ആരാണെന്നറിയുമോ നമ്മള്‍ അപമാനിച്ചിറക്കിവിട്ട ദയാബായ്...?

സത്യത്തില്‍ ദയാബായിയെ നമ്മളില്‍ എത്രപേര്‍ക്കറിയാം? കോട്ടയത്തെ പാലായില്‍ ജനിച്ച് കന്യാസ്ത്രീയായി, പിന്നീട് ഇന്ത്യ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക എന്നതിലേക്ക് അവര്‍ നടന്ന വഴികള്‍ ബസില്‍ നിന്നും ചീത്ത വിളിച്ച് പെരുവഴിയില്‍  ഇറക്കിവിട്ടവര്‍ പോട്ടെ, ബാക്കിയുള്ള എത്ര മലയാളികള്‍ക്ക് അറിയാം? ഇന്ത്യ മുഴുവന്‍ കണ്ട ദയാബായിക്ക് അവരുടെ ജന്മനാട്ടില്‍ നിന്നുണ്ടായ കയ്പേറിയ അനുഭവം മലയാളികളായ നമ്മെ ഒന്നടങ്കം ലജ്ജിപ്പിക്കേണ്ടതാണ്.

ആരും അറിയാത്ത ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍, ആദിവാസികള്‍ അടക്കമുള്ള തിരസ്കൃതരായ മനുഷ്യര്‍ക്കു വേണ്ടി ഭരണകൂടത്തോടും അഴിമതിക്കാരോടും കൊള്ളക്കാരോടും പതിറ്റാണ്ടുകളായി ഒറ്റയാള്‍പോരാട്ടം നടത്തിവരുന്ന ധീരയായ ആ സ്ത്രീ കഴിഞ്ഞ ദിവസം കേരളത്തിലെ ചാലനുകള്‍ക്കു മുന്നില്‍ വിതുമ്പലിന്‍റെ വക്കോളമത്തെി സംസാരിച്ചപ്പോള്‍ തല കുനിഞ്ഞുപോയി.

മേഴ്സി എന്ന അവരുടെ യഥാര്‍ഥ പേരിലും അതിന്‍റെ മൊഴി മാറ്റമായ ദയാബായിയിലും ഒരുപോലെ അലിഞ്ഞിരിക്കുന്ന ഒന്നു തന്നെയാണ് അവരുടെ ജീവിതവും വഴികളും. ആ കണ്ണുകള്‍ തന്നെയും ദയാവായ്പിന്‍റെയും സ്നേഹത്തിന്‍റെയും ഒരു കടല്‍പോലെ തോന്നിപ്പിക്കും.  എത്രമേല്‍ ലളിതമായും മനോഹരമായും ആണ് അവര്‍ സംസാരിക്കുന്നതെന്ന് കേട്ടിട്ടുണ്ടോ?

ഒരിക്കല്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നതിന് ദയാബായി കോഴിക്കോട് വന്നിരുന്നു. ഒരു അഭിമുഖത്തിനായി വിളിച്ചുനോക്കിയപ്പോള്‍ യാത്രയുടെ ക്ഷീണത്തിലാണെങ്കിലും ചെന്നുകൊള്ളാന്‍ ഒട്ടും മുഷിപ്പില്ലാതെ അവര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ അവരെ താമസിപ്പിച്ചത് ഒരു ഫ്ളാറ്റില്‍ ആയിരുന്നു. ചെന്നപ്പോള്‍ കാണുന്നത് ഹാളില്‍ താഴെ വെറും പുല്‍പായയില്‍ കിടക്കുന്ന ദയാബായിയെയാണ്. എ.സിയുള്ള റൂമില്‍ നല്ല ബെഡും സോഫയുമൊക്കെയുണ്ട്. പക്ഷെ, അവര്‍ അങ്ങോട്ടൊന്നും പോയതേ ഇല്ല. ചോദിച്ചപ്പോള്‍ പറഞ്ഞു. ‘കുട്ടീ എനിക്കങ്ങനെത്തേതിലൊന്നും കിടന്നാല്‍ ശരിയാവില്ല. കോണ്‍ക്രീറ്റ് വീട്ടിലൊക്കെ തങ്ങുന്നത് തന്നെ വല്ലാത്ത അസ്വസ്ഥതയാണ്.’ -എനിക്കല്‍ഭുതം തോന്നി. ഒപ്പം അവര്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് തിരിച്ചറിയാതെ ആ കോണ്‍ക്രീറ്റ് കൂട്ടില്‍ അടച്ച സംഘാടകരോട് നീരസവും. അതാണ് ദയാബായി!! കാടിന്‍റെ  തണുപ്പും തണലും വിട്ടൊരു സുഖം അവര്‍ ആഗ്രഹിക്കുന്നില്ല. അതെത്ര ദുര്‍ഘടമാണെങ്കിലും. എന്നിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് പാഞ്ഞടുക്കാത്തതിനാല്‍ തന്നെ അവരുടെ മുഖം സ്വന്തം നാട്ടില്‍ പോലും തിരിച്ചറിയപ്പെട്ടില്ല.
 


