ന്യൂനപക്ഷങ്ങൾ മാറി ചിന്തിക്കുന്നു-എളമരം കരീം

? തദ്ദേശ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം മാറുമെന്ന പ്രതീക്ഷയിലാണോ സി.പി.എം. എന്താണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം

= ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങൾ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഫാസിസം വാതിൽക്കൽ അല്ല, അടുക്കള വരെ എത്തിക്കഴിഞ്ഞു. എന്തു കഴിക്കണം, എന്ത് വായിക്കണം,എന്ത് എഴുതണം ,എങ്ങിനെ ചിന്തിക്കണം എന്നുവരെ അടിച്ചേൽപ്പിക്കുന്ന സ്ഥിതിവിശേഷമാണ് വന്നിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിനു ബോധ്യമുണ്ട്. ന്യൂനപക്ഷങ്ങളും ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത് ഉത്തരേന്ത്യൻ മോഡലാണ്. ആർ.എസ് .എസ് ദേശീയ നേതൃത്വത്തിെൻ്റ പദ്ധതിയാണിത്. നരേന്ദ്ര മോദിയുടെ ഉപദേശക സംഘത്തിൽ പെട്ട ശ്രീ.ശ്രീ. രവിശങ്കർ വെള്ളാപ്പള്ളിയുടെ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യാൻ വരുന്നത് ഇതിനു തെളിവാണ്. മോദിയുടെ പ്രത്യേക താൽപര്യം അതിനു പിന്നിലുണ്ട്. അമിത് ഷായുടെ നേതൃത്വത്തിൽ തയാറാക്കിയ അജണ്ട പ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത്.

? എസ്.ൻ.ഡി.പി പുതിയ പാർട്ടി ഉണ്ടാക്കുന്നതും ബി.ജെ.പിയുമായി ചേരുന്നതും സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നു

= കേരളത്തിൽ ആർ.എസ്.എസിന് വേരൂന്നാൻ കഴിയാതെ പോയത് ഇടതു പക്ഷത്തിെൻ്റ, പ്രത്യേകിച്ച് സി.പി.എമ്മിെൻറ ശക്തമായ സാന്നിധ്യം ഇവിടെ ഉള്ളതു കൊണ്ടാണ്. സി.പി.എം സംഘടനാപരമായി കരുത്തുള്ള പ്രസ്ഥാനമായതു കൊണ്ടും മതനിരപേക്ഷ നിലപാടിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടും വർഗീയ ശക്തികൾക്ക് കേരളത്തിൽ വേരു പിടിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽവന്ന സാഹചര്യം ഉപയോഗിച്ച് സംസ്ഥാനത്തെ അവസരവാദ നിലപാടുള്ള ചില നേതാക്കളെ കൂട്ടു പിടിച്ച്, ചില സാമുദായിക സംഘടനകളുമായി ചേർന്ന് രാഷ്ട്രീയ ശക്തി ആകാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ സങ്കുചിത താല്പര്യങ്ങളുള്ള സമുദായ നേതാക്കൾ, വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർ , എസ്.എൻ .ഡി.പിയെ കുടുംബസ്വത്തുപോലെ കൈകാര്യം ചെയ്തു വരുന്ന നിലവിലെ രീതി തുടർന്നും നിലനിർത്താൻ സംഘപരിവാറുമായി സംഘം ചേരാൻ ശ്രമിച്ചു വരികയാണ്. ഈ കൂട്ടുകെട്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശ്വാസത്തിലായിരുന്നു ഇന്നലെ വരെ കോൺഗ്രസ്. എന്നാൽ അവർക്കും ഇപ്പോൾ ആശങ്ക തുടങ്ങി എന്നതിെൻറ തെളിവാണ് എ.കെ . ആൻറണി , വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മൂന്നാം മുന്നണി പ്രായോഗികമല്ലെന്നും വർഗീയവൽകരണം എതിർക്കപ്പെടേണ്ടതാണെന്നും പരസ്യമായി പറയാൻ തുടങ്ങിയത്.

