വനിതാ സ്ഥാനാര്‍ഥികളേ ഇതിലേ ഇതിലേ....

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിവിധ സ്ത്രീ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചക്ക് വിധേയമായ ഒരു കാലയളവിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മള്‍ കടന്നുപോന്നത്. സ്ത്രീകള്‍ മുന്നോട്ടുവെച്ച, സ്ത്രീകള്‍ തന്നെ നയിച്ച സമരമുഖങ്ങളും നമ്മള്‍ കണ്ടു. എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും നില്‍പുസമരവും മൂന്നാര്‍ സമരവും എല്ലാം പെണ്‍വീറിന്‍റെ പുതിയ അധ്യായങ്ങള്‍ തുറന്നിട്ടുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ഇതുവരെ ആരും കാണാതെ പോവുകയോ മന:പൂര്‍വം കണ്ണടച്ചു വിട്ടുകളയുകയോ ചെയ്ത സ്ത്രീ ജീവിതങ്ങള്‍ നേരിടുന്ന ഒരുപിടി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുസമൂഹം നിര്‍ബന്ധിതരായി.

50 ശതമാനം സംവരണമെന്ന പിന്‍ബലം കൈവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നേതൃത്വത്തിലേക്ക്, അവരുടെ പ്രശ്നങ്ങളിലേക്ക് സാഭിമാനം വനിതകള്‍ നടന്നുകയറി. എന്നാല്‍, അതുംകടന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍  എല്ലാം പഴയപടിയില്‍ തന്നെ നില്‍ക്കുന്നത് കാണാം. കാലാകാലങ്ങളായി ഇവിടെയുള്ള സ്ത്രീ സമൂഹത്തോട് പുലര്‍ത്തിപ്പോരുന്ന സമീപനത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഒരു തരിമ്പുപോലും മുന്നോട്ടു നീങ്ങിയിട്ടില്ളെന്ന കയ്പേറിയ യാഥാര്‍ഥ്യമാണ് വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ ബാക്കി പത്രങ്ങളായി നമ്മുടെ മുന്നിലുള്ളത്.  ചുറ്റിലുള്ള സമൂഹം പല അര്‍ഥത്തിലും പല കാരണങ്ങളാലും മാറ്റത്തിന്‍റെ പുതുവഴി തേടുമ്പോള്‍ മൈക്കിലും മൈതാനങ്ങളിലും ടെലിവിഷന്‍ സ്ക്രീനുകളിലും മാത്രമായി സ്ത്രീകളുടെ ശക്തീകരണം ഒതുക്കിക്കളയുന്നു. സത്യത്തില്‍ ജനസംഖ്യയുടെ പകുതില്‍ ഏറെയും (1000 പുരുഷന്മാര്‍ക്ക് 1084 പേര്‍) സ്ത്രീകള്‍ ഉള്ള കേരളത്തില്‍ എത്ര വലിയ വോട്ടുബാങ്കാണ് ഈ വിഭാഗം!
എന്നാല്‍, ഈ വോട്ടുകള്‍ കൊണ്ട് തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത അശക്ത ജനവിഭാഗങ്ങള്‍ കൂടിയാണിവര്‍. സ്ത്രീകള്‍ നേരിടുന്ന കുടിവെള്ളപ്രശ്നം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് വോട്ടുവാങ്ങി നേതാക്കളുടെ കുപ്പായമണിയുന്നവരെ എക്കാലത്തും കാണാം. എല്ലാ അര്‍ഥത്തിലും വിവേചനവും അധികാര നിഷേധവും അനുഭവിക്കുന്ന ഈ ജനവിഭാഗം പുരുഷാധികാര രാഷ്ട്രീയ ഘടനയില്‍ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോലും ത്രാണിയില്ലാതെ നിഴലുകളായി കാലം കഴിക്കുകയാണ്. വീടകങ്ങളില്‍ മാത്രമല്ല, പൊതു ഇടങ്ങളിലെ മൂത്രപ്പുരകള്‍ മുതല്‍ ഭരണരംഗങ്ങളില്‍ വരെ നീളുന്ന അനവധി നിരവധി അടിസ്ഥാന സൗകര്യങ്ങളും പ്രശ്നങ്ങളും  ഇനിയും പരിഹൃതമാവാതെ കിടക്കുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ അധികാര രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷനു തുല്യമായോ അതില്‍കൂടുതലോ ഇഛാശക്തിയും കഴിവും തെളിയിക്കുന്ന വനിതകളെ കൂടി യഥാവിധി പരിഗണിക്കാന്‍ തയ്യാറായിട്ടില്ല.