ആരും തിരിഞ്ഞുനോക്കാനില്ലാത്ത ആദിവാസികള്‍ക്കൊപ്പം ഛത്തിസ്ഗഢിലും മാവോയിസ്റ്റുകളുടെയും പൊലീസിന്‍റെയും സ്ഥിര സാന്നിധ്യമുളള ബസ്തറിലെ ഗ്രാമങ്ങളിലും കാടുകളിലും ഒക്കെയായാണ് ദയാബായിയുടെ ജീവിതം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. ആദിവാസികള്‍ക്ക് ആത്മാഭിമാനവും അന്തസ്സുമുള്ള ജീവിതം നേടിക്കൊടുക്കുന്നതിനും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനും നാടിന്‍റെ പരിസ്ഥിതിക്കും വേണ്ടി നിരന്തര പോരാട്ടത്തില്‍ ആണവര്‍. ബാരുള്‍ ഗ്രാമത്തില്‍ അവര്‍ സ്വന്തമായി ഒരു വിദ്യാലയം കെട്ടിപ്പടുത്തു. ഏതു ഭീഷണികളെയും പുല്ലുപോലെ നേരിടുന്നു. സത്യാഗ്രഹം ഇരുന്നും സമരം അനുഷ്ഠിച്ചും അധികാരികളെ മുട്ടു കുത്തിച്ചു. ബിഹാര്‍, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കാട്ടുകള്ളന്‍മാരുടെ മുന്നില്‍ ഒറ്റക്കു നിന്നുപോലും അവര്‍ പൊരുതി. ബംഗ്ളാദേശ് യുദ്ധത്തിന്‍റെ സമയത്ത് അവര്‍ തന്‍റെ സേവനം അവര്‍ക്കു കൂടി നല്‍കി. വനിതാ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍.  നര്‍മദാ ബച്ചാവോ ആന്ദോളന്‍ മുതല്‍ കേരളത്തിലെ ചെങ്ങറ വരെയുള്ള സമരങ്ങളില്‍ മുന്നണിയില്‍ നിന്നു. ഇങ്ങനെ തോക്കിന്‍ മുനയെ പോലും കൂസാതെ നിന്ന ദയാബായി കഴിഞ്ഞ ദിവസം ചാനലുകളുടെ മുന്നില്‍ നിന്ന് ഗദ്ഗദകണ്ഠയാവുന്നതു കണ്ടപ്പോള്‍ കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നിപ്പോയി. സ്വന്തം നാട്ടിലേക്ക് ഇടക്കിടക്കു വരുന്നതുപോലും ഒരുപക്ഷെ, ഇക്കാരണം കൊണ്ട് അവര്‍ അവസാനിപ്പിച്ചേക്കാം. മലയാളിയുടെ യഥാര്‍ഥ കാപട്യം വെളിപ്പെട്ട ഒരു സംഭവം കൂടിയായിരുന്നു അത്.

ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് ജീവിതത്തിലെ ഏറ്റവും മോശമായ അനുഭവങ്ങളിലൊന്ന് അവരെ തേടിയത്തെിയത്. മോശമായ പദപ്രയോഗങ്ങള്‍ നടത്തി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. തൃശൂരിലെ ഒരു സ്കൂളില്‍ സ്റ്റുഡന്‍റ് പൊലീസ് ക്യാമ്പില്‍ ക്ളാസെടുത്തതതിനുശേഷമായിരുന്നു ആലുവയിലേക്കുള്ള അവരുടെ യാത്ര. പൊലീസുകാര്‍ തന്നെ ബസിനുള്ളില്‍ കയറി സീറ്റ് തരപ്പെടുത്തി അവരെ യാത്രയാക്കി. ആലുവയില്‍ ഇറങ്ങാനാണ് ടിക്കറ്റെടുത്തത്. ആലുവ സ്റ്റാന്‍ഡ് എത്താറായോ എന്ന് ഡ്രൈവറോട് ചോദിച്ചതു മുതല്‍ തുടങ്ങിയ ശകാര വര്‍ഷവും മോശമായ പെരുമാറ്റവും. കണ്ടക്ടറും കൂടി ചേര്‍ന്ന് വളരെ നിന്ദ്യമായ രൂപത്തില്‍ അവരെ ആക്ഷേപിക്കുകയും ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. സാംസ്കാരിക കേരളത്തില്‍ നിന്നും തനിക്ക് അനുഭവിക്കേണ്ടിവന്ന തിക്താനുഭവമാണിതെന്നും ഇത് മറക്കാനാകില്ളെന്നും അവര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് അവസാനമായി അവര്‍ ചോദിച്ച ചോദ്യമാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ‘തന്‍െറ വസ്ത്രവിധാനം കണ്ടാണോ നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നതെന്നായിരുന്നു’ അത്.

ഇത് ഒരു സ്ത്രീക്കുണ്ടായ ബസ് അനുഭവം എന്ന് മാത്രമായി ചുരുക്കാനാവില്ല.  മറിച്ച് തന്‍റേതല്ലാത്ത, തനിക്ക് താഴെയുള്ളവരെന്ന് നമ്മള്‍ മുദ്രപതിച്ചവരുടെ സംസ്കാരത്തോടുള്ള അസഹിഷ്ണുതയില്‍ നിന്നുണ്ടാവുന്ന അവഹേളനം കൂടിയാണ്.  അങ്ങനെയൊരു അവഹേളത്തിന്‍റെ അടിസ്ഥാനമായി വര്‍ത്തിച്ച ബോധത്തിന്‍റേതുകൂടിയാണ്. ഇത് ബസില്‍ എന്നല്ല, എവിടെയും ‘നമ്മള്‍’ അല്ലാത്ത പലരും നേരിട്ടുകൊണ്ടിക്കുന്നതുമാണ്.
തങ്ങള്‍ക്ക് പിടിക്കാത്ത കടും നിറത്തിലുള്ള വേഷവും കാതിലും കഴുത്തില്‍ നിറച്ചും ഉള്ള മുത്തുമാലകളും ഒക്കെ അണിഞ്ഞ 'വൃദ്ധ'യെ കണ്ട് അവര്‍ കണക്കുകൂട്ടി. ‘ഇത് ഏതോ ആദിവാസി തന്നെ’. ഇരുട്ടത്ത് പെരുവഴിയില്‍ ഇറക്കിവിട്ടിട്ടും കലിപ്പടങ്ങാതെ ‘പ്രായമായെന്നൊന്നും നോക്കില്ല നല്ല തല്ല് വെച്ച് തരും’ എന്നും പറയാന്‍ അവര്‍ ധൈര്യം കാണിച്ചതിന്‍റെ പിന്നിലും ഈ ബോധമാണ്. കാരണം ആദിവാസികളെയും ‘അണ്ണാച്ചി’കളെയും ഒക്കെ കൈകാര്യം ചെയ്താലും തെറിവിളിച്ചാലും അത് ചോദിക്കാന്‍ ആരും വരില്ലല്ളോ!!!

ഇത്തരം സന്ദര്‍ഭങ്ങളിലാണ് മലയാളിയുടെ പൊയ്മുഖം കൃത്യമായി വെളിപ്പെടുക. കാപട്യം എവിടെയൊക്കെയോ അലങ്കാരമാക്കുന്ന നമുക്ക് അടക്കിപ്പിടിച്ച് സംസാരിക്കാനാണിഷ്ടം. ഒരു തമിഴനോ ബംഗാളിയോ ബസില്‍ കയറി ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടാല്‍ നമ്മള്‍ നെറ്റി ചുളിക്കും. മര്യാദയില്ലാത്ത ‘അണ്ണാച്ചി’യെ നീരസത്തോടെ നോക്കും. അവരുടെ കടും നിറത്തിലുള്ള വേഷത്തിലേക്ക് പരിഹാസത്തോടെ ചുണ്ടു കോട്ടും. ആദിവാസികളെ അവരുടെ തന്നെ ആവാസ വ്യവസ്ഥയിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ പോലും തുറിച്ചു നോക്കും. സോഷ്യല്‍ മീഡിയയില്‍ പോലും എതിരാളികളെ അപഹസിക്കാന്‍ ഇത്തരം ഇമേജുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടില്ളേ? 

ഇനിയും ഈ ബോധത്തെ വികസിപ്പിച്ചാല്‍, നമ്മുടെ സൗന്ദര്യ സങ്കല്‍പത്തിന് നിരക്കാത്ത, നമ്മുടെ കൂട്ടത്തില്‍ ദരിദ്രമായി വസ്ത്രം ധരിച്ച ഒരാളെ അങ്ങനെയല്ലാത്തവര്‍ നോക്കുന്നതെന്നും അവര്‍ക്കു മേല്‍ പുഛത്തിന്‍റെ കെട്ടിറക്കുന്നതെന്നും ഒക്കെയായി വായിക്കാം. നമ്മുടെ സംസ്കാരവും രീതിയും മഹത്തരം മറ്റുള്ളവന്‍റേത് നീചം എന്ന വരേണ്യ ബോധത്തിന്‍റെ അംശങ്ങള്‍ ഏറിയും കുറഞ്ഞും അലങ്കാരമായി കൊണ്ടു നടക്കുന്ന മലയാളിയുടെ ഉള്ളിലേക്കുള്ള മുന കൂര്‍ത്ത ചോദ്യമാണ് ദയാബായി തന്നെ അവഹേളിച്ച ബസ് ജീവനക്കാരുടെ നേര്‍ക്ക് ഒടുവില്‍ എറിഞ്ഞത്.

യാത്രികരായ സ്ത്രീകള്‍ക്ക് നേരെ കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ പുത്തരിയല്ല, അതുകൊണ്ട് തന്നെ ഒരു സ്ത്രീയോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം എന്ന നിലയില്‍ ഇതില്‍ അല്‍ഭുതവുമില്ല. അതിനപ്പുറം പ്രശസ്തരാണെങ്കിലും അല്ളെങ്കിലും പ്രായമായവരോട് നമ്മള്‍ കാണിക്കുന്ന മര്യാദയും ആദരവുമുണ്ട്. അതുപോലും ദയാരഹിതമായി അവര്‍ക്ക് നിഷേധിക്കപ്പെട്ടു എന്നുള്ളിടത്താണ് അതാരു വേദനയാവുന്നത്. ആ പരിഗണ കൂടി അവര്‍ക്ക് ലഭിച്ചില്ല. ഇങ്ങനെ വാര്‍ത്തയാവാതെ പോവുന്ന എത്രയെത്ര അനാദരങ്ങള്‍ നിത്യ ജീവിതത്തില്‍ വയോധികര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ടാവണം. ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും സ്കൂളുകളും ഉണ്ടായിട്ടും ആദരവിന്‍റെ അടിസ്ഥാന പാഠങ്ങള്‍ പോലും നമ്മില്‍ നിന്ന് മാഞ്ഞുപോവുന്നുവെങ്കില്‍ അത് അത്ര നിസ്സാരമായി കാണേണ്ടതല്ല. സാംസ്കാരിക വൈവിധ്യത്തെ കുറിച്ചുള്ള നമ്മുടെ അഹങ്കാരം ഇനിയും അലങ്കാരമാക്കാതിരുക്കതല്ളേ നല്ലത്.

വാല്‍ക്കഷ്ണം:  മറിച്ചും അനുഭവങ്ങള്‍ ഇല്ല എന്ന് മേല്‍ പറഞ്ഞതിന് അര്‍ഥമില്ല.  ഏതാനും ദിവസം മുമ്പ് കാഴ്ചയില്‍ പതിഞ്ഞതാണ്. കൊട്ടയും പണിയായുധവുമായി കുറച്ച് പ്രായമായ രണ്ട് തമിഴ് ദമ്പതികള്‍ ബസിന്‍റെ മുന്‍ സീറ്റില്‍ ഇരിക്കുന്നു. ഒരിടത്ത് ഇറക്കിത്തരുമോ എന്ന് ചോദിച്ചപ്പോള്‍ അവിടെ സ്റ്റോപ്പില്ലല്ളോ എന്ന് മയത്തില്‍ പറഞ്ഞ അതേ ഡ്രൈവര്‍ അവര്‍ക്കിറങ്ങാന്‍ വേണ്ടി അവിടെ ചവിട്ടിക്കൊടുക്കുയും ചെയ്തു. ഇത് കണ്ട് അവര്‍ രണ്ടു പേരും ഉള്ളു തുറന്ന് അയാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.