ഇത് നാദാപുരത്തിന്‍റെ മനസ് ആഗ്രഹിക്കുന്നില്ല

നാദാപുരത്തിന്‍െറ  മനസ് എനിക്കറിയാം. സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ആ നാട് ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ സംഭവം സമാധാനം കൊതിക്കുന്ന നാദാപുരത്തെ ജനങ്ങളെ അസ്വസ്ഥരാക്കുകയും വേദനിപ്പിക്കുകയും ചെയ്യും.  കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാല്‍ സി.പി.എമ്മിന്‍െറ മറവില്‍ അഴിഞ്ഞാടാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്ന് ഗൗരവപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. അവരെ കര്‍ശനമായി നേരിടുക തന്നെ വേണം. അതിനുള്ള നിയമപരമായ നടപടികളും രാഷ്ട്രീയ നീക്കങ്ങളും അടിയന്തിരമായി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സമാധാന സംരഭങ്ങള്‍ക്ക് ശക്തിപകരുന്നത് തന്നെയാണ്.

നാദാപുരത്തിന്‍െറ മണ്ണിനെ തീവ്രവാദരാഷ്ട്രീയത്തിന്‍െറ പരിശീലനക്കളരിയാക്കി മാറ്റാന്‍ മതമൗലികവാദശക്തികള്‍ ഏറെകാലമായി ശ്രമിച്ചുപോരുന്നുണ്ട്. അവര്‍ക്ക് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും പലതരത്തിലുള്ള പിന്തുണയും ലഭിക്കുന്നുണ്ട്.  മുസ്ലിംലീഗിന്‍െറ നേതൃത്വം വേണ്ടത്ര ജാഗ്രത പാലിക്കാത്ത പക്ഷം അല്‍ഖാഇദയുടെയും ഐ.എസിന്‍െറയും അനുചരന്മാര്‍ ആ പാര്‍ട്ടിയില്‍ ആധിപത്യം നേടും.  അതിനെതിരെ ലീഗ് നേതൃത്വം ജാഗ്രത പാലിച്ചേ തീരൂ. സി.പി.എമ്മിന്‍െറ മറവില്‍ കൊള്ളയും കൊലയും നടത്താന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ഒൗദ്യോഗിക നിലപാട്. അത്​  ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെടണം. നാദാപുരത്തെ സമാധാനം നിലനിറുത്താന്‍ രണ്ടുഭാഗത്തുനിന്നുമുള്ള നീക്കങ്ങള്‍ നിര്‍ണായകമാണ്.

നാദാപുരം സംഘര്‍ഷങ്ങളില്‍ മുങ്ങിത്താണദിനങ്ങളില്‍ സമാധാനം വീണ്ടെടുക്കാന്‍ അവിടുത്തെ മനുഷ്യര്‍ നടത്തിയ ദീര്‍ഘമായ പരിശ്രമങ്ങള്‍ എനിക്കുമറക്കാന്‍ കഴിയില്ല. നാദാപുരത്തെ എം.എല്‍.എയായിരുന്ന പത്ത് വര്‍ഷങ്ങളിലും മതഭേദങ്ങളും രാഷ്ട്രീയ വ്യത്യാസങ്ങളും മറന്ന് അതോടൊപ്പം രാപകല്‍ നിലകൊണ്ടവനാണ്. ആ അനുഭവങ്ങള്‍ എന്‍െറ പൊതുജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണ്.

സമാധാനയജ്ഞങ്ങളിൽ  പുരുഷന്മാരേക്കാള്‍ തീവ്രമായ സ്വാധീനം ചെലുത്തുന്നവര്‍ സ്ത്രീകളാണെന്നും നാദാപുരം എന്നെ പഠിപ്പിച്ചു. കൊലപാതക രാഷ്ട്രീയം ആരെയും ജയിപ്പിക്കുന്നില്ല. ഏറ്റവുമധികം വിലകൊടുക്കേണ്ടിവരുന്നത് പാവങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. ഇരുഭാഗങ്ങളിലും ഏറ്റവുമധികം സഹിക്കേണ്ടിവന്നതും ഇവര്‍ക്കാണ്. അവരെ മറക്കുന്ന കൊലവിളികളുടെ സങ്കേതമായി രാഷ്ട്രീയം മാറരുത്. പാവങ്ങളുടെ കണ്ണീരൊപ്പാനും സ്ത്രീകള്‍ക്ക് സുരക്ഷിതബോധം കൊടുക്കാനും കുഞ്ഞുങ്ങള്‍ക്ക് പ്രത്യാശയുടെ ഭാവി നല്‍കാനും ആ രാഷ്ട്രീയത്തിന് കഴിയണം. അതു മറക്കുന്ന രാഷ്ട്രീയം രാഷ്ട്രീയമല്ല.