യു.ഡി.എഫിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ നല്‍കിയ സ്ത്രീ പ്രാതിനിധ്യത്തിന്‍റെ നില നോക്കുക:
മുസ് ലിം ലീഗ്: 0/24; മാണി കേരള: 0/15 ; വീരന്‍ ദള്‍ : 0/7 ; ആര്‍ എസ് പി: 0/5
എല്ലാര്‍ക്കും മുന്നേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് അഭിമാനം കാത്ത മുസ്ലിം ലീഗിലെ വനിതാ വിഭാഗത്തില്‍ നിന്നായിരുന്നു ആദ്യ പ്രതിഷേധം. വനിതാലീഗ് നേതാവായ അഡ്വ. നൂര്‍ബിനാ റഷീദ് തങ്ങളെ തഴഞ്ഞതില്‍ തുടക്കത്തില്‍ തന്നെ എതിര്‍ശബ്ദം ഉയര്‍ത്തി. ഇപ്പോള്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നീസാ അന്‍വറും ഇക്കാര്യത്തില്‍ കടുത്ത അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നു. അവസാനം വരെ പ്രതീക്ഷയോടെ കാത്തു നിന്നുവെന്നും കാര്യമായ സമ്മര്‍ദ്ദമില്ലാതെ തങ്ങളുടെ ആവശ്യം പരിഗണിക്കാതിരിക്കാന്‍ വഴിയില്ളെന്ന സൂചനയും അവര്‍ നല്‍കി. മത പൗരേഹിത്യത്തിന്‍റെ ഇരുമ്പു മറകള്‍ പൊളിച്ച് പുറത്തേക്ക് ഇറങ്ങിവരണമെങ്കില്‍ ഇവര്‍ക്ക്  ഇനിയും കാലങ്ങള്‍ വേണ്ടി വരുമെന്ന് ചുരുക്കം.

കോണ്‍ഗ്രസില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ഷാഹിദ കമാല്‍ കുറച്ചുകൂടി രൂക്ഷമായാണ് പാര്‍ട്ടി നേതൃത്വത്തെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പാര്‍ട്ടിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ളെന്നും സ്ത്രീകളെ വിജയ സാധ്യത ഇല്ലാത്ത സീറ്റുകളില്‍ നിര്‍ത്തി ബലിയാടാക്കുന്ന പാര്‍ട്ടിയുടെ പ്രവണത അവസാനിപ്പിക്കണമെന്നും അവര്‍ തുറന്നടിച്ചു. ഒരു മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ഘടകങ്ങളില്‍ പോലും ന്യൂനപക്ഷ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഒരു മുസ്ലിം വനിത പോലും ഇല്ളെന്നും ഷാഹിദ ചൂണ്ടിക്കാട്ടി. രണ്ട് സുപ്രധാന പോയന്‍റുകളാണ് അവര്‍ ഇതിലൂടെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസിന്‍്റെ മതേതര മുഖംമൂടിയെ തുറന്നെതിര്‍ക്കാന്‍ ഈ വനിത കാട്ടിയ ആര്‍ജ്ജവം മുന്നണിക്കകത്തെ എത്ര ന്യൂനപക്ഷ പ്രതിനിധികള്‍ കാണിച്ചിട്ടുണ്ട്? രണ്ടാമതുന്നയിച്ച കാര്യത്തിലേക്ക് കടന്നാല്‍ കടുത്തൊരു യാഥാര്‍ഥ്യത്തെയാണ്  ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. കോണ്‍ഗ്രസ് നിര്‍ത്തിയ സീറ്റുകളിലെ വനിതകള്‍ സത്യത്തില്‍ പാര്‍ട്ടിയുടെ ചാവേറുകള്‍ ആണെന്നതിന് അത്ര തലപുകയ്ക്കേണ്ടതില്ല. വനിതകളെ നിര്‍ത്തിയ ഏഴു സീറ്റുകളിലേക്ക് നോക്കുക.

