പാരീസില്‍ നിന്ന് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്

തുവാലു. പേരിലുള്ള വാലു പോലെ തന്നെയാണ് അതിന്‍റെ രൂപവും. പാരാവാരത്തിന്‍റെ  ഏതോ അറ്റത്തു നിന്ന് തുടങ്ങി നേര്‍ത്ത വരമ്പുപോലെ, അല്ളെങ്കില്‍ വളഞ്ഞു പുളഞ്ഞു നീന്തുന്ന പാമ്പിനെ പോലെ ഒരു ദേശം. തെങ്ങുകളാല്‍ സമൃദ്ധമായ ഈ പസഫിക് ദ്വീപിന്‍റെ ഭൂപ്രകൃതിയില്‍ എവിടെയൊക്കെയോ കേരളത്തിന്‍റെ കടലോര ഗ്രാമത്തിന്‍റെ ഛായ കാണാം. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും ഈ സുന്ദരദേശം ലോകത്തിന്‍റെ കണ്ണില്‍ നിന്ന് മറഞ്ഞേക്കാം. നോക്കിനില്‍ക്കെ ഈ കൊച്ചുകരയെ ഇഞ്ചിഞ്ചായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് കടല്‍.

പ്രകൃതിയിലെ പ്രതിഭാസങ്ങളായ ചുഴലിക്കാറ്റും പേമാരിയും ഒന്നും അല്ല  ദ്വീപിന്‍റെ ആയുസ്സറുക്കുന്നത്. മറിച്ച് ഭൂമിയുടെ ഏറുന്ന ചൂടാണ്. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്ര നിരപ്പ് 1.5മീറ്റര്‍ ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തീരദേശ മേഖലകളും താഴ്ന്നു കിടക്കുന്ന ദ്വീപുകളും ആയിരിക്കും ഇതിന്‍റെ ആദ്യത്തെ ഇരകള്‍. ആ കൂട്ടത്തില്‍ ഏറ്റവും ആദ്യം മുങ്ങിമരിക്കുന്നത് തുവാലു ആയിരിക്കും. തങ്ങളുടെ കൈകള്‍ക്ക് പങ്കില്ലാത്ത ഒന്നിന്‍റെ പ്രത്യാഘാതത്താല്‍ സ്വന്തം മണ്ണും ജീവനും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഹതഭാഗ്യരാണ് തുവാലുകള്‍.  200ലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പതിവു കാലാവസ്ഥാ ഉച്ചകോടികളില്‍ തുവാലുവിന്‍റെ നിലവിളികള്‍ക്ക് ഒരിക്കല്‍പോലും ആരും ചെവിയോര്‍ത്തിരുന്നില്ല. തങ്ങളെ എത്രമേല്‍ തഴഞ്ഞിട്ടും അത്രതന്നെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഉച്ചകോടിയിലേക്ക് ഇവര്‍ ഉറ്റുനോക്കുന്നത്. കോപന്‍ഹേഗനിലും ഡര്‍ബണിലും റിയോ ഡി ജനീറോവിലും കാന്‍കൂണിലും അവരുടെ കണ്ണീര് വീണിരുന്നു. ഇപ്പോള്‍ ആ നിലവിളികള്‍ പാരീസിലും ഉയരുന്നു. കാലാവസ്ഥാ വ്യതിയാനം എന്നത് തങ്ങളുടെ ജീവല്‍ പ്രശ്നമാണെന്ന് തുവാലു നിവാസികള്‍ പറയുമ്പോള്‍ അവരുടെ കൂടെ നിഴലായ് മരണമുണ്ട്. സ്വന്തം മണ്ണിനെ രക്ഷിക്കാന്‍ അവസാന ശ്വാസം വരെയും അവര്‍ പൊരുതുകയാണ്.

