കേരളത്തില്‍ സമീപദിവസങ്ങളില്‍ രണ്ടു ഡിഫ്തീരിയ മരണം കൂടി സംഭവിച്ചത് വാര്‍ത്തയായി. കൗമാരക്കാര്‍ സ്വപ്നങ്ങള്‍ വെടിഞ്ഞ് മരണം പുല്‍കുന്നത് തടയാവുന്ന ഒന്നായിരുന്നു എന്നാണ് നമ്മള്‍ ഓര്‍ക്കേണ്ടത്. വൈദ്യശാസ്ത്രത്തിന്‍റെ എ ബി സി ഡി അറിയാത്തവര്‍ സ്വയം ഡോക്ടര്‍ ചമഞ്ഞ് ചികില്‍ത്സാലയങ്ങള്‍ നടത്തുന്നതും ‘ആധികാരിക’ശാസ്ത്രലേഖനങ്ങളെഴുതി പൊതുജനത്തെ വഴിതെറ്റിക്കുന്നതും വാക്സിന്‍ മൂലം തടയാവുന്ന രോഗങ്ങള്‍ കേരളത്തില്‍ തിരിച്ചത്തെുന്നതിന് കാരണമായെന്നു തന്നെ പറയാം.
ആധുനികശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വാക്സിനുകള്‍. അരനൂറ്റാണ്ടിനിടെ അവമൂലം തടയാന്‍ കഴിഞ്ഞ മരണങ്ങളും അംഗ വൈകല്യങ്ങളും കോടിക്കണക്കാണ്. 1977വരെ പ്രതിവര്‍ഷം ലോകമെമ്പാടും ദശലക്ഷങ്ങളുടെ മരണത്തിനിടയാക്കിയ, അന്ധതയ്ക്കും മറ്റംഗവൈകല്യങ്ങള്‍ക്കും കാരണമായിരുന്ന മനുഷ്യരാശിയുടെ ശാപമെന്ന് വിളിക്കപ്പെട്ട വസൂരി വാക്സിന്‍ പ്രയോഗത്തെ തുടര്‍ന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടത് ഓര്‍മ്മയും ചരിത്രവും മാത്രമായിരിക്കുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഥ്യകളേറെയുണ്ടായിരുന്ന രോഗമായിരുന്നു അത്. രോഗം ദൈവ കോപമല്ല എന്നും മനുഷ്യരും രോഗബീജങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ പരിണതിയാണിതെന്നതും അവയെ പരസ്പരം തടയാനുള്ള ശേഷിയും അതിനുള്ള വഴികള്‍ തേടലും ദൈവനിശ്ചിതം തന്നെയെന്നു കരുതുന്നത് ഒരു മതവിശ്വാസത്തിനും എതിരുമാകുന്നില്ല എന്നതാണ് ബോധ്യപ്പെടേണ്ടത്.
വസൂരിയുടേതുപോലത്തെന്നെയാണ് പിള്ളവാതമെന്നു വിശേഷിപ്പിച്ച പോളിയോയുടെ കാര്യവും. 1988ല്‍ ലോക പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിക്ക് രൂപം നല്‍കുമ്പോള്‍ പ്രതിവര്‍ഷം മൂന്നരലക്ഷത്തിലേറെ കുട്ടികള്‍ തളര്‍വാതം പിടിപെട്ട് മരിക്കുകയും അംഗവൈകല്യങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ലോകമെമ്പാടുമായി പോളിയോ രോഗബാധയേറ്റിട്ടുള്ളവര്‍ കേവലം 17പേര്‍ മാത്രം!
ശാസ്ത്രവിജ്ഞാനം പരിമിതമായിരുന്നപ്പോള്‍ രോഗ കാരണങ്ങളെകുറിച്ച് നമുക്ക് വ്യക്തമായിരുന്നില്ല. അന്ന് രോഗത്തെ ദൈവകോപമായും പ്രകൃത്യാതീത ശക്തികളുടെ ഇടപെടലായും കരുതിവന്നത് സ്വഭാവികം. ശാസ്ത്രത്തിന്‍റെ വളര്‍ച്ച അറിയുന്നവരാണിന്ന് പൊതുജനങ്ങളും. രോഗവും രോഗകാരണവും വേര്‍തിരിച്ചറിയുന്നവര്‍. ബക്റ്റീരിയയും വൈറസുകളും പരാദങ്ങളുമുള്‍പ്പെടുന്ന അണുക്കളും ജീവിതശൈലിയും പ്രായധിക്യവും തൊഴിലിന്‍്റെ സ്വഭാവം കൊണ്ടുമുള്ള തേയ്മാനവുമൊക്കെ രോഗകാരണങ്ങള്‍ തന്നെ.
മനുഷ്യന്‍ കൂട്ടമായി ജീവിക്കുന്ന നഗരങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് നിരവധിപേരെ ഒരുമിച്ചോ അനുക്രമമായോ ബാധിക്കുന്ന വ്യാപകരോഗബാധകള്‍ ( എപ്പിഡെമിക്കുകള്‍) എത്തി തുടങ്ങിയത്. പല രോഗബാധയും ശൈശവത്തില്‍ തന്നെ വന്നുപോകുന്നതുകൊണ്ട് താരതമ്യേന ചെറുപ്രശ്നങ്ങളായാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഡിഫ്തീരിയയും വില്ലന്‍ചുമയും വസൂരിയും ടെറ്റനസും ഒന്നും അങ്ങനെയായിരുന്നില്ല. വാക്സിനുകള്‍ വ്യാപകമാകുന്നതിനു മുന്‍പ് എല്ലാ രാജ്യങ്ങളിലെയും ഉയര്‍ന്ന ശിശുബാലമരണങ്ങളുടെ കാരണം ഈ മാരകരോഗങ്ങളായിരുന്നു. പോളിയോ പോലുള്ള രോഗങ്ങള്‍ കൂടുതല്‍ അപകടകരാമായ അവസ്ഥയിലത്തെുന്ന ഘട്ടത്തിലാണ് അവക്കെതിരെയുള്ള വാക്സിനുകള്‍ കണ്ടുപിടിക്കപ്പെട്ടത്. വാക്സിനുകളുടെ വ്യാപകമായ ഉപയോഗം വഴി പല വസൂരിയും പോളിയോയും മറ്റുപല അസുഖങ്ങളും നിയന്ത്രണവിധേയമാകുന്നതും.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ഫ്രാന്‍സില്‍ ലൂയി പാസ്ചറും ജര്‍മ്മനിയില്‍ റോബര്‍ട് കോക്കും നേതൃത്വം നല്‍കിയ ശാസ്ത്രാന്വേഷണങ്ങള്‍ രോഗാണുക്കളെപ്പറ്റിയുള്ള നമ്മുടെ അറിവുകള്‍ സമ്പന്നമാക്കി. രോഗാണുക്കള്‍ രോഗമുണ്ടാക്കുന്നതുപോലെ അവക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനും ഉതകുന്നു എന്നവര്‍ കണ്ടത്തെി. രോഗാണുക്കള്‍ രോഗമുണ്ടാക്കാനാകത്തവിധം നിര്‍വീര്യമാക്കപെട്ടാലും അല്ളെങ്കില്‍ മൃതമായിത്തീര്‍ന്നലും പ്രതിരോധം സൃഷ്ട്ക്കാന്‍ പര്യാപ്തമാണെന്ന കണ്ടത്തെലില്‍ ലൂയി പാസ്ചറും സംഘവും എത്തിച്ചേര്‍ന്നതോടെ വാക്സിനുകളുടെ ശാസ്ത്രീയയുഗം ആരംഭിച്ചുവെന്ന് പറയാം. ഈ പാത പിന്തുടര്‍ന്നാണ് പേവിഷബാധക്കെതിരായ വാക്സിന്‍ കണ്ടത്തെുന്നത്. ലൂയി പാസ്ചറുടെ ഈ കണ്ടത്തെലും അതിന്‍്റെ പ്രയോഗവും സാംക്രമികരോഗത്തിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചതാണ്.
