രാജ്യം ഈ പുല്‍ച്ചാടികള്‍ കൂടി ഉള്‍പ്പെട്ടതാണ്...

തിരുവനന്തപുരത്തുനിന്ന് സിയാച്ചിനിലെ മഞ്ഞുമലകള്‍ കീഴടക്കാന്‍ പോകുന്ന സമയത്തിന്‍െറയും പരിശ്രമത്തിന്‍െറയും പത്തിലൊന്ന് വേണ്ടിവരില്ല പുല്‍പള്ളി ചെതലയം പൂവഞ്ചി കോളനിയിലത്തൊന്‍. അവിടെയത്തെിയാല്‍ ചിറകൊടിഞ്ഞുപോയ നമ്മുടെ പുല്‍ച്ചാടിയെ കാണാം. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ കൂരക്കുമുന്നില്‍ ജീവിതം ത്രിശങ്കുവിലായ അവന്‍െറ ഒക്കത്ത് മൂന്നു മാസം പ്രായമുള്ള സജിത കരഞ്ഞുറങ്ങുകയാണ്. സിന്ധുവിന്‍െറ മടിയില്‍ രണ്ടര വയസ്സുള്ള മനീഷയും. അഭ്രപാളികളില്‍ നമ്മെ വിസ്മയിപ്പിച്ച പുല്‍ച്ചാടി 21ാം വയസ്സിന്‍െറ ഇളമയില്‍ രണ്ടു കുട്ടികളുടെ അച്ഛനാണിപ്പോള്‍. വാകേരി സി.സിയിലെ ഏലത്തോട്ടത്തില്‍ ചോര നീരാക്കി പണിയെടുത്തിട്ടും ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവന് കഴിയുന്നില്ല.

മണി മോഹൻലാലിനൊപ്പം
 

ചെതലയത്തെ പ്രകൃതിഭംഗി കാണേണ്ടതുതന്നെയാണ്. വന്യമൃഗങ്ങളോടും കുരങ്ങുപനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളോടും മല്ലിട്ട് ജീവിതം തള്ളിനീക്കുന്ന ആദിവാസി സഹോദരങ്ങളുടെ ജീവിതം കാണാന്‍ ആഗ്രഹമില്ലെങ്കിലും. മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്തുമണിവരെ സസുഖം കമ്പളിയില്‍ കിടന്നുറങ്ങാന്‍ പൂവഞ്ചി കോളനിയിലെ ആദിവാസി യുവാക്കള്‍ക്ക് കഴിയില്ല. പല്ലുതേക്കാന്‍ മുതല്‍ കുളിക്കാന്‍ വരെ ചൂടുവെള്ളം തരുന്ന ഗീസറുകള്‍ പോയിട്ട് അവന്‍െറ വീടിന്‍െറ നാലയലത്തുപോലും ഒരിറ്റു കുടിവെള്ളം തരുന്ന കിണറുകളില്ല. അതിര്‍ത്തി കാക്കുന്ന ജവാന്മാരെപ്പോലെ ഈ പ്രാക്തന ഗോത്ര വര്‍ഗക്കാരും കോടമഞ്ഞിനെയും കൊമ്പില്‍ കോര്‍ക്കാനത്തെുന്ന ഒറ്റയാന്മാരെയും തൃണവല്‍ഗണിച്ച് കാട്ടുപാതകളിലൂടെ അന്നന്നത്തെ അന്നത്തിനു വേണ്ടി യാത്ര തുടങ്ങുകയാണ്.

മണി
 

സ്വയം പൂര്‍ണനെന്നവകാശപ്പെടുന്ന നടനവിസ്മയത്തിന്‍െറ സാമൂഹിക പ്രബന്ധരചനാ കുറിപ്പുകളുടെ മൂന്നു പര്‍വം പിന്നില്‍ കുറിച്ചുവെച്ചതില്‍ ഇങ്ങനെയുണ്ടായിരുന്നു. ‘നമുക്കാര്‍ക്കും ആത്മാര്‍ഥതയില്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല. ഇത്രയും പണവും പദ്ധതികളും എവിടെപ്പോയി എന്നും ഇനി അതൊക്കെ വേണ്ട വിധത്തിലാണ് ചെലവഴിച്ചതെങ്കില്‍ പിന്നെയും ഈ കുട്ടികള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് എന്നും നാം അന്വേഷിക്കണം.’ മാലിന്യം ഭക്ഷിക്കുന്ന ആദിവാസി ബാല്യത്തിന്‍െറ ദൈന്യതകളില്‍ തത്വശാസ്ത്രത്തിന്‍െറ മഷി പുരട്ടിയുള്ള സാരോപദേശത്തില്‍ ഇങ്ങനെയും ചില പരാമര്‍ശങ്ങള്‍- ‘ആദിവാസി ബാലന്മാര്‍ മാലിന്യം ഭക്ഷിക്കുന്ന വാര്‍ത്ത ചിത്രസഹിതം നമ്മുടെ ഹോട്ടലുകളിലും വീട്ടിലെ ഭക്ഷണമുറികളിലും ചില്ലിട്ട് തൂക്കണം. ഒരു മണി ചോറ് കളയുമ്പോള്‍ ഈ ചിത്രം കാണണം. അതൊരു ഷോക് ട്രീറ്റ്മെന്‍റാകണം. ഈ വിഷയത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത വന്നിട്ടും അതിന്‍െറ പേരില്‍ വലിയ ഞെട്ടലോ ബഹളമോ ഒന്നും നമുക്കിടയില്‍ ഉണ്ടായില്ല  എന്നതാണത്.’

മണിയും കുടുംബവും
 

അതേ സര്‍.. ഇവര്‍ ഇങ്ങനെയാക്കെയായാല്‍ ആര്‍ക്കും ഞെട്ടലും അതിശയവുമുണ്ടാകില്ല. അതാണു നാട്ടുനടപ്പ്. അതല്ലെങ്കില്‍ സംസ്ഥാനത്തെ മികച്ച ബാലനടനുള്ള അവാര്‍ഡ് വാങ്ങിയ മണിയെന്ന പുല്‍ച്ചാടി കുഞ്ഞുപ്രായത്തില്‍ കുടുംബത്തിലേക്ക് അരി വാങ്ങാന്‍ പണം തേടി കോഴിക്കോട് പൂവാട്ടുപറമ്പിലെ പൊരിവെയിലില്‍ റോഡുപണിയെടുക്കുന്നതു കാണുമ്പോള്‍ ഒപ്പം അഭിനയിച്ച സൂപ്പര്‍സ്റ്റാറുകള്‍ക്കെങ്കിലും പൊള്ളണമായിരുന്നു. തന്നോടൊപ്പം തകര്‍ത്തഭിനയിച്ച പറക്കമുറ്റാത്തൊരു ആദിവാസി ബാലനും അവന്‍െറ നിറമുള്ള സ്വപ്നങ്ങളും ടാര്‍വീപ്പക്കരികെ ഉരുകിയൊലിക്കുമ്പോള്‍ ഇടപെടണമായിരുന്നു. ചില്ലിട്ട് ചുമരില്‍ തൂക്കാതെ തന്നെ അതൊരു ഷോക് ട്രീറ്റ്മെന്‍റാകണമായിരുന്നു. പിന്നീട് അഭിനയിക്കാന്‍ ഒരു റോളെങ്കിലും അവന് വാങ്ങിക്കൊടുത്തില്ലെന്നതു പോകട്ടെ, കാറു കഴുകുന്ന ജോലിയെങ്കിലും അവന് നല്‍കാമായിരുന്നു. വലപ്പോഴും ആശ്വാസധനമായി പത്തു മുക്കാല്‍ സൂപ്പര്‍താരത്തില്‍നിന്ന് അവന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്‍െറ ഒരു ഫോണ്‍കാള്‍ അവന്‍ അത്രമേല്‍ ആരാധനയോടെ പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും ഒരു തവണ എവിടുന്നൊക്കെയോ നമ്പര്‍ സംഘടിപ്പിച്ച് അവന്‍ വിളിച്ചപ്പോഴെങ്കിലും അവനെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തണമായിരുന്നു.



പുല്‍ച്ചാടിയിപ്പോള്‍ ആരെയും കല്ലെറിയുന്നും തെറിപറയുന്നുമില്ല. സമരമുഖങ്ങളിലും ആര്‍ക്കുമവനെ കാണാനാവില്ല. വിടരുംമുമ്പേ കൂമ്പടഞ്ഞുപോയ സ്വപ്നജീവിതം തകര്‍ന്നുപോയതിനും അവന് പരിഭവമില്ല. മനീഷക്കും സജിതക്കും നല്‍കാമായിരുന്ന പോഷകാഹാരങ്ങളുടെ രുചിക്കൂട്ടുകളും അവനെ മദിക്കുന്നില്ല. കൂലിപ്പണി കഴിഞ്ഞ് തിരിച്ചുവന്ന് രാത്രിയില്‍ മതിമറന്നുറങ്ങാന്‍ അവന്‍െറ കൂരയില്‍ കമ്പിളിയുമില്ല. അപ്പോഴെല്ലാം ആ കാട്ടുതീരത്ത്, ഒരു തുമ്പിക്കൈ കൊണ്ടുവലിച്ചാല്‍ തവിടുപൊടിയാവുന്ന കൂരയില്‍, മരം കോച്ചുന്ന മഞ്ഞില്‍, പട്ടിണിയോടു പടവെട്ടി, കുടിവെള്ളവും കക്കൂസുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇല്ലായ്മയുടെ മുറ്റത്ത് നിസ്സഹായരും ഹതഭാഗ്യരുമായി ഒരുപാടു പുല്‍ച്ചാടിമാരുണ്ട്. അപ്പോഴും അവന്‍െറ മനസ്സില്‍ അങ്ങ് ദൂരെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ പണക്കിലുക്കവും അഭിനയചാരുതയുമായി പറന്നുനടക്കുന്ന മാതൃകാതാരമാണ്.

രാജ്യം എന്നത് ഈ പുല്‍ച്ചാടികള്‍ കൂടി ഉള്‍പ്പെട്ടതാണ് സര്‍. അവരുടെ കോളനികളും പട്ടിണിയും മാറാരോഗങ്ങളും പണിതീരാത്ത വീടുകളും എല്ലുംതോലുമായ പിഞ്ചു പൈതങ്ങളുമൊക്കെയാണ്. മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ അവര്‍ കൊള്ളുന്ന മഴയും കുടകിലെ കീശനാശിനി നിറഞ്ഞ വായുവും കുടിക്കാന്‍ കിട്ടാതെ പോകുന്ന ജലവുമൊക്കെയാണ്. ഒടുവില്‍ അവര്‍ മരിച്ചൊടുങ്ങുമ്പോള്‍ വെന്തലിയേണ്ട അടുക്കളകളാണ്. അവരെ ചേര്‍ത്തുനിര്‍ത്തുക സര്‍ക്കാറിന്‍െറ മാത്രം ജോലിയല്ല. അവരെ അറിയുന്ന താരരാജാക്കന്മാരുടെയും ബാധ്യതയാണ്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.