രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 32 വർഷമായി ജയിലിൽ കഴിയുന്ന തമിഴ്നാട് സ്വദേശി പേരറിവാളന് ജാമ്യം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് മനുഷ്യാവകാശങ്ങളെ വിലമതിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ സംഘത്തിന് ഒമ്പത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകി എന്നതായിരുന്നു കൃത്യം നടക്കുമ്പോൾ 19കാരനായിരുന്ന പേരറിവാളന്റെ മേൽ ചുമത്തിയ കുറ്റം. അതിന്റെ പേരിൽ വധശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ, താൻ ബാറ്ററി വാങ്ങി നൽകിയത് രാജീവ് ഗാന്ധിയെ കൊല്ലാനുള്ള ആയുധം നിർമിക്കാനായിരുന്നില്ല എന്നതായിരുന്നു പേരറിവാളന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം സി.ബി.ഐ അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ബാറ്ററി നൽകി എന്ന മൊഴി മാത്രം രേഖപ്പെടുത്തുകയും എന്തിനുവേണ്ടിയാണെന്ന് അറിയില്ലായിരുന്നു എന്ന ഭാഗം മറച്ചുവെക്കുകയും ചെയ്തു സി.ബി.ഐ. അന്വേഷണസംഘത്തലവൻ വി. ത്യാഗരാജൻ തന്നെ 2017ൽ ഒരു ഡോക്യുമെന്ററി ഫിലിമിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞു. ഈ തുറന്നുപറച്ചിലോടെ പേരറിവാളൻ കേസ് വീണ്ടും രാജ്യത്ത് വലിയതോതിൽ ചർച്ചയായി. നേരത്തേതന്നെ, പേരറിവാളൻ നിരപരാധിയാണെന്നും വിട്ടയക്കണമെന്നുമുള്ള ആവശ്യം വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു. തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ ആവശ്യത്തിനൊപ്പമായിരുന്നു. എന്നാൽ, നീതിവ്യവസ്ഥയുടെ കണ്ണ് പേരറിവാളന്റെ കാര്യത്തിൽ മുറുക്കിയടച്ചു നിന്നു. പിന്നീട്, അദ്ദേഹത്തിന്റെ അമ്മ അർപുതമ്മാൾ നയിച്ച ധീരവും ദീർഘവുമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് 2022 മാർച്ച് ഒമ്പതിന് സുപ്രീംകോടതി പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അപ്പോഴേക്കും ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽനിന്ന് ചോർന്നുപോയത് 32 വർഷങ്ങളാണ്.
ടാഡ എന്ന (ഇപ്പോഴില്ലാത്ത) ഭീകരനിയമം ചുമത്തപ്പെട്ടതുകൊണ്ടാണ് ഒമ്പത് വോൾട്ട് ബാറ്ററിയുടെ പേരിൽ ആ ചെറുപ്പക്കാരന്റെ ജീവിതം ഈ വിധം തടവറക്കുള്ളിലായത്. വലിയ വിമർശനത്തെ തുടർന്ന് ടാഡ പിൻവലിക്കപ്പെട്ടു. എന്നാൽ, അതിലേറെ കഠോരമായ യു.എ.പി.എ ഇന്ന് രാജ്യത്ത് നിലനിൽക്കുകയാണ്. അത് ചുമത്തപ്പെട്ട് കുറ്റമെന്തെന്നറിയാതെ വർഷങ്ങളായി ജയിലിൽ കഴിയുന്ന ചെറുപ്പക്കാരുടെ എണ്ണം നൂറുകണക്കിന് വരും. മലപ്പുറം പരപ്പനങ്ങാടിയിലെ സകരിയ എന്ന ചെറുപ്പക്കാരന്റെ കഥ പേരറിവാളന്റേതിന് തുല്യമാണ്. 19ാം വയസ്സിലാണ് സകരിയയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 13 കൊല്ലമായി അയാൾ ജയിലിലാണ്. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട ആരോ ഒരാൾ സിം കാർഡ് വാങ്ങിയ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സകരിയ. അതിന്റെ പേരിലാണ് പ്രതിയാകുന്നത്. ഇങ്ങനെ എത്രയെത്ര ചെറുപ്പക്കാർ!
