ശുഭകരമായ തീരുമാനങ്ങളുമായി ജി20യുടെ ന്യൂഡൽഹി ഉച്ചകോടി സമാപിച്ചു. പ്രധാനപ്പെട്ട മൂന്നു തീരുമാനങ്ങളിൽ ഇന്ത്യയുടെ കൈയൊപ്പ് പ്രകടമായി. ജി20 പ്രഖ്യാപനം, സാമ്പത്തിക ഇടനാഴി, ആഫ്രിക്കൻ യൂനിയന്റെ അംഗത്വം എന്നിവയാണ് അവ. 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഉൾപ്പെട്ടിരുന്നപ്പോഴേ ഈ കൂട്ടായ്മ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടിനെയും ലോക വ്യാപാരത്തിന്റെ മുക്കാൽ ഭാഗത്തെയും ആഗോള ജി.ഡി.പിയുടെ 85 ശതമാനത്തെയും പ്രതിനിധാനം ചെയ്തിരുന്നു; ആഫ്രിക്കൻ യൂനിയൻ കൂടി ചേരുന്നതോടെ അതിന്റെ വ്യാപ്തി പിന്നെയും വർധിച്ചിരിക്കുന്നു. ഇങ്ങനെ ജി20യെ ജി21 ആക്കി ഉയർത്തുന്നതിൽ ഇന്ത്യയുടെ മുൻകൈ ഉണ്ട്. വ്യാപാര മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാനുള്ള ധാരണ.
ഇന്ത്യ-യൂറോപ്പ് വ്യാപാരത്തിന് 40 ശതമാനം വേഗക്കൂടുതൽ നൽകുന്ന ഈ ധാരണ യൂറോപ്പിനും ഇന്ത്യക്കും നല്ല വാർത്തയാണ്. ഇതിനെല്ലാം പുറമെയാണ് സർവസമ്മതമായ ഒരു സംയുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും എത്തിച്ചേരാനായത്. മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ച ഇന്തോനേഷ്യ, തുടർന്ന് വഹിക്കാൻ പോകുന്ന ബ്രസീൽ, ദഷിണാഫ്രിക്ക, ജപ്പാൻ എന്നിവയുടെ സജീവ പിന്തുണയോടെ ഇങ്ങനെയൊരു ഏകകണ്ഠ പ്രഖ്യാപനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത് ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. യുക്രെയ്നെ സംബന്ധിച്ച പരാമർശങ്ങളിൽ തീർത്തും വിരുദ്ധ നിലപാടെടുത്ത രാജ്യങ്ങൾക്കിടയിൽ സമവായത്തിന്റെ ഭാഷയെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞു. യോജിപ്പിന്റെ മേഖല, അത് എത്രതന്നെ നേർത്തതാണെങ്കിലും എടുത്തുകാട്ടുമ്പോഴാണ് പ്രതിസന്ധികൾ വഴിമാറിപ്പോവുക എന്ന പാഠം ഇതുൾക്കൊള്ളുന്നുണ്ട്.
വാക്കുകൾക്കപ്പുറത്ത്, പ്രവൃത്തിപഥത്തിലേക്ക് ഇതെല്ലാം എത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ബാക്കിയുള്ളത്. ഹരിത വികസനം, ഡിജിറ്റൽ സമ്പദ്ഘടന, ആഗോള ജൈവ ഇന്ധന സഖ്യം, ഉപഗ്രഹ ദൗത്യം തുടങ്ങി വിവിധ തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ജി20 അംഗരാജ്യങ്ങൾക്ക് പുറമെ മറ്റു കുറെ രാജ്യങ്ങളും പ്രതിനിധികളെ അയച്ചിരുന്നു. റഷ്യയുടെയും ചൈനയുടേയും പ്രസിഡന്റുമാർ പങ്കെടുത്തില്ലെങ്കിലും ഉച്ചകോടി പ്രതീക്ഷിച്ചതിൽ കവിഞ്ഞ വിജയമാണ്. ഈ വിജയത്തിന്റെ പൂർത്തീകരണത്തിനാവശ്യമായ നയനിലപാടുകളും തിരുത്തലുകളും വിവിധ രാജ്യങ്ങൾ സ്വീകരിക്കുമോ എന്നതനുസരിച്ചാകും അന്തിമമായ നേട്ടം തീരുമാനിക്കാനാവുക. യുക്രെയ്ൻ വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ അമേരിക്കയും യൂറോപ്യൻ യൂനിയനും ജി7 കൂട്ടായ്മയും തയാറായത് കടലാസിൽ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് തുടർന്നുള്ള ദിവസങ്ങളാണ്.
