ഇടി വെട്ടിയവനെ പാമ്പു കടിച്ചാൽ

കെ.എം മാണിക്ക് കേരള രാഷ്ട്രീയത്തിൽ സംഭവിച്ച വിലയിടിവ് റബ്ബറിനേയും തേങ്ങയേയും അപേക്ഷിച്ചു എത്രയോ കൂടുതലാണ്. ഉത്പന്നങ്ങളുടെ വിലയിടിവിൽ കർഷകർ ദു:ഖിക്കുന്നതു പോലെ മാണിയുടെ തകർച്ചയിൽ ഓരോ കേരളാ കോൺഗ്രസ്സുകാരനും പ്രയാസപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കാരണവുമില്ലാതെ യു.ഡി.എഫ് വിടണമെന്ന് മാണി ശാഠ്യം പിടിച്ചപ്പോൾ പാർട്ടിക്കാർ  അതിനു വഴങ്ങിക്കൊടുത്തത് അങ്ങിനെയെങ്കിലും മാണി സാറിന് അൽപം ആശ്വാസം കിട്ടിക്കൊള്ളട്ടെ എന്നു കരുതിയാണ്. പക്ഷേ  ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയിലായി മാണി.

ബാർ കോഴ കേസ് അന്വേഷണത്തിൽ  വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർ റെഡ്‌ഡി ഇടപെട്ടെന്നും തന്‍റെ മേൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ട് തിരുത്തിച്ചെന്നും ചൂണ്ടിക്കാട്ടി എസ്.പി സുകേശൻ സമർപ്പിച്ച ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ തെളിവൊന്നുമില്ലാതെ തന്നെ കുറ്റവിമുക്തനാക്കിയെന്ന മാണിയുടെ അവകാശവാദം പൊളിയുകയാണ്. അടച്ച ബാറുകൾ തുറക്കാനും തുറക്കാതിരിക്കാനും മാണി കോഴ വാങ്ങിയെന്ന് ബാറുടമകൾ വെളിപ്പെടുത്തിയിരുന്നു. അര നൂറ്റാണ്ടു കാലത്തെ സംശുദ്ധ രാഷ്ട്രീയത്തിന്‍റെ അവതാരമായി വിളങ്ങി നിന്നിരുന്ന മാണിക്ക് മേൽ ബാർ കോഴ ആരോപണം വന്നു പതിച്ചതോടെ നാനാവിധ കോഴകളുടെ അധ്യായങ്ങൾ ഒന്നിന് പിറകെ ഒന്നായി തുറന്നു. പൊതുജന മധ്യത്തിൽ മാണി തുറന്നു കാട്ടപ്പെട്ടു.  വർഷങ്ങളായി മാണി ബജറ്റ് വിൽപന നടത്തി വരികയായിരുന്നുവെന്നു  വരെ ആക്ഷേപം ഉയർന്നു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആൾ തന്നെ തനിക്കു മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ഏറ്റു പറയുമ്പോൾ അതു അവിശ്വസിക്കാൻ ഒരു പഴുതും കാണുന്നില്ല. കാരണം എസ്.പി സുകേശൻ ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ മാണി അഴിമതി നടത്തിയെന്ന വ്യക്തമായ സൂചന ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ റിപ്പോർട്ടിൽ മാണിയെ തീർത്തും വെള്ള പൂശുകയായിരുന്നു. യു.ഡി.എഫ് സർക്കാറിന്‍റെ  ശക്തമായ സമ്മർദ്ദം ഇക്കാര്യത്തിൽ ഉണ്ടായിക്കാണുമെന്നത് പകൽ പോലെ സത്യമാണ്. വഴിവിട്ടു രക്ഷിച്ചെടുക്കാൻ ശ്രമിച്ചിട്ടും മാണി എന്തിനു യു.ഡി.എഫ് വിട്ടു  എന്ന ചോദ്യം ഇവിടെ ഉയരുക സ്വാഭാവികം.

