ഏതൊരു പിതാവിനും തന്‍െറ മക്കളുടെ വിവാഹം എങ്ങിനെ നടത്തണമെന്നു തീരുമാനിക്കാനുള്ളള അവകാശം ഈ ജനാധിപത്യ രാഷ്ട്രത്തിലുണ്ട്. അത് ലളിതമായോ പണക്കൊഴുപ്പിന്‍െറ മേളയായോ നടത്താം. പത്തുപേരെയൊ പതിനായിരം പേരെയോ ക്ഷണിക്കാം.
പ്രമുഖ എന്‍.ആര്‍.ഐ വ്യവസായി ബി. രവിപിള്ള തന്‍െറ മകളുടെ വിവാഹം നടത്തിയതിനെകുറിച്ചുള്ള വാര്‍ത്തകള്‍ അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചാനലുകളിലും പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം മുമ്പ് കോവളത്തെ ലീല ഹോട്ടലില്‍ വിവാഹ നിശ്ചയം നടന്നതു മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിവാഹത്തെകുറിച്ചുള്ള വാര്‍ത്തകള്‍ ഇടം പിടിച്ചിരുന്നു. പൊടിപ്പും തൊങ്ങലുംവെച്ച കഥകളായാണ് അതാദ്യം അനുഭവപ്പെട്ടത്. 30 ശതമാനം പേര്‍ ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന നാട്ടില്‍, അതായത് ദിവസം 30 രൂപയില്‍ താഴെമാത്രം ചിലവഴിക്കാന്‍ ശേഷിയുള്ള ജനകോടികളുള്ള നാട്ടില്‍ രവിപിള്ളയെ പോലെ ഒരാള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്യില്ലെന്നാണ് ന്യായമായും പ്രതീക്ഷിച്ചത്. അതിനുകാരണം ഡോ. ബി. രവിപിള്ള സഹസ്ര കോടീശ്വരന്‍ എന്നതിലുപരി രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണെന്നുള്ളതാണ്. സാമൂഹ്യ സേവനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ നല്‍കിയത്. രാജ്യത്തെ പ്രമുഖ സിവിലിയന്‍ ബഹുമതികള്‍ ലഭിക്കുന്ന വ്യക്തികള്‍ സമൂഹത്തിനു മാതൃകയായി പ്രവര്‍ത്തിക്കേണ്ടവരാണ്. അവരുടെ വാക്കിലും പ്രവൃത്തിയിലും സമൂഹത്തിനുള്ള ഒരു സന്ദേശം ഉണ്ടാകണം. കാരണം രാഷ്ട്രം അവരെ വിലമതിക്കുന്നു.
അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്സിന്‍െറ കണക്കു പ്രകാരം ഗള്‍ഫിലെ ഇന്ത്യക്കാരില്‍ സമ്പത്തുകൊണ്ട് രണ്ടാമനാണു രവിപിള്ള. 2015 സെപ്തംബറിലെ റിപ്പോര്‍ട്ടനുസരിച്ച് 15,500 കോടി. എം.കെ. ഗ്രൂപ്പ് ഉടമ എം.എ. യൂസുഫലിയാണ് ഒന്നാമന്‍. 25,000 കോടി. 2014ല്‍ രവിപിള്ള ഒന്നാമനും യൂസുഫലി രണ്ടാമനും ആയിരുന്നത്രെ. എം.എ. യൂസുഫലിയുടെ പേര് ഇവിടെ പരാമര്‍ശിച്ചതിന് ഒരു കാരണമുണ്ട്. അടുത്ത കാലത്ത് ഫേസ്ബുക്കില്‍ യൂസുഫലിയുടെ ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ് വായിക്കാന്‍ ഇടവന്നു. അതിങ്ങനെയായിരുന്ന. ‘എന്‍െറ ഉമ്മ അബൂദാബിയില്‍നിന്നും ദുബൈയിലേക്കുള്ള യാത്രക്കിടയിലാണ് വാഹനപകടത്തില്‍ മരിച്ചത്. ഇതേ അപകടത്തില്‍ പരിക്കേറ്റ് മൂന്നുമാസം വളരെ സൗകര്യങ്ങളുള്ള ഖലീഫ ആശുപത്രിയില്‍ കിടന്ന് ബാപ്പയും മരിച്ചു. എന്‍െറ എല്ലാ സ്വത്തും എഴുതികൊടുത്തും ബാപ്പയെ രക്ഷിക്കാന്‍ ഞാന്‍ തയാറായിരുന്നു. പക്ഷേ, ഈ സമ്പാദ്യമെല്ലാം സാക്ഷിയായി നില്‍ക്കെ ബാപ്പ യാത്രയായി. പണത്തിനു എന്തും ചെയ്യാമായിരുന്നെങ്കില്‍ ബാപ്പയെ രക്ഷിക്കാമായിരുന്നില്ലെ? എന്‍െറ ബാപ്പയെ തന്നിരുന്നുവെങ്കില്‍ അവിടെനിന്നു വെറും കൈയ്യുമായി മടങ്ങാന്‍പോലും യൂസുഫലി തയാറായിരുന്നു. എന്‍െറ വിധിക്ക് മുന്നില്‍ എല്ലാ സ്വത്തും തലതാഴ്ത്തി നിന്നില്ലേ? പണത്തിനു പരിമിതികളുണ്ട്. അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന ബാപ്പയുടെ വിവരവും കാത്ത് ആശുപത്രിയില്‍ നില്‍ക്കുന്ന ഓരോ നിമിഷവും യൂസുഫലിക്ക് നിങ്ങള്‍ ഉണ്ടെന്ന് പറയുന്ന പ്രൗഢപ്രതാപങ്ങള്‍ ഒന്നും ഇല്ലായിരുന്നു. നിസ്സഹായനായ ഒരു മനുഷ്യന്‍. അവിടെ പണത്തിനു എന്തു സ്ഥാനം?
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച വാക്കുകളായിരുന്നു അത്. നേരില്‍ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ളെങ്കിലും അറിയാതെ ഒരു ബഹുമാനം അദ്ദേഹത്തോട് തോന്നിപ്പോയി. കോടികള്‍കൊണ്ട് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പണംകൊണ്ട് നേടാന്‍ പറ്റാത്ത പലതുമുണ്ടെന്നും പണം എന്ന ഈ വസ്തു പ്രയോജനപ്പെടാത്ത നിരവധി സന്ദർഭങ്ങൾ ജീവിതത്തില്‍ ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് ഈ വരികള്‍ യൂസുഫലി കുറിച്ചതെന്നും വ്യക്തം. രവിപിള്ള ഇതു വായിച്ചെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു.
മിഡില്‍ ഈസ്റ്റിലെ രണ്ടു ഇന്ത്യന്‍ വ്യവസായികളെ താരതമ്യം ചെയ്യുകയോ ഒരാളെ നല്ലയാളായും മറ്റേയാളെ മോശക്കാരനായും ചിത്രീകരിക്കുകയോ അല്ല ഈ കുറിപ്പിന്‍െറ ലക്ഷ്യം. അത്തരത്തില്‍ ഒതു ദുരുദ്ദേശ്യവുമില്ല. മകളുടെ വിവാഹത്തിന്‍െറ മറവില്‍ കോടികള്‍കൊണ്ട് അമ്മാനമാടിയ രവിപിള്ളയുടെ നടപടി തുറന്നുകാട്ടാന്‍, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ഒരു കൊച്ചുകുട്ടി പോലും ഇല്ലെന്ന ദു:ഖം ഇവിടെ പങ്കുവെക്കുകയാണ്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആര്‍ഭാട വിവാഹം, കോടികള്‍കൊണ്ട് ആറാട്ട് എന്നൊക്കെ തലക്കെട്ടു നല്‍കി ഉറഞ്ഞു തുള്ളുമായിരുന്ന മാധ്യമ ലോകം എന്തേ നിശബ്ദമായി? പാത്തുമ്മയുടെ ആട് പെറ്റെന്നു കേട്ടാല്‍ അതേക്കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കുന്ന ചാനലുകള്‍ എന്തേ ഇതു കണ്ടില്ലെന്നു നടിച്ചു?
