കള്ളവോട്ട് കേരള രാഷ്ട്രീയത്തിൽ പുതുമയുള്ള ഒന്നല്ല. പരമ്പരാഗതമായി തുടർന്നുവരു ന്ന ആചാരം എന്നു വേണമെങ്കിൽ ഇതിനെ പറയാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എക്കാലത്തും ഉയർന്നു വരാറുള്ള ആക്ഷേപമാണിത്. അതിെൻറ ഭാഗമായി നിയമ നടപടികൾ ഉണ്ടാകുമെങ്കിലും കേസുകൾ അ നന്തമായി നീളുന്നതോടെ കക്ഷികൾ പിന്മാറി കേസുതന്നെ ഇല്ലാതായ സംഭവങ്ങൾ നിരവധി. ജനാധ ിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി കള്ളവോട്ടും തുടർന്നുപോരുകയാണ്. കണ്ണൂർ, കാസർ കോട് ജില്ലകളാണ് കള്ളവോട്ടിെൻറ പ്രഭവ കേന്ദ്രങ്ങളായി പണ്ടുമുതൽക്കേ വിശേഷിപ്പിക ്കപ്പെടുന്നത്. പ്രതിപ്പട്ടികയിൽ എല്ലായ്പോഴും ഒന്നാമതായി പ്രത്യക്ഷപ്പെടുന്നത് സി.പി.എമ്മും. സാങ്കേതിക വിദ്യ ഉയർന്നപ്പോൾ തെളിവുസഹിതം പിടിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ പെട്ട പിലാത്തറ എ.യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്തിൽ ഒരു സ്ത്രീ കള്ളവോട്ട് ചെയ്തതിെൻറ വിഡിയോ ദൃശ്യമാണ് ആദ്യം പുറത്തുവന്നത്. സി.പി.എം പ്രവർത്തകയായ പഞ്ചായത്ത് അംഗമാണ് കാമറയിൽ കുടുങ്ങിയത്. കാസർകോട് മണ്ഡലത്തിൽ പെട്ട കൂളിയാട് ഗവ. ഹൈസ്കൂളിലെ 48ാം നമ്പർ ബൂത്തിൽനിന്നു മറ്റൊരു കള്ളവോട്ട് ദൃശ്യവും പുറത്തുവന്നു. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ കള്ളവോട്ട് നടന്നതിെൻറ വിഡിയോയാണ് തൊട്ടുപിന്നാലെ വന്നത്. ആദ്യത്തെ രണ്ടു സംഭവങ്ങളിൽ സി.പി.എമ്മും മൂന്നാമത്തേതിൽ സി.പി.ഐയുമാണ് ആരോപണ വിധേയർ.
ഓപൺ വോട്ടാണ് ചെയ്തതെന്നു പറഞ്ഞ് പ്രതിരോധിക്കാൻ സി.പി.എം നടത്തിയ ശ്രമം തുടക്കത്തിലേ പാളിപ്പോയി. കാരണം, ഓപൺ വോട്ട് എന്ന സമ്പ്രദായം ഇപ്പോഴില്ല. ഭിന്നശേഷിക്കാർക്കും വാർധക്യം ബാധിച്ചവർക്കും മറ്റും വോട്ട് രേഖപ്പെടുത്താൻ കമ്പാനിയൻ വോട്ട് എന്ന സൗകര്യം തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം സ്വന്തം നിലയിൽ വോട്ട് ചെയ്യാൻ പറ്റാത്തയാളെ ബൂത്തിൽ കൊണ്ടുവന്ന് അവരെ ഒപ്പം നിർത്തിയാകണം കൂടെയുള്ള സഹായി വോട്ട് രേഖപ്പെടുത്തേണ്ടത്. പോളിങ് ഉദ്യോഗസ്ഥരെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചു രേഖപ്പെടുത്തുകയും വേണം. പിലാത്തറയിലെ ബൂത്തിൽ ഇങ്ങനെ ഒരേ വോട്ടർ രണ്ടാം തവണ വോട്ട് ചെയ്തപ്പോൾ കൂടെ ആരും ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ കാണുന്നില്ല. അതിനാൽ, ഒാപൺ വോട്ട് എന്ന കച്ചിത്തുരുമ്പ് ഇത്തവണ രക്ഷക്കെത്തിയില്ല. ബൂത്തിൽ കള്ളവോട്ട് നടന്നു എന്ന ആരോപണം ശരിവെക്കുന്ന പ്രാഥമിക റിപ്പോർട്ടാണ് കണ്ണൂർ, കാസർകോട് കലക്ടർമാർ തെരഞ്ഞെടുപ്പ് കമീഷന് നൽകിയതെന്നാണ് വിവരം. ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും തെളിവുസഹിതം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകുമെന്നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വ്യക്തമാക്കിയത്.
