അടിസ്ഥാന സൗകര്യം+ ക്ഷേമം =ചെറിയ ഭാരം

സര്‍ക്കാറിന്‍െറ ധനസ്ഥിതി വളരെ മോശമാണെങ്കിലും വേണ്ട മേഖലകള്‍ക്കെല്ലാം ഊന്നല്‍ നല്‍കി അച്ചടക്കത്തോടെയാണ് ധനമന്ത്രി തോമസ് ഐസക് പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍െറ ധനസ്ഥിതി വളരെ പരിതാപകരമാണെന്ന് അധികാരമേറ്റതുമുതല്‍ ഓര്‍മിപ്പിക്കുന്ന ഐസക് പക്ഷേ അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമ നടപടികളിലും അത് ബാധിക്കാതിരിക്കാനും ശ്രദ്ധിച്ചു. അത് ചെറിയ ഭാരമായി സാധാരണക്കാരെ ബാധിക്കുകയും ചെയ്യും. അതേസമയം തുടക്കത്തിലെ വലിയ ഭാരം അടിച്ചേല്‍പിച്ചു എന്നു തോന്നിക്കാതിരിക്കാനും ധനമന്ത്രി ശ്രദ്ധിച്ചു.

നിക്ഷേപ സാധ്യതകള്‍ക്കും കേരളത്തിലേക്ക് വഴി തുറക്കണമെന്ന സര്‍ക്കാറിന്‍െറ കാഴ്ചപ്പാട് പ്രകടമാക്കുന്നതാണ് അടിസ്ഥാന സൗകര്യ, വ്യവസായ വികസന മേഖലക്ക് കൊടുത്തിരിക്കുന്ന ഊന്നല്‍.  ബജറ്റിന് പുറത്തുള്ള മാര്‍ഗങ്ങളുള്‍പ്പെടെ ഇതിനായി നിര്‍ദേശിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ബജറ്റില്‍ ധനമന്ത്രി ഊന്നല്‍ നല്‍കി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി സാമ്പത്തിക മാന്ദ്യം നരിടുന്നതിന് 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് ഇതില്‍ പ്രധാനമാണ്. പക്ഷേ ഇതിന് ഫണ്ട് സമാഹരണത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് രൂപവത്കരിച്ച് ബോണ്ടുകള്‍, ബാങ്കുകളില്‍നിന്ന് ദീര്‍ഘകാല വായ്പകള്‍ തുടങ്ങിയവ സ്വരൂപിക്കുമെന്ന പ്രഖ്യാപനം വിമര്‍ശനത്തിനു വഴിവെക്കുന്നതാണ്. കിന്‍ഫ്ര റോഡ് ഫണ്ടു ബോര്‍ഡ് പോലെ നിലവില്‍ ഇതിന് സംവിധാനങ്ങളുണ്ടായിരിക്കെ ഒരു കമ്പനികൂടി ആവശ്യമാണോ എന്നതാണ് ചോദ്യം. 

നാലുവരിപ്പാത, വിമാനത്താവള വികസനം, അഞ്ച് ബൃഹദ് വിവിധോദ്ദേശ്യ സോണുകള്‍, കൊച്ചി-പാലക്കാട്-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 1500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍, വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ ഏറ്റെടുക്കാനുള്ള തീരുമാനം എന്നിവ ഉല്‍പാദന-നിക്ഷേപ മേഖലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഉപകരിക്കും. പക്ഷേ, ഭൂമി ഏറ്റെടുക്കല്‍ ഇവിടെയും വെല്ലുവിളിയായേക്കും. എന്‍.എച്ച് 47ന്‍െറ സമീപത്ത് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനുള്ള തീരുമാനവും ഇത്തരത്തില്‍ ഒന്നാണ്. ഫാക്ട്, പെരുമ്പാവൂര്‍ റയോണ്‍് എന്നിവയുടെ അധിക ഭൂമി വ്യവസായങ്ങള്‍ക്കായി ഏറ്റെടുക്കാനുള്ള തീരുമാനവും ദിശാബോധം പ്രകടമാക്കുന്നു. മാന്ദ്യ വിരുദ്ധ പാക്കേജില്‍ 5000 കോടി പൊതുമരാമത്ത് വകുപ്പിനും 1300 കോടി ഐ.ടി മേഖലക്കും മാറ്റിവെക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. 68 പാലങ്ങള്‍, 37 റോഡുകള്‍ക്ക് 2800 കോടി, 17 ബൈപാസുകള്‍ക്ക് 2800 കോടി തുടങ്ങിയവയും വികസനത്തിന്‍െറ ഗതിവേഗം വര്‍ധിപ്പിക്കും. 

നാളികേര താങ്ങുവില വര്‍ധന, റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി തുടങ്ങിയവ കാര്‍ഷിക മേഖലയിലെ പണ ലഭ്യത വര്‍ധിക്കാനിടയാക്കും. നാളികേര പാര്‍ക്ക്, അഗ്രോപാര്‍ക്കുകള്‍, റബര്‍ പാര്‍ക്കുകള്‍ എന്നിവയും നടപ്പായാല്‍ കാര്‍ഷിക മേഖലക്ക് ഗുണം ചെയ്യുന്നവയാണ്. നിലവിലെ സാഹചര്യത്തില്‍ ആദ്യ ബജറ്റിന്‍െറ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒഴിവാക്കിയാല്‍ ക്ഷേമ രംഗത്തെ പ്രഖ്യാപനങ്ങളുടെ ഗുണഫലങ്ങള്‍ കാര്‍ഷിക, പ്രാവാസി മേഖലകള്‍ സൃഷ്ടിച്ച മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ പണലഭ്യത സമൂഹത്തില്‍ വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. ക്ഷേമപെന്‍ഷനുകള്‍ 1000 മായി ഉയര്‍ത്തല്‍, 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഉദാഹരണം.

സംസ്ഥാനത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷയേകുന്നതാണ്. നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുകയാണ് മന്ത്രി ലക്ഷ്യമിടുന്നത്. ഭരണമേറ്റ് ഒരുമാസത്തെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ പ്രതീക്ഷക്ക് വക നല്‍കുന്നുമുണ്ട്. ആറുമാസത്തിനകം വാഹന നികുതി കുടിശിക തീര്‍ത്തില്ളെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടും, ബില്ലുചോദിച്ചു വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും നടപ്പായാല്‍ ഖജനാവിന്‍െറ സ്ഥിതി മെച്ചപ്പെടുത്തും. എട്ടു മാസംകൊണ്ട് 805 കോടിയാണ് അധിക നികുതി വരുമാനം പ്രതീക്ഷിക്കുന്നത്.

അതേസമയം, യു.ഡി.എഫ് സര്‍ക്കാര്‍ നികുതി ഭാരം അങ്ങേയറ്റം കൂട്ടിയിരിക്കുന്നിടത്ത് ഇനി നികുതി വര്‍ധനവിന് വകയില്ല എന്നു പറഞ്ഞിരുന്നവര്‍ നിര്‍ദേശിച്ചിരിക്കുന്ന ചില നികുതി വര്‍ധനവുകള്‍ ജനത്തിന് ചെറിയ തോതിലെങ്കിലും ഭാരം സമ്മാനിക്കുന്നതാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വെളിച്ചെണ്ണ, ബസുമതി അരി എന്നിവയുടെ നികുതി വര്‍ധന, പാക്കറ്റിലാക്കിയ ഗോതമ്പുല്‍പന്നങ്ങളുടെ നികുതി വര്‍ധന, തുണിത്തരങ്ങള്‍ക്ക് രണ്ടുശതമാനം നികുതി വര്‍ധന, ഭാഗാധാരം ഉള്‍പ്പെടെയുള്ളവക്ക് നിരക്കു വര്‍ധന, പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി തുടങ്ങിയവയെല്ലാം  സാധാരണക്കാരെയാവും ബാധിക്കുക. എന്നാല്‍, ജങ്ക്ഫുഡ് വിഭാഗത്തില്‍പെടുന്ന പലതിനും 14 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ആരോഗ്യശീലത്തിലേക്കുള്ള വഴികാട്ടല്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യാം. 

മൂന്നു സെന്‍റ് ഭൂമി ഉള്‍പ്പെടെ ബജറ്റുകളിലെ പല നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും കൈയടി നേടുന്നവയാണ്. പക്ഷേ, നിര്‍ദേശങ്ങള്‍ വെക്കുമ്പോഴല്ല അവ എങ്ങനെ നടപ്പാക്കുന്നു എന്നു കാണിച്ചുകൊടുക്കുമ്പോഴാണ് കൈയടി അര്‍ഹിക്കുന്നത്. അതിനായി കാത്തിരിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.