യു.ഡി.എഫിന് ഭരണം കിട്ടിയ 2011ല്‍ പോലും 18% വോട്ട് വ്യത്യാസത്തില്‍ തോറ്റ ചേലക്കര, 12% വോട്ടിനു തോറ്റ ഷൊര്‍ണൂര്‍, 11% വോട്ടിനു തോമസ് ഐസക്കിനോടു തോറ്റ ആലപ്പുഴ, 10% വോട്ടിനു തോറ്റ ഒറ്റപ്പാലം, നാലു തവണ ജയിച്ച രാജു എബ്രഹാമിന്‍റെ റാന്നി, വി.എസ് സുനില്‍കുമാര്‍ മാറ്റുരയ്ക്കുന്ന തൃശൂര്‍, ഒടുവില്‍ സ്വന്തം വിഭാഗത്തിനുപോലും കാര്യമായി ഉപകരിച്ചിട്ടില്ലാത്ത മന്ത്രിയെന്ന ആരോപണത്തിന്‍്റെ വാള്‍മുനയില്‍ നില്‍ക്കുന്ന ജയലക്ഷ്മിയുടെ മാനന്തവാടിയും. ഷാഹിദ ഉന്നയിച്ച വാദം അവരുടെ കുല്‍സിത ബുദ്ധിയില്‍ നിന്നുയര്‍ന്നതാണോ എന്നറിയാല്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടതില്ല. ആരോ ഒരാളുടെ കമന്‍റില്‍ വായിച്ചതനുസരിച്ച്, ഭൂരിപക്ഷം വരുന്ന വനിതാ വോട്ടര്‍മാര്‍ എന്തിനു  യു.ഡി.എഫിനു വോട്ട് ചെയ്യണമെന്നു ചിന്തിച്ചുപോയാല്‍ വനിതകളില്ലാത്ത പ്രതിപക്ഷ നിരയാണ് അടുത്ത നിയമസഭയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നര്‍ഥം.
ബി.ജെ.പിയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ആറോളം വനിതകളെ മാത്രമാണ് അവര്‍ നിര്‍ത്തിയത്. പക്ഷെ, പെണ്ണുങ്ങളുടെ കാര്യത്തില്‍ ഇക്കൂട്ടര്‍ക്കും ആശങ്കകള്‍ക്ക് കുറവൊന്നുമില്ല. ഇനി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്‍.ഡി.എഫിന്‍റെ പട്ടികയിലേക്ക് കടന്നാല്‍, 140 മണ്ഡലങ്ങളിലെ 15 സീറ്റുകളില്‍ മാത്രമാണ് വനിതാ പ്രാതിനിധ്യം ഉള്ളത്. താരതമ്യേന മെച്ചമെന്ന് പറഞ്ഞാല്‍ പോലും മൊത്തം സ്ഥാനാര്‍ഥികളുടെ കേവലം 10.1 ശതമാനം മാത്രമാണിത്! ഇതില്‍ പകുതി പേര്‍ വിജയിച്ചു കയറിയാല്‍ നല്ലത്.  ഇത്രയൊക്കെ കൊണ്ട് എന്തായാലും ഇടതുമുന്നണിയിലെ വനിതകള്‍ തൃപ്തിപ്പെടാന്‍ വഴിയില്ല. പക്ഷെ, അവരാരും പുറത്തേക്ക് ഒന്നും മിണ്ടിപ്പറഞ്ഞില്ളെന്ന് മാത്രം.
സ്ത്രീകളുടെ ഭരണ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ചില പൊതുവായ  കാര്യങ്ങള്‍ ഇപ്പോഴെങ്കിലും പറയാതിരിക്കാനാവില്ല. സരിതാ നായര്‍ എന്ന സ്ത്രീയുടെ ആരോപണ പ്രത്യാരോപണങ്ങളേറ്റ് രാഷ്ട്രീയ അതികായന്‍മാരുടെ കാലിടറിയ വേളകളിലൊന്നില്‍ കേട്ട കമന്‍റ് ഇതായിരുന്നു. ‘അല്ളെങ്കിലും പെണ്ണുങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാ. അഴിമതിക്കും കള്ളത്തരത്തിനും അവരെ കിട്ടില്ലാന്ന് ആരാ പറഞ്ഞത്?’’ എന്നായിരുന്നു അത്. എന്നാല്‍, കരുത്തുറ്റ രഷ്ട്രീയ ഇഛാശക്തികളുടെയും കറപുരളാത്ത തൊഴില്‍ പ്രതിബദ്ധതയുടെയും ഉദാഹരണങ്ങളായി എത്രയെത്ര സ്ത്രീകളുണ്ട് നമുക്കിടയില്‍.  ഇങ്ങനെയുള്ളവരെ കുറിച്ച് ആരും മിണ്ടുന്നതേ ഇല്ല.