വസൂരിയുടേതു മുതല്‍ പിന്നീടിങ്ങോട്ട് നിരവധി വാക്സിനുകള്‍ ആവിഷ്ക്കരിക്കപ്പെടുകയും ലക്ഷോപലക്ഷം കുരുന്നുകള്‍ അകാലത്തില്‍ പൊലിയുന്നത് തടയാന്‍ ഉതകുകയും ചെയ്തു. ഇക്കാലത്തെ മാരകരോഗങ്ങളായിരുന്നു ഡിഫ്തീരിയ, വില്ലഞ്ചുമ, ടെറ്റനനസ് തുടങ്ങിയവ. വാക്സിനുകള്‍ എന്നാല്‍ രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുന്ന നിര്‍വീര്യമാക്കിയ, അല്ളെങ്കില്‍ മൃതാവസ്ഥയിലുള്ള അണുക്കളോ അവയുടെ ഘടകങ്ങളോ ആണ്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനുള്ള ശക്തി വര്‍ധിപ്പിക്കാനും കേടാകാതിരിക്കാനുമൊക്കെയായി വിവിധതരം രാസികങ്ങള്‍ വാക്സിനുകളില്‍ അടങ്ങിയിരിക്കും. എന്നാല്‍ ഇവയെല്ലാം കുഞ്ഞിന്‍റെ ശരീരവലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍പ്പോലും അവയുടേതായ എന്തെങ്കിലും പ്രതികരണമുണ്ടാക്കാന്‍ കഴിയാത്തവണ്ണം സൂക്ഷ്മമായ അളവില്‍മാത്രമാണു ഉപയോഗതലത്തിലത്തെിയ വാക്സിനുകളിലുണ്ടാവുക. ഇവയുടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള നിലപാടുകള്‍ കേവലം പ്രസ്താവനയല്ല, മൃഗങ്ങളിലും മുതിര്‍ന്ന മനുഷരിലുമൊക്കെ നടക്കുന്ന ദീര്‍ഘകാലപഠനത്തിന്‍റെ പിന്‍ബലത്തില്‍ രൂപംകൊള്ളുന്നവയാണിവ.
സമീപകാലത്ത് വാക്സിനുകള്‍ അപകടകാരികളാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുള്ളത് ഏതെങ്കിലും തെളിവുകളുടെ പിന്‍ബലത്തിലോ കണ്ടത്തെിയ വസ്തുതകള്‍ നിരത്തിയോ അല്ല. വാക്സിന്‍ ലഭിച്ചവരില്‍ ഓട്ടിസം കൂടുതലുണ്ട്, പ്രമേഹം കൂടുതലുണ്ട് എന്നെല്ലാം ആരോപിക്കുകയും സ്ഥാപിത താല്‍പര്യക്കാര്‍ക്കു വേണ്ടി ‘ഗവേഷണം’ നടത്തി പലതും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. ശാസ്ത്രലോകത്തിന്‍റെ നിഷ്കൃഷ്ടമായ പരിശോധനയില്‍ ഈ പഠനങ്ങളുടേയും നിഗമനങ്ങളുടേയും പൊള്ളത്തരവും അതിന്‍റെ പിന്നിലെ സാമ്പത്തിക താല്‍പര്യങ്ങളും മറനീക്കി പുറത്തുവന്നിട്ടുണ്ട്.
വാക്സിന്‍ നിര്‍മ്മാതാക്കളല്ല, നേരെ മറിച്ച് വാകിസ്ന്‍ രോഗങ്ങളുണ്ടാക്കുന്നുവെന്ന പ്രചരണം നടത്തുന്നവരാണ് ലാഭക്കൊതികൊണ്ട് ശാസ്ത്രത്തെ മാനിപുലേറ്റ് ചെയ്യാന്‍ ശ്രമിയ്ക്കുന്നത് എന്നത് പൊതുജനങ്ങള്‍ അറിയേണ്ടതുണ്ട്. അതിനര്‍ഥം വാക്സിന്‍ നിര്‍മ്മാതാക്കല്‍ ലാഭമുണ്ടാക്കുന്നില്ല എന്നല്ല. ഏതൊരു വ്യവസ്ഥാപിത മാര്‍ഗ്ഗത്തെയും പോലെ അവരും ലാഭമുണ്ടാക്കുന്നുണ്ട്, ലാഭത്തിനായാണ് ഉല്‍പാദകര്‍ വാക്സിന്‍ നിര്‍മ്മാണ രംഗത്തിറങ്ങുന്നതും. ഇന്നത്തെ ലോകത്തതൊന്നും അനഭിമതമായി കരുതേണ്ടതില്ല, ആത്യന്തികമായി അത് സമൂഹനന്മയാണ് പ്രദാനം ചെയ്യുന്നതെങ്കില്‍. ലാഭേച്ഛകൂടാതെ സര്‍ക്കാരുകള്‍ക്ക് തീര്‍ച്ചയായും അതു ചെയ്യാവുന്നതാണ്, മാതൃകാപരമായ ഒരൂ ലോകത്ത് അതാണഭികാമ്യവും.