22 പസഫിക് ദ്വീപ് സമൂഹങ്ങളിലായി ഏഴു മില്യണ്‍ ജനങ്ങളാണ് താമസിക്കുന്നത്. ഇവയെല്ലാം കൂടി ചേര്‍ന്ന് പുറത്തു വിടുന്ന ഹരിത ഗൃഹവാതകങ്ങള്‍ ആവട്ടെ ഒരു ശതമാനം പോലുമില്ല. കേവലം 0.06 ശതമാനം മാത്രം!! പക്ഷെ, അവരാണ് കാലാവസ്ഥാ വ്യതിയാനക്കെടുതികളുടെ ഏറ്റവും വലിയ ഇരകള്‍ എന്നതാണ് ഏറെ ദയനീയം. ഇപ്പോള്‍ തന്നെ ദ്വീപിലെ വേലിയേറ്റം ഓരോ വര്‍ഷവും 5 മില്ലീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. തുവാലുവിലെ തിപുകു സാവിലിവിലി എന്ന ദ്വീപ് ഭാഗം ഇതിനകം തന്നെ വിജനമായിക്കഴിഞ്ഞു.

കടലിന്‍റെ രൂപഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നിട്ടും തുവാലു നിവാസികള്‍ അതിന്‍റെ അപകടങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നില്ല. കാരണം ഇനിയും പ്രളയങ്ങള്‍ ഉണ്ടാവില്ളെന്ന് ദൈവം നോഹക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നതാണ് അവരുടെ ധൈര്യം!! തലസ്ഥാനമായ ഫുനാഫുതിയിലെ പ്രൈമറി സ്കൂളില്‍ ആറാം വയസ്സുമുതല്‍ കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്നുണ്ട്. ഒരുപക്ഷെ, ഇവരായിരിക്കാം തുവാലുവിലെ ഒടുവിലത്തെ തലമുറ. അധിക പേരും ഇവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. 4000 പേര്‍ അയല്‍രാജ്യമായ ന്യൂസിലാന്‍റില്‍ അഭയം തേടി. ഇപ്പോള്‍  ദ്വീപില്‍ അവശേഷിക്കുന്ന പതിനായിരത്തോളം പേരെക്കൂടി പുറംനാടുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളില്‍ ആണ് തുവാലു ഭരണകൂടം.  ഭക്ഷ്യ വസ്തുക്കള്‍പോലും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. അതാവട്ടെ, ഇവര്‍ക്ക് താങ്ങാനാവാത്ത വിലയുള്ളതും. ശുദ്ധജലം റേഷന്‍ നിരക്കില്‍ ന്യൂസിലാന്‍റില്‍ നിന്നും എത്തിക്കുന്നു. കടല്‍നിരപ്പ് ഉയരുന്തോറും അവിടെ പരമ്പരാഗതമായ സസ്യജാലങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. കടും നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് തുവാലുകള്‍ക്ക് കമ്പം. കൈതയോല കൊണ്ട് മെനഞ്ഞുണ്ടാക്കുന്ന പായയില്‍ ബഹുവര്‍ണം പൂശി ഇവര്‍ ഉപയോഗിക്കുന്നു. പായ മെടയല്‍ ഇവരുടെ കുലത്തൊഴില്‍ പോലെയാണ്. ഒരു ദേശം ഇല്ലാതാവുമ്പോള്‍ ഒരു സംസ്കാരവും കൂടിയാണ്  മരിക്കുന്നത്.

 