നാദാപുരം സമാധാനത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ അന്ന് കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണ്. പത്രങ്ങള്‍ അന്ന് അതിനെ കുറിച്ച്​ മുഖപ്രസംഗങ്ങളെഴുതി. സംഘര്‍ഷഭൂമികളില്‍ നിന്ന് നാദാപുരത്തിന്‍െറ അനുഭവങ്ങള്‍ മനസിലാക്കാന്‍ ആളുകൾ അവിടേക്ക്​ വന്നു. സമാധാനത്തിനുവേണ്ടിയുള്ള 'നാദാപുരം മോഡല്‍' എന്ന പ്രയോഗം അങ്ങനെയുണ്ടായതാണ്. അക്കാലത്ത് എന്നോട് പലരും ചോദിച്ചിട്ടുണ്ട് നാദാപുരത്തെങ്ങനെയാണ് സമാധാനം ഉണ്ടാക്കിയതെന്ന്. അവരോട് ഞാന്‍ പറഞ്ഞ മറുപടി ഇപ്പോഴും ഓര്‍ത്തുപോകുന്നു;‘‘ഞാനല്ല നാദാപുരത്ത് സമാധാനം ഉണ്ടാക്കിയത് ജനങ്ങളാണ്’’ എന്നാണ്. പ്രത്യേകിച്ചും നാദാപുരത്തെ മാതൃത്വം.  ആ നല്ല മനുഷ്യര്‍ക്കൊപ്പം കലാപങ്ങളിൽ നിലകൊണ്ടു എന്നതാണ് എന്‍െറ പങ്ക്. അത് ഞാന്‍ ആത്മാര്‍ഥമായി ചെയ്തിട്ടുണ്ട്. നാദാപുരത്തിന്‍െറ മണ്ണും മനസുമായുളള എന്‍െറ ബന്ധം അങ്ങനെ വളര്‍ന്നുവന്നതാണ്. ആ ബന്ധത്തിന്‍െറ അടിത്തറയില്‍ നിന്നുകൊണ്ട് എനിക്ക്​ അവിടുത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് തൂണേരിയിലെ ഈ തീ ഇനിയും ആളിക്കത്തരുതെന്നാണ്.

നാദാപുരത്തെ സമാധാനപ്രവര്‍ത്തനങ്ങളില്‍ എന്നും അവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് സി.പി.ഐ.എമ്മും മുസ്ലിം ലീഗും തന്നെയാണ്. ആ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ ജനവികാരത്തെ മാനിച്ചപ്പോഴാണ് സമാധാനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടത്. അങ്ങനെ ഊട്ടിയുറപ്പിക്കപ്പെട്ട നാദാപുരത്തിന്‍െറ സമാധാനം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്. 99 ശതമാനം ജനങ്ങള്‍ ഒരുഭാഗത്ത്. അവര്‍ സമാധാനം, സമാധാനം എന്ന് മനസില്‍ വിളിച്ചുപറയുന്നു. അതിഷ്ടപ്പെടാത്ത ഒരു പറ്റം ക്രിമിനലുകള്‍ മറുഭാഗത്തുണ്ട്. അവരെ രാഷ്ട്രീയനിറം എടുത്തണിയാന്‍ സമ്മതിക്കരുത്. അത്തരക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. അവര്‍ സാമൂഹ്യവിരുദ്ധരും ക്രിമനലുകളുമാണ്​.

കൊലക്കത്തികൊണ്ട് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളാണവര്‍. പലപേരിലും പലരൂപത്തിലും അവര്‍ തലപൊക്കാന്‍ ശ്രമിക്കുകയാണ്. ഷിബിനെ കൊലപ്പെടുത്തികൊണ്ട് ഒരു കൂട്ടര്‍ അതിനാണ്​ തുടക്കം കുറിച്ചത്​.  ഇപ്പോള്‍ അസ്ലമിനെ കൊലപ്പെടുത്തികൊണ്ട് മറുകൂട്ടരും അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. അവര്‍ രണ്ടുകൂട്ടരും പരോക്ഷമായി പരസ്പരം തുണനില്‍ക്കുന്നവരാണ്. ഒരു കൂട്ടരെ ചൂണ്ടി മറുകൂട്ടര്‍ ആയുധങ്ങള്‍ രാകിമിനുക്കുന്നു. അമ്മമാരുടെ കണ്ണീരും ഭാര്യമാരുടെ വിരഹ ദു:ഖവും കുഞ്ഞുങ്ങളുടെ അനാഥത്വവും അത്തരക്കാര്‍ക്ക് മനസിലാവില്ല. അവരെ ഒറ്റപ്പെടുത്തികൊണ്ടേ നാദാപുരത്ത് അര്‍ഥവത്തായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാവൂ. അതിന് അവിടുത്തെ എല്ലാ രാഷ്ട്രീയ്വപ്രസ്ഥാനങ്ങളും മുന്‍കൈയെടുത്ത് രംഗത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നാദാപുരത്ത്​ സാമൂഹിക രംഗത്തും  വിദ്യാഭ്യാസരംഗത്തും കലാ,കായിക മണ്ഡലങ്ങളിലും ഉൗർജസ്വലമായ കൂട്ടായ്​മകൾ ശക്തി​പ്പെടണം. നന്മനിറഞ്ഞ നാദാപുരത്തി​െൻറ മണ്ണിനു വേണ്ടത്​ ​​ൈസ്വര്യ ജീവിതവും സമാധാനവുമാണെന്ന്​ അത്തരം കൂട്ടായ്​മകൾ ഒന്നിച്ചു വിളിച്ചു പറയണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT