പരാജയപ്പെട്ടത് നീതിയോ പ്രോസിക്യൂഷനോ...

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് സല്‍മാന്‍ ഖാന്‍ കുറ്റകൃത്യത്തിന്‍െറ പഴുതിലൂടെ പുറത്തിറങ്ങുന്നത്. രാജ്യം ഉറ്റുനോക്കിയ കേസില്‍ ആര് ജയിച്ചു എന്നതിനേക്കാള്‍ പരാജയപ്പെട്ടത് ആര് എന്നതാണ് പ്രസക്തം. പ്രേ ാസിക്യൂഷനും ബോളിവുഡ് രാജാവും തമ്മിലെ നിയമ പോരാട്ടതില്‍ തകര്‍ന്നത് നീതിയും നീതിന്യായ വ്യവസ്ഥയിലെ ജനങ്ങളുടെ വിശ്വാസവുമാണ്.
ഈ കേസില്‍ നീതിപുലരാന്‍  പ്രോസിക്യൂഷന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നോ എന്നതു തന്നെ സംശയം. ഉണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് സല്‍മാന്‍െറ ബന്ധുവും ഗായകനുമായ കമാല്‍ ഖാനെ കേസില്‍ സാക്ഷിയാക്കുകയായിരുന്നു. സല്‍മാനും അദ്ദേഹത്തിന്‍െറ അംഗരക്ഷകനായി മുംബൈ പൊലീസ് നിയോഗിച്ച കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടിലിനും പുറമെ അപകട സമയത്ത് കാറിലുണ്ടായിരുന്ന വ്യക്തി കമാല്‍ ഖാനായിരുന്നു.

2002 സെപ്റ്റമ്പര്‍ 27 ന് രാത്രി സല്‍മാന്‍െറ വീട്ടില്‍ നിന്നിറങ്ങി അദ്ദേഹത്തിന്‍െറ വെള്ള ലാന്‍റ് ക്രൂയിസറില്‍ ആദ്യം ജുഹുവിലെ ഹോട്ടല്‍ റെയിന്‍ലെക്കും പിന്നീട് ജെഡബ്ള്യൂ മാരിയട്ട് ഹോട്ടലിലേക്കും പോയതും തിരിച്ചു വീട്ടിലേക്ക് മടങ്ങും വഴി അപകടമുണ്ടായതും ഒക്കെ വിശദാമയി കമാല്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സല്‍മാന്‍ തന്നെയാണ് കാറോടിച്ചതെന്നാണ് രവീന്ദ്ര പാട്ടിലിനെ പോലെ കമാല്‍ ഖാനും മൊഴി നല്‍കിയത്. എന്നാല്‍, കേസില്‍ സഹായിക്കാന്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് എഴുതി നല്‍കി ബ്രിട്ടണിലേക്ക് മടങ്ങിയ കമാല്‍ ഖാന്‍ പിന്നെ വന്നില്ല. സാക്ഷിയെ കൊണ്ടുവരാന്‍ നിയമപരമായി വഴികള്‍ ഏറെയുണ്ടായിട്ടും പൊലീസ് അതിനു നില്‍കാതെ പ്രോസിക്യൂഷന്‍െറ സാക്ഷിപ്പിട്ടികയിലെ 64 പേരില്‍ 47 ാമനായ കമാല്‍ ഖാന്‍െറ പേര് നീക്കം ചെയ്യുകയാണുണ്ടായത്.