വെടിവെട്ടങ്ങള്‍ക്കായൊരു ഉച്ചകോടി

കാലാവസ്ഥാ മാറ്റം ലോകത്തിനു മുമ്പില്‍ എണ്ണിയാലാടുങ്ങാത്ത വന്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുമ്പോഴാണ് ഏറെ ലാഘവത്തോടെ ഉല്‍ക്കണ്ഠാലേശമന്യേ വിഷയത്തെ ഓരോ തവണയും ഉച്ചകോടികളുടെ മേശപ്പുറത്ത് വെടിവട്ടങ്ങള്‍ക്ക് വെക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെ മുഖ്യഹേതുവായ ഹരിതഗൃഹ വാതകങ്ങളെ വിസര്‍ജിക്കുന്ന വികസിത രാജ്യങ്ങള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഒഴിഞ്ഞു മാറുമ്പോള്‍ തുവാലുവിന്‍െറയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നവരുടെയും  നിലവിളികള്‍ പ്രതിധ്വനികളില്ലാതെ ശൂന്യതയില്‍ ലയിക്കുന്നു. ഡര്‍ബണ്‍ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് തുവാലുവിന്‍െറ അന്നത്തെ മന്ത്രി അപിസൈ എലിമിയ നടത്തിയ പ്രഭാഷണം സദസ്സിനെ പിടിച്ചിരുത്തിയെങ്കിലും പ്രശ്നത്തിന്‍െറ അടിയന്തരപരിഹാരം മുന്‍നിര്‍ത്തിയുള്ള അനുഭാവപൂര്‍ണമായ ഒരു നീക്കവും ഉണ്ടായില്ല. ‘കാലാവസ്ഥാ മാറ്റം' എന്ന വിഷയം പരമപ്രധാനമായും അടിയന്തരമായും അഭിമുഖീകരിക്കേണ്ട ഒന്നാണ്. നാളേക്കോ 2015ലേക്കോ മാറ്റിവെക്കേണ്ട ഒന്നല്ല. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ സമയമില്ല. തിരിച്ചുപിടിക്കാനാവാത്തവിധം ഓരോ ഇഞ്ചും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്' എലിമിയയുടെ നിസ്സഹായമായ ഈ വിലാപത്തിന് ഒരു വിലയും കല്‍പിച്ചില്ളെന്നറിയാന്‍ 2015 വരെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന ‘കരഭാഗങ്ങളുടെ അപ്രത്യക്ഷമാവല്‍' എന്ന വന്‍ വിപത്തിനെക്കുറിച്ച് ലോകത്തിന്‍െറ ശ്രദ്ധ ക്ഷണിക്കാണ്‍ ഡര്‍ബണ്‍ ഉച്ചകോടിയില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. പസഫിക്കില്‍ തുവാലുവിനൊപ്പം മുങ്ങിക്കൊണ്ടിരിക്കുന്ന ചെറുദ്വീപായ കിരീബാത്തിയെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹം അവിടെ സംസാരിച്ചത്.

കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാന്‍ 1992ല്‍ റിയോവില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ഒരു ഉടമ്പടി അംഗീകരിച്ചിരുന്നു. ‘യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ കൈ്ളമറ്റ് ചെയ്ഞ്ച്' എന്ന് പേരിട്ട ഉടമ്പടിയില്‍ അംഗരാജ്യങ്ങള്‍ ഒപ്പുവെക്കുകയുണ്ടായി. വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഹരിത ഗൃഹവാതകങ്ങളുടെ അളവ് 1995 ആകുമ്പോഴേക്ക് കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ഈ ഉടമ്പടിയുടെ കാതല്‍. എന്നാല്‍, അംഗരാജ്യങ്ങളൊന്നും ആ വാക്കു പാലിച്ചില്ല. പിന്നെ ആ വര്‍ഷം മുതല്‍ ഇതിന്‍െറ പേരില്‍ കോണ്‍ഫറന്‍സുകള്‍ നടത്തലായി. 1992ല്‍ റിയോവില്‍ വെച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന സീനിയര്‍ ബുഷ് ഉടമ്പടിയില്‍ ഒപ്പിടില്ല എന്ന് പ്രഖ്യാപിച്ചു. ഭൗമതാപനത്തില്‍ വിശ്വാസമില്ളെന്നും മറ്റ് രാജ്യങ്ങളുടെ ഉപദേശം കേട്ട് ഉടമ്പടി അംഗീകരിച്ചാല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്പത്തിക നില തകരുമെന്നും അദ്ദേഹം പറഞ്ഞു. ഇതേനിലപാടു തന്നെയാണ് പിന്നീടു വന്ന മകന്‍ ബുഷും തുടര്‍ന്നത്.

