നിലച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ശബ്ദം

നമ്മുടെ രാജ്യം അന്ധകാരത്തിന്‍െറ ഒരു തിരശ്ശീലക്കുപുറകിലാണെന്ന് മഹാശ്വേതാദേവി വിശ്വസിച്ചു. ആ തിരശ്ശീല മുഖ്യധാരാസമൂഹത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ നിന്ന് വേര്‍തിരിക്കുന്നു. ഇരുട്ടിന്‍െറ ആ തിരശ്ശീല കീറിമാറ്റി യാഥാര്‍ഥ്യത്തെ എല്ലാവരും അടുത്തുകാണണമെന്ന് അവര്‍ ആഗ്രഹിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരെക്കുറിച്ചായിരുന്നു മഹാശ്വേതാദേവി പറഞ്ഞ കഥകളേറെയും. ആദിവാസികള്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം അവര്‍ ശബ്ദം നല്‍കി. ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും അവര്‍ കലഹിച്ചു.

സമൂഹത്തില്‍ താഴേക്കിടയിലുള്ള സാധാരണക്കാര്‍ക്കൊപ്പം മഹാശ്വേതാദേവി ഹൃദയം കൊണ്ടും തൂലിക കൊണ്ടും ചേര്‍ന്നുനിന്നു. വികസനത്തിന്‍െറ പേരില്‍ പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെ എതിര്‍ത്തു. കാര്‍ഷികസമരങ്ങള്‍ക്കും നേതൃത്വം നല്‍കി. ചൂഷിതരുടെയും പാവപ്പെട്ടവരുടെയും മോചനത്തിനുള്ള മാര്‍ഗം കമ്യൂണിസമാണെന്ന് വിശ്വസിച്ചപ്പോഴും അവര്‍ അതിലെ ശരികേടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. നന്ദിഗ്രാമിലെയും സിംഗൂരിലെയും സമരങ്ങളിലും മഹാശ്വേത വ്യക്തമായ നിലപാടുകളുമായി പോര്‍മുഖത്തുണ്ടായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പിന്തുണയുമായി അവര്‍ കേരളത്തിലും വരികയുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെ വിഷയങ്ങളില്‍ പ്രതികരിച്ച് അവര്‍ വ്യത്യസ്തമായ ഇടതുപക്ഷമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ വീടിനെക്കുറിച്ച പരാമര്‍ശത്തഅദ്ദേഹത്തിന്‍െറ പ്രതികരണം വന്നപ്പോള്‍ പിന്നീട് അവര്‍ ക്ഷമാപണം നടത്തുകയുണ്ടായി. കേരളത്തിലെ സാംസ്കാരികനായകര്‍ ഇവിടത്തെ സംഭവവികാസങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താതെ മൗനം പാലിക്കുന്നുവെന്ന് അവര്‍ ആക്ഷേപമുന്നയിച്ചിരുന്നു.

1926ല്‍ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ ജനിച്ച മഹാശ്വേതാദേവി എഴുത്തിന്‍െറ വഴിയിലേക്കത്തെിയത് തികച്ചും യാദൃശ്ചികമായിരുന്നില്ല. പിതാവ് മനീഷ് ഘട്ടക്കും മാതാവ് ധരിത്രി ഘട്ടക്കും അറിയപ്പെടുന്ന എഴുത്തുകാരായിരുന്നു. ധാക്കയിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. വിഭജനത്തത്തെുടര്‍ന്ന് പശ്ചിമബംഗാളിലത്തെിയ അവര്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉന്നതപഠനം നടത്തി. പ്രശസ്ത നാടകകൃത്ത് ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തു. ആ ബന്ധത്തിലുള്ള മകനാണ് ബംഗാളി സാഹിത്യകാരന്‍ നാബുരന്‍ ഭട്ടാചാര്യ.

അധ്യാപികയായും പത്രപ്രവര്‍ത്തകയായും എഴുത്തുകാരിയായും സാന്നിധ്യമറിയിച്ചു. മഗ്സസെ പുരസ്കാരം, ജ്ഞാനപീഠ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയവ നേടി. കൊല്‍ക്കത്തയിലെ ബിജോയ്ഘര്‍ കോളജിലെ ഇംഗ്ളീഷ് അധ്യാപികയായിരുന്നു. മഹാശ്വേതാദേവി പത്രാധിപയായി ഭര്‍ത്തിക എന്ന ഗോത്രമാസിക പുറത്തിറങ്ങി. 50 ഓളം നോവലുകളും നിരവധി ചെറുകഥകളും രചിച്ചു. 1956 ല്‍ പ്രസിദ്ധീകരിച്ച ഝാന്‍സി റാണിയാണ് ആദ്യനോവല്‍. ഹാജര്‍ ചുരാസിര്‍ മാ, ആരണ്യേര്‍ അധികാര്‍, അഗ്നിഗര്‍ഭ, ഛോട്ടീ മുണ്ട ഏവം താര്‍ തിര്‍, ഇമാജിനറി മാപ്സ്, അവര്‍ നോണ്‍ വെജ് കൗ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. രുദാലി, ഹജാര്‍ ചുരാഷിര്‍ മാ എന്നിവയുള്‍പ്പെടെ ചില കഥകള്‍ക്ക് ചലച്ചിത്രരൂപമുണ്ടായി.

സാഹിത്യജീവിതത്തിലൂടെ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മഹാശ്വേതാദേവിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മഗ്സസെ പുരസ്കാരസമിതി വിലയിരുത്തുകയുണ്ടായി. വംഗഭാഷയുടെ സൗന്ദര്യം ഗോത്ര ശീലുകളുമായി യോജിപ്പിച്ച് മഹാശ്വേത എഴുതി. രാജ്യത്തെ ഗോത്രഗ്രാമങ്ങള്‍ സന്ദര്‍ശിച്ച മഹാശ്വേത അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ളെന്ന് തിരിച്ചറിഞ്ഞു. അത് അവരുടെ എഴുത്തിനെ വഴിതിരിച്ചുവിട്ടു. ഗോത്രവിഭാഗങ്ങളും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ നിലനിന്ന സംഘര്‍ഷഭരിതവും ചിലപ്പോളൊക്കെ രക്തപങ്കിലവുമായ ബന്ധത്തെ അവരുടെ നോവലുകള്‍ വരച്ചുകാട്ടി.

സാഹത്യത്തോടൊപ്പം രാഷ്ട്രീയത്തിലും സാമൂഹികപ്രശ്നങ്ങളിലുമുള്ള പ്രതിബദ്ധതയും എപ്പോഴും പ്രഖ്യാപിക്കുന്നതില്‍ മഹാശ്വേതാദേവി ശ്രദ്ധ ചെലുത്തി. പൊലീസും ഭൂവുടമകളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ആദിവാസികളുടെയും സാധാരണക്കാരുടെയും നേരെ നടത്തുന്ന പീഡനങ്ങള്‍ അവര്‍ സാഹിത്യത്തിനുപുറമേയുള്ള രചനകളിലും വെളിപ്പെടുത്തി. മഹാശ്വേതാദേവിയുടെ താല്‍പര്യത്തില്‍ തുടങ്ങിയ ഖേരിയ-സബാര്‍ വെല്‍ഫയര്‍ സൊസൈറ്റി വഴി പശ്ചിമബംഗാളിലെ സാധാരണക്കാരായ ഗോത്രവിഭാഗക്കാര്‍ മരങ്ങള്‍ നടുകയും വയലുകള്‍ ജലസേചനം നടത്തുകയും കരകൗശലവസ്തുക്കള്‍ നിര്‍മിക്കുകയുമുള്‍പ്പെടെ ചെയ്യുന്നു. സാമ്പത്തികമായും ആരോഗ്യപരമായും വിദ്യാഭ്യാസപരമായും സൊസൈറ്റി ഈ ജനവിഭാഗങ്ങളെ സഹായിച്ചു.

ഗോത്രവിഭാഗങ്ങളാണ് കൂടുതല്‍ സാംസ്കാരികമായി ഉന്നമനം നേടിയ വിഭാഗങ്ങളെന്ന് മഹാശ്വേതാദേവി വിശ്വസിച്ചു. രാജ്യത്തെ ആദിവാസികള്‍ക്ക് സ്വന്തമായ സമ്പന്നമായ സംസ്കാരവും സാമൂഹ്യരീതികളുമുണ്ട്, സ്ത്രീപുരുഷസമത്വമുണ്ട് എന്നായിരുന്നു മഹാശ്വേതാദേവി യുടെ പക്ഷം. സ്ത്രീധനസമ്പ്രദായമില്ലാത്ത അവര്‍ക്കിടയില്‍ വിവാഹമോചനവും വിധവകളുടെ പുനര്‍വിവാഹവും സുഗമമായി നടത്താന്‍ കഴിയുന്നു. അവരുടെ പ്രകൃതിസങ്കല്‍പങ്ങള്‍ ഒൗന്നത്യമുള്ളതാണെന്നും പരിഷ്കൃതരെന്ന് പറയുന്നവരേക്കാള്‍ ബൗദ്ധികമായ ഉന്നമനം അവര്‍ക്കുണ്ടെന്നുമായിരുന്നു മഹാശ്വേതാദേവിയുടെ നിരീക്ഷണം. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വം അവര്‍ രചനകളിലൂടെ അനാവരണം ചെയ്തു.

ജീവിതം മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി മാറ്റിവെക്കുമെന്ന് അവര്‍ പറയുകയുണ്ടായി. ‘‘സാധാരണ ജനങ്ങളാണ് യഥാര്‍ഥ ചരിത്രം സൃഷ്ടിക്കുന്നത്. നാടന്‍പാട്ടുകളും കഥകളും തലമുറകളിലൂടെ രൂപഭേദങ്ങളിലൂടെ കൈമാറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചൂഷിതരും മര്‍ദിതരുമായിട്ടും തോല്‍ക്കാന്‍ തയറാകാത്ത ആ ജനതയാണ് എന്‍െറ എഴുത്തിന്‍െറ പ്രചോദനം. എന്‍െറ എഴുത്തിനുള്ള കലവറ യാതനയനുഭവിക്കുന്ന ഈ ജനതയിലാണ്. എന്‍െറ എഴുത്ത് യഥാര്‍ഥത്തില്‍ അവരുടേതാണെന്ന് വരെ എനിക്ക് തോന്നിപ്പോകാറുണ്ട്. ’’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.