കേരള രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല-കെ.പി.എ മജീദ്

തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാതലത്തിൽ ആനുകാലിക സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങളോട് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് സാധ്യതയുള്ളതായി താങ്കൾ കാണുന്നുണ്ടോ?

കേരള രാഷ്ട്രീയത്തിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാവാനിടയില്ല. യു.ഡി.എഫിന് നല്ല രീതിയിൽ ഭൂരിപക്ഷം ലഭിച്ചാൽ ഇടതുമുന്നണിക്കകത്ത് ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അത് ഇപ്പോൾ പ്രവചിക്കാനാവില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമേ അത്തരം മാറ്റങ്ങൾ രൂപപ്പെടുകയുള്ളൂ.

ദേശീയ തലത്തിൽ സംഘ് പരിവാർ ശക്തികൾ കൂടുതൽ അക്രമാസക്തമാവുന്നതാണ് സമീപ കാല അനുഭവം. കേരളത്തിൽ ഇത്തരം ശക്തികളെ ഫലപ്രദമായി നേരിടുന്നത് സി.പി.എം ആണെന്ന ാണ് അവർ അവകാശപ്പെടുന്നത്. അതിനാൽ തന്നെ ദേശീയ സംഭവങ്ങൾ ഇടതുമുന്നണി കൂടുതൽ ശക്തിപ്പെടാൻ  ഇടയാക്കുന്ന സാഹചര്യമല്ലേയുള്ളത്?

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രദേശിക പ്രശ്നങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. കേരളത്തിൽ ഇടതുമുന്നണി അപചയത്തിെൻറ വക്കിലാണ്. പ്രത്യേകിച്ച് സി.പി.എം. ആ പാർടിയിലെ അഭിപ്രായ ഭിന്നതയും നിലപാട് മാറ്റവും വ്യക്തമായ തീരുമാനമെടുക്കുന്നതിന് അവർക്ക് തടസ്സമാവുന്നു. എസ്.എൻ.ഡി.പി ശ്രീനാരയണീയരെ ബി.ജെ.പിയിലേക്ക് നയിക്കുന്നതിനെതിരെ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചു നടത്തിയ പ്രതിഷേധ പരിപാടി തികച്ചും സോദ്ദേശപരമായിരുന്നു. എന്നാൽ, സി.പി.എം ആ നിലപാടിൽ നിന്ന് പിറകോട്ട് പോയി. പാർടിയുടെ നയങ്ങളിലും അവർ വെള്ളം ചേർത്തു. കോഴിക്കോട്ട് ഈയിടെ മുതലാളിമാരെ വിളിച്ചു ചേർത്ത് സി.പി.എം യോഗം ചേരുകയുണ്ടായി.

സംഘ് പരിവാർ സൃഷടിക്കുന്ന സാമുദായിക ധ്രുവീകരണം നേരിടാൻ ന്യൂനപക്ഷങ്ങളിൽ സാമുദായിക ഏകീകരണം സംഭവിക്കാനിടയുണ്ടോ?

അങ്ങിനൊരു സാഹചര്യം കാണുന്നില്ല. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീംകളിൽ നിരവധി സംഘടനകളുണ്ട്. അവരിൽ ബി.ജെ.പിയെ പരോക്ഷമായി പിന്തുണക്കുന്നവർ വരെയുണ്ട്. അനാവശ്യമായ വഴക്കിലും തർക്കത്തിലുമാണ് ഈ സംഘടനകൾ. അവരുടെ ഏകീകരണത്തിന് ഒരു സാധ്യതയുമില്ല.

ദേശീയ തലത്തിൽ സംഘ് പരിവാർ ശക്തികളുടെ അജണ്ട പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന അഭിപ്രായത്തോട് എങ്ങിനെ പ്രതികരിക്കുന്നു?

വർഗ്ഗീയ, ഫാഷിസ്ററ് ശക്തികൾക്കെതിരെയായ സി.പി.എമ്മിെൻറ പല നിലപാടുകളോടും മുസ്ലീം ലീഗിന് യോജിപ്പുണ്ട്. എന്നാൽ,  വർശീയ ശക്തികൾക്കെതിരെ കോൺഗ്രസിനോ മുസ്ലീം ലീഗിനോ സി.പി.എമ്മിനോ ഒറ്റക്ക് പോരാടാനാവില്ല. മത നിരപേക്ഷ കക്ഷികൾ യോജിച്ച പോരാട്ടത്തിന് തയ്യാറാവണം . സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചും ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് സംഘ്പരിവാർ ശക്തികൾ. ഗുജ്റാത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നത് അങ്ങിനെയാണ്.

എസ്.എൻ.ഡി.പി–ബി.ജെ.പി കൂട്ടുകെട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടയാക്കില്ലേ?

എസ്.എൻ.ഡി.പി –ബി.ജെ.പി ബന്ധം മുന്നണിയായും പാർടിയായും മാറുമ്പോൾ മാത്രമേ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാധ്യതയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ അത്തരമൊരു സഖ്യം രൂപപ്പെട്ടിട്ടില്ല. അതേസമയം, എസ്.എൻ.ഡി.പിയും ബി.ജെ.പിയും മുന്നണിയായി വന്നാൽ അത് സി.പി.എമ്മിനും ചെറിയ തോതിൽ കോൺഗ്രസിനും ക്ഷീണം ചെയ്യും. അതോടെപ്പം ബി.ജെ.പിയോടൊപ്പം നിൽക്കുന്ന സവർണ വിഭാഗങ്ങൾ ആ പാർടിയോട് അകലാനും ഇത് കാരണമാവും.

ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് അനൂകൂലമാവുന്ന സാഹചര്യത്തിൽ കോൺഗ്രസ് മൃദു ഹിന്ദുത്വ നിലാപാട് സ്വീകരിക്കാൻ സാധ്യതിയില്ലേ?

ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായുള്ളത് കോൺഗ്രസായതിനാൽ അത്തരമൊരു നിലപാട് സ്വീകരിച്ചാൽ കോൺഗ്രസിന് നിലനിൽക്കാനാവില്ല.

മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുള്ള എസ്.ഡി.പി.ഐ, വെൽഫെയർ പാർടി തുടങ്ങിയ കക്ഷികളുടെ സാന്നിധ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ചില മുസ്ലീം ലീഗ് സ്ഥാനാർഥികൾക്ക് എവെല്ലുവിളിയാവുന്നുണ്ടോ?

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ സംഘടനകളുണ്ടായിരുന്നു. ലീഗ് സ്ഥാനാർത്ഥികൾക്ക് അത് ഭീഷണിയല്ല. അതേസമയം, നിയമനിർമാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം സംഘടനകൾ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കാരണമാവുന്നത്. മുസ്ലീംകൾ രാഷ്ട്രിയമായി സംഘടിക്കാത്ത സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘടനകൾ പ്രവർത്തിക്കേണ്ടത്.

തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണത്തോട് മുസ്ലിം ലീഗിെൻറ അഭിപ്രായം?

മുസ്ലിം ലീഗ് ഭാഗമായ സർക്കാരാണ് ഈ നിയമം പാസാക്കിയത്. സ്ത്രീകൾ സാരഥികളായ പഞ്ചായത്തിൽ പിൻ സീറ്റ് ഡ്രൈവിങ് ആണെന്ന ആരോപണം ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിക്കരുത്. നിരവധി വനിതാ സ്ഥാനാർഥികൾ മികച്ച ഭരണത്തിന് പുരസ്കാരം വരെ നേടിയിട്ടുണ്ട്.

(തയാറാക്കിയത് ഒ. ഉമറുല്‍ ഫാറൂഖ് )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.