കേരളത്തില്‍ നടന്ന ഡിഫ്തീരിയ മരണങ്ങളേക്കാള്‍ വാര്‍ത്തയായത് സ്കൂള്‍ പ്രവേശത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുമെന്ന സര്‍ക്കാറിന്‍റെ നിര്‍ദേശമാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് അതോടെ മൂര്‍ച്ചകൂടി. വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന ഡിഫ്തീരിയ വീണ്ടും മക്കളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടും ‘‘മരുന്നു കമ്പനികളുടെ കൊള്ളയും ഡോക്ടര്‍മാരുടെ കമീഷന്‍ പറ്റലും’’ കവല പ്രസംഗങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലെ ലേഖനങ്ങളിലും നിറഞ്ഞു. ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്: വാക്സിന്‍ ആവശ്യമുണ്ടോ, അവ സുരക്ഷിതമാണോ, എന്തുകൊണ്ട് വാക്സിന്‍ നിര്‍ബന്ധിതമാക്കണം എന്നിവ.
വാക്സിനുകള്‍ ആവിര്‍ഭവിക്കുന്നത് രോഗാണുക്കളെപ്പറ്റിയോ അവയുടെ പ്രവര്‍ത്തന രീതികളെയോ, ശാരീരിക പ്രതികരണങ്ങളെയോപറ്റി വേണ്ടത്ര അറിവുണ്ടായിരുന്നപ്പോഴല്ല. വിശേഷിച്ചും വസൂരിക്കെതിരായ വാക്സിന്‍. ഗോവസൂരി വന്നവര്‍ക്കു വസൂരി വരാറില്ല എന്ന നാട്ടറിവിനെ പ്രയോജനപ്പെടുത്തി എഡ്വേര്‍ഡ് ജന്നര്‍ എന്ന ബ്രിട്ടീഷ് ഭിഷഗ്വരന്‍ നടത്തിയ പഠനങ്ങളാണ് 1776ല്‍ വസൂരി വാക്സിനില്‍ എത്തിച്ചേരുന്നത്. വാക്സിനേഷന്‍ നിലവില്‍വന്നതോടെ യൂറോപ്പും മറ്റ് വികസിതരാജ്യങ്ങളും അത് സ്വാഗതം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. 1959ല്‍ ആരംഭിച്ചു 1980ല്‍ പൂര്‍ത്തീകരിച്ച വസൂരി നിര്‍മ്മാര്‍ജന പരിപാടി വിജയിച്ചില്ലായിരുന്നെങ്കില്‍ ഇന്നും ലക്ഷക്കണക്കിനാളുകള്‍ ഈ രോഗത്തിനടിമപ്പെട്ടു മരണപ്പെടുമായിരുന്നു, അന്ധരായി മാറുമായിരുന്നു. എന്നാല്‍, കാത്തിരുന്ന ഒരു കണ്ടുപിടിത്തമായിട്ടും ഇതിനെതിരായുള്ള പ്രചാരണങ്ങളും ആരോപണങ്ങളും ചെറുതല്ലായിരുന്നു. എന്നാല്‍, വസൂരി രോഗത്തിനു ഫലപ്രദമായ മറ്റൊരു ചികില്‍സയും അന്നും ഇന്നും ലഭ്യമല്ലയെന്നതാണ് സത്യം. അതായത് വസൂരിക്ക് പ്രതിരോധം മാത്രമേ സാധ്യമാകൂ. അതു തന്നെയാണ് ഇന്നു വാക്സിന്‍ മൂലം തടയാന്‍ ശ്രമിക്കുന്ന മിക്കവറും രോഗങ്ങളുടെ കാര്യവും.