ബോംബെ ഹൈക്കോടതി വിധി തിരിച്ചടിയായത് പ്രോസിക്യൂഷനല്ല. കേസ് വിസ്മൃതിയിലാണ്ടു പോകാതിരിക്കാനും നീതി നടപ്പായികാണാനും വിയര്‍പ്പൊഴുക്കിയ അഭ സിങും സന്തൊഷ് ഖാമൂദ്കറുമാണ്. അവരുടെ കോടതി ഇടപെടലുകളാണ് കേസിലെ അട്ടിമറി ശ്രമങ്ങള്‍ തകര്‍ത്ത് ഹൈക്കോടതി വരെ എത്തിച്ചത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടായി ഒരാള്‍ മരിച്ച കേസില്‍ മ:നപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് സല്‍മാന്‍ ഖാനെ സെഷന്‍സ് കോടതി അഞ്ചു വര്‍ഷം ശിക്ഷിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടത്. സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങും മുമ്പ് ക്ഷയരോഗത്തെ തുടര്‍ന്നു മരിച്ച രവീന്ദ്ര പാട്ടീലിന്‍െറ മൊഴി കോടതി അംഗീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ പ്രതീക്ഷിച്ചിരുന്നില്ല. രവീന്ദ്ര പാട്ടീലിന്‍െറ മൊഴി തന്നെയായിരുന്നു സെഷന്‍സ് കോടതി വിധിയുടെ കാതല്‍. ഹൈക്കോടതിയില്‍ രവീന്ദ്ര പാട്ടീലിന്‍െറ മൊഴി വിശ്വാസ യോഗ്യമല്ലാതായതോടെ കേസ് തകരുന്നതാണ് കണ്ടത്. കമാല്‍ ഖാന്‍ സാക്ഷിയാവുകയും പൊലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് രണ്ട് വര്‍ഷമോ അതില്‍ താഴെയൊ തടവു ശിക്ഷയെങ്കിലും വിധിക്കുമായിരുന്നു.

വാഹനം ഓടിച്ചത് സല്‍മാനാണെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍. സല്‍മാന്‍ അമിതമായി മദ്യപിച്ചിരുന്നു. സല്‍മാന്‍ വണ്ടിയോടിച്ചതിന് സാക്ഷികള്‍ രവീന്ദ്ര പാട്ടീലും കമാല്‍ ഖാനുമാണ്. അപകട ശേഷം ഡ്രൈവറുടെ സീറ്റില്‍ നിന്ന് സല്‍മാന്‍ ഇറങ്ങുന്നതാണ് മറ്റുള്ള സാക്ഷികള്‍ കണ്ടത്. സല്‍മാന്‍ വാഹനമോടിച്ചത് അവര്‍ കണ്ടിട്ടില്ല. ഇടതു ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡ്രൈവറുടെ വാതിലിലൂടെ ഇറങ്ങുകയായിരുന്നുവെന്നാണ് പ്രതി ഭാഗം നിരത്തിയ വാദം. സല്‍മാന്‍ വാഹനമോടിച്ചെന്നു കണ്ടത്തെിയ പൊലീസിന്‍െറ ഉത്തരവാദിത്വമാണ് കോടതിയില്‍ അത് സംശയാതീതമായി തെളിയിക്കുക എന്നത്. സംശയത്തിന് ഇടനല്‍കിയാല്‍ അത് പ്രതിക്ക് അനുകൂലമാകും. രവീന്ദ്ര പാട്ടീലിന്‍െറ മൊഴി തള്ളിയതോടെ സല്‍മാന്‍ ഖാനാണ് വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ സംശയത്തിന് ഇടവന്നു. സല്‍മാനല്ല വാഹനമോടിച്ചതെങ്കില്‍ പിന്നെ അദ്ദേഹം മദ്യപിച്ചിരുന്നൊ എന്നതില്‍ കാര്യമില്ല.