അതേപോലെ, ഡൽഹി പ്രഖ്യാപനത്തിലെ കാതലായ പദപ്രയോഗങ്ങൾ പലതും ഇന്ത്യൻ സർക്കാറിന്റെ പ്രവർത്തന യാഥാർഥ്യവുമായി ചേരുന്നില്ലെന്ന് പറയാതെ വയ്യ. എല്ലാവരെയും ‘ഉൾക്കൊള്ളുന്ന’ വളർച്ചയെപ്പറ്റി ജി20 പ്രഖ്യാപനം പറയുന്നുണ്ട്. തീവ്രവാദവും വർഗീയതയും പോലുള്ള വിധ്വംസക പ്രവണതകൾക്കെതിരാണത്. ഡൽഹി പ്രഖ്യാപനത്തോട് നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ടെന്നിരിക്കെ, ‘ഉൾക്കൊള്ളലി’ന്റെ രാഷ്ട്രീയത്തെ വംശീയ രാഷ്ട്രീയം ഹൈജാക്ക് ചെയ്യുന്നത് തടയാൻ ബോധപൂർവമായ ശ്രമമുണ്ടാകണം.
‘വസുധൈവ കുടുംബകം’ എന്ന തത്ത്വം ദേശീയതയെക്കാൾ മാനവികതയാണ് ഉൾക്കൊള്ളുന്നതെന്ന് പറയേണ്ടതില്ല. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന് ജി20ക്ക് നൽകിയ മുദ്രാവാക്യം അതിൽനിന്ന് ഉരുവംകൊണ്ടതാണ്. എല്ലാവരെയും ഒരേ കുടുംബമായി കാണുകയെന്ന ആ മനോഹര ദർശനം ആദ്യം ഈ നാട്ടിനകത്തെങ്കിലും പുലരട്ടെ. ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്നു പറയുന്ന വേദികളിൽ നിന്നെങ്കിലും പ്രതിപക്ഷത്തെ ഒഴിവാക്കാതിരിക്കാൻ നമുക്ക് കഴിയേണ്ടതായിരുന്നു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനം എന്ന് നാം പറയുന്നു; അത് നടപ്പാക്കാൻ ചങ്ങാത്ത മുതലാളിത്തത്തിന്റെ പിടിയിൽനിന്നുകൊണ്ട് സാധിക്കില്ല. ജി20ക്കുവേണ്ടി ചേരികൾ മറച്ചതും തലസ്ഥാനം കൊട്ടിയടച്ചുകൊണ്ട് അനേകം പേരുടെ നിത്യത്തൊഴിൽ നിഷേധിച്ചതും നല്ല മാതൃകയല്ല.
മാധ്യമങ്ങളുമായി സംസാരിക്കാൻ ലോകനേതാക്കൾക്ക് അവസരം ലഭിക്കാതിരുന്നതും മോശമായ അഭിപ്രായം സൃഷ്ടിച്ചു. പത്തൊമ്പതര കോടി മനുഷ്യർ പട്ടിണിക്കാരായുള്ള രാജ്യത്ത് അനാവശ്യമായ ആർഭാടങ്ങൾ ഒഴിവാക്കാമായിരുന്നു. മനുഷ്യാവകാശ-പൗരാവകാശ മേഖലകളിലും നാം ഏറെ മെച്ചപ്പെടേണ്ടതുണ്ട്. കാതലായ തിരുത്തലുകൾ കൂടി ഉണ്ടായാൽ ജി20 പ്രഖ്യാപനം ആതിഥേയരായ നമുക്ക് അഭിമാനത്തോടെ സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയും.
ബ്രിക്സ് പോലുള്ള മറ്റു കൂട്ടായ്മകളിലെന്നപോലെ ജി20യിലും ഇന്ത്യക്ക് തെളിയിക്കാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്: വികസിത ‘വടക്കൻ’ രാജ്യങ്ങളെ വികസ്വര ‘തെക്കൻ’ രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ അവർക്ക് നമ്മെയാണ് ആവശ്യം. ലോകത്തെ സമാധാനത്തിന്റെയും വളർച്ചയുടെയും പാതയിലേക്ക് നയിക്കാൻ നമുക്കാവും -നാമതിന് അർഹത തെളിയിക്കുമെങ്കിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.