അന്തസ്സുള്ള മരണം മൗലികാവകാശമാണ്

ജനിച്ചവരെല്ലാം ഒരുനാൾ മരിക്കുമെന്നതാണ് ജീവിതത്തിലെ ഏറ്റവും ഉറപ്പായ കാര്യം. എന്നിട്ടും നമ്മൾ കഴിവതും മരണത്തെക്കുറിച്ച് സംസാരിക്കാറില്ല. മരണം എങ്ങനെയാവണം എന്ന ആഗ്രഹം ഉറ്റവരോട് പറയാൻ നമുക്കും, കേൾക്കാൻ അവർക്കും ഭയമാണ്. ജീവിതത്തിന്റെ സ്വാഭാവിക ഭാഗമെന്ന നിലയിൽ മരണത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാൻ സാധിച്ചാൽ അത് വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അന്തസ്സോടെ, സമാധാനത്തോടെ ജീവിതാവസാനത്തെ സമീപിക്കാൻ പ്രാപ്‍തമാക്കും.

മരണ സാക്ഷരത

മരണ സാക്ഷരത കേവലം അറിവ് മാത്രമല്ല; അത് സ്വീകാര്യത, അനുകമ്പ, മരണത്തിനുള്ള തയാറെടുപ്പ് എന്നിവയൊക്കെയാണ്. ജീവിതാവസാന പരിചരണത്തി​ന്റെ വൈദ്യശാസ്ത്രപരവും നിയമപരവുമായ വശങ്ങൾ മനസ്സിലാക്കൽ, വൈകാരികവും ആത്മീയവുമായ മാനങ്ങൾ തിരിച്ചറിയൽ എന്നിവയൊക്കെ അതിലുൾപ്പെടുന്നു. ഈ അവബോധം വ്യക്തികളെ അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുകയും പ്രിയപ്പെട്ടവരുടെ അവസാന യാത്രയിൽ അനാവശ്യമായ കഷ്ടപ്പാടുകളില്ലാതെ, വേദനകളില്ലാതെ, സമാധാനത്തോടെ, ആഗ്രഹങ്ങൾ നിറവേറ്റിനൽകാൻ കുടുംബങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

നിഷേധത്തിന്റെ വേദന

ഇന്ത്യയിൽ, ഭേദമാക്കാനാവാത്ത അസുഖങ്ങളുള്ള രോഗികളെ തീവ്രപരിചരണ വിഭാഗങ്ങളിലും (ഐ.സി.യു), വെന്റിലേറ്റർ പോലുള്ള ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളിലും നിർത്തുന്നത് സാധാരണമാണ്. എന്ത് വിലകൊടുത്തും ആയുസ്സ് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെങ്കിലും പലപ്പോഴുമിത് വളരെ യാന്ത്രികമായ, സ്നേഹശൂന്യമായ, രോഗി ഒരിക്കലും ആഗ്രഹിക്കാത്ത വിധത്തിലെ മരണത്തിലേക്ക് നയിച്ചേക്കാം. താൻ സന്തോഷത്തോടെ ജീവിച്ച, ഒരായിരം ഓർമകളുള്ള തന്റെ സ്വന്തം വീട്ടിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ തന്റെ അവസാന നിമിഷങ്ങൾ ചെലവിട്ടുള്ള അന്തസ്സാർന്ന വിടപറയലിന്റെ നിഷേധവുമാണത്.

സാന്ത്വന പരിചരണത്തിലെ മുൻനിരക്കാരനായ ഡോ. എം.ആർ. രാജഗോപാൽ ‘ദ ഹിന്ദു’ പത്രത്തിൽ അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെയും മുൻ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെയും ജീവിതാവസാന പരിചരണത്തിലെ സാംസ്കാരിക വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. 2004ൽ 93ാം വയസ്സിൽ അന്തരിച്ച റൊണാൾഡ്‌ റീഗൻ, പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട് തന്റെ അവസാന നിമിഷങ്ങൾ വീട്ടിൽ ചെലവഴിച്ചു, പാശ്ചാത്യ രാജ്യങ്ങൾ മുൻകൂർ മെഡിക്കൽ നിർദേശങ്ങൾ (advance care planning)അംഗീകരിച്ചിട്ടുള്ളതിനാൽ അത് സാധ്യമായി. നേരെമറിച്ച്, സ്ട്രോക്ക് വന്നതിനുശേഷം ഒമ്പതു വർഷത്തോളം പൂർണമായും കിടപ്പിലായിരുന്ന അടൽ ബിഹാരി വാജ്‌പേയി 2018ൽ അന്തരിച്ചത് ഐ.സി.യുവിൽ യന്ത്രങ്ങളാൽ ചുറ്റപ്പെട്ടായിരുന്നു.