വസൂരി പ്രതിരോധത്തിനു ശേഷം നിലവില്‍വന്ന ഒന്നാണ് പേവിഷബാധക്കെതിരായുള്ള റാബീസ് വാക്സിന്‍. രോഗാണുക്കളെ നിര്‍വീര്യമാക്കി ശരീരത്തില്‍ പ്രയോഗിച്ചാല്‍ അതു രോഗമുണ്ടാക്കാതെതന്നെ പ്രതിരോധം സൃഷ്ടിക്കുമെന്ന ലൂയി പാസ്ച്ചറുടെ കണ്ടുപിടിത്തമാണ് റാബീസ് വാക്സിനില്‍ എത്തിച്ചേരുന്നത്. എന്തിനും ഏതിനും ചികില്‍സയുണ്ടെന്നവകാശപ്പെടുന്ന ഹോമിയോപ്പതിയോ മറ്റു ബദല്‍ ചികിത്സാ രീതികളോ പേ വിഷബാധയേറ്റ് ദാരുണാന്ത്യത്തിലേക്ക് കടക്കുന്നവരുടെ സഹായത്തിനെത്തിച്ചേര്‍ന്നതായി തെളിവില്ല. പേവിഷ ബാധയേറ്റാല്‍ നൂറുശതമാനം മരണമെന്ന അവസ്ഥയാണ് വാക്സിന്‍ വഴി മാറ്റി എഴുതാന്‍ ലൂയി പാസ്ച്ചറിന് കഴിഞ്ഞത്. പ്രതിരോധ കുത്തിവെപ്പുകളെ പരിഹസിക്കുന്നവരെ പട്ടികടിച്ചാലും രഹസ്യമായെങ്കിലും റാബിസ് വാക്സിനെടുക്കുമെന്നുറപ്പണ്. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് മിക്കവാറുമെല്ലാ വാക്സിനുകളുടെയും സ്ഥിതി.
അതുപോലെത്തന്നെ പ്രസക്തമായ ഒന്നാണ് ബാക്റ്റീരിയകള്‍ ആന്‍റിബയോട്ടിക്കുകളെ അതീജിവിക്കാനുള്ള ക്ഷമത കൈവരിക്കുന്നത്. ആന്‍റിബയോട്ടിക്കുകള്‍ ബാക്റ്റീരിയ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ പര്യാപ്തമായ ഒരുപാധിയാണ്. ഇവയുടെ ആവിര്‍ഭാവവും ഉപയോഗവും സാധാരണമായിട്ട് 5-6 പതിറ്റാണ്ടുകളായിട്ടേ ഉള്ളൂവെങ്കിലും പല ആന്‍റിബയോട്ടിക്കുകളും ഇന്നു ഉപയോഗ ശൂന്യമാകത്ത തരത്തില്‍ വിവിധതരം രോഗാണുക്കള്‍ ഇവക്കെതിരെ രോധമാര്‍ജ്ജിച്ചു വരുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവിധ ഒൗഷധങ്ങളോടു രോധമാര്‍ജ്ജിച്ച ക്ഷയരോഗം. എന്നാല്‍ ഇങ്ങനെയുള്ള പലരോഗങ്ങളും പ്രതിരോധ കുത്തിവെപ്പുകള്‍ വഴി തടയാനാകുന്നവയാണ്. ടൈഫോയ്ഡും ന്യുമോണിയയുമൊക്കെ ഇക്കൂട്ടത്തില്‍ വരും. വാക്സിനുകള്‍ വഴി ഇത്തരം രോഗബാധിതരുടെ എണ്ണം കുറയുന്നതും വ്യാപകമായ ആന്‍റിബയോട്ടിക് ഉപയോഗം കുറയുന്നതും രോധമാര്‍ജ്ജിച്ച അണുക്കളുടെ ആവിര്‍ഭാവത്തിനു തടയിടാന്‍ സഹായിക്കും. നേരത്തെ സൂചിപ്പിച്ച പോലെ വൈറസ് രോഗങ്ങള്‍ അധികവും ആന്‍റിബയോട്ടിക്കുകള്‍ക്ക് വഴങ്ങുന്നവയല്ല, ബാക്റ്റീരിയകള്‍ അതിവേഗം രോധമാര്‍ജ്ജിക്കുന്നു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും പ്രതിരോധ മരുന്നുകള്‍ രക്ഷകനാകുമെന്നോര്‍ക്കണം.