സല്‍മാനല്ളെങ്കില്‍ പിന്നെ ആരാണ് വാഹനമോടിച്ചതെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട നൂറുല്ലാ ഖാന്‍െറ മകന്‍ ഫിറോസ് ശൈഖ് ചോദിക്കുന്നു. ഗാലറിയിലെ കാഴ്ച്ചക്കാരായ ജനവും അതെ ചോദ്യമുന്നയിക്കുന്നു. അതിന് ആരാണ് മറുപടി നല്‍കുക. അത് കണ്ടെത്തേണ്ടത് കോടതിയല്ല. പൊലീസാണ്. അല്ളെങ്കില്‍ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരോ ഇരകളൊ സുപ്രീം കോടതിയില്‍ അപ്പീലിന് പോകണം. ഇരകള്‍ക്ക് അതിനുള്ള പ്രാപ്തിയില്ല. സല്‍മാനെ ശിക്ഷിച്ചിട്ട് എന്തുകിട്ടാനെന്ന ചോദ്യമാണ് നിസ്സഹായരായ അവര്‍ക്ക്. അവര്‍ക്ക് വേണ്ടത് ജീവിത മാര്‍ഗ്ഗമാണ്. ഹൈക്കോടതി വിധിപകര്‍പ്പ് കിട്ടിയ ശേഷം അപ്പീലിന് പോകേണ്ടതുണ്ടൊ എന്ന് പരിശോധിക്കുമെന്നാണ് മഹാരാഷ്ട്ര റവന്യൂ വകുപ്പ് മന്ത്രി ഏക്നാഥ് കഡ്സെ പറഞ്ഞത്. എന്നുവെച്ചാല്‍, ആ കേസില്‍ ഏതാണ്ട് തീരുമാനമായി.

സല്‍മാന്‍ പ്രതി കൂട്ടിലായ വാഹനാപകട കേസ് 13 വര്‍ഷമാണ് നീണ്ടു പോയത്. ഇടക്കു പൊലീസ് ഡയറിയും കേസ് രേഖകളും കാണാതാവുന്ന നാടകം. മുഖ്യ സാക്ഷിയായ രവീന്ദ്ര പാട്ടീലിനുമേല്‍ മൊഴി മാറ്റത്തിന് സമ്മര്‍ദ്ദം. രണ്ട് തവണ ആളെ കാണാതാവുന്നു. പിന്നീട് കണ്ടത്തെിയ പാട്ടീലിന് ജോലി പോകുന്നു, ജയിലിലടക്കുന്നു. ജയിലില്‍ നിന്നിറങ്ങിയ രവീന്ദ്ര പാട്ടീലിനെ പിന്നെ കാണുന്നത് 2007 ല്‍ ശിവ്രി റെയില്‍വെ സ്റ്റേഷനു പുറത്തിരിക്കുന്ന ഭിക്ഷക്കാര്‍ക്കൊപ്പമാണ്. ക്ഷയം ബാധിച്ച് എല്ലും തോലുമായ മനുഷ്യകോലമായിരുന്നു അപ്പോള്‍. ആ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മരിക്കുകയും ചെയ്തു. 2002 ഒക്ടോബര്‍ ഒന്നിനാണ് രവീന്ദ്ര പാട്ടീല്‍ ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കുന്നത്. സല്‍മാന്‍ മദ്യപിച്ചിരുന്നുവെന്നും 90-100 എന്ന വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും വേഗത കുറക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ളെന്നുമാണ് പാട്ടീലിന്‍െറ മൊഴി. വേഗത കുറക്കാതെ വലത്തോട് ഒടിച്ചപ്പോഴാണ് വാഹനം നിയന്ത്രണം വിട്ട് ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറിയതെന്നും പാട്ടീല്‍ മൊഴിനല്‍കി. അന്ന് അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നായിരുന്നു സല്‍മാനെതിരെയുള്ള കേസ്. 2003 ല്‍ സല്‍മാനെതിരെ മ:നപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഉത്തരവിനെതിരെ സല്‍മാന്‍ മേല്‍ക്കോടതികളെ സമീപിച്ചതോടെ കേസ് നീണ്ടു. നരഹത്യാ കുറ്റം ചുമത്തി കേസ് തുടങ്ങാന്‍ പിന്നെ പത്തു വര്‍ഷമെടുത്തു. 2013 ജൂണ്‍ 24 നാണ് മജിസ്ട്രേറ്റ് സല്‍മാനെതിരെ മ:നപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയത്.  കേസ് സെഷനസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. 2014 ഏപ്രിലിലാണ് സെഷന്‍സ് കോടതിയില്‍ നടപടികള്‍ തുടങ്ങുന്നത്. അപ്പോഴേക്കും രവീന്ദ്ര പാട്ടീല്‍ മണ്ണടിഞ്ഞിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിരുന്നു.

