2023 മാർച്ച് 19-20 തീയതികൾ സദ്ദാം ഹുസൈനെ പുറത്താക്കാൻ അമേരിക്കൻ സൈന്യം ഇറാഖ് ആക്രമിച്ചതിന്റെ ഇരുപതാം വാർഷികമാണ്. ബ്രൌൺ യൂനിവേഴ്സിറ്റിയുടെ കോസ്റ്റ് ഓഫ് വാർ എന്ന ഗവേഷണ സ്ഥാപനം പറയുന്നത് പ്രകാരം 1,70,000ലധികം അമേരിക്കൻ സൈനികരെ ഇറാഖിന്റെ മണ്ണിൽ വിന്യസിച്ച അധിനിവേശ യുദ്ധമാണിത്. 2003ൽ ആരംഭിച്ച അധിനിവേശം മൂന്നു ലക്ഷം ഇറാഖികളുടെ കൊലപാതകത്തിനു കാരണമായി. അതിനുമുമ്പ് 1990കളിൽ ഇറാഖിനെതിരെ തുടങ്ങിയ സാമ്പത്തിക ഉപരോധം പത്തുലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്തിരുന്നു. മേഖലയിലുണ്ടായ വിഭാഗീയ രാഷ്ട്രീയത്തിന്റെ വർധനവും വ്യാപകമായ അക്രമവും ദാരിദ്ര്യവുമൊക്കെ അധിനിവേശത്തിന്റെ അനന്തര ഫലമാണ്. 2011ൽ യു.എസ്. ഗവൺമെന്റ് ഇറാഖ് അധിനിവേശ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ ലക്ഷക്കണക്കിന് ആളുകളെ ഇന്നും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു, അതിലേറെ പേർ രോഗികളും അഭയാർഥികളുമായി മാറുന്നു.
ഇറാഖ് യുദ്ധത്തിന്റെ മൊത്തം ചെലവ് മൂന്ന് ട്രില്യൺ ഡോളറാണ് എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 2003ൽ ബുഷ് ഭരണകൂടം കണക്കു കൂട്ടിയത് 50 ബില്യൺ മുതൽ 60 ബില്യൺ ഡോളർ വരെ ചെലവ് വന്നേക്കുമെന്നായിരുന്നു. എന്നാൽ, പരിക്കുപറ്റിയ സൈനികരെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമുള്ള ചെലവ് പ്രതീക്ഷിച്ചതിലും എത്രയോ അധികമായി വന്നു.
ഇറാഖി ഗവേഷകയായ സൈനബ് സാലിഹ് പറയുന്നത് പ്രകാരം 1958ൽ ബ്രിട്ടീഷ് സ്വാധീനം കുറഞ്ഞതോടെ ഇറാഖി രാജവാഴ്ചയുടെ പതനം ആരംഭിച്ചു. റിപ്പബ്ലിക്കൻ കാഴ്ചപ്പാടുള്ള പട്ടാള ഓഫിസർമാർ എണ്ണ ദേശസാത്കരണത്തിന് ശ്രമം ആരംഭിച്ചു. അന്നുമുതൽ ഇറാഖിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ അമേരിക്കക്ക് റോളുണ്ട്. ശീതയുദ്ധത്തിന്റെ രാഷ്ട്രീയ തരംതിരിവുകൾ ഇറാഖിനെയും ബാധിച്ചു. 1963ൽ, കമ്യൂണിസ്റ്റ് ഭീഷണിയിൽനിന്ന് ഇറാഖിനെ രക്ഷിക്കുക എന്ന വ്യാജേന, അറബ് നാഷനലിസ്റ്റ് കാഴ്ചപ്പാടുള്ള ബാത്ത് പാർട്ടി നടത്തിയ അട്ടിമറിക്ക് യു.എസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) പിന്തുണ നൽകി. സി.ഐ.എ പിന്തുണയുള്ള പട്ടാള അട്ടിമറി എന്നത് അക്കാലത്തെ ആഫ്രിക്കൻ-എഷ്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിച്ചു. ഇറാൻ (1953), ഗ്വാട്ടമാല (1954), കോംഗോ (1960), ക്യൂബ (1961), വിയറ്റ്നാം (1963), ഇന്തോനേഷ്യ (1965) തുടങ്ങിയ രാജ്യങ്ങളുടെ പാതയിൽ ഇറാഖും പട്ടാള അട്ടിമറിക്ക് വിധേയമായി. എണ്ണപ്പാടങ്ങളിൽ ഭൂരിഭാഗവും ഇറാഖ് ദേശസാത്കരിച്ചതിന് ശേഷമായിരുന്നു ഈ അട്ടിമറി.
1979ലാണ് സദ്ദാം ഹുസൈൻ അധികാരത്തിലേക്ക് വരുന്നത്. ബാത്ത് പാർട്ടിയെ ശുദ്ധീകരിക്കുക, ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കുക, ഷിയാക്കളെ പുറത്താക്കുക തുടങ്ങി തന്റെ ഭരണത്തിന് ഭീഷണിയായി കരുതപ്പെട്ട ആരെയും ഇല്ലാതാക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്ന സദ്ദാം ഹുസൈൻ അക്കാലത്ത് അമേരിക്കക്കു വേണ്ടപ്പെട്ടയാളായിരുന്നുവെന്ന് ബ്രൂസ് ജെന്റിൽസൺ എഴുതിയ “വിത്ത് ഫ്രണ്ട്സ് ലൈക് ദിസ്: റീഗൻ, ബുഷ്, സദ്ദാം” (1994) എന്ന പുസ്തകം പറയുന്നു. 1980കളിൽ, സദ്ദാം ഹുസൈന്റെ ഭരണത്തെ അമേരിക്ക പിന്തുണക്കുകയും മേഖലയിലെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറാൻ-ഇറാഖ് യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇറാനെ ദുർബലപ്പെടുത്താൻ അമേരിക്കക്ക് സദ്ദാമിനെ വേണ്ടിയിരുന്നു. ശേഷം 1990ൽ സദ്ദാം ഹുസൈന്റെ ഇറാഖ് കുവൈത്ത് അധിനിവേശം നടത്തി. അതോടെ, ഇറാനെയും ഇറാഖിനെയും ഒരുപോലെ തുരത്താൻ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചു.
1990കൾ മുതൽതന്നെ ഇറാഖ് നാഷനൽ കോൺഗ്രസ് (ലണ്ടൻ ആസ്ഥാനമായുള്ള ഇറാഖി പ്രതിപക്ഷ ഗ്രൂപ്), അഹമ്മദ് ശലബിയുടെ നേതൃത്വത്തിൽ അമേരിക്കൻ നിയോ-കൺസർവേറ്റിവ് വിഭാഗങ്ങളുമായി ചേർന്ന് സദ്ദാമിനെ അട്ടിമറിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. 2001ൽ ജോർജ് ഡബ്ല്യു. ബുഷ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ നിയോ-കൺസർവേറ്റിവ് വിഭാഗങ്ങൾ അതുവരെ ഇല്ലാത്തത്ര ശക്തി കൈവരിച്ചു. 2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾ വീണുകിട്ടിയ വടിയായി. ഭീകരതക്കെതിരായ യുദ്ധം എന്ന നവ അധിനിവേശ അജണ്ടയുടെ പ്രഖ്യാപനം നടന്നു. അമേരിക്കൻ മണ്ണിൽ അക്രമം നടത്തിയ അൽഖാഇദയെ ഉടനടി വരുതിയിലാക്കുക എന്നതിനപ്പുറം അമേരിക്കൻ താല്പര്യങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര ക്രമം പുനർരൂപകല്പന ചെയ്യുന്നതിനായി ഉപയോഗിക്കാനാണ് ബുഷ് ഭരണകൂടം തയാറെടുത്തത്. ‘കൂട്ട നശീകരണ ആയുധങ്ങൾ’ വികസിപ്പിക്കുന്നു എന്നായിരുന്നു ഇറാഖിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം. ഇറാഖ്, ഇറാൻ, സിറിയ, ഉത്തര കൊറിയ അടക്കമുള്ള രാഷ്ട്രങ്ങളെ തിന്മയുടെ അച്യുതണ്ട് എന്നു വിശേഷിപ്പിച്ചാണ് പുതിയ ലോകക്രമത്തെ നിർമിക്കാൻ ബുഷും കൂട്ടരും ആഖ്യാന യുദ്ധം വികസിപ്പിച്ചത്.
എണ്ണക്കിണറുകൾമാത്രം സംരക്ഷിച്ച അമേരിക്കൻ സൈന്യം ഇറാഖിനെ സാമൂഹികമായും രാഷ്ട്രീയമായും സമ്പൂർണമായ പതനത്തിലേക്ക് നയിച്ചു. ജനകീയ ചെറുത്തുനില്പിന്റെ എല്ലാ അംശങ്ങളും നുള്ളിയെറിഞ്ഞ അധിനിവേശം അബൂ ഗുറൈബ് പോലുള്ള കൊടുംപീഡന കേന്ദ്രങ്ങളിലൂടെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു. ഈ കാലങ്ങളിൽ അമേരിക്കൻ സഖ്യകക്ഷികൾ നിശ്ചയിച്ച പാവ ഭരണകൂടങ്ങൾ ഒന്നൊന്നായി നിലംപൊത്തി. എട്ടു വർഷത്തിന് ശേഷം 2011ൽ അമേരിക്ക ഇറാഖിൽനിന്നു പിൻവാങ്ങുമ്പോൾ ഇറാഖി ജനത ലോകത്തിലെതന്നെ വലിയ ദരിദ്രരാഷ്ട്രമായി മാറിയിരുന്നു.
2014ൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്ര സായുധസംഘത്തിന്റെ ആവിർഭാവത്തോടെ ഇറാഖിലെ സാമൂഹിക-രാഷ്ട്രീയ അധിനിവേശത്തിന്റെ കുഴപ്പം ജനാധിപത്യ സ്വഭാവമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ആഗോള പ്രചാരണം തുടങ്ങി. സായുധ രാഷ്ട്രീയത്തിന്റെ ഉയർച്ചക്ക് കാരണം സുസ്ഥിരമായ ജനകീയ ഭരണനിർവഹണത്തിന്റെ അഭാവമെന്നതിനെക്കാൾ ‘മുസ്ലിം സമൂഹങ്ങളുടെ മതപരമായ കുഴപ്പമാണ്’ എന്ന ഇസ്ലാമോഫോബിക് പ്രചാരണം ലോക വ്യാപകമായി. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സായുധ ഗ്രൂപ്പും ചരിത്രത്തിന്റെ ഭാഗമായി. അധിനിവേശ യുദ്ധം നാമാവശേഷമാക്കിയ ഇറാഖിൽ ജനങ്ങളുടെ ദുരിതവും കണ്ണീരും മാത്രം ബാക്കിയാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.