ഇക്കാരണങ്ങളാല്‍ തന്നെ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ണായക സ്ഥാനമാണ് പ്രതിരോധ മരുന്നുകള്‍ക്കുള്ളത്. ലോകത്തിന്‍റെ പലഭാഗങ്ങളിലും അസാധാരണമായിക്കഴിഞ്ഞിട്ടുള്ള പോളിയോ, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, മഞ്ഞപ്പിത്തം ഒക്കെ നിയന്ത്രണവിധേയമാകുന്നത് വാക്സിന്‍ ഉപയോഗം മൂലമാണെന്നതിനുള്ള തെളിവുകളുണ്ട്. ഇവയിലേതിന്‍റെയെങ്കിലും വാക്സിന്‍ ഉപയോഗം കുറയുന്ന സന്ദര്‍ഭങ്ങളിലൊക്കെ അവ തിരിച്ചുവരവ് നടത്തുന്നതിന്‍റെയും ഉദാഹരണങ്ങള്‍ നിരവധിയാണ്. തൊണ്ണൂറുകളില്‍ അതിനുമുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളില്‍ വാക്സിനേഷന്‍ നിരക്കു കുറഞ്ഞതിന്‍റെ ഫലമായി ഡിഫ്തീരിയ വ്യാപകമായതും തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പു വഴി അതു നിയന്ത്രണ വിധേയമായതും സമീപകാലചരിത്രം. പ്രതിരോധ കുത്തിവെപ്പുകള്‍ വഴി പല രോഗങ്ങളും അപ്രത്യക്ഷമായതാണ്, അവയിന്ന് നിലവിലില്ലായെന്നും അതിനാല്‍ അത്തരം വാക്സിനുകള്‍ ഇനി വേണ്ടായെന്നുമുള്ള ചിന്താഗതിയിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഇവയെല്ലാം വാക്സിനേഷന്‍റെ അഭാവത്തില്‍ തിരിച്ചു വരുമെന്നത് കേരളത്തിലേതുള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്തത് വാക്സിനുകള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ്; വാക്സിനുകളുടെ സുരക്ഷിതത്വം അവ കണ്ടെത്തിയവരുടെയും ഇതര ശാസ്ത്രജ്ഞരെയും അതിലുമുപരി സാധാരണക്കരെയും ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ആരോഗ്യമുള്ള ഒരാളില്‍ അയാള്‍ തുടര്‍ന്നും അങ്ങനെതന്നെയിരിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രയോഗമെന്ന നിലക്ക് ഇത് ഗുണകരമായിരിക്കുന്നതു പോലെത്തന്നെ തികച്ചും സുരക്ഷിതവുമായിരിക്കണം. അതിനാല്‍ ഈ ഉത്കണ്ഠകള്‍ ന്യായീകരിക്കപ്പെടണം. രോഗമില്ലാത്ത വ്യക്തിക്കു രോഗം വരാതിരിക്കാന്‍ നടത്തുന്ന ഇടപെടലെന്ന നിലക്ക് ഇത് സര്‍വ്വപ്രധാനമാണുതാനും. വസൂരിക്കെതിരെയുള്ള എഡ്വേര്‍ഡ് ജന്നറുടെ വാക്സിന്‍ വരുന്നതിനു മുമ്പ് വാരിയോളേഷന്‍ മൂലം 1-2 ശതമാനം ആളുകളാണ് മരിച്ചു കൊണ്ടിരുന്നത്. ജന്നറുടെ വസൂരി വാക്സിനും പൂര്‍ണ്ണമായി സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂട. രോഗാണുക്കളെ കണ്ടെത്തലും രോഗാണുസിദ്ധാന്തവുമെല്ലാം നൂറ്റാണ്ടകലെയായിരുന്ന കാലത്ത് കെട്ടുകഥകളെയും അനുഭവങ്ങളെയും പിന്തുടര്‍ന്നാണ് ജന്നര്‍ തന്‍റെ വാക്സിന്‍ രൂപകല്‍പ്പന ചെയ്യുന്നത്.
പിന്നീട് ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ് ലൂയി പാസ്ച്ചറുടെ റാബീസ് വാക്സിന്‍ വരുന്നത്. ഈ വാക്സിന്‍ നിര്‍മിക്കാന്‍ അന്നും കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളെ ശോഷിപ്പിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗം വളരെ പ്രാകൃതമായ ഒന്നായിരുന്നു. മുയലുകളുടെ നാഡീകലകളില്‍ പേവിഷബാധയേല്‍പ്പിച്ച് ആ നാഡീകലകളെ പുകയേല്‍പ്പിച്ചും പിന്നീട് രാസവസ്തുക്കളുപയോഗിച്ചുമാണത് നിര്‍വ്വഹിച്ചിരുന്നത്. ധാരാളമായി നാഡീകലകള്‍ അടങ്ങിയ ഈ വാക്സിന്‍ കുത്തിവക്കുന്ന മനുഷ്യരില്‍ ഇത് നാഡീരോഗങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സമീപ കാലംവരെ നാം ഉപയോഗിച്ചു കൊണ്ടിരുന്ന റാബീസ് വാക്സിന്‍ ഈ രീതിയില്‍ നിര്‍മിച്ചതായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ സാധരണവുമായിരുന്നു. നൂറുശതമാനം മരണസാധ്യതയുള്ള രോഗത്തെ സംബന്ധിച്ച് ഇത് അസ്വീകാര്യമാകേണ്ടതില്ലല്ലോ. ശാസ്ത്രത്തിന്‍റെ പുരോഗതിയില്‍ പുതിയ സെല്‍കല്‍ച്ചര്‍ വാക്സിന്‍ വന്നതോടെ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടു. ഇത്തരത്തിലുള്ള നാഡീകലാ വാക്സിന്‍റെ (നാം ഉപയോഗിച്ചിരുന്ന സെമ്പ്ള്‍ വാക്സിന്‍) തുടര്‍ന്നുള്ള ഉപയോഗം മനുഷ്യത്വഹീനമാണെന്ന സുപ്രീംകോടതി നിരീക്ഷണവും ഇതിനുപകരം സുരക്ഷിതമായ സെല്‍ കള്‍ച്ചര്‍ വാക്സിനിലേക്കു മാറാന്‍ ഭാരതസര്‍ക്കാര്‍ നിര്‍ബന്ധിതമായതിനു പിന്നില്‍ ഉണ്ടായിരുന്നു.
എഡ്വേര്‍ഡ് ജന്നറുടെ കാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യംവരെ സൂക്ഷ്മജീവീ ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും പരിമിതികള്‍മൂലം വാക്സിനുകള്‍ തികച്ചും സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂട. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം വരെ വാക്സിനുകളുടെ ഉപയോഗം വഴി ഇതരസാംക്രമിക രോഗബാധകളും മരണങ്ങളുമുണ്ടായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതിനുദാഹരണമാണ് 1930ല്‍ ആവിഷ്കൃതമായി, രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ സേനയില്‍ വ്യാപകമായുപയോഗിച്ച മഞ്ഞപ്പനി വാക്സിന്‍. ഇതുമൂലം അനേകായിരം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള മഞ്ഞപ്പിത്തമുണ്ടാകുകയും നൂറുകണക്കിനാളുകള്‍ മരണമടയുകയുമുണ്ടായി. അതിനു കാരണമായത് വാക്സിന്‍ ഉണ്ടാക്കാനുപയോഗിച്ച രക്തസിറത്തില്‍ പലതിലും ഹെപറ്ററ്റിസ് ബി അണുക്കള്‍ അടങ്ങിയതായിരുന്നു എന്നതാണ്. എന്നാല്‍, 80കളില്‍ രൂപംകൊണ്ട ഹെപ്പറ്ററ്റൈസ് ബി വാക്സിന്‍ ഈ രീതിയില്‍ തന്നെ നിര്‍മിച്ചതായിരുന്നുവെങ്കിലും ഇത്തരത്തില്‍ മറ്റു രോഗങ്ങളൊന്നും സംക്രമിക്കയുണ്ടായില്ല.