ജനാധിപത്യ പ്രക്രിയയെ മൊത്തത്തിൽ അട്ടിമറിക്കുന്ന ഒന്നാണ് കള്ളവോട്ട്. ഇതിലൂടെ കാറ്റിൽപറത്തുന്നത് ജനാഭിലാഷമാണ്. തെരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതൽ കള്ളവോട്ടും ഉണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാകാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപമാണ് കള്ളവോട്ട്. വോട്ടു ചെയ്യാൻ വരാത്തവരുടെയും രോഗികളുടെയും നാട്ടിൽ ഇല്ലാത്തവരുടെയും മാത്രമല്ല, യഥാർഥ വോട്ടർ എത്തുന്നതിനു മുേമ്പ അവരുടെ വോട്ട് ചെയ്യുന്ന രീതിയും ഇവിടെ സർവസാധാരണമാണ്. തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കൽ അടക്കം പല നടപടികളും തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചിട്ടും ഉത്തര കേരളത്തിൽ ഇപ്പോഴും കള്ളവോട്ടിന് കുറവൊന്നുമില്ല. തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചു കള്ളവോട്ട് കൂടുതൽ സുഗമമാക്കുകയാണ് അവിടെ സംഭവിച്ചത്. പിലാത്തറ എ.യു.പി സ്കൂളിൽ കെ.ജെ. ഷാലറ്റ് എന്ന വോട്ടർക്ക് ഇത്തരത്തിൽ ദുരനുഭവമുണ്ടായി. വോട്ടുചെയ്യാൻ അവർ ബൂത്തിലെത്തിയപ്പോഴേക്കും മറ്റാരോ അവരുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അത്തരം സന്ദർഭങ്ങളിൽ ടെൻഡേർഡ് ബാലറ്റ് വഴി വോട്ടുചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അവസരം നൽകേണ്ടതുണ്ട്. എന്നാൽ, ഷാലറ്റിന് അതനുവദിച്ചില്ല. ഏറെനേരം കാത്തിരുന്ന ശേഷം അവർക്ക് നിരാശയായി തിരിച്ചുപോകേണ്ടിവന്നു.
പോളിങ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ടുകൾ ചെയ്യുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്. ഇതിൽ വസ്തുതയുണ്ടെന്നാണ് കരുതേണ്ടത്. വിവിധ പാർട്ടികളുമായി ബന്ധമുള്ള സർവിസ് സംഘടനകളിൽ പെട്ട പോളിങ് ഉദ്യോഗസ്ഥർ കണ്ണടക്കുകയോ അനുഭാവ നിലപാട് സ്വീകരിക്കുകയോ ചെയ്യും. ഇതിനു വഴിപ്പെടാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തും. കണ്ണൂർ, കാസർകോട് ജില്ലകളിൽ മുൻകാലങ്ങളിൽ ബൂത്ത് ഏജൻറുമാരായി വരുന്നവരെ അടിച്ചോടിക്കുക, നായ്ക്കുരണ പൊടി എറിയുക തുടങ്ങിയ അക്രമങ്ങൾ നടന്നിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായതിനാൽ അത്തരം സംഭവങ്ങൾ താരതമ്യേന കുറവാണ്.
സംഘടിതവും ആസൂത്രിതവുമായി കള്ളവോട്ട് ചെയ്താൽ ജയസാധ്യതയുള്ള ഒരു സ്ഥാനാർഥിയെ നിഷ്പ്രയാസം തോൽപിക്കാൻ കഴിയും. ഒരു ലോക്സഭ മണ്ഡലത്തിലെ 1300 ബൂത്തുകളിൽ പകുതി എണ്ണം തിരഞ്ഞെടുത്ത് ബൂത്തൊന്നിൽ 20 കള്ളവോട്ട് വീതം ചെയ്താൽ 13,000 വോട്ടുകളാകും. ഒരാളെ ജയിപ്പിക്കാൻ ഇതു ധാരാളം. ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ ഗ്രാമമുഖ്യന്മാർ പോളിങ് ബൂത്തിൽ പോയിരുന്ന് മുഴുവൻ വോട്ടുകളും ചെയ്യുന്ന രീതി മുെമ്പാക്കെ ഉണ്ടായിരുന്നു. പോളിങ് ബൂത്തുകൾ പിടിച്ചെടുക്കൽ അന്നൊക്കെ സർവസാധാരണമായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, തിരിച്ചറിയൽ കാർഡ്, വെബ് കാസ്റ്റിങ് എന്നിങ്ങനെ വോട്ടെടുപ്പ് നീതിയുക്തമായി നടത്താൻ ഒട്ടേറെ പരിഷ്കാരങ്ങൾ ഇതിനകം തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയിട്ടുണ്ട്. കോടികൾ ചെലവഴിച്ചാണ് ഈ ജനാധിപത്യ പ്രക്രിയ നമ്മുടെ നാട്ടിൽ പൂർത്തിയാക്കുന്നത്. അതിനെ പരിഹാസ്യമാക്കുന്ന നടപടികൾ ജനാധിപത്യ ബോധമുള്ള ഒരു പാർട്ടിയിൽനിന്നും ഉണ്ടായിക്കൂടാ. കള്ളവോട്ട് ചെയ്യുന്നവരെയും ചെയ്യിക്കുന്നവരെയും അതിന് ഒത്താശ ചെയ്യുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.