നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന ആഹ്വാനവുമായി സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിെൻറ മുൻകൈയിൽ പുതുവർഷനാളിൽ നടന്ന വനിതാമതിൽ ചരിത്രസംഭവമായി. കാസർകോട് പുതിയ ബസ്സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയുടെ ഇടതുവശത്ത് 620 കിലോമീറ്റർ നീളത്തിൽ അണിനിരന്ന മതിൽ ലോകത്തെ അത്യപൂർവ സംഘസമരരീതികളിലൊന്നായി ചരിത്രത്തിൽ ഇടംനേടി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനമനുവദിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ സംഘ്പരിവാറിെൻറ പിന്തുണയോടെ രൂപംകൊണ്ട പ്രക്ഷോഭങ്ങളെയും ആചാരങ്ങളുടെ പേരിൽ മത, ജാതി, ലിംഗനീതി നിഷേധിക്കാനുള്ള നീക്കങ്ങളെയും പരാജയപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായി, ഹിന്ദു മത ജാതി സംഘടനകളടക്കമുള്ള നൂറിൽപരം കക്ഷികളെ ചേർത്ത് രൂപവത്കരിച്ച നവോത്ഥാനസംരക്ഷണ സമിതിയുടെ ബാനറിലാണ് വമ്പിച്ച പ്രചാരണപരിപാടികളോടെ സംസ്ഥാന സർക്കാർ വനിതാമതിൽ സംഘടിപ്പിച്ചത്. സർക്കാർ മെഷിനറി ദുരുപയോഗം ചെയ്ത് ജനത്തെ വർഗീയവത്കരിക്കാനാണ് ഇടതുപരിപാടിയെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണി ആരോപിച്ചപ്പോൾ, ആചാരങ്ങളുടെ പേരുപറഞ്ഞ് മത, സമുദായ വിഭാഗങ്ങൾക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള സർക്കാറിെൻറ സമ്മർദമാണ് മതിലെന്ന് സംഘ്പരിവാർ സംഘടനകളും ശബരിമല വിഷയത്തിൽ അവരെ അനുകൂലിക്കുന്ന വിഭാഗങ്ങളും കുറ്റപ്പെടുത്തി. അങ്ങനെ ഇരുവിഭാഗവും മാത്സര്യപൂർവം കണ്ട പരിപാടി വിജയകരമായ പരിസമാപ്തിയിലെത്തിക്കാൻ കഴിഞ്ഞതിൽ ഇടതുമുന്നണിക്കും ഗവൺമെൻറിനും അഭിമാനിക്കാം. അതിനൊപ്പം സംസ്ഥാനത്തെ മുഴുവൻ ഇളക്കിമറിച്ച വനിതാമതിൽ പ്രഖ്യാപിത മുദ്രാവാക്യങ്ങളിൽ എന്തു നേടി എന്ന ചോദ്യത്തിന് വരുംനാളുകളിൽ കൃത്യമായ ഉത്തരം കണ്ടെത്താനുള്ള ബാധ്യതകൂടി സംഘാടകർക്കുമേൽ വന്നുചേരുന്നുണ്ട്.
ശബരിമല ദർശനത്തിന് യുവതികൾക്കുകൂടി പ്രവേശനം അനുവദിക്കാൻ സുപ്രീംകോടതി 2018 സെപ്റ്റംബർ 28ന് ഉത്തരവിട്ടതിനെ തുടർന്ന് ആചാരം തെറ്റുന്നുവെന്ന വിശ്വാസികളിലൊരു വിഭാഗത്തിെൻറ ശങ്ക മുതലെടുക്കാൻ ഹിന്ദുത്വവർഗീയശക്തികൾ മുന്നിട്ടിറങ്ങി. കോടതിവിധി നടപ്പാക്കാൻ വേണ്ടതു ചെയ്യുമെന്ന ദൃഢനിശ്ചയത്തിൽ നീങ്ങിയ ഇടതുസർക്കാറിന് പക്ഷേ, സംഘ്പരിവാർ കക്ഷികൾക്കൊപ്പം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾകൂടി ചേർന്നതോടെ അയയേണ്ടി വന്നു. പൊലീസ് സംരക്ഷണം ഉറപ്പുകൊടുത്തിട്ടും ദർശനത്തിനെത്തിയ യുവതികളെ ഇതുവരെ അതിനനുവദിക്കാൻ ഗവൺമെൻറിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമുതലെടുപ്പിന് വർഗീയശക്തികൾ മുണ്ടുമുറുക്കിയപ്പോൾ സാമൂഹികപ്രതിരോധമായാണ് ‘വനിതാമതിൽ’ ഗവൺമെൻറ് മുന്നോട്ടുവെച്ചത്. എന്നാൽ, ബോധവത്കരണം എന്ന സാമൂഹിക, സന്നദ്ധസംഘടന പ്രവർത്തനമല്ല, വിശ്വാസികളായ യുവതികളുടെ ശബരിമല പ്രവേശനത്തിനു വഴിയൊരുക്കാനുള്ള ഇച്ഛാശക്തിയാണ് ഗവൺമെൻറിൽനിന്നുണ്ടാകേണ്ടത്. അതിന് കേരളത്തിെൻറ വർധിതപിന്തുണയുണ്ടെന്ന ആത്മവിശ്വാസം മതിൽ വിജയത്തോടെ നേതാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ആ ബലത്തിൽ ശബരിമലയിൽ ശക്തമായ നിലപാടെടുക്കാൻ ഗവൺമെൻറ് തുനിയുമോ അതോ, വോട്ട്ബാങ്കിനു മുന്നിൽ മതിൽ വിജയം സർക്കാർതന്നെ സ്വയം റദ്ദുചെയ്യുമോ എന്നാകും ഇനി കേരളം ഉറ്റുനോക്കുക.