കാലാവസ്ഥാ ഉച്ചകോടിയെ പരിഹസിക്കുന്ന ഒരു ചിത്രം
 

കാര്യമായെന്തെങ്കിലും നടന്നത് 1997ല്‍ ഡിസംബര്‍ 11ാം തിയ്യതി ജപ്പാനിലെ ക്യോട്ടോവില്‍ വെച്ചു നടന്ന ഉച്ചകോടിയിലാണ്. അമേരിക്കയൊഴികെ മറ്റു രാജ്യങ്ങള്‍ അംഗീകരിച്ച ആ തീരുമാനത്തെയാണ് ‘ക്യോട്ടോ പ്രോട്ടോക്കോള്‍’ എന്നു പറയുന്നത്. ഇതനുസരിച്ച് അമേരിക്കയുള്‍പ്പടെയുള്ള 21രാജ്യങ്ങള്‍ 2020തോടെ കാര്‍ണ്‍ ബഹിര്‍ഗമനം 5.2ശതമാനം കണ്ട് കുറക്കുകയും ഭൂമിയുടെ താപനില വര്‍ധന 0.2 ഡിഗ്രിയില്‍ പരിമിതപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, അമേരിക്ക അംഗീകരിച്ചില്ല. അമേരിക്കയോട് ചേര്‍ന്നുനിന്നിരുന്ന ജപ്പാന്‍ അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. അപ്പോഴേക്കും സീനിയര്‍ ബുഷിന്‍െറ മകന്‍ ബുഷ് പ്രസിഡണ്ടായി വന്നിരുന്നു. ബുഷിനെ സ്വാധീനിക്കാന്‍ മറ്റു രാഷ്ര്ടങ്ങളും ശ്രമിച്ചെങ്കിലും നടന്നില്ല. ‘ക്യോട്ടോ ഉടമ്പടി അമേരിക്കക്ക് ചേര്‍ന്നതല്ല. അത് ഇതര രാഷ്ട്രങ്ങള്‍ക്കും അനുയോജ്യമല്ല' എന്നു പറഞ്ഞ് ബുഷ് തടിയൂരി. 2002ല്‍ ജോഹന്നസ്ബര്‍ഗില്‍ വെച്ചു നടന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ ഉടമ്പടിയെ ബുഷ് പുഛിച്ചു തള്ളി. റഷ്യയും ചൈനയും കാനഡയും ക്യോട്ടോ പ്രോട്ടോക്കോളിനെ അംഗീകരിച്ചിട്ടും അമേരിക്ക തയ്യാറായില്ല. അമേരിക്ക അവിടെ ഒറ്റപ്പെട്ടു. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ തന്‍െറ രാജ്യം ലോക പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കുന്ന മഹനീയ പങ്കിനെ കുറിച്ച് പ്രസംഗിക്കവെ കേള്‍വിക്കാര്‍ കൂവിയത്രേ!!

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് മുഖ്യകാരണമാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ 36 ശതമാനവും അമേരിക്കയുടെ സ്വന്തം സംഭാവനയാണ്. ഇതു കൂടാതെ മീഥേന്‍, ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍ എന്നീ വാതകങ്ങളും യൂറോപ്യന്‍ ആഡംര ജീവിതത്തിന്‍െറ വിസര്‍ജ്യങ്ങളായി അന്തരീക്ഷത്തില്‍ തുള വീഴ്ത്തുന്നു. വികസിത രാജ്യങ്ങള്‍1930 മുതല്‍ തന്നെ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ വന്‍തോതില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വാതകങ്ങളുടെ നാലിലൊന്നുപോലും നിലനില്‍പിനുവേണ്ടി പൊരുതുന്ന രാജ്യങ്ങള്‍ ഉല്‍പാദിപിക്കുന്നില്ല.

സ്കോട്ട്ലാന്‍റില്‍ ഉച്ചകോടി നടക്കുമ്പോള്‍ പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഒരു മിനുട്ട് മൗനമാചരിച്ചു. പട്ടിണി കൊണ്ട് മരിച്ചുവീഴുന്നവര്‍ക്കായി അവര്‍ ആമൗനം സമര്‍പിച്ചു. "ഞങ്ങള്‍ മൗനം പൂണ്ട ആ ഒരു മിനുട്ടില്‍ ആഫ്രിക്കയില്‍ കുറഞ്ഞത് 20 കുട്ടികള്‍ മരിച്ചിട്ടുണ്ടാവു"മെന്ന് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയായ കാതറീന്‍ ബര്‍ഗസ് പറഞ്ഞതായി അന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. അതിനുശേഷം നടന്ന കാന്‍കൂണ്‍ ഉച്ചകോടിയിലും അമേരിക്കയുടെ വാദം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അതുവരെ പ്രോട്ടോകോളിനെ അംഗീകരിച്ച ഇന്ത്യയും പ്രഖ്യാപിത നിലപാടില്‍നിന്ന് മാറി അമേരിക്കൊപ്പം കൂടി. ഇന്ത്യയുടെ പിടിവാശി ഡര്‍ബനില്‍ പുതിയ കരാര്‍ രൂപവത്കരിക്കുന്നതിന് തടസ്സമായെന്ന് ഉച്ചകോടിയുടെ അവസാനം യൂറോപ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. എന്നാല്‍, നേരത്തെ തന്നെ അമേരിക്കയും കാനഡയും എതിര്‍ത്തതാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടായിരുന്നു ഈ കുറ്റപ്പെടുത്തല്‍. പിന്നീട്  ചൈനയും യു.എസിനൊപ്പം ചേരുന്നതാണ് കണ്ടത്. കാരണം ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍പങ്കാണ് ചൈനക്കുള്ളത്.