രാഷ്ട്രീയക്കാരും പൊലീസും ചേർന്ന് ആളുകളെ നിസ്സാര കാര്യത്തിെന്റ പേരിൽ ജയിലിലിട്ട് പീഡിപ്പിക്കുമ്പോൾ സഹായവുമായി വരേണ്ടത് നീതിപീഠങ്ങളാണ്. എന്നാൽ, പ്രമാദമായ കേസുകളാകുമ്പോൾ നീതിപീഠങ്ങളും അമാന്തിക്കുന്നുവെന്നാണ് പേരറിവാളന്റെയും സകരിയയുടെയുമൊക്കെ അനുഭവങ്ങൾ കാണിക്കുന്നത്. പാർലമെന്‍റ് ആക്രമണക്കേസിൽ പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്നതെന്ന് വിധിന്യായത്തിൽതന്നെ എഴുതിവെച്ചു പരമോന്നത കോടതി. അത് ആരെയും അത്ഭുതപ്പെടുത്തുകപോലും ചെയ്തില്ല. രാജീവ് ഗാന്ധിയെപ്പോലെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഒരാളെ വധിച്ച കേസ് ആവുമ്പോൾ അതിന് വൈകാരികവും രാഷ്ട്രീയവുമായ വലിയ തലങ്ങളുണ്ട്. അപ്പോൾപിന്നെ കേസിന്റെ മെറിറ്റിലേക്ക് കടക്കാനോ കണിശതയോടെ പരിശോധിക്കാനോ നീതിപീഠങ്ങൾ തയാറാവില്ല. അതിന്റെ ഇരയായിരുന്നു പേരറിവാളൻ. പേരറിവാളന് നീതി കിട്ടി എന്ന് ഇപ്പോൾ ആവേശംകൊള്ളുന്നവരുണ്ടാവും. മിടുക്കനായ ഒരു ചെറുപ്പക്കാരെന്റ ജീവിതത്തിൽനിന്ന് 32 വർഷം പിഴുതെടുത്തശേഷം നീതി കിട്ടി എന്ന് ആർപ്പുവിളിക്കുന്നത് വലിയ നിസ്സഹായാവസ്ഥയാണ്. സ്വാതന്ത്ര്യവും ജീവിതവും കവരുകയും കുറെക്കാലം കഴിയുമ്പോൾ അതെന്തോ ഔദാര്യംപോലെ അനുവദിച്ചുകൊടുക്കുകയും ചെയ്തിട്ട് ആഘോഷിക്കുന്നത് പരിഹാസ്യമാണ്.
നിസ്സഹായരായ മനുഷ്യരെ ഇങ്ങനെ പൂട്ടിയിടുന്ന ഏജൻസികൾ പക്ഷേ, കേസിലെ യഥാർഥ പ്രതികളെ കണ്ടെത്താനോ അതിന്റെ പിറകിലെ അന്തർനാടകങ്ങൾ പുറത്തുകൊണ്ടുവരാനോ ശ്രമിക്കുന്നില്ല എന്ന യാഥാർഥ്യവുമുണ്ട്. രാജീവ് ഗാന്ധി വധത്തിനു പിന്നിൽ യഥാർഥത്തിൽ ആരാണ് കളിച്ചത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ആൾദൈവമായ ചന്ദ്രസ്വാമിയുടെ പേര് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പലതവണ ഉയർന്നുവന്നു. ഈ സ്വാമിയാകട്ടെ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രതികളിൽ ചിലരിൽനിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ േസ്രാതസ്സ് കണ്ടുപിടിക്കാൻ പോലും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരാളെ കൊലചെയ്ത കേസിന്റെ കാര്യമാണ് ഈ വിധം എങ്ങുമെത്താതെ പോയത്. അന്വേഷണ ഏജൻസികൾക്ക് സാധിക്കുന്നത് കുറെ പാവങ്ങളെ പിടിച്ച് അകത്തിടുക മാത്രമാണ്. നീതിപീഠങ്ങൾ അതിന് മേൽച്ചാർത്ത് നൽകുന്നു. കുറേക്കാലം കഴിഞ്ഞ് അവരിൽ ചിലരെ പുറത്തുവിടുന്നു. ഹാ, നീതി വിജയിച്ചേ എന്ന് പരിഹാസ്യമായ ആഹ്ലാദത്തിൽ നാം മുഴുകുന്നു. അത്രതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.