ശബരിമലയിലെ യുവതി പ്രവേശനത്തെ സങ്കുചിത വോട്ട്ബാങ്ക് രാഷ്ട്രീയം ലാക്കാക്കി എതിർത്തുതോൽപിക്കാനുള്ള സംഘ്പരിവാറിെൻറ വർഗീയ പ്രതിലോമ നീക്കത്തിനെതിരായ രാഷ്ട്രീയചുവട് എന്നതിലുപരി നവോത്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമമായി വനിതാമതിലിനെ വ്യാഖ്യാനിക്കുന്നതിൽ അത്യുക്തിയുണ്ട്, അവാസ്തവമുണ്ട്. ജാതി, വംശീയ, വർഗീയചിന്തയാൽ കേരളത്തെ ഭ്രാന്താലയമാക്കുന്നതിനെതിരായും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഴുകിപ്പോയ സാമൂഹിക ദുരവസ്ഥക്കെതിരായും പരിഷ്കരണത്തിനും നവോത്ഥാന പ്രവർത്തനങ്ങൾക്കും നെടുനായകത്വം വഹിച്ചതൊക്കെ മത സാമൂഹിക പരിഷ്കർത്താക്കളായിരുന്നു, രാഷ്ട്രീയപാർട്ടികളോ നേതാക്കളോ ആയിരുന്നില്ല. മാത്രമല്ല, സാമൂഹികപരിഷ്കർത്താക്കൾ പണിപ്പെട്ടു നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെ നശിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികളുടെ ജാതി, മത, വർഗീയ സങ്കുചിതത്വത്തിലധിഷ്ഠിതമായ അവസരസേവയാണ് പ്രധാന പങ്കുവഹിച്ചത്. ഇപ്പോൾ നവോത്ഥാന മൂല്യങ്ങൾക്കുവേണ്ടി നാടുനീളെ നടക്കുന്ന ഉദ്ഘോഷണങ്ങളുടെ ആയുസ്സ് രണ്ടോ മൂന്നോ മാസം കഴിഞ്ഞുവരുന്ന തെരഞ്ഞെടുപ്പ് വരെയാണ് എന്നത് കട്ടായം. അവിടെ തെരഞ്ഞെടുപ്പ് സഖ്യവും സ്ഥാനാർഥിനിർണയവും തുടങ്ങി പ്രചാരണവിഷയങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുംവരെ ആചാരങ്ങൾ കടുകിട തെറ്റാതെ, ജാതിസമുദായ മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കുമെന്നുറപ്പ്. ശബരിമലയുമായി ബന്ധപ്പെട്ട് നവോത്ഥാനവും മതിലുമൊക്കെ ചർച്ചചെയ്തപ്പോൾ അത് പ്രത്യേക സമുദായവിഭാഗങ്ങളിൽ മാത്രം പരിമിതപ്പെട്ടതുതന്നെ ഇൗ ‘തെരഞ്ഞെടുപ്പ് ആചാര’നിഷ്ഠയുടെ ഭാഗമായിരുന്നു. ഒടുവിൽ നവോത്ഥാനം പ്രത്യേകം തീറെഴുതപ്പെടുന്നുവെന്ന ആക്ഷേപം ഇതര സമുദായങ്ങളിൽനിന്നുയർന്നപ്പോൾ അവരുടെ പേരുവിവരംകൂടി ചേർത്തുപറയാൻ നിർബന്ധിതമായതും ഇൗ വോട്ട്ബാങ്ക് മൂല്യവിചാരത്തിൽനിന്നാണ്.
കേരളത്തിൽ സാമൂഹികമണ്ഡലത്തിെൻറ നിയന്താക്കളായ മതവിശ്വാസികൾക്കിടയിൽ നിലനിന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പരിഷ്കരണത്തിെൻറ നവജാഗരണപ്രവർത്തനങ്ങൾക്ക് അവർക്കിടയിൽനിന്നുതന്നെയുള്ള പരിഷ്കർത്താക്കളാണ് മുൻകൈയെടുത്തത്. ഇന്ന് വനിതാമതിലിനുവേണ്ടി നവോത്ഥാനത്തെ ചർച്ചക്കെടുക്കുന്നവരെല്ലാം ഉയർത്തിക്കാണിക്കുന്നതിൽ മിക്കവരും വിവിധ മത, ജാതി, സമുദായ വിഭാഗത്തിനകത്തുനിന്ന് തിരുത്തൽ പ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചവരാണ്. അതിനെ ഇനിയും മുന്നോട്ടുനയിക്കാനും അവർക്കേ കഴിയൂ. അതിനു വോട്ടിെൻറ കാറ്റുനോക്കാതെ സർവാത്മനാ പിന്തുണക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്ക് ചങ്കൂറ്റമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇൗദൃശ സംശയങ്ങൾക്കു പ്രയോഗത്തിൽ എന്ത് ഉത്തരം എന്നതിനെ ആശ്രയിച്ചിരിക്കുന്നു മനുഷ്യമതിൽ എന്ന ചരിത്രസംഭവത്തിെൻറ അർഥവും അനർഥവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.