വാക്സിനുകളെല്ലാംതന്നെ മറ്റേതൊരു വൈദ്യശാസ്ത്ര ഇടപെടലുമായി താരതമ്യം ചെയ്യുമ്പോല്‍ അസാധാരണമാം വണ്ണം സുരക്ഷിതമാണ്. എന്നാല്‍ ഇതങ്ങനെയല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു നിഷേധിക്കുന്നില്ല. പക്ഷെ കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ചയും നിയന്ത്രണസംവിധാനങ്ങളുടെ നിരീക്ഷണപരതയും അവധാനതയും ഈ രംഗത്തെ മറ്റെന്നത്തേക്കാളും പരിപൂര്‍ണ്ണതയിലത്തെിച്ചിട്ടുണ്ട്.
വാക്സിന്‍റെ പ്രസക്തിയെ വിമര്‍ശിക്കുന്നവര്‍ പോലും പട്ടികടിയേല്‍ക്കുമ്പോള്‍ രഹസ്യമായെങ്കിലും വാക്സിനെടുക്കുമെന്നുറപ്പണ്. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് മിക്കവാറുമെല്ലാ വാക്സിനുകളുടെയും സ്ഥിതി. സാംക്രമിക രോഗങ്ങള്‍ക്കൊരു സ്വാഭാവികഗതിയുണ്ട്. ഇത്തരം രോഗങ്ങള്‍ ബാധിച്ചാല്‍ അധികം പേരും ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷിയുടെ ഫലമായി രോഗശാന്തി നേടും, എന്നാല്‍ പലപ്പോഴും ഇത് തീവ്രമായ ആതുരതകള്‍ ഏറ്റുവാങ്ങിയശേഷം മാത്രമായിരിക്കും. ടൈഫോയ്ഡും മഞ്ഞപ്പിത്തവും പോലെയുള്ള രോഗങ്ങളില്‍ ഒരു പക്ഷെ ഇതു മാസങ്ങളോളം നീണ്ടുനിന്നെന്നു വരാം. ചികില്‍സിച്ചാലും ഈ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. പ്രതിരോധശേഷി കുറഞ്ഞവര്‍ മരണപ്പെട്ടെന്നും വരും. ചികില്‍സാ ചെലവ്, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍, രോഗം മൂര്‍ഛിച്ച് അവയവ സ്തംഭനമൊക്കെയുണ്ടാകുമ്പോള്‍ കരള്‍മാറ്റിവെക്കല്‍പോലെ ബുദ്ധിമുട്ടും ബാദ്ധ്യതയുമുണ്ടാക്കാനിടയുള്ള അവസ്ഥയൊക്കെ മരണത്തോടൊപ്പം പരിഗണിക്കേണ്ടവയാണ്. വാക്സിനുകള്‍കൊണ്ട് തടയാവുന്ന അസുഖങ്ങള്‍ , അതിനെ അബദ്ധമെന്ന് പറഞ്ഞ് ഒഴിവാക്കുമ്പോഴുള്ള അവസ്ഥയാണ് ഇതെല്ലാം.
