മെസ്സീ, താങ്കളുടെ തീരുമാനം ന്യായമാണ്...

ഈ സ്വത്വപ്രതിസന്ധി ഒരുകണക്കിന് അര്‍ജന്‍റീന ചോദിച്ചുവാങ്ങിയതാണ്. കുന്നോളം പ്രതീക്ഷകളുടെ ഭാരംപേറി ആ സുവര്‍ണപാദുകങ്ങള്‍ അത്രമേല്‍ ശ്രമിച്ചിട്ടും സ്വപ്നങ്ങളുടെ വലക്കണ്ണികളില്‍ പ്രകമ്പനങ്ങളുതിരാതെ പോയത് അയാളുടെ കുറ്റം കൊണ്ടായിരുന്നില്ല. ഭൂരിഭാഗവും ശരാശരിക്കാരടങ്ങിയ ഒരു ടീമിനെ തന്‍െറ പ്രതിഭാ സമ്പത്തുകൊണ്ട് പോരാട്ടങ്ങളുടെ അന്തിമ ചുവടുവരെ ആ അഞ്ചടി ഏഴിഞ്ചുകാരന്‍ ചുമലിലേറ്റിയതിന്‍െറ ഗുണപരമായ വശങ്ങള്‍ അര്‍ജന്‍റീനയില്‍ അധികമൊന്നും പ്രതിഫലിച്ചില്ളെന്നതു സത്യമാണ്. പകരം, ഫൈനലില്‍ വീണടിയുന്ന കിനാവുകള്‍ക്ക് അവര്‍ അയാളില്‍ കുറ്റക്കാരനെ കണ്ടു. രണാങ്കണത്തില്‍ അവന്‍ കൈമെയ്മറന്നു പൊരുതുമ്പോള്‍ മനസ്സുകൊണ്ട് കൂടെ നില്‍ക്കേണ്ട മുന്‍ഗാമികള്‍ ഒറ്റുകാരുടെ രൂപത്തില്‍ വിമര്‍ശന ശരങ്ങളെയ്തു. നിര്‍ഭാഗ്യങ്ങളുടെ നൂല്‍പ്പാലത്തില്‍ കൈയത്തെിപ്പിടിക്കാനാവാതെ പോയ വിജയമുദ്രകളുടെ അഭാവം അര്‍ജന്‍റീനയെ വേദനിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവന്‍െറ ദേശക്കൂറുപോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നന്ദികേട് വളരുമ്പോള്‍ ലയണല്‍ മെസ്സീ, താങ്കളെടുത്ത തീരുമാനത്തെ ന്യായീകരിക്കാതെ തരമില്ല.

ഡീഗോ അര്‍മാന്‍ഡോ മറഡോണയെന്ന മഹാനുഭാവനുശേഷം തൊട്ടതെല്ലാം പിഴച്ച അര്‍ജന്‍റീനക്ക് ലഭിച്ച വരദാനമായിരുന്നു മെസ്സി. ഏരിയല്‍ ഒര്‍ട്ടേഗയിലും പാബ്ളോ അയ്മറിലും ഒടുവില്‍ യുവാന്‍ റോമന്‍ റിക്വല്‍മെയിലും മറഡോണയുടെ മറ്റൊരു പതിപ്പ് സ്വപ്നം കണ്ട നാടിന് നിരാശ മാത്രമായിരുന്നു ഫലം. 2002 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ അര്‍ജന്‍റീന പുറത്തായത് പ്രതീക്ഷകള്‍ക്ക് പഞ്ഞമൊന്നുമില്ലാതിരുന്ന ഈ അപചയ കാലത്തായിരുന്നു.

അങ്ങനെയൊരു ടീമിലേക്കാണ് 2005 ഓഗസ്റ്റില്‍ മെസ്സി ഇടംകാലില്‍ പന്തുംകൊരുത്ത് കയറിയത്തെിയത്. യൂറോപ്പും ലോകവും കീഴടക്കിയ സ്പെയിനിന്‍െറ സ്വപ്നസംഘത്തിന്‍െറ ഭാഗമാവാന്‍ കഴിയുമായിരുന്ന സാധ്യതകളെ തൃണവല്‍ഗണിച്ചാണ് പിറന്ന നാടിന്‍െറ പ്രതീക്ഷകള്‍ക്കൊപ്പം അവന്‍ ബൂട്ടുകെട്ടിയത്. കാറ്റലോണിയക്കാരുടെ ആവേശമായ മഹാപ്രതിഭയെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ സ്പെയിന്‍ ഒരുക്കമായിരുന്നു. ഹോര്‍മോണ്‍ തകരാറുകളെ ചികിത്സിച്ചുമാറ്റി, കളത്തിലും പുറത്തും നിറപ്പകിട്ടാര്‍ന്ന ജീവിതം കൊടുത്ത ബാഴ്സലോണയോട് പ്രതിബദ്ധത കാട്ടി അവന് സ്പാനിഷ് സംഘത്തിനൊപ്പം കൂടുകയും ചെയ്യാമായിരുന്നു. എന്നാല്‍, അര്‍ജന്‍റീനയാണ് തനിക്ക് മുഖ്യമെന്നു പ്രഖ്യാപിച്ചാണ് അവന്‍ പിറന്ന നാടിനെ ഹൃദയത്തോടു ചേര്‍ന്നുനിന്നത്.