ബാർ കോഴയുടെ ദുർഗന്ധം തന്‍റെ മേൽ പരന്നത് നീങ്ങി കിട്ടിയേക്കും എന്ന പ്രതീക്ഷയിലാകണം മാണി മുന്നണി വിട്ടത്. അല്ലാതെ യു.ഡി. എഫ് വിടാൻ പ്രത്യേകിച്ച് രാഷ്ട്രീയ കാരണങ്ങളില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിച്ചു കോൺഗ്രസിന്‍റെയും ലീഗിന്‍റെയുമെല്ലാം വോട്ട് വാങ്ങി ജയിച്ച ശേഷം പുറത്തേക്ക് പോയതു രാഷ്ട്രീയ നെറികേടാണ്. അതല്ലെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പ് മാണി മുന്നണി വിടണമായിരുന്നു. അഥവാ യു.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ മാണി ഇപ്പോൾ മന്ത്രിയായി ഇരിക്കുമെന്നതു മറ്റൊരു കാര്യം. അപ്പോൾ വ്യക്തിപരമായ ഒരജണ്ടയുടെ പേരിൽ, അതും യാതൊരു നീതീകരണവുമില്ലാത്ത ഒന്നിന്‍റെ പേരിൽ മുന്നണി വിട്ട മാണിക്ക് ബാർകോഴയിലെ തുടരന്വേഷണ വിധി കരണത്തു അടിയേറ്റ അനുഭവമാണ് നൽകിയിരിക്കുന്നത്.

മാണിയുമായി മുന്നണി ബാഹ്യ സഹകരണത്തിന് ഒരുങ്ങുന്ന എൽ.ഡി.എഫിനും ഇനി മുന്നോട്ടു വെച്ച കാൽ പിന്നോട്ട് വെക്കേണ്ടി വരും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ബന്ധം തുടരുമെന്ന് മുന്നണി വിട്ടപ്പോൾ മാണി പ്രഖ്യാപിച്ചെങ്കിലും സി.പി.എമ്മുമായി ചില നീക്കുപോക്കുകൾക്കു വഴി ഒരുങ്ങുന്നുണ്ടായിരുന്നു. അതനുസരിച്ചു ചില തദ്ദേശ സ്ഥാപനങ്ങളിൽ ഭരണ അട്ടിമറി നടക്കാനിരിക്കെയാണ്‌ അസ്വസ്ഥത ഉണ്ടാക്കുന്ന കോടതി വിധി വന്നിരിക്കുന്നത്. മാണിയെ പരോക്ഷമായി സി.പി.എം ക്ഷണിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫിന്‍റെ ഭാഗമാക്കാൻ കഴിയില്ല. അതു മാണിക്കും അറിയാം. വർഷങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന നാഷണൽ ലീഗ് ഇപ്പോഴും മുന്നണിയുടെ പുറമ്പോക്കിലാണ്. കേരളാ കോൺഗ്രസിനെ പോലൊരു പാർട്ടിക്ക് അത് സാധ്യമല്ല.

ബി.ജെ.പിയുമായി ചേർന്ന് എൻ.ഡി.എയുടെ ഭാഗമാവുക എന്നതും നടപ്പില്ലാത്ത കാര്യമാണ്. മാണി അഴിമതിക്കാരൻ ആണെന്നാണ് ബി.ജെ.പിയുടെ പൊതു നിലപാട്. എൻ.ഡി.എയിൽ ചേരാൻ ശ്രമിച്ചാൽ പാർട്ടിയിൽ വലിയ തോതിൽ പിളർപ്പുണ്ടായി മാണി ഒറ്റപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ യു.ഡി.എഫിലേക്കു തിരിച്ചു പോകുക മാത്രമാണ് മാണിയുടെ മുന്നിലെ ഏക പോംവഴി. എന്തിനു പോയി എന്ന ചോദ്യത്തിന് അപ്പോൾ മാണി ഉത്തരം പറയേണ്ടി വരും. ഏതായാലും അകെ മുങ്ങിയിരിക്കുമ്പോൾ പിന്നെന്തു കുളിര്...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.