ക്യോട്ടോയുടെ കാലാവധി നീട്ടുക,ആഗോള താപനത്തിന്‍െറ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങള്‍ക്ക് ഹരിതഫണ്ട് രൂപവത്കരിക്കുക എന്നീ ധാരണകളല്ലാതെ കൃത്യമായ ഒരു പ്രതീക്ഷയും ഡര്‍ബനും നല്‍കിയില്ല. പുതിയ കാര്‍ബണ്‍ നിയന്ത്രിത കരാര്‍ വൈകിപ്പിക്കാനുള്ള യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം അവിടെ വിജയിച്ചു.  2020ഓടെ ക്യോട്ടോ പ്രോട്ടോകോളിന്‍റെ കാലാവധിയും അവസാനിക്കുകയാണ്.
വികസിത രാജ്യങ്ങള്‍ക്കൊപ്പം പാരിസില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നൂറോളം രാഷ്ട്രത്തലവന്‍മാരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.  പാരിസ്തിഥിക സന്തുലനവും സാമൂഹ്യ നീതിയും ഉറപ്പു വരുത്തിക്കൊണ്ട് ഈ വിഷയത്തെ സമീപിക്കാന്‍ കഴിയുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.

പച്ചപ്പ് മായുന്നു, ചൂടേറുന്നു
ഭൂമിയുടെ ചൂട് അനുദിനം എന്ന വണ്ണം ഏറിക്കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ അന്തരീക്ഷ താപമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. എവറസ്റ്റ് കൊടുമുടിയില്‍ അതിവേഗം മഞ്ഞുരുകുന്നതായി പുതിയ പഠനങ്ങള്‍ വിളിച്ചു പറയുന്നു. 2002ല്‍ ഒരു ചൈനീസ് പര്യവേക്ഷണസംഘം എവറസ്റ്റില്‍ 5600 മീറ്റര്‍ ഉയരത്തില്‍ കണ്ടത്തെിയ ഒരു മഞ്ഞു ശിഖരം 2005ലെ പര്യവേക്ഷണ വേളയില്‍ കാണാനായില്ല. ഭൂമിയുടെ ഊര്‍ജ സന്തുലനം തെറ്റുന്നതായി അമേരിക്കന്‍ ഗവേഷകസംഘം കണ്ടത്തെി. ഇത്രയും അസന്തുലിതാവസ്ഥ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ളെന്ന് സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലം തെറ്റിയ മഴയും പ്രളയവും വരള്‍ച്ചയും ഉരുള്‍പൊട്ടലും ഭൂകമ്പങ്ങളും ഭൂമിയെ പിടിച്ചുലക്കുന്നു. വനനശീകരണത്തിന്‍െറ ഗുരുതര പ്രത്യാഘാതങ്ങളിലൊന്നാണ് അധികരിക്കുന്ന ചൂട്. 1980-90 കാലഘട്ടങ്ങളില്‍ 154 ദശലക്ഷം ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതായി. 2000 മുതല്‍ മൂന്നു വര്‍ഷം കൊണ്ടുള്ള ചുരുങ്ങിയ കാലയളവില്‍ 26000 ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി! ഇപ്പോള്‍ ഓരോ വര്‍ഷവും 170 ദശലക്ഷത്തിലധികം ഹെക്ടര്‍ ഉഷ്ണ മേഖലാ വനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കടുപ്പമുള്ള മരങ്ങള്‍ക്കു വേണ്ടി മധ്യരേഖാ വനങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നശിപ്പിച്ചിരിക്കുന്നു.