പുതിയ കുറ്റം ചുമത്തി വിചാരണ തുടങ്ങുമ്പോള്‍ വിസ്താരത്തിന് മുഖ്യ സാക്ഷിയില്ലാ എന്നതായിരുന്നു പ്രതിഭാഗത്തിന്‍െറ ആശ്വാസം. രവീന്ദ്ര പാട്ടീലിന്‍െറ മൊഴി സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോഴും അവര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു എന്നാണ് സൂചന. എന്നാല്‍, വിസ്തരിക്കാന്‍ ആളില്ലാഞ്ഞിട്ടും മജിസ്ട്രേറ്റിനു മുമ്പില്‍ രവീന്ദ്ര പാട്ടീല്‍ നല്‍കിയ മൊഴി സെഷന്‍സ് കോടതി സ്വീകരിച്ചു. അതോടെ, സല്‍മാനെതിരെയുള്ള കേസ് ഡയറിയും രേഖകളും ബാന്ദ്ര പൊലീസിന്‍െറ ഷെല്‍ഫില്‍ നിന്ന് കാണാതാവുന്നതാണ് പിന്നെ കണ്ടത്. കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് പൊലീസ് കമീഷണര്‍ ഫയലുകള്‍ കാണാതായത് എങ്ങിനെയെന്ന അന്വേഷണത്തിന് ഉത്തരവിട്ടു. അതോടെ, കാണാതയവ കണ്ടത്തെി.

രവീന്ദ്ര പാട്ടീൽ
 

സെഷന്‍സ് കോടതിയുടെ കണ്ണില്‍ നിയമത്തിന്‍െറ സാങ്കേതിക വശങ്ങള്‍ മാത്രമല്ല; മാനുഷ്യത്വപരമായ ഇടപെടലുമുണ്ടായി എന്നാണ് പറയപ്പെടുന്നു. ഹൈക്കോടതി സൂക്ഷ്മമായി നോക്കിയത് നിയമത്തിന്‍െറ സാങ്കേതിക വശങ്ങളെയാണ്. കേസ് അന്വേഷണത്തിന്‍െറ തുടക്കം തൊട്ടെ ഹൈക്കോടതി സാങ്കേതിക പിഴവുകള്‍ കണ്ടു തുടങ്ങി. രക്ത പരിശോധനയിലെ പിഴവ്, ബാറിലെ ബില്ല്, മൊഴികളിലെ അപൂര്‍ണ്ണത എല്ലാം പിഴവുകളായി മുഴച്ചു നില്‍ക്കുന്നു. രാസ പരിശോധന വൈകിപ്പിച്ചതും ചട്ടങ്ങള്‍ പാലിക്കാത്തതും ഒന്ന്. സല്‍മാന് മദ്യം വിളമ്പിയ ബാറിലെ ജീവനക്കാരന്‍ നടന്‍ മദ്യപിക്കുന്നത് കണ്ടിട്ടില്ല. ബാറിലെ തിരക്കു മൂലം ബാര്‍ കൗണ്ടറില്‍ നിന്ന് ‘സ്നാക്ക്സ് കഴിച്ച’ സല്‍മാനും സഹോദരന്മാര്‍ക്കും കൂട്ടുകാര്‍ക്കും ബില്ല് നലകിയത് അവര്‍ ഇരിക്കാത്ത ടേബിളിലെ നമ്പറില്‍. ഇതൊന്നും സെഷന്‍സ് കോടതി സൂക്ഷ്മമായി പരിശാധിച്ചിട്ടില്ളെന്നാണ് ഹൈക്കോടതിയുടെ വിലയിരുന്നത്തല്‍. പൊതുജന വികാരവും മാധ്യമ വിചാരണയും അനുസരിച്ചല്ല വിധി പറയേണ്ടതെന്നും ഹൈക്കോടതി പറയുന്നു. കേസ് എപ്പോഴും സംശയാതീതമായി തെളിയണം. സംശയത്തിന്‍െറ ആനുകൂല്യം എന്നും പ്രതിക്കാണ് ഗുണം ചെയ്യുക. അതാണ് ഹൈക്കോടതി വിധി നല്‍കുന്ന പാഠം.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.