പലതരം വൈറസ് രോഗങ്ങള്‍ക്കും ഫലപ്രദമായ ഒൗഷധങ്ങളില്ല എന്നതാണ് സത്യം. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്‍്റെ മാത്രം കാര്യമാണ്, ഇതര ചികില്‍സാ സംവിധാനത്തില്‍ അങ്ങനെയല്ല എന്നതാണ് മറ്റൊരു അവകാശവാദം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് ഇവിടെ വ്യാപകമായി ചിക്കന്‍ഗുനിയ വന്നപ്പോഴും വര്‍ഷാവര്‍ഷമുണ്ടാകുന്ന പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയു പന്നിപ്പനി (H1N1 influenza) എലിപ്പനിയുമൊക്കെയുണ്ടാകുമ്പോഴും നിരവധി പേര്‍ മരിക്കുന്നുണ്ടെന്നു നമുക്കറിയാം. ഈ ഘട്ടങ്ങളിലൊന്നും തന്നെ അലോപ്പതിയല്ലാതെ മറ്റൊരു ചികില്‍സാസംവിധാനവും ഫലിച്ചതായറിവില്ല.
വാക്സിന്‍ ലഭിക്കുന്ന എല്ലാവരും അതിനോട് അനുകൂലമായി പ്രതികരിച്ചു പ്രതിരോധശേഷി ആര്‍ജ്ജിച്ചെന്നു വരില്ല. പലകാരണങ്ങളാലും വാക്സിന്‍ കൊടുക്കാനാകാത്ത കുട്ടികളുണ്ട്. ജനിതകമായോ ചില ആര്‍ജ്ജിത രോഗങ്ങള്‍ വഴിയോ ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കുള്ള ഒൗഷധസേവയാലോ പ്രതിരോധശേഷി കുറഞ്ഞവര്‍ ഈ വിഭാഗത്തില്‍ വരും. ഇവരില്‍ പല വാക്സിനുകളും ഫലിച്ചെന്നുവരില്ല. ജൈവശോഷിതാണുക്കളെ ആശ്രയിച്ചുള്ള വാക്സിനുകള്‍ ഇവര്‍ക്കു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാം. അതുകൊണ്ടവര്‍ക്ക് ഇങ്ങനെയുള്ള വാക്സിനുകള്‍ നല്‍കാറുമില്ല. അതായത് സമൂഹത്തില്‍ വാക്സിന്‍ കിട്ടിയവരിലും കിട്ടാത്തവരിലുമായി പ്രതിരോധശേഷിയുണ്ടായിട്ടില്ലാത്ത ഒരു വിഭാഗം എപ്പോഴുമുണ്ടാകും. ഇവര്‍ക്കു രോഗസാദ്ധ്യതയും അതുമൂലമുള്ള സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതകളും മറ്റുള്ളവരേക്കാള്‍ അധികമായിരിക്കും. എന്നാല്‍ ഇങ്ങനെയുള്ളവരൊഴികെ എല്ലാവരും വാക്സിന്‍ ലഭിച്ചവരും അതിനോടു അനുകൂലമായി പ്രതികരിച്ചിട്ടുള്ളവരുമാകുമ്പോള്‍ സമൂഹത്തിലെ രോഗാണുചംക്രമണം ഗണ്യമായി കുറയുകയും വാസ്കിന്‍ കിട്ടാത്തവരും പ്രതിരോധശേഷിയില്ലാത്തവരും രോഗണു സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത വിരളമാകുകയും ചെയ്യും. മറ്റുള്ളവരുടെ പ്രതിരോധശേഷിയുടെ വെളിച്ചത്തില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നുവെന്നു ചുരുക്കം. ‘‘എന്‍റെ കുട്ടിക്ക് വാക്സിനെടുത്തിട്ടില്ളെങ്കിലും കുഴപ്പമൊന്നുമില്ലല്ളോ’’ എന്ന വാചകം വാക്സിന്‍ വിരുദ്ധര്‍ ഉറക്കെ പറയുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാല്‍ സമൂഹത്തിലെ വാക്സിന്‍ നിരക്കു കുറയുമ്പോള്‍ ആദ്യം രോഗം ബാധിക്കുന്നത് ഇവരെ ആയിരിക്കുമെന്നതാണ് സത്യം.
ഒരാള്‍ തങ്ങളുടെ മതവിശ്വാസത്തിന്‍റെ ഭാഗമായും ഇതര ചികില്‍സാരീതികളിലുള്ള"വിശ്വാസ’’ത്തിന്‍റെ ഭാഗമായുമൊക്കെ തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന്‍ കൊടുക്കാതിരിക്കുകയും അവര്‍ക്കു രോഗം വരികയും ചെയ്യുമ്പോള്‍ അവിടെ ആരോഗ്യത്തോടെയിരിക്കാനുള്ള പൗരന്‍റെ അവകാശമാണ് ധ്വംസിക്കപ്പെടുന്നത്. രോഗം ബാധിച്ച കുട്ടിയുമായി സമ്പര്‍ത്തിലേര്‍പ്പെടുന്നവര്‍ രോഗബാധക്ക് വിധേയരാകാനിടയുണ്ട്. ഒരാളുടെ വിശ്വാസവും പെരുമാറ്റരീതികളും സമൂഹത്തിനു പൊതുവായി ദോഷം ചെയ്യുന്നതാണെങ്കില്‍ അതംഗീകരിക്കാനാവില്ലല്ളോ. ഈ അടിസ്ഥാനത്തിലാണ് പല വികസിതരാജ്യങ്ങളിലും സ്കൂള്‍ പ്രവേശനത്തിനു മുന്‍പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുക എന്ന ആശയം നടപ്പാക്കിയിട്ടുള്ളത്. ഹജ്ജിനുവേണ്ടി സൗദി അറേബ്യയിലത്തെുന്ന എല്ലാവരും പോളിയോ വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധനയും മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്താണെന്നു കാണാന്‍ പ്രായാസമില്ല.
യൂറോപ്യന്‍ രാജ്യങ്ങളെപ്പോലത്തെന്നെ മിക്കവാറും അറേബ്യന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ നിര്‍ബന്ധിതമാണ്. അവിടെയൊന്നുമില്ലാത്ത എതിര്‍പ്പു മതത്തിന്‍റെ പേരില്‍ കേരളത്തിലുണ്ടാകുന്നത് മതവിശ്വസത്തെ എങ്ങനെ വികലമാക്കാം എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് മതവിശ്വാസകളെക്കാള്‍ ഉപരി തങ്ങളുടെ ചികിത്സാസമ്പ്രദായത്തിന്‍റെ കീഴില്‍ ആള്‍ക്കാരെ അണിനിരത്താന്‍ വെമ്പല്‍കാണിയ്ക്കുന്ന പ്രകൃതിചികിത്സകരും ശാസ്ത്രീയമായി വൈദ്യം അഭ്യസിച്ചിട്ടില്ലാത്ത "പാരമ്പര്യ’’ ചികിത്സകരുമാണ്.
‘‘ഡോക്ടര്‍മാര്‍ ആരുംതന്നെ അവരുടെ കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നില്ല, കമ്പനിക്കാരുടെ അച്ചാരം വാങ്ങി മറ്റുകുട്ടികളെ രോഗത്തിലേക്കും മരണത്തിലേയ്ക്കും തള്ളിവിടുന്നു! ദശാബ്ദങ്ങളായി നടക്കുന്ന ഈ വഞ്ചന ഇതാ കുറെ മനുഷ്യസ്നേഹികള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു!’’ എന്തു തെളിവിന്‍റെ പിന്‍ബലത്തിലാണിങ്ങനെയൊക്കെ പറയുന്നതെന്ന് പൊതുജനങ്ങള്‍ അന്വേഷിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ചുരുക്കംപേരെയെങ്കിലും വാക്സിന്‍ നിഷേധിക്കുന്നവരാക്കി മാറ്റാന്‍ ഇവര്‍ക്കു കഴിയുന്നതും. അഭ്യസ്തവിദ്യരായ ചിലര്‍ ഒരു ഫാഷന്‍ എന്നനിലക്ക് മറ്റുള്ളവരുടെ വാക്സിന്‍പ്രയോഗമുണ്ടാക്കിയിട്ടുള്ള പ്രതിരോധത്തിന്‍റെ ചെലവില്‍ വാക്സിനെടുക്കാതെ സ്വയം മിടുക്കാരായി കഴിയുന്നുണ്ടെന്നതും മറക്കരുത്.
(ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരളാശാഖയുടെ മീഡിയ സെന്‍റര്‍ കണ്‍വീനറാണ് ലേഖകന്‍. drpisharody@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.