? ന്യൂനപക്ഷ പ്രീണനം, മൃദു ഹിന്ദുത്വം എന്നീ ആരോപണങ്ങൾ ഒരേ സമയം സി.പി.എമ്മിന് നേരിടേണ്ടി വരുന്നു
 
= മതനിരപേക്ഷതയുടെ കാര്യത്തിൽ വ്യക്തതയുള്ള പാർട്ടിയാണ് സി.പി എം. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്നതും വടക്കേ ഇന്ത്യയിലെ പോലെ വർഗീയ കലാപങ്ങളും കുഴപ്പങ്ങളും ഇവിടെ നടക്കാത്തതും ഇടതു പക്ഷത്തിെൻറ, പ്രത്യേകിച്ച് സി. പി.എമ്മിെൻറ കരുത്തു കൊണ്ടാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം . ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നത് സി.പി.എമ്മിനെതിരെ ആർ.എസ് .എസ് വളരെക്കാലമായി ഉയർത്തുന്ന ആക്ഷേപമാണ്. വാസ്തവവിരുദ്ധമായ പ്രചാരവേലയാണിത്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടും മതവിദ്വേഷം ആളിക്കത്തിക്കാനും നടത്തുന്ന വ്യാജ പ്രചാരണം .ന്യൂനപക്ഷ സംരക്ഷണം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രഖ്യാപിത നിലപാടാണ്. എന്നാൽ , അതൊരിക്കലും പ്രീണനമായി മാറാൻ പാടില്ലെന്നു നിർബന്ധമുണ്ട് . ന്യൂനപക്ഷ വിഭാഗത്തിൽ വർഗീയ–തീവ്രവാദ നിലപാടുമായി വരുന്നവരെ ഒറ്റപ്പെടുത്തിയാൽ മാത്രമേ ആ സമൂഹത്തിനു ഭൂരിപക്ഷ വർഗീയതയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും മതനിരപേക്ഷത ശക്തിപ്പെടുത്താനും സാധിക്കൂ. മൃദു ഹിന്ദുത്വം എന്ന ആക്ഷേപവും വസ്തുതക്ക് നിരക്കാത്തതാണ്. സി പി എമ്മിെൻ്റ രാഷ്ട്രീയ നയങ്ങളിലും നിലപാടുകളിലും ഒരു മാറ്റവുമില്ല. ഇന്ത്യയിൽ സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ നേരിടുന്നതിൽ യാതൊരു മയപ്പെടുത്തലും ഉണ്ടായിട്ടില്ല.

? സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗവും മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് പാർട്ടികളിലാണ് അണി നിരന്നിരിക്കുന്നത്. ഈ വിഭാഗത്തിെൻറ പിന്തുണയില്ലാതെ എൽ.ഡി.എഫിന് അധികാരത്തിൽ വരാൻ കഴിയുമോ.

= തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരികയാണ്. സംസ്ഥാനത്തെ രണ്ടു പ്രബല സമുദായങ്ങളുടെ പിന്തുണ ലീഗിനും കേരളാ കോൺഗ്രസ്സിനുമുണ്ട് എന്നതു ശരി തന്നെ. ഈ രണ്ടു പാർട്ടികളുടെയും അണികളിൽ ശക്തമായ രാഷ്ട്രീയ പുനർവിചിന്തിനം നടന്നു വരികയാണ്. രാജ്യത്ത് ഉയർന്നു വരുന്ന സംഘപരിവാർ ശക്തികളുടെ വളർച്ചയെ അഥവാ,  ഫാസിസത്തിെൻ്റ കടന്നുകയറ്റത്തെ ആശങ്കയോടെ അവർ കാണുന്നു. അവർക്കെതിരെ ആർക്കാണ് പ്രതികരിക്കാൻ കഴിയുക എന്നതാണ് വിഷയം. കോൺഗ്രസിന് അതിനു കഴിയില്ലെന്ന് തെളിഞ്ഞു. ആർ.എസ്.എസ് വടക്കേ ഇന്ത്യയിൽ നടത്തുന്ന പോലത്തെ കലാപങ്ങൾ കേരളത്തിൽ നടത്താൻ പറ്റാത്തത് ഇടതുപക്ഷത്തിെൻ്റ, പ്രത്യേകിച്ച് സി.പി.എമ്മിെൻ്റ കരുത്തു കൊണ്ടാണെന്ന് ഇവിടുത്തെ ജനങ്ങൾക്കറിയാം. സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും ആർ. എസ്.എസ്സിനെ പ്രതിരോധിക്കുന്നത് ഞങ്ങളാണ്. ഈ യു.ഡി.എഫ് ഭരണകാലത്ത് നാലര കൊല്ലത്തിനിടയിൽ 26 പ്രവർത്തകരെയാണ് സി.പി.എമ്മിന് നഷ്ടമായത്. അതിൽ 18 പേരെയും കൊലപ്പെടുത്തിയത് ആർ.എസ്.എസ്സുകാരാണ്. അങ്ങിനെയുള്ള സി.പി.എമ്മിനെ ദുർബലമാക്കാൻ ഒരു വിഭാഗം ജനങ്ങളും അനുവദിക്കുകയില്ലെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. സി.പി.എം ദുർബലമായാൽ കേരളത്തിെൻറ രാഷ്ട്രീയ സാഹചര്യത്തിൽ കാതലായ മാറ്റം ഉണ്ടാകും. അതിനാൽ ഈ പാർട്ടി ദുർബലമാകാൻ പാടില്ലെന്ന വികാരം സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളിലും മതനിരപേക്ഷ ചിന്താഗതിക്കാരായ ജനങ്ങളിലും ശക്തിപ്പെട്ടു വരുന്നുണ്ട്. അത് കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനു അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്കാര്യം വ്യക്തമാകും.