അനുകമ്പയുള്ള പരിചരണം

വൈദ്യശാസ്ത്ര പ്രവർത്തകരാണ് ഈ മാറ്റത്തിന് മുൻനിരയിൽ ഉണ്ടാകേണ്ടത്. ചികിത്സിച്ചു ഭേദമാകാൻ സാധ്യതയില്ലാത്ത രോഗങ്ങൾ ബാധിച്ചവരോടും, കോമയിൽ ആയവരുടെയും പ്രായാധിക്യത്തിന്റെ ദൈന്യതയിൽ വിഷമിക്കുന്നവരുടെയും ബന്ധുക്കളോടും അവർ സത്യസന്ധമായ സംഭാഷണങ്ങളിൽ ഏർപ്പെടണം. പാലിയേറ്റിവ് കെയർ ചികിത്സകളുടെ സാധ്യതകളും തീവ്ര ചികിത്സയുടെ ഭാരങ്ങളും ചർച്ച ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ, സ്വാഭാവിക മരണം അനുവദിക്കുക എന്നതാണ് ഏറ്റവും അനുകമ്പയുള്ള തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മരണ സാക്ഷരത അനിവാര്യമാണ്.

നിയമപരവും ധാർമികവുമായ ആവശ്യകത

ഇന്ത്യയിൽ അന്തസ്സുള്ള ജീവിതാവസാന പരിചരണത്തിനുള്ള ഒരു പ്രധാന തടസ്സം വ്യക്തമായ നിയമ ചട്ടക്കൂടുകളുടെ അഭാവമാണ്. മുൻകൂർ മെഡിക്കൽ നിർദേശങ്ങൾ അനുവദിച്ച് സുപ്രീംകോടതി 2023ൽ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഈ നിർദേശങ്ങൾ ബഹുമാനിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വ്യാപകമായ അവബോധവും ചർച്ചകളും ആവശ്യമാണ്.

ധാർമികമായി, രോഗിയുടെ സ്വയംനിർണയാധികാരവും അവസാന നാളുകൾ എങ്ങനെ ചെലവഴിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശവും തിരിച്ചറിയേണ്ടത് പ്രധാനമാണ്. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ നൽകുന്ന തീവ്ര ചികിത്സകൾ നിരസിക്കാനും വേദനകളും ബുദ്ധിമുട്ടുകളും കുറച്ച് ജീവിത നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാലിയേറ്റിവ് കെയർ തിരഞ്ഞെടുക്കാനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു.

ആരോഗ്യ സംരക്ഷണ തീരുമാനങ്ങളുടെ യാഥാർഥ്യം

പലപ്പോഴും മരണാസന്നരായ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർ നിർബന്ധിതരാവുന്നതാണ്. ഒരു ടെർമിനൽ രോഗിയെ സാധാരണ വാർഡിൽ പ്രവേശിപ്പിച്ചാൽ, ആശുപത്രിയിലെ തിരക്ക് കാരണം അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടായേക്കാം. ഇത് ബന്ധുക്കളെ ക്ഷമാരഹിതരും അസ്വസ്ഥരും ചിലപ്പോഴെങ്കിലും അക്രമാസക്തരുമാക്കും. ആശുപത്രിക്കെതിരെ വിമർശനങ്ങളുമുയരും. ഇത് ഒഴിവാക്കാനാണ് ഡോക്ടർമാർ രോഗിയെ ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുന്നത്. അവിടെയാകുമ്പോൾ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുഴുവൻ സമയ സേവനവും ഉണ്ട്. എന്നിരുന്നാലും, ഇത് മരണാസന്നരായ രോഗിക്ക് അവരുടെ പ്രിയപ്പെട്ടവർ അടുത്തിരിക്കുന്നതിന്റെ ആശ്വാസം നഷ്ടപ്പെടുത്തും.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മരണാസന്നരായ രോഗികൾക്ക് അന്ത്യനാളുകളിൽ രോഗലക്ഷണ ചികിത്സകൾ എല്ലായ്പ്പോഴും വീട്ടിൽ ലഭ്യമായേക്കില്ല. വികസിത രാജ്യങ്ങളിൽ അതിനുള്ള സംവിധാനങ്ങളുണ്ട്. നമ്മുടെ പാലിയേറ്റിവ് ക്ലിനിക്കുകൾ ആ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ഇപ്പോൾ കുടുംബങ്ങൾക്ക് പലപ്പോഴും ആശുപത്രിയിൽ നിന്ന് സഹായം തേടേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ, രോഗിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അനാവശ്യ സമ്മർദമോ സംഘർഷമോ ഇല്ലാതെ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കുടുംബവും ആരോഗ്യ പരിപാലന ദാതാക്കളും തമ്മിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

രോഗിയുടെ ഉറ്റവർക്കാണ് ജീവിതാവസാന പരിപാലന തീരുമാനങ്ങളുടെ വൈകാരികവും സാമ്പത്തികവുമായ ഭാരവും സമ്മർദവും. ശരിയായ അറിവും പിന്തുണയും കൂടാതെ, അനാവശ്യ ചികിത്സകൾ തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരായേക്കാം, അത് മികച്ച ഒപ്ഷനാണെന്ന് വിശ്വസിച്ചേക്കാം. രോഗിയുമായി ഒരു ബന്ധവുമില്ലാത്ത അയൽക്കാരുടെയും അകന്ന ബന്ധുക്കളുടെയും സാമൂഹികമായ സമ്മർദങ്ങൾ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. മരണ സാക്ഷരതയെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കുന്നത് മാരക രോഗങ്ങളുടെ സ്വാഭാവിക ഗതിയും സാന്ത്വന പരിചരണത്തിന്റെ നേട്ടങ്ങളും മനസ്സിലാക്കാൻ അവരെ സഹായിക്കും.

രോഗിയുടെ ക്ഷേമം ഉറപ്പുവരുത്താത്ത തീവ്ര ചികിത്സകൾ വലിയ സാമ്പത്തിക ഭാരം കുടുംബങ്ങളിൽ അടിച്ചേൽപിക്കും. അവസാന നിമിഷങ്ങളിൽ രോഗിയെ പരിചരിക്കാനുള്ള അവസരം ഇല്ലാതാക്കുന്ന സങ്കടം വേറെയും. നേരെമറിച്ച്, മരണത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ സമാധാനപരമായ ഒരു യാത്രയിലൂടെ, പലപ്പോഴും അവരുടെ വീടിനുള്ളിൽ, ഉറ്റവരുടെ സാന്നിധ്യത്തിൽ, പാലിയേറ്റിവ് പ്രവർത്തകരുടെ പിന്തുണയോടെ നന്നായി പരിചരിക്കാൻ കഴിയും. വ്യക്തികളും സമൂഹവും ആരോഗ്യ പ്രവർത്തകരും പാലിയേറ്റിവ് ക്ലിനിക്കുകളും ആ നിലയിലേക്ക് ഉയരണം.

അനുകമ്പക്കുള്ള ഒരു ആഹ്വാനം

മരണസാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്, മരണം ഒരു പരാജയമായിട്ടല്ല, ജീവിതത്തിന്റെ സ്വാഭാവികമായ ഒരു പരിസമാപ്തിയായി കാണുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ മെഡിക്കൽ പ്രഫഷനലുകൾ, നയരൂപകർത്താക്കൾ, പൊതു പ്രവർത്തകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമങ്ങളെ സംയോജിപ്പിച്ച് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്.

മരണത്തെ കുറിച്ചുള്ള തുറന്ന ചർച്ചകൾ വളർത്തിയെടുക്കുന്നതിലൂടെയും, ആരോഗ്യ സംരക്ഷണ ദാതാക്കളെ ബോധവത്കരിക്കുന്നതിലൂടെയും കുടുംബങ്ങളെ പിന്തുണക്കുന്നതിലൂടെയും, ജീവിതാവസാന അനുഭവങ്ങളെ ഭയത്തിൽനിന്നും അനിശ്ചിതത്വത്തിൽനിന്നും സമാധാനത്തിന്റെയും അന്തസ്സിന്റെയും ഒന്നാക്കി മാറ്റാൻ നമുക്ക് കഴിയും. ജീവിതത്തിന്റെ മനോഹരമായ യാത്രയെ അവസാനം വരെ ആദരിച്ചുകൊണ്ട് മാന്യവും സമാധാനപരവുമായി കടന്നുപോകാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് മരണ സാക്ഷരത സ്വീകരിക്കുന്നത്.

(സീനിയർ കൺസൾട്ടന്റും മെഡിക്കൽ കോളജുകളിൽ രണ്ട് പതിറ്റാണ്ടോളം ജനറൽ സർജറി പ്രഫസറുമായിരുന്നു ലേഖകൻ) 

Tags:    
News Summary - Death literacy rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT