ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശം

മണ്ണെണ്ണ മറിഞ്ഞുപോയതിന് ഭര്‍ത്താവ് ഉപദ്രവിക്കുമെന്ന പേടിയാല്‍ വഴിയരികിലിരുന്ന് കരയുകയായിരുന്ന സ്ത്രീക്കു മുമ്പില്‍ രക്ഷകനായി അവതരിക്കുകയും മണ്ണില്‍ കുത്തിയ ചൂണ്ടുവിരലിലൂടെ നിലം കുടിച്ച മണ്ണെണ്ണ പാത്രത്തിലേക്ക് തിരിച്ചെടുത്തുകൊടുക്കുകയും ചെയ്ത ദിവ്യനാണ് ഉസ്ബകിസ്താനിലെ ബുഖാറയില്‍ നിന്ന് വര്‍ളി ദ്വീപിലത്തെിയ സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയെന്നാണ് ഐതിഹ്യം. ധനാഢ്യനായ അദ്ദേഹം സ്വത്തെല്ലാം ദാനംചെയ്ത് തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകവെ മരണമടയുകയും യാത്രക്കുമുമ്പുള്ള ഒസ്യത്ത് പ്രകാരം ഒപ്പമുള്ളവര്‍ പെട്ടിയിലാക്കി കടലില്‍ തള്ളിയ മൃതദേഹം വര്‍ളി തീരത്തു നിന്ന് അഞ്ഞൂറടി അകലെ കടലില്‍ പാറക്കൂട്ടങ്ങളില്‍ വന്നടിയുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. മൃതദേഹം വന്നടിഞ്ഞിടത്താണ് ഹാജി അലി ദര്‍ഗ 1431 ല്‍ സ്ഥാപിതമായത്. കടലിലെ ദര്‍ഗയിലേക്കു നീളുന്ന വഴി മൂടിയുള്ള വേലിയേറ്റവും വഴിതുറക്കുന്ന വേലിയിറക്കവും ഹെതിഹ്യങ്ങള്‍ക്ക് മെമ്പൊടി തീര്‍ത്തു.

ദര്‍ഗ സ്ഥാപിതമായതുതൊട്ട് ജാതി, മത, ലിംഗ ഭേദമില്ലാതെ ആളുകള്‍ ദര്‍ഗയില്‍ വന്നുകൊണ്ടിരുന്നു. സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടത്തില്‍ തൊടുകയും തൊട്ടരികത്തു നിന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, പതിറ്റാണ്ടുകളായുള്ള ആ പാരമ്പര്യം  2011 ല്‍ തിരുത്തപ്പെട്ടു. ഇനി പെണ്ണായിട്ടുള്ളവര്‍ സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടത്തിനടുത്ത് വരുകയൊ തൊടുകയൊ അരുത്. അത് ഇസ്ലാമിക വിരുദ്ധമാണെന്നും ഇത്രയും നാള്‍ അത് തിരിച്ചറിഞ്ഞില്ളെന്നും തെറ്റ് തിരുത്തുകയാണെന്നും ഹാജി അലി ദര്‍ഗാ ട്രസ്റ്റ് പ്രഖ്യാപിച്ചു. അന്യ പുരുഷന്‍െറ ഖബറിടം സ്ത്രീ സന്ദര്‍ശിക്കുന്നത് ഇസ്ലാമില്‍ കൊടും പാപമാണ്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീയും പുരുഷനും തൊട്ടുരുമാനിടയാകുന്നത് പുരുഷന് മാനസികമായും സ്ത്രീക്ക് ശാരീരികമായും പ്രശ്നമുണ്ടാക്കും. ഇതൊക്കെയായിരുന്നു സ്ത്രീ പ്രവേശ നിരോധത്തിന് ട്രസ്റ്റ് നിരത്തിയ വാദങ്ങള്‍. സ്ത്രീകള്‍ക്ക് ഖബറിടത്തിന് മൂന്നടി അകലെ വരെ ചെല്ളൊന്‍ മാത്രമെ ഇതോടെ അനുമതിയുള്ളൂ. എന്നിട്ടും ജാതി, മത, ലിംഗ ഭേദമില്ലാതെ ആളുകള്‍ ദര്‍ഗയിലത്തെി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദര്‍ഗയിലെ ഖവാലി കേട്ടും കടല്‍കാറ്ററിഞ്ഞും നിത്യ ജീവിതത്തിലെ വേദനകള്‍ മറന്നിരിക്കുന്നവരുടെ ചിത്രത്തിന് മാറ്റംവന്നില്ല. സ്ത്രീകള്‍ ഖബറിടത്തിലേക്ക് കയറുന്നില്ളെന്ന് മാത്രം.