? ഒരു തവണ എൽ.ഡി.എഫ്,  അടുത്ത തവണ യു.ഡി.എഫ് എന്ന രീതി ഇത്തവണ മാറുമെന്നും യു.ഡി.എഫിന് ഭരണ തുടർച്ച കിട്ടുമെന്നും വലിയ പ്രചാരണമുണ്ട് . ഇതിൽ സി.പി.എമ്മിന് ആശങ്കയുണ്ടോ.

= ഭരണ തുടർച്ച എന്ന ആഗ്രഹം യു .ഡി.എഫിൽ കലശലായിട്ടുണ്ട് . ബി.ജെ .പിക്ക് ഭരണത്തിൽ എത്താൻ കഴിയില്ലെങ്കിലും ഏതാനും സീറ്റുകളിലും സ്ഥാപനങ്ങളിലും കയറിക്കൂടണം .നിയമസഭയിൽ അവർക്ക് പ്രവേശനം കിട്ടണം. ഇതു രണ്ടും ഒരുമിച്ചു ചേർന്ന് അവർ തമ്മിൽ യോജിച്ചു പോകാവുന്ന കുറേ അവസരങ്ങൾ വരുന്നുണ്ട്. എൽ.ഡി .എഫ് സർക്കാർ വരാതിരിക്കുക എന്നതാണ് ബി.ജെ.പിയുടെ അജണ്ട. രണ്ടു കൂട്ടരും പൊതുശത്രുവായി കാണുന്നത് ഇടതു പക്ഷത്തെയാണ്. അതിനാൽ അവർ തമ്മിൽ രഹസ്യമായ ധാരണകൾ ഉണ്ടായേക്കാം. അടുത്ത കാലത്ത് കേരളത്തിൽ പ്രവേശനം കിട്ടിയ ഒരു വൻകിട വ്യവസായിയുടെ സഹായവും മധ്യസ്ഥതയും ഇതിനുണ്ട്.

? എൽ.ഡി.എഫ് വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരുമെന്ന് പാർട്ടി തീരുമാനിച്ചിട്ടും അത് നടപ്പിലാക്കാൻ കഴിയാതെ പോയത് തിരിച്ചടിയല്ലെ.

= ഇരു ഭാഗത്തുനിന്നും നീക്കമുണ്ടായാലേ ഇതു യാഥാർത്ഥ്യം ആകൂ. നീക്കങ്ങൾ പതുക്കെ രൂപം കൊള്ളുന്നുണ്ട്. എന്നത്തേക്ക് ആവുമെന്നു പറയാൻ വയ്യ ഓരോന്നിനും സമയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഒരു പുനരേകീകരണം ഉണ്ടാകും. വർഗീയതയേയും കോൺഗ്രസിനേയും എതിർക്കുക എന്ന നിലപാടുള്ള കക്ഷികൾ യു.ഡി.എഫിൽ ആയാലും അവരെ ഉപേക്ഷിച്ചുവന്നാൽ പരിഗണിക്കും. സി.പി.എം കേരളത്തിൽ ദുർബലമായാൽ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കാതലായ മാറ്റം ഉണ്ടാകുമെന്ന് എല്ലാ സമുദായങ്ങളിൽപെട്ടവരും മനസ്സിലാക്കുന്നുണ്ട്. അതേപറ്റി ഗൗരവമായ ചർച്ച മതന്യൂനപക്ഷങ്ങളിൽ ശക്തിപ്പെട്ടുവരുന്നുണ്ട്. അത് കേരള രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണം ഉണ്ടാകുമെന്ന് ഉറപ്പാണ്.

(തയാറാക്കിയത്: കെ. ബാബുരാജ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.