന്തു ചെയ്യുമെന്ന് ഉറപ്പൊന്നും നൽകാനാവില്ലെന്നു റഷ്യ നിസ്സഹായത വെളിപ്പെടുത്തുകകൂടി ചെയ്യുേമ്പാൾ ഉള്ള ആശ്വാസവും ആശങ്ക തട്ടിയെടുക്കുകയാണ്. വെടിനിർത്തൽ ഇടവേള പ്രഖ്യാപിച്ചശേഷവും ബശ്ശാറിെൻറ റോക്കറ്റുകൾ ഗൂതയെ ഉന്നംവെക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ജയ്െശ ഇസ്ലാം, അൽഖാഇദ നിയന്ത്രണത്തിലുള്ള ഹയാത് തഹ്രീറുശ്ശാം തുടങ്ങിയ വിമതസംഘടനകളും തീവ്രവാദിവിഭാഗങ്ങളും സർക്കാർ ലക്ഷ്യങ്ങൾക്കുനേരെ ആക്രമണം നടത്തുകയാണെന്നു ഭരണകൂടവും ബശ്ശാറിെൻറയാളുകൾ ഇനിയും ആയുധം വെച്ചില്ലെന്ന് വിമതരും പരസ്പരം ആരോപണമുന്നയിക്കുകയാണ്. അഥവാ, വെടിനിർത്തൽ പ്രയോഗതലത്തിൽ നടപ്പിൽ വന്നിട്ടില്ലെന്നു ചുരുക്കം.
ജനലക്ഷങ്ങളെ കൊന്നുമുടിച്ചിട്ടും സിറിയൻ സ്വേച്ഛാധിപതി ബശ്ശാറിന് വഴങ്ങാതെ നിൽക്കുന്ന തലസ്ഥാനത്തിനടുത്ത പ്രദേശമാണ് ഗൂത. സമീപപ്രദേശങ്ങളായ ബർസയും ഖാബൂനും വാദീ ബുർദിയുമൊക്കെ കീഴടങ്ങിയിട്ടും ‘ഡമസ്കസിെൻറ ഭക്ഷണക്കൂട’ എന്നറിയപ്പെടുന്ന കാർഷികസമൃദ്ധിയുള്ള ഗൂത ബശ്ശാറിെൻറ കൈകളിലേക്കു വീണില്ല. കാർഷികസമൃദ്ധി മൂലം യുദ്ധക്കെടുതിയിൽനിന്നു രക്ഷനേടാൻ അയൽപ്രദേശങ്ങളിൽനിന്ന് ആളുകൾ ഇവിടെയാണ് ചേക്കേറിയിരുന്നത്. ഇത് ഭീഷണിയായി കണ്ട് സിറിയയിൽ അവശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നിെൻറ സമ്പൂർണ നശീകരണത്തിനിറങ്ങിത്തിരിക്കുകയായിരുന്നു ബശ്ശാർ. റഷ്യയുടെ പിന്തുണയോടെ കഴിഞ്ഞ ദിനങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ പിടഞ്ഞുവീണു മരിച്ച അറുനൂറോളം പേരിൽ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ദശലക്ഷേത്താളം ആളുകൾ തിങ്ങിത്താമസിച്ചിരുന്ന പ്രദേശത്ത് 2012ൽ ആരംഭിച്ച ഉപരോധം ആറാം വർഷത്തിലേക്ക് കടക്കുേമ്പാൾ നാലു ലക്ഷം പേരാണ് താമസിക്കുന്നതെന്നറിയുേമ്പാൾ ബശ്ശാറിെൻറ ക്രൂരതയുടെ ആഴം വ്യക്തമാകും.
പ്രാണരക്ഷാർഥം കേഴുന്ന കുഞ്ഞുമക്കളുടെ മാധ്യമങ്ങളിൽ നിറയുന്ന അതിദാരുണ ദൃശ്യങ്ങൾ കഴിഞ്ഞ കുറെ നാളുകളായി ലോകത്തിെൻറ ഉറക്കം കെടുത്തുന്നതിനിടെയാണ് യു.എന്നിെൻറ ഇടപെടലുണ്ടായിരിക്കുന്നത്. എന്നാൽ, ഇൗ ഇടപെടൽകൊണ്ട് ഗൂതക്ക് ബശ്ശാറിെൻറ നരകത്തിൽനിന്നു മുക്തിയുണ്ടാകുേമാ എന്നാണറിയേണ്ടത്.