2012 ല്‍ സന്നദ്ധ സംഘടനയായ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ പ്രവര്‍ത്തകര്‍ ദര്‍ഗയിലത്തെിയപ്പോള്‍ അവര്‍ക്ക് ഖബറിടത്തിലേക്ക് പ്രവേശം നിഷേധിക്കപ്പെട്ടതോടെയാണ് ട്രസ്റ്റിന്‍െറ തീരുമാനം പരസ്യമായി ചോദ്യംചെയ്യപ്പെടുന്നത്. അതുവരെ ആരും ട്രസ്റ്റ് തീരുമാനത്തെ ചോദ്യംചെയ്തില്ല. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ പരാതിയുമായി ആദ്യം ചെന്നത് മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷനടുത്താണ്. അവരാകട്ടെ തങ്ങള്‍ക്കിതില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. തുടര്‍ന്ന്, രണ്ട് വര്‍ഷം മുമ്പാണ് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ പൊതു താല്‍പര്യ ഹരജിയുമായി ബോംബെ ഹൈക്കോടതിയില്‍ ചെല്ലുന്നത്. രാജ്യത്ത് അസഹിഷ്ണുത ഉച്ഛിയിലത്തെി നില്‍ക്കുന്നുവെന്ന രാഷ്ട്രീയാന്തരീക്ഷമായിരുന്നു അപ്പോള്‍. മതകാര്യങ്ങളിലെ തങ്ങളുടെ ഇടപെടല്‍ ദുര്‍വ്യാഖ്യാനംചെയ്യപ്പെടുന്ന സാഹചര്യത്തെ കോടതിയും ഭയപ്പെട്ടിരുന്നു. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ പ്രവര്‍ത്തകരായ നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹരജിയില്‍ ജഡ്ജിമാരുടെ ആദ്യ പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്. കോടതിക്കു പുറത്ത് ഹരജിക്കാരും ഹാജി അലി ദര്‍ഗ ട്രസ്റ്റും വിഷയം ചര്‍ച്ചചെയ്ത് പരിഹരിച്ച് വിവരം അറിയിക്കാനാണ് കോടതി ആദ്യം പറഞ്ഞത്. എന്നാല്‍, ട്രസ്റ്റ് അംഗങ്ങളുടെ  ‘പുരുഷ മേധാവിത്വ ബോധം’ സ്ത്രീകളുമായുള്ള ചര്‍ച്ചക്ക് വഴങ്ങിയതേയില്ളെന്ന പരാതിയുമായി വീണ്ടും വനിതകള്‍ കോടതിയില്‍ ചെല്ലുകയായിരുന്നു. വാദ പ്രതിവാദങ്ങള്‍ നീട്ടിവെക്കലും ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രീം കോടതി വിധി വരട്ടെ എന്നതടക്കമുള്ള ഒഴിഞ്ഞുമാറലുമായി രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി വിധി പ്രഖ്യാപിക്കുന്നത്.

സ്ത്രീകളുടെ പ്രവേശാവകാശം തടയുന്നത് ലിംഗപരാമയ വിവേചനവും മൗലീകാവകാശത്തിന്‍െറ ലംഘനവുമാണെന്നാണ് ജസ്റ്റിസുമാരായ വി.എം കനാഡെ, രേവതി മോഹിതെ ദരെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. ദര്‍ഗയിലത്തെുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനും ട്രസ്റ്റിനുമാണെന്ന് കോടതി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ബോംബെ ഹൈകോടതി വിധി മത കാര്യങ്ങളിലെ പുരുഷമേധാവിത്വത്തിനുള്ള തിരിച്ചടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മതകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും നടപ്പാക്കുന്നതിനും ഭരണഘടനയുടെ 26 ാം വകുപ്പ് അനുവദിക്കുന്ന അവകാശത്തിന്‍െറ ലംഘനമാണ് വിധിയെന്നാണ് ഹാജി അലി ദര്‍ഗ ട്രസ്റ്റിന്‍െറ പ്രതികരണം. അതിനാല്‍ അവര്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ്. വിധി പഠിച്ച് സുപ്രീംകോടതിയില്‍ അപ്പീലുനല്‍കാന്‍ ട്രസ്റ്റിന് ഒന്നരമാസത്തെ സമയം അനുവദിച്ച ഹൈക്കോടതി അതുവരെ സ്ത്രീപ്രവേശാവകാശം അനുവദിച്ച വിധി മരവിപ്പിക്കുകയാണ് ചെയ്തത്.