മറ്റു വികസ്വര രാഷ്ട്രങ്ങള്‍ എല്ലാം കൂടി ഒരു വര്‍ഷം 20 ദശലക്ഷം ടണ്‍ മരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാശ്ചാത്യര്‍ ഏകദേശം160 ദശലക്ഷം ടണ്‍ മരം ഉപയോഗിക്കുന്നു. ഒരു പാശ്ചാത്യ പൗരന്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 300 കിലോഗ്രാം പേപ്പര്‍ ഉപയോഗിക്കുന്നു. ദരിദ്രരാജ്യങ്ങളിലാവട്ടെ അത് അഞ്ചു കിലോഗ്രാം മാത്രമാണ്. 1880ലാണ് ആഗോള ഊഷ്മാവ് രേഖടെുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ രേഖടെുത്തിയ താപനിലയുടെ വിശകലനം കാണിക്കുന്നത് താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ്. ഈ നില ഇങ്ങനെ തുടര്‍ന്നാല്‍ ചുരുങ്ങിയ പതിറ്റാണ്ടുകള്‍കൊണ്ട് ചൂട് നാലര ഡിഗ്രി കൂടുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം പത്തിലൊന്നു മനുഷ്യരേ ഭൂമുഖത്ത് ബാക്കിയുണ്ടാവൂ.  

ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ട് ക്യോട്ടോ കരാര്‍ രൂപപ്പെടുത്തിയത്. എന്നാല്‍, ഇത്രയായിട്ടും അതിന്‍റെ ലക്ഷ്യത്തിന്‍െറ ഏഴയലത്തുപോലും എത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പാരീസില്‍ നിന്നും അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇനിയൊരുപക്ഷേ, ത്വരിത പരിഹാരം കണ്ടത്തെുന്നതിനുള്ള ഏതെങ്കിലുമൊരു ഉച്ചകോടി മാമാങ്കത്തില്‍ "രക്ഷിക്കണേ' എന്ന് നിലവിളിക്കാന്‍ തുവാലുവും കിരീബാത്തിയും മാലദ്വീപും ഒന്നും ഉണ്ടായെന്നു വരില്ല. കാരണം അവരുടെ നിലവിളികള്‍ ആഴക്കടലിന്‍െറ അഗാധതയില്‍ ഒടുങ്ങിയിട്ടുണ്ടാവാം.


വാല്‍ക്കഷ്ണം: എവിടെയോ ഒരു ഉച്ചകോടി നടക്കുമ്പോള്‍ അതിലെന്താണ് നമുക്ക് കാര്യം എന്നതാണ് പൊതുവെ നമ്മുടെ ചോദ്യം. എന്നാല്‍, പാരിസില്‍ ഉച്ചകോടി ആരംഭിക്കുന്നതിന്‍റെ ദിവസങ്ങള്‍ക്കു മുമ്പ് തൃശൂരിലെ അതിരപ്പള്ളിയില്‍ ആയിരത്തിലേറെ പേര്‍ നടത്തിയ കൈ്ളമറ്റ് മാര്‍ച്ച് ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. മഴക്കാടുകളുടെ സംരക്ഷണത്തിന് ഉച്ചകോടിയില്‍ അടിയന്തിര ഇടപെടലുകള്‍ ആവശ്യപ്പെട്ടായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും അണിനിരന്ന മാര്‍ച്ച്. ഇന്ന് തുവാലുവാണെങ്കില്‍ നാളെ നമ്മളാണെന്നാണ് അവര്‍ കേരളത്തോട് പറയാതെ പറഞ്ഞത്. കടലിനോട് ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ തീരദേശങ്ങളുടെ പ്രത്യേകിച്ച് കേരളത്തിന്‍റെ പാരിസ്ഥിതിക ഭാവി അതീവ ഗുരുതരാവസ്ഥയില്‍ ആണ്. നമ്മുടെ ഭൂപ്രകൃതിയില്‍ ഉണ്ടാവുന്ന ഏതൊരു മാറ്റവും ഇനിയും ലാഘവത്തോടെ കാണാനാവില്ല. പേമാരിയായും പ്രളയമായും നമ്മുടെ അയല്‍പക്കങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഈ ദുരന്തത്തിന്‍റെ മുന്നറിയിപ്പല്ലാതെ മറ്റെന്താണ്?

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.