വാക്സിന്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അണുക്കള്‍ക്കെതിരായ പ്രതിവസ്തുക്കള്‍ നിര്‍മിക്കുന്നു. പ്രതിവസതുക്കള്‍ നിര്‍മിക്കുന്നതോടൊപ്പം ഇവ നിര്‍മിക്കാന്‍ വേണ്ട സന്ദേശവും ചില കോശങ്ങള്‍ക്കു നല്‍കുന്നു. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുക മാത്രമാണവ ചെയ്യുന്നത്. അവയില്‍ മറ്റു "രാസവസ്തുക്കള്‍" ഒന്നും അടങ്ങിയിട്ടില്ല-വളര സൂക്ഷ്മമായ അളവിലല്ലാതെ, ഇവയാണെങ്കിലോ കാലാകാലങ്ങളായി ഉപയോഗിച്ചു അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുള്ളതുമാണ്. വാക്സിനുകള്‍ ശരീരത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുക മാത്രം ചെയ്യുമ്പോള്‍ മറ്റൗഷധങ്ങള്‍ ഒരു രാസപ്രക്രിയയെയാണ് സ്വാധീനിക്കുന്നത്. വാക്സിനുകള്‍ അവ ലക്ഷ്യമിടുന്ന പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തില്‍ താല്‍ക്കാലികമായി ചില ഫലങ്ങള്‍ ഉളവാക്കുന്നു. അതു രോഗാണുഘടകങ്ങൾ കൊണ്ടോ അതില്‍ ചേര്‍ന്നിട്ടുള്ള അലുമിനിയം തയൊമെര്‍സാല്‍ തുടങ്ങിയവയുടെ ഫലമോ ആകാം. അത് കുത്തിവെച്ച സ്ഥലത്ത് തന്നെ ഒതുങ്ങുന്നവയായിരിക്കും. വളരെ ചുരുക്കം വാക്സിനുകള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് ചെറിയ പനി (ഉയര്‍ന്ന ശരീരോഷ്മാവ്) ഉണ്ടായെന്നും വരാം.
വാക്സിനുകള്‍ക്കു ആകെയുണ്ടാകാനിടയുള്ള പാര്‍ശ്വഫലം അവയിലെ ഘടകങ്ങള്‍ക്കെതിരായുള്ള അലര്‍ജിയാണ്. അലര്‍ജി എന്നത് പ്രത്യേക വസ്തുവിനോട് ശരീരത്തിന്‍റെ അമിതമായ പ്രതികരണമാണ്. ഇതിനുള്ള സാധ്യത പാരമ്പര്യമായതിനാല്‍ അതു പ്രവചിക്കുക എളുപ്പമല്ല. നീണ്ടുനില്‍ക്കുന്ന അലര്‍ജിയൊന്നും വാക്സിനുകള്‍ ഉണ്ടാക്കാറില്ല. ഏതൊരു അലര്‍ജിയും അതിനു കാരണമായ വസ്തുക്കള്‍ ശരീരത്തില്‍ നിന്നും ഒഴിവായിക്കഴിയുമ്പോള്‍ അപ്രത്യക്ഷമാകുന്നതാണ്. പക്ഷെ ചുരുക്കമായി അലര്‍ജി വളരെ രൂക്ഷവും ക്ഷിപ്രവുമാകാം. വളരെ അസാധാരണമായി മാത്രം സംഭവിക്കാറുള്ളതാണിത്. ഇങ്ങനെയുണ്ടാകുന്ന അലര്‍ജിക്ക് അനാഫൈലാക്സിസ് എന്നു പറയുന്നു. ഇതാകട്ടെ മരുന്ന് അല്ലെങ്കില്‍ വാക്സിന്‍ കൊടുത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്നതാണ്. ഇത്തരം പ്രതികരണങ്ങള്‍ വാക്സിനുകളുടെയോ ഒൗഷധങ്ങളുടെയോ മാത്രം പ്രശ്നമല്ല. തേനീച്ചയുടെയും കടന്നലിന്‍റെയും കുത്ത് ഇങ്ങനെയുണ്ടാക്കാന്‍ സാധ്യതയേറെയുള്ളതാണ്.
