20 മിനിറ്റില്‍ ഒരു പെണ്‍കുട്ടി വീതം ബലാല്‍സംഗം ചെയ്യപ്പെടുകയും ഇരകള്‍ കുറ്റവാളികള്‍ ആകേണ്ടി വരികയും ചെയ്യുന്ന നമ്മുടെ രാജ്യത്ത്, ചിത്രങ്ങളിലൂടെ അവരുടെ നീതിക്കായി ഒരു കാമ്പെയ്ന്‍ നടത്തുന്ന സ്മിത ശര്‍മ എന്ന ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനെ പരിചയപ്പെടാം ഈ വനിതാ ദിനത്തില്‍. ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഇന്ത്യന്‍ യുവാക്കളെ ബോധവാന്മാരാക്കുകയും ഇരകളെ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പണം പിരിക്കുന്നതിനായി ഒരു കിക്ക് സ്റ്റാര്‍ട്ടര്‍ പേജും അവര്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക ആസ്ഥാനമായി ഇന്‍റര്‍നെറ്റിലൂടെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസനിധി സംഭരണമാണ് കിക്ക് സ്റ്റാര്‍ട്ടര്‍. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള 27 ഇരകളുടെ ചിത്രങ്ങള്‍ ആണ് സ്മിത ഇതുവരെ ക്യാമറയില്‍ പകര്‍ത്തിയത്. അടുത്തിടെ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ വളരെയധികം പ്രശംസ പിടിച്ചു പറ്റി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചതോടെ സ്മിതയുടെ കാമ്പെയ്ന്‍ കൂടുതല്‍ ശക്തമായി.
തുടക്കം
ഇന്ത്യയില്‍ നിന്ന് ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കിയ സ്മിത നേരെ പോയത് ന്യൂയോര്‍ക്കിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫോട്ടോഗ്രഫിയിലേക്കാണ്. അവിടെ നിന്ന് 2013 ലാണ് ഡോക്യുമെന്‍ററി ഫോട്ടോഗ്രഫിയില്‍ ബിരുദം നേടുന്നത്. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങളാണ് ഈ സംരഭത്തിന് പ്രചോദനമായത് എന്ന് സ്മിത പറയുന്നു. ‘‘കോളേജില്‍ വെച്ചാണ് എന്‍റെ അമ്മയുടെ സഹോദരിയുടെ മകള്‍ സഹപാഠിയാല്‍ പീഡിപ്പിക്കപ്പെടുന്നത്. പരാതി നല്‍കിയെങ്കിലും കോളേജിനെ അപമാനിക്കാനുള്ള സംഭവമായി കണക്കാക്കി മാനേജ്മെന്‍റ് അവളെ മാനസികമായി തേജോവധം ചെയ്യുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നീതി കിട്ടില്ല എന്ന് ഉറപ്പായതോടെ വിഷമം താങ്ങാനാകാതെ അവള്‍ ആത്മഹത്യ ചെയ്തു. എന്‍റെ ചിത്രങ്ങളിലൂടെ ഓരോ ഇരയും ഓരോ കഥ പറയുന്നുണ്ട്. പക്ഷെ ഈ ഓരോ കഥയും ഒരൊറ്റ ദുഃഖം പങ്കുവയ്ക്കുന്നു, ഒറ്റപ്പെടലിന്‍റെ. അവര്‍ക്കും അവകാശങ്ങളുണ്ട്. അതിനെ കുറിച്ചുള്ള ബോധ്യപ്പെടുത്തല്‍ ആകണം ഈ ചിത്രങ്ങള്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഇരയെ കണ്ടെത്തുക, ബന്ധപ്പെടുക, ചിത്രമെടുക്കുക ഇവയെല്ലാം തന്നെ വളരെ ബുദ്ധിമുട്ടുള്ളതും അപകടം പിടിച്ചതുമാണെന്ന് സ്മിത പറയുന്നു. ഇതിനായി ഞാന്‍ ഒരിക്കലും ഒറ്റയ്ക്ക് പോകാറില്ല. സന്നദ്ധ സേവാംഗങ്ങള്‍, ആ ഭാഗത്തുള്ള അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ അങ്ങനെ ഉള്ളവരെ കൂടെ കൂട്ടാറുണ്ട്. കുറ്റവാളികള്‍ പലപ്പോഴും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്മിത പറയുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയിലും ചിത്രങ്ങളും അവക്ക് പിന്നിലെ പൊള്ളുന്ന കഥകളും ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി തന്നെ സ്മിത കാണുന്നു.
''ഒരു സുഹൃത്തിനോട് എന്ന പോലെയാണ് അവരോട് ഇടപെടുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന ചോദ്യം അവസാനം മാത്രമേ ചോദിക്കാറുള്ളൂ. ക്രൂരമായ പരിഹാസങ്ങളും ഒറ്റപ്പെടലും ബഹിഷ്കരണവും ഒക്കെ കാരണം അവര്‍ ആരോടെങ്കിലും സംസാരിച്ചിട്ടു തന്നെ വര്‍ഷങ്ങള്‍ ആയിക്കാണും. ഇവരുടെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് പീഡനങ്ങള്‍ക്കെല്ലാം തന്നെ ഒരു പൊതുസ്വഭാവം ഉണ്ടെന്നുള്ളതാണ്. 27 പീഡനങ്ങളില്‍ 25 എണ്ണവും ഇരകള്‍ക്ക് അറിയാവുന്ന ആളുകളില്‍ നിന്നാണ് നേരിട്ടിട്ടുള്ളത്. ഇവരുടെ ചലനങ്ങള്‍ മനസ്സിലാക്കി വളരെ ആസൂത്രിതമായി ചെയ്തത്. കുറ്റവാളികള്‍ പിടിയിലായതും അല്ലാത്തതുമായ കേസുകള്‍ ഉണ്ട്. പക്ഷെ, പിടിയിലായവര്‍ അധികവും ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. കുറ്റവാളികളായി കഴിയേണ്ടി വരുന്നത് ഈ ഇരകളാണ്. 17 കാരനാല്‍ പീഡിപ്പിക്കപ്പെട്ട് മരിച്ച ഒരു 80കാരിയെ പറ്റി പോലും ക്രൂരമായ പരിഹാസത്തോടെ സംസാരിക്കുന്നത് ഞാന്‍ കേട്ടു.'' സ്മിത പറയുന്നു.
സ്മിതയുടെ കാമറ ഒപ്പിയെടുത്ത ഉള്ളു പൊള്ളിക്കുന്ന ചിത്രങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.