വിവാഹം നടന്ന കൊല്ലം ആശ്രാമം മൈതാനിയില്‍ ജോധ്പൂര്‍ കൊട്ടാര മാതൃകയില്‍ സമ്പൂര്‍ണ എയര്‍ കണ്ടീഷന്‍ഡ് ഹാള്‍ രൂപകല്‍പന ചെയ്തത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കലാസംവിധായകന്‍ സാബു സിറില്‍. നൂറുകണക്കിനു ജോലിക്കാര്‍ 75 ദിവസംകൊണ്ടാണ് പണി തീര്‍ത്തതത്. ചെലവ് 23 കോടി. ബ്രഹ്മാണ്ഡ വിവാഹം എന്നു മാധ്യമങ്ങള്‍ പൊലിപ്പിച്ചു കാണിക്കുന്ന വിവാഹത്തിനു അതിഥികളായത്തെിയവര്‍ക്കെല്ലാം സമ്മാനങ്ങള്‍. പത്തു പായസവുമായി വിഭവ സമൃദ്ധ സദ്യ. മഞ്ജു വാര്യര്‍, ശോഭന അടക്കം കലാകാരികളുടെ നൃത്തനൃത്യങ്ങള്‍. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ ഇടയുള്ള വിവാഹത്തിന്‍െറ ചെലവ് 50 കോടിയിലേറെ വരുമെന്നാണ് പറയപ്പെടുന്നത്. ഒരു മാസമാണ് ചടങ്ങുകള്‍ നീണ്ടുനിന്നത്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ- വിവാഹത്തോടനുബന്ധിച്ച് 10 കോടി രൂപയുടെ കാരുണ്യ പ്രവര്‍ത്തനം രവിപിള്ള നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വിവാഹ നിശ്ചയദിനത്തില്‍ കോവളത്ത് നൂറുകണക്കിന് സ്ത്രീകള്‍ കാത്തുനിന്ന് സാരിയും മുണ്ടും അടങ്ങിയ പൊതിവാങ്ങി മടങ്ങുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലം ചവറയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച രവിപിള്ള തന്‍െറ കഴിവുകൊണ്ട് വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് ഉന്നതങ്ങളിലത്തെിയ ആളാണ്. രവിപിള്ള ഫൗണ്ടേഷന്‍ എന്ന അദ്ദേഹത്തിന്‍െറ ജീവകാരുണ്യ സ്ഥാപനം വലിയതോതില്‍ പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്നു. ഇതെല്ലാം മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതു തന്നെ. എന്നാല്‍, മകളുടെ വിവാഹത്തിന്‍െറ പേരില്‍ രവിപിള്ള നടത്തിയ പണക്കൊഴുപ്പിന്‍െറ ആറാട്ട് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതാണ്. അതുമറച്ചു പിടിക്കാന്‍ കുറച്ചുപേര്‍ക്ക് അരിയും തുണിയും പണവും നല്‍കിയതുകൊണ്ട് കാര്യമില്ല. ലോകത്തെ ഏറ്റവും വലിയ സമ്പന്നരായിരുന്ന മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ഇന്നു ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സ്ഥാപനത്തിന്‍െറ നടത്തിപ്പുകാരാണ്. തങ്ങളുടെ സ്വത്തിലെ സിംഹഭാഗം അവര്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് മാറ്റിവെച്ചു. പട്ടിണി, രോഗം, ശുചിത്വമില്ലായ്മ തുടങ്ങിയവകൊണ്ട് വലയുന്ന മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരെ ഉയര്‍ത്തികൊണ്ടുവരുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് അവര്‍ ചെയ്യുന്നത്. അല്ലാതെ നൂറുകോടിയുടെ ധൂര്‍ത്ത് കാണിച്ച് പത്തുകോടി ദാനം ചെയ്യുകയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.