സ്ത്രീയുടെ ദര്‍ഗാ പ്രവേശാവകാശവുമായി ബന്ധപ്പെട്ട വിധി പള്ളികളെ ബാധിക്കുമെന്നും ഇല്ളെന്നുമുള്ള വാദപ്രതിവാദങ്ങളുണ്ട്. ഹാജി അലി ദര്‍ഗാ കേസിലെ വിധി പള്ളികളിലെ സ്ത്രീപ്രവേശാവകാശവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് വഴിതുറക്കുന്നുവെന്നാണ് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍െറ പ്രതികരണം. കഴിഞ്ഞ നാലുമാസത്തിനിടെ ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വിധിയാണ് ഹാജി അലി ദര്‍ഗ തര്‍ക്കത്തിലേത്. മഹാരാഷ്ട്രയിലെ അഹമദ് നഗറിലുള്ള ഷാനി ഷിങ്ക്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശാവകാശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 31 ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.എച്ച് വഗെലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് ആദ്യത്തേത്. ക്ഷേത്രത്തിനകത്തെ പ്രധാന പ്രതിഷ്ഠക്കടുത്ത് സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കുന്നത് ലിംഗ വിവേചനമാണെന്നും മൗലീകാവകാശത്തിന്‍റെ ലംഘനമാണെമന്നുമുള്ള ഹരജിക്കാരായ അഭിഭാഷക നീലിമ വര്‍തക് സാമൂഹ്യ പ്രവര്‍ത്തക വിദ്യാ ബാല്‍ എന്നിവരുടെ വാദം അംഗീകരിച്ച കോടതി സ്ത്രീകള്‍ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. പുരുഷന്മാര്‍ക്ക് പ്രധാന പ്രതിഷ്ഠക്കടുത്ത് പോകാമെങ്കില്‍ സ്ത്രീകള്‍ക്കുമാകാമെന്ന് പറഞ്ഞായിരുന്നു വിധി. ഏതു ജാതിയിലും വിഭാഗത്തിലും ഉള്‍പെട്ട ഹിന്ദുവിന് ആരാധനാലയത്തില്‍ പ്രവേശം നിഷേധിക്കുന്നത് കുറ്റമായി കാണുകയും തടയുന്നവര്‍ക്ക് ആറ് മാസം തടവ് ശിക്ഷ നിര്‍ദേശിക്കുകയും ചെയ്യുന്ന 1956 ലെ മഹാരാഷ്ട്ര ഹിന്ദു പ്ളേസസ് ഓഫ് പബ്ളിക് വര്‍ഷിപ്പ് (എന്‍ഡ്രി ഓതറൈസേഷന്‍ ) നിയമം നിര്‍ബന്ധമായും നടപ്പാക്കണമെന്ന നിര്‍ദേശം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കുകയും ചെയ്തു.

ഈ രണ്ട് വിധികളും മത, ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് എതിരെയുള്ള വിധികളായാണ് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍, തൃപ്തി ദേശായിയുടെ ഭൂമാതാ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനങ്ങള്‍ കാണുന്നത്. ഇവിടുന്നങ്ങോട്ട് ലിംഗ വിവേചനം നിലനില്‍ക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ സമര, നിയമ പോരാട്ടങ്ങള്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് സന്നദ്ധ സംഘടനകള്‍ നല്‍കുന്നത്. ഹാജി അലി ദര്‍ഗ തര്‍ക്കത്തിലെ കോടതി വിധി രാജ്യത്തെ മുസ്ലിം പള്ളികള്‍ക്ക് ബാധമാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. ദര്‍ഗയും പള്ളിയും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും ആരാധനാലയങ്ങളാണെന്നത് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഹാജി അലി, മാഹിമിലെ മഖ്ദൂം അലി മാഹിമി തുടങ്ങി 19 ഓളം ദര്‍ഗകള്‍ മുംബൈ നഗരത്തിലുണ്ട്. ഇവയില്‍ ഹാജി അലി അടക്കം നാലോളം ദര്‍ഗകളിലാണ് സ്ത്രീ പ്രവേശം നിരോധിക്കപ്പെട്ടത്. ശേഷിച്ചിടത്തെല്ലാം സ്ത്രീകള്‍ക്ക് ദര്‍ഗക്കകത്തെ ഖബറോളം കടന്നുചെല്ലാം. ദര്‍ഗകളും അവിടുത്തെ ഖവാലികളും ഏഴു ദ്വീപുകള്‍ ചേര്‍ന്ന മുംബൈ നഗര സംസ്കാരത്തിന്‍െറ ഭാഗമാണ്. എന്നിരിക്കെ, സ്ത്രീകളുടെ ദര്‍ഗാ പ്രവേശവുമായി ബന്ധപ്പെട്ട വിധിക്ക് നഗരസംസ്കാര ചിന്തയോളമേ മത കേന്ദ്രങ്ങളും മൂല്യം കല്‍പിക്കുന്നുള്ളു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT