തീക്ഷ്ണമായ യാഥാർഥ്യങ്ങൾക്കുമുമ്പിലും സാേങ്കതികതയെ ചൊല്ലി തർക്കിക്കുന്ന ഇന്ത്യക്കാരുടെ തനത് സ്വഭാവം ഇപ്പോൾ പ്രളയ ദുരിതാശ്വാസത്തിെൻറ കാര്യത്തിൽ വ്യക്തമായിത്തുടങ്ങുകയാണ്. യു.എ.ഇ വാഗ്ദാനംചെയ്ത 700 കോടി രൂപയുടെ കാര്യത്തിലാണ് പുതിയ തർക്കം. അങ്ങനെ ഒരു സഹായത്തെപ്പറ്റി ഒൗദ്യോഗിക പ്രഖ്യാപനമൊന്നും യു.എ.ഇ നടത്തിയിട്ടില്ലെന്ന് അവരുടെ ഇന്ത്യൻ അംബാസഡർ അഹ്മദ് അൽബന്ന ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തോടു പറഞ്ഞു. അതേസമയം, കേരളത്തിനു നൽകേണ്ട സഹായത്തെക്കുറിച്ചും അതിെൻറ രീതിയെക്കുറിച്ചും പഠിക്കാൻ ഒരു അടിയന്തര സമിതിക്ക് യു.എ.ഇ രൂപം കൊടുത്തിട്ടുണ്ട്. 700 കോടി എന്ന തുക അന്തിമമല്ല എന്ന് അംബാസഡർ കൂട്ടിച്ചേർത്തു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലാതിരിക്കെ അന്തിമമായി ഒരു തുക ഇപ്പോൾ പറയാനാവില്ലെന്നുകൂടി അദ്ദേഹം വിശദീകരിച്ചു. വിദേശത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച കേന്ദ്രനയത്തിലെ പാളിച്ചകളെപ്പറ്റി വലിയ വിവാദമാണ് 700 കോടി വാഗ്ദാനം ചെയ്തെന്ന വാർത്ത ഉയർത്തിയത്. വിദേശസഹായം സ്വീകരിക്കാനാവില്ലെന്ന മട്ടിൽ കേന്ദ്രഭരണവൃത്തങ്ങളിൽനിന്ന് പുറത്തുവന്ന അഭിപ്രായം കടുത്ത വിമർശനങ്ങൾക്ക് കാരണമായി. പുനരധിവാസത്തിനും പുനർനിർമാണത്തിനും കേരളത്തിന് പതിനായിരക്കണക്കിന് കോടി രൂപ ആവശ്യമായിരിക്കെ വിദേശസഹായം നിരസിക്കുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
അതേസമയം, വിദേശസഹായം സ്വീകരിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന വാദമാണ് മറുഭാഗം ഉയർത്തിയത്. ഇൗ സാഹചര്യത്തിൽ 700 കോടി രൂപയുടെ വാഗ്ദാനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചതല്ലെന്ന വെളിപ്പെടുത്തൽ, പുറംസഹായത്തിനെതിരെ നിലപാടെടുത്തവർക്ക് പിടിവള്ളിയായത് സ്വാഭാവികം. ഇല്ലാത്ത വാഗ്ദാനം എടുത്തുകാട്ടി കേന്ദ്രത്തിനെതിരെ വിമർശനമുയർത്തുന്നവർ ഇതോടെ തുറന്നുകാട്ടപ്പെടുകയാണെന്ന് അവരിപ്പോൾ വാദിക്കുന്നു. സഹായവാഗ്ദാനത്തിൽ വ്യക്തത ഇനിയും ഉണ്ടാകുമെന്നു കരുതുക. എന്നാൽ, തുറന്നുകാട്ടപ്പെട്ടത് കേന്ദ്രത്തിെൻറ സമീപനം തന്നെ എന്നതാണ് വിവാദത്തിെൻറ ഒരു ബാക്കിപത്രം. സഹായവാഗ്ദാനത്തെ അവരെതിർത്തത് ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് പറഞ്ഞായിരുന്നില്ല. മറിച്ച് അതിന് വകുപ്പില്ലെന്നായിരുന്നു വിശദീകരണം. ഒരു രാജ്യത്തിെൻറ ധനസഹായം സ്വീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര വിദേശമന്ത്രാലയവും വ്യക്തമാക്കിയത്. ഇൗ വാദമാകെട്ട അടിസ്ഥാനമില്ലാത്തതായിരുന്നു. വിദേശസഹായം സ്വീകരിക്കേണ്ടെന്ന് 2004ൽ സുനാമി ദുരിതവേളയിൽ പ്രധാനമന്ത്രി മൻമോഹൻസിങ് നിലപാടെടുത്തിരുന്നു എന്നാണ് പറയുന്നത്. അതാണ് നിലവിലുള്ള ചട്ടമെന്നും. വാസ്തവത്തിൽ അന്നത്തെ സർക്കാർതന്നെ ഇൗ നിലപാട് പിന്നീട് തിരുത്തിയിരുന്നു. ദേശസുരക്ഷയെ അപായപ്പെടുത്താത്ത തരത്തിൽ വിദേശസഹായം സ്വീകരിക്കാമെന്നാണ് അന്ന് നയം വ്യക്തമാക്കിയത്.
2016ൽ ഇപ്പോഴത്തെ സർക്കാർ പുറത്തിറക്കിയ ദേശീയ ദുരന്ത നിവാരണ പദ്ധതിയിൽ പ്രത്യേകമായി എടുത്തുപറയുന്നതും സഹായം സ്വീകരിക്കാമെന്നാണ്. ചോദിച്ചുവാങ്ങരുതെന്നല്ലാതെ രാജ്യങ്ങൾ സ്വമേധയാ ഇങ്ങോട്ടു തരുന്ന സഹായങ്ങൾ സ്വീകരിച്ചുകൂടെന്ന് അതിലില്ല. അവ സ്വീകരിക്കാമെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. ഇത് ധനസഹായം സ്വരൂപിക്കാൻ സഹായകമാകുമെന്നു മാത്രമല്ല, ദുരിതകാലത്ത് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നവരോട് പുലർത്തേണ്ട മര്യാദയും സൗമനസ്യവും കൂടിയാണ്. യു.എ.ഇ തന്നെ ഒൗദ്യോഗികമായി സഹായവാഗ്ദാനത്തെപ്പറ്റി തീർച്ച പറയാത്തത് നിരാകരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ ശേഷമാണോ എന്നും വ്യക്തമല്ല. തങ്ങളുടെ സഹായവാഗ്ദാനം നിരസിക്കപ്പെട്ടതിൽ തായ്ലൻഡ് ഖേദം പ്രകടിപ്പിച്ചതും ഒാർക്കാം. ഇന്ത്യയുമായും കേരളവുമായും യു.എ.ഇക്കുള്ള സവിശേഷമായ വൈകാരികബന്ധത്തെപ്പറ്റി യു.എ.ഇ അധികൃതർ ഇൗയിടെ വാചാലരായതും രാജ്യാന്തരബന്ധങ്ങളിലെ ഒൗപചാരികതക്കപ്പുറത്തുള്ള മാനവികതയെ ഒാർമിപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് നിർലോഭം വിദേശസഹായം സ്വീകരിക്കാം; എന്നാൽ, ദുരിതകാലത്തെ സൗമനസ്യമായിപ്പോലും സർക്കാറുകൾക്ക് അത് പാടില്ല എന്നിടത്തെത്തിയിരിക്കുന്നു നമ്മുടെ ആത്മാഭിമാനം. വിദേശത്തുനിന്ന് പാർട്ടികൾക്ക് സംഭാവന ചോദിച്ചുതന്നെ വാങ്ങാം; ദുരിതമകറ്റാൻ സഹായിക്കാമെന്ന് ഇങ്ങോട്ടു പറയുന്നവരിൽനിന്ന് അത് വാങ്ങിപ്പോകരുത്! രാഷ്ട്രീയകക്ഷികൾക്കുള്ള വിദേശ ഫണ്ടിന് പരിശോധനപോലും ആവശ്യമില്ലെന്ന് നിയമത്തിലെഴുതിച്ചേർത്തവരാണ് ദുരിതബാധിതരോട് ആത്മാഭിമാനം പ്രസംഗിക്കുന്നത്.
അതിഗുരുതരമായ പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നത്. പുനർനിർമാണം മുതൽ രോഗനിർമാർജനം വരെയുള്ള പലതിനും വിദേശങ്ങളിൽനിന്നും യു.എന്നിൽനിന്നും സഹായം ലഭ്യമാക്കാനാവുമെന്നിരിക്കെ അടിസ്ഥാനരഹിതമായ കുറെ കാരണങ്ങൾ നിരത്തി എല്ലാ വാതിലും അടക്കുന്നത് മൗഢ്യമാണ്. നമുക്ക് സഹായം വേണം -സൗമനസ്യവും വേണം. യു.എ.ഇ അടക്കമുള്ളവയിൽനിന്ന് രണ്ടും നഷ്ടപ്പെടുന്ന അവസ്ഥ വന്നാൽ അതും മറ്റൊരു ദുരന്തമാവുകയേ ഉള്ളൂ. ഏതായാലും കേരളത്തിലെ പ്രളയം ‘ലെവൽ മൂന്ന്’ ദുരന്തമാണെന്ന് അംഗീകരിച്ചതായി കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് ഉദാരമായ സഹായം നൽകാൻ കേന്ദ്രത്തെ ബാധ്യതപ്പെടുത്തുന്നതാണ് ഇത്. എന്നിട്ടും നിസ്സാരമായ തുക നൽകിയും നീക്കിവെച്ച സഹായത്തിൽനിന്ന് അരിയുടെ വില പിടിച്ചുവാങ്ങിയും പിശുക്കു കാണിക്കുന്നവർ കേരളത്തോടു ചെയ്യുന്നത് ഏതായാലും നീതിയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.