വാക്സിന്‍ ലഭിക്കുന്ന എല്ലാവരും അതിനോട് അനുകൂലമായി പ്രതികരിച്ചു പ്രതിരോധശേഷി ആര്‍ജിച്ചെന്നു വരില്ലെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. സമൂഹത്തില്‍ വാക്സിന്‍ ലഭിച്ചവരും അതിനോടു അനുകൂലമായി പ്രതികരിച്ചിട്ടുള്ളവരുമുണ്ടാകുമ്പോള്‍ സമൂഹത്തിലെ രോഗാണുചംക്രമണം ഗണ്യമായി കുറയുകയും വാസ്കിന്‍ കിട്ടാത്തവരും പ്രതിരോധശേഷിയില്ലാത്തവരും രോഗാണു സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത വിരളമാകുകയും ചെയ്യും. വാക്സിന്‍ എടുത്തവരുടെ പ്രതിരോധശേഷിയുടെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ക്കും പ്രതിരോധം ആര്‍ജിക്കാനാവും. എന്നാല്‍, സമൂഹത്തിലെ വാക്സിന്‍ നിരക്കു കുറയുമ്പോള്‍ ആദ്യം രോഗം ബാധിക്കുക പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവരെയായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കേണ്ടതാണെന്ന് വിദഗ്ധര്‍ അടിവരയിടുന്നത്.
വാക്സിനുകള്‍ക്കെതിരായി നടക്കുന്ന പ്രചാരണത്തിന്‍റെ നേരിയ ഒരംശം പോലും അനുകൂലമായി മാധ്യമങ്ങളില്‍ നടക്കാറില്ല. നമുക്കു പ്രകടമായി ദോഷം ചെയ്യുന്ന മദ്യപാനവും പുകവലിയുമൊക്കെ സിനിമയിലും മറ്റു കലാമാധ്യമങ്ങളിലും ഉദാത്തവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിനെതിരായി നടക്കുന്നത് ആരുടെ ശ്രദ്ധയിലും പെടാത്ത സൂക്ഷ്മലിപികളിലുള്ള അടിക്കുറിപ്പ് മാത്രം! പ്രതിരോധ കുത്തിവെപ്പുകള്‍ പോലെ സംശയാതീതമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടുള്ള വൈദ്യശാസ്ത്ര ഇടപെടല്‍ വേറെയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍, ഒരു തെളിവിന്‍റെയും പിന്‍ബലമില്ലാതെ നടക്കുന്ന വ്യാജ ചികില്‍സാ രീതികള്‍ക്ക് പരസ്യ രൂപത്തിലും അല്ലാതെയും ലഭിക്കുന്ന പ്രചാരണത്തിന്‍റെ നൂറിലൊരംശം പോലും വാക്സിനനുകൂലമായി കാണാറില്ല. ഇതാകട്ടെ ആരോഗ്യരംഗത്ത് വിപരീത ഫലമുണ്ടാക്കാന്‍ പോന്നതാണെന്നത് മലപ്പുറത്തെ ഡിഫ്തീരിയ മരണങ്ങള്‍ കാണിച്ചു തന്നു. ഇവിടെയാണ് വിഷയത്തില്‍ സര്‍ക്കാറിന്‍റെ ഇടപെടലും മാധ്യമങ്ങളുടെ ഉത്തരവാദിത്വബോധവും പ്രസക്തമാകുന്നത്.
(ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരളാശാഖയുടെ മീഡിയ സെന്‍റര്‍ കണ്‍വീനറാണ് ലേഖകന്‍. drpisharody@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.