ഏത് ആഭ്യന്തരയുദ്ധത്തിലുമെന്നപോലെ തുടക്കംതൊേട്ട ബാഹ്യശക്തികളാണ് സിറിയയിലെ സ്ഥിതിഗതികൾ വഷളാക്കിക്കൊണ്ടിരുന്നത്. വൻശക്തി ചേരിതിരിവിൽ പണ്ടുതൊേട്ട റഷ്യയുടെ കൂടെയാണ് സിറിയയിെല ശിയാ അലവി^ബഅസ് സോഷ്യലിസ്റ്റ് ഭരണകൂടം. രാജ്യത്തിെൻറ വടക്കൻ മേഖലകളിൽ സ്വാധീനമുള്ള കുർദുകളെ ആയുധമണിയിക്കുകയും അവരെ രാജ്യത്തിനുമേൽ വാളായി തൂക്കിയിടുകയുമാണ് അമേരിക്കയുടെ പരിപാടി. തങ്ങളുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശത്തെ കുർദ് സാന്നിധ്യം തുർക്കിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അവരും സൗദി അറേബ്യയുടെയും ഖത്തറിെൻറയും കൂടെ അസദ് വിരുദ്ധ വിമതപക്ഷത്തെ പിന്തുണക്കുന്നു.
ശിയാ അലവി വിഭാഗക്കാരനായ ബശ്ശാറിന് സുന്നിവിരുദ്ധ ഇറാൻ, ഇറാഖ്, ലബനാൻ ഭരണകൂടങ്ങൾ പിന്തുണ നൽകുന്നു. ഇൗ ശക്തികളുടെയെല്ലാം ശാക്തിക വടംവലിയിൽ കുടുങ്ങിയാണ് സിറിയ തദ്ദേശീയർക്ക് നരകമായിത്തീർന്നിരിക്കുന്നത്. മാനുഷികതക്ക് മുൻതൂക്കം നൽകി, ഇത്രയും കാലം കുഞ്ഞുമക്കളടക്കമുള്ള പതിനായിരങ്ങളെ െകാന്നുമുടിച്ചതിെൻറ പാപക്കറ കഴുകിക്കളയാൻ ഇവരെല്ലാം ഒന്നിച്ചു തീരുമാനമെടുത്താൽ മാത്രമേ സിറിയൻ ജനത രക്ഷപ്പെടുകയുള്ളൂ. അറബ്ലോകത്തെ മുല്ലപ്പൂ വിപ്ലവത്തിെൻറ സ്വാധീനത്തിൽ രാഷ്ട്രത്തിെൻറ ജനാധിപത്യവത്കരണത്തിന് ഇറങ്ങിത്തിരിച്ച ജനതയെ ദേശീയവും അന്തർദേശീയവുമായ നിയമങ്ങളും മാനുഷികമര്യാദകളുമൊക്കെ കാറ്റിൽപറത്തിയാണ് ബശ്ശാർ അൽഅസദ് എന്ന കൊടുംഭീകരനായ ഭരണാധികാരി ജനസഞ്ചയത്തെ ചവിട്ടിയരച്ചുകൊണ്ടിരിക്കുന്നത്.
എന്നിട്ടും അയാളുടെ കൈക്കു പിടിക്കുന്നതിനുള്ള ശ്രമം നടത്താനല്ല, രാഷ്ട്രീയ ശക്തിസന്തുലനത്തിനു ഹാനി തട്ടുമോ എന്ന ബേജാറാണ് ഉറച്ച തീരുമാനങ്ങളിൽനിന്ന് യു.എന്നിനെ പിന്തിരിപ്പിക്കുന്നതെന്നു തോന്നുന്നു. ഇപ്പോൾ ഏർപ്പെടുത്തിയ അഞ്ചു മണിക്കൂർ ആക്രമണവിരാമത്തിലൂടെ ജനങ്ങളെ മുഴുവൻ ദുരന്തഭൂമിയിൽനിന്നു കരകടത്താൻ പറ്റില്ലെന്നു മാത്രമല്ല, അവരെ വെളിമ്പുറത്തെത്തിച്ചു കൂടുതൽ കെടുതിയിലേക്കു വലിച്ചിഴക്കുകയാവും ഫലമെന്നാണ് യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പറയുന്നത്. ഭക്ഷണക്ഷാമവും പോ
ഷകാഹാരക്കുറവിൽ മരിച്ചുവീഴുന്ന കുട്ടികളുടെ ദുരിതവും ആതുരശുശ്രൂഷ സാമഗ്രികളുടെ ദൗർലഭ്യവും താറുമാറായ വാഹനഗതാഗതവുമൊക്കെയായി സ്ഥിതിഗതികൾ സങ്കീർണമായ നിലവിലെ സ്ഥിതിയിൽ ഒരു മാസത്തേക്കെങ്കിലും പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചാലേ ഗൂതയെ ഭീകരദുരന്തത്തിൽനിന്നു രക്ഷപ്പെടുത്താനാവൂ എന്നാണ് അവർ നിലവിളിച്ചുകൊണ്ടിരിക്കുന്നത്. ഇതു കേൾക്കാൻ ലോകം തയാറാകുമോ, അതോ, അഫ്ഗാനും ഇറാഖിനും പിന്നാലെ സിറിയയും വെറുമൊരു വനരോദനമായി കലാശിക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.