2006 ലോകകപ്പില്‍ ജോസ് പെക്കര്‍മാന്‍ മെസ്സിയെ അധികസമയവും കരക്കിരുത്തിയിരുന്നില്ളെങ്കില്‍ കഥാഗതി മറ്റൊന്നാകുമായിരുന്നു എന്ന് കരുതുന്നവര്‍ ഇന്നുമൊരുപാടുണ്ട്. റിക്വല്‍മെ തേരുതെളിക്കാനുള്ളപ്പോള്‍ മുന്‍നിരയില്‍ മെസ്സിക്ക് സ്വതന്ത്രവിഹാരം സാധ്യമാകുമായിരുന്ന യാഥാര്‍ഥ്യത്തോട് പെക്കര്‍മാന്‍ മുഖം തിരിച്ചപ്പോള്‍ അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് ഷൂട്ടൗട്ടില്‍ തോറ്റായിരുന്നു അര്‍ജന്‍റീനയുടെ പടിയിറക്കം.

പിന്നീട് മെസ്സി വളര്‍ന്നു. മറഡോണയുടെ പിടിവാശിയില്‍ ഇതിനിടെ, റിക്വല്‍മെയുടെ രാജ്യാന്തര കരിയര്‍ പൂര്‍ണതയിലത്തൊതെ തകര്‍ന്നടിഞ്ഞു. കരുനീക്കങ്ങള്‍ക്ക് തേരാളിയില്ലാത്ത ടീമില്‍ താളബോധമുള്ള നീക്കങ്ങളുടെ കംപോസറാകാന്‍ മെസ്സി തന്നെ വേണ്ടിവന്നു. ആ ചുമതല പിന്നീടങ്ങോട്ട് ഒഴിഞ്ഞുമാറിയതുമില്ല. മധ്യനിരമുതല്‍ കളംനിറയേണ്ട അധികബാധ്യത അവന്‍ ഏറ്റെടുത്തപ്പോള്‍ കൂടുതല്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡമാരെ വിന്യസിക്കാന്‍ പോലും അര്‍ജന്‍റീന ആ പഴുത് ഉപയോഗപ്പെടുത്തി.

അര്‍ജന്‍റീനക്കു കളിക്കുന്നത് മെസ്സിക്ക് കേവലമൊരു നേരമ്പോക്ക് മാത്രമായിരുന്നില്ല. മുഖ്യതാരത്തെ തങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കൊതിച്ച ബാഴ്സലോണ താല്‍പര്യങ്ങളുമായി ഏറ്റുമുട്ടിയിട്ടാണെങ്കില്‍ പോലും മെസ്സി ആകാശനീലിമയില്‍ അടരാടാനിറങ്ങി. അഴിമതിയില്‍ മുങ്ങിയ അര്‍ജന്‍റീനാ ഫുട്ബാള്‍ അസോസിയേഷനോടുള്ള പരിഭവം പോലും അതിന് അവനൊരു തടസ്സമായില്ല. ദേശീയ ജഴ്സിയെ ഹൃദയത്തോടു ചേര്‍ത്തുവെച്ച പ്രതിഭാധനന് അര്‍ജന്‍റീന കാത്തുവെച്ചതു പക്ഷേ, അവമതിയായിരുന്നു. അര്‍ജന്‍റീനയെക്കാള്‍ സ്നേഹം മെസ്സിക്ക് സ്പെയിനിനോടാണെന്നു പറയാന്‍ ആളേറെയുണ്ടായി.

ലോകകപ്പ് ഫൈനല്‍ തോറ്റപ്പോഴും കോപാ അമേരിക്കയില്‍ ഇടറിയപ്പോഴും ഇറുകിയ ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയ കണ്ണുനീരിന് ജന്മനാട് വലിയ വിലയൊന്നും നല്‍കിയില്ല. നിറഞ്ഞ മനസ്സോടെ ആഗ്രഹിച്ചിട്ടും നാടിനൊരു കിരീടനേട്ടം വഴുതിപ്പോകുന്നതിന്‍െറ അനല്‍പമായ ദു$ഖമാണ് വിരമിക്കല്‍ തീരുമാനത്തിനു പിന്നിലെന്നതു ശരി. എന്നാല്‍,  അര്‍ജന്‍റീന തന്‍െറ പ്രതിബദ്ധത മനസ്സിലാക്കാതിരിക്കുമ്പോള്‍ ഇനിയുമെന്തിന് താന്‍ അധികപ്പറ്റാവണമെന്ന് തോന്നിയാല്‍ മെസ്സിയെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

മെസ്സിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതിനു പകരം അയാള്‍ക്കൊപ്പം ഏതു പ്രതിസന്ധിയിലും മനസ്സുറപ്പിക്കുകയാണ് അര്‍ജന്‍റീന ചെയ്യേണ്ടത്. മെസ്സി കഴിഞ്ഞാല്‍ ലോകത്തെ മികച്ച കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതില്‍ തര്‍ക്കമില്ല. പോര്‍ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരങ്ങളും അര്‍ജന്‍റീനയില്‍ മെസ്സിയുടെ സഹതാരങ്ങളും തമ്മില്‍ പ്രതിഭാശേഷിയില്‍ വലിയ അന്തരവുമില്ല. എന്നാല്‍, ഒരു തരത്തിലും പോര്‍ചുഗല്‍ റൊണാള്‍ഡോയെ അമിത പ്രതീക്ഷകളുടെ സമ്മര്‍ദത്തിലാഴ്ത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ളെന്നതു നോക്കുക. പറങ്കിപ്പടയുടെ പരിമിതികള്‍ അവര്‍ തിരിച്ചറിയുന്നുണ്ടെന്നതുതന്നെ കാരണം.

ലൂയി ഫിഗോയും ക്രിസ്റ്റ്യാനോയും ഒന്നിച്ചണിനിരന്ന കാലത്ത് യൂറോകപ്പ് ഫൈനലില്‍ പോര്‍ചുഗല്‍ തോറ്റത് ദുര്‍ബലരായ ഗ്രീസിനോടായിരുന്നു. വമ്പന്മാര്‍ തുടക്കത്തിലേ കാലിടറി വീഴുന്ന കളങ്ങളില്‍ ഫൈനലിലത്തെുകയെന്നത് ചില്ലറക്കാര്യമല്ളെന്ന് പറങ്കികള്‍ക്ക് തിരിച്ചറിവുണ്ടായിരുന്നു. ആ തിരിച്ചറിവ് അര്‍ജന്‍റീനക്കാര്‍ക്ക് ഇല്ലാത്തതു കൊണ്ടാണ് മെസ്സിയെന്ന പുണ്യം ഫോമിന്‍െറ ഉത്തുംഗതയില്‍ കളമുപേക്ഷിച്ച് പോവേണ്ടി വരുന്നത്.

പ്രതിസന്ധിഘട്ടങ്ങളില്‍ മാനസിക പിന്തുണ നല്‍കാതിരുന്നിട്ട് ഇപ്പോള്‍ ടീമിലേക്ക് തിരിച്ചുവരണമെന്ന് മറഡോണയും രാജ്യത്തിന്‍െറ പ്രസിഡന്‍റും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പക്ഷേ, തീരുമാനമെടുക്കേണ്ടത് മെസ്സിയാണ്. ലോകകപ്പ് പദ്ധതികളടക്കം പാതിവഴിയിലിട്ട് മെസ്സി ബാഴ്സയിലേക്കു മാത്രമായി ചുരുങ്ങുമെന്നു കരുതാന്‍ വയ്യ. തിരിച്ചുവരവിലേക്ക് സജ്ജമാകുന്നപക്ഷം ഒപ്പം നില്‍ക്കാതെ ഒറ്റപ്പെടുത്തുന്ന രീതിയിലാണ് മറഡോണ ഉള്‍പ്പെടെയുള്ളവര്‍ ഭാവിയിലും നിലപാട് എടുക്കുന്നതെങ്കില്‍ അര്‍ജന്‍റീനക്കും മെസ്സിക്കും അതുകൊണ്ട് ഉപകാരമൊന്നുമുണ്ടാവില്ളെന്നു മാത്രം.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.