ഏറ്റവും ഒടുവില്‍, നമുക്ക് മുന്നിലുള്ള അനുപമ ഐ.എ.എസ് തന്നെ. മായം ചേര്‍ത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്ന കൊമ്പന്‍മാരെ പോലും വെറുതെ വിടാതെ അവര്‍ തന്‍റെ കൃത്യ നിര്‍വഹണം തുടരുന്നു. മറ്റ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ കാണിക്കാത്ത ചങ്കൂറ്റത്തിന് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് നിര്‍ലോഭം പിന്തുണ കിട്ടുന്നത് നോക്കുക. മറ്റൊന്ന് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വെടിക്കെട്ട് ദുരന്തമായി ബന്ധപ്പെട്ടതാണ്. മനുഷ്യ മന:സാക്ഷിയെ നടുക്കിയ പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ജില്ലാ ഭരണാധികാരിയുടെ കര്‍ശനമായ വിലക്ക് ലംഘിച്ചതിന്‍റെ ബാക്കിപത്രം തന്നെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ഷൈനമോള്‍ എന്ന കൊല്ലം ജില്ലാ കലക്ടര്‍ അതിന് വശംവദയായി വെടിക്കെട്ടിന് അനുമതി നല്‍കിയില്ല. ചെറിയ തുട്ടുകള്‍ക്കു മുന്നില്‍പോലും ആര്‍ത്തിപടിച്ച് എന്തിനും തയ്യാറായി നില്‍ക്കുന്ന ഉദ്യോഗസ്ഥ-ഭരണ വൃന്ദത്തിന് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഇങ്ങനെ ധീരമായ നിലപാടെടുത്ത ഒരു വനിതയെ ആദരിക്കേണ്ടതിനു പകരം അവരെ പഴിചാരാനുള്ള വ്യഗ്രതയാണ് നമ്മള്‍ കാണിക്കുന്നത്.

അതിനുശേഷം, പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉന്നതതല യോഗത്തില്‍ തുറന്നടിച്ചു. അതു പറയാന്‍ അവര്‍ ആരെയും ഭയന്നില്ല. ഒരു സമ്മര്‍ദ്ദവും അവരുടെ സത്യസന്ധതക്കുമേല്‍ നിഴല്‍വിരിച്ചില്ല. അവരും ഒരു സ്ത്രീയായിരുന്നു. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാണിക്കാന്‍ കഴിയും. എന്നാല്‍, ഇവരുടെയൊക്കെ പേരില്‍ സ്ത്രീ വര്‍ഗത്തെ പ്രശംസിക്കാന്‍ ആരും വരുന്നത് കാണാറില്ല. മറിച്ച് ഏതെങ്കിലും ഒരു സ്ത്രീയുടെ തെറ്റിനെ സാമാന്യവല്‍കരിച്ച് അതും മൊത്തം സ്ത്രീകളുടെ തലയില്‍ കെട്ടിയേല്‍പിക്കുന്നതില്‍ ആരും ഒട്ടും പിറകില്‍ അല്ല എന്നിടത്താണ് ഇങ്ങനെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്.

കാര്യം എന്തു തന്നെയായായാലും സ്ത്രീ വോട്ടുബാങ്കുകള്‍ ഏകീകരിക്കുന്ന ഒരു കാലത്തെ ഏതു രാഷ്ട്രീയ കൊമ്പന്‍മാരും ഭയക്കുന്നുണ്ട്. തങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് വോട്ടു ചെയ്യുന്ന പ്രബുദ്ധരായ സ്ത്രീകള്‍ ഉണ്ടാവുന്ന കാലം വരെ മാത്രമെ ഈ അധികാര ഘടന നിലനില്‍ക്കുകയുള്ളൂവെന്ന്  പ്രത്യാശിക്കാം. സ്ത്രീകളുടെ നവ മാധ്യമ സാക്ഷരതയുടെ തോത് കൂടുന്നത് ആ അര്‍ഥത്തില്‍ ശുഭപ്രതീക്ഷയേകുന്നതാണ്. പെണ്ണിനെ ഒളിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു വ്യവസ്ഥയില്‍ ഈ ഇടമാണ് വലിയൊരളവില്‍ പെണ്ണിനൊപ്പം നില്‍ക്കുന്നതെന്നത് കൊണ്ടാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.