മരുന്നുകള്‍; ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷങ്ങള്‍

കുട്ടികളുടെ ചുമക്കുള്ള ഫൈസര്‍ കമ്പനിയുടെ കോറക്സ് കഴിച്ച് ബാല്യം പിന്നിട്ടവര്‍ ഇപ്പോള്‍ പെണ്ണുകെട്ടിക്കാന്‍ പ്രായമായിക്കാണും. ‘തലവേദനക്കും പനിക്കും ഒറ്റയടിക്ക് പരിഹാരം’ കാണുന്ന വിക്സ് ആക്ഷന്‍ 500 കഴിക്കാത്തവര്‍ ചുരുക്കം. ചുമക്ക് സെന്‍സിഡൈല്‍ കഴിക്കാന്‍ ചാനല്‍ പരസ്യങ്ങളില്‍ പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. ഇവയൊക്കെ നമ്മുടെ നിത്യ തീറ്റ സാധനങ്ങളുമാണ്. എന്നിട്ടിപ്പോള്‍ ഇതാ വന്നിരിക്കുന്നു , നിരോധം. അഥവാ ഇന്നലെ വരെ നമ്മള്‍ കഴിച്ച മരുന്നുകള്‍ വിഷം ആയിരുന്നുവെന്ന വിളംബരം.
കോറക്സിലെ കൊടീനൊപ്പം ചേര്‍ക്കുന്നത് ക്ളോര്‍ഫിനിറാമിന്‍ എന്ന രാസഘടകം. ഫെനിലെഫ്രൈന്‍, കഫെയ്ന്‍ എന്നിവയടങ്ങിയതാണ് വിക്സ് ആക്ഷന്‍ 500. രോഗശമനവുമായി ബന്ധപ്പെട്ട് യാതൊരു ഗുണവും ചെയ്യാത്തതാണെന്നും ശരീരത്തിന് ദോഷകരമാണ് ഇവയെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് നിരോധം. ഇവയില്‍ കൊടീന്‍ മസ്തിഷ്കത്തിന് ക്ഷതം സംഭവിക്കാന്‍ ഇടയാക്കുമെന്നുമുണ്ട് വെളിപ്പെടുത്തല്‍. ഇവ മാത്രമല്ല ഇത്തരം 344 മരുന്നു സംയുക്തങ്ങളുടെ ഉല്‍പാദവും വില്‍പനയും തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനവുമിറക്കി. ഇവയിലേറെയും നാം നിത്യം തിന്നുതീര്‍ക്കുന്ന മരുന്നുകള്‍. മരുന്ന് തീറ്റിച്ച് നമ്മെ നിത്യരോഗികളാക്കുകയായിരുന്നു മരുന്ന് കമ്പനി- ഡോക്ടര്‍ കൂട്ടുകെട്ടെന്ന് ഇപ്പോഴെങ്കിലും സര്‍ക്കാര്‍ തിരിച്ചറിഞ്ഞത് ഭാഗ്യം. ഇനി ഈ നിരോധം എങ്ങനെ നടപ്പാക്കുമെന്നതിലാണ് ആശങ്ക.

അശാസ്ത്രീയ ചേരുവകള്‍
കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവശ്യമരുന്ന് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ വിലയില്‍ നല്‍കേണ്ട മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പകരം മറ്റുചില മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ചേരുവയാക്കി യഥാര്‍ഥത്തില്‍ ഈടാക്കേണ്ടതിന്‍െറ പത്തിരട്ടിയിലേറെ വിലക്ക് വില്‍ക്കുകയാണ് മരുന്നുകമ്പനികള്‍. ഡോക്ടര്‍മാരെയും മരുന്നുകടക്കാരെയും സ്വാധീനിച്ച് മരുന്നുകള്‍ സാര്‍വത്രികമാക്കുകയും ചെയ്തതോടെ കൊള്ളലാഭം അവര്‍ ഉറപ്പിച്ചു. മാനദണ്ഡം പാലിക്കാതെ ശരീരത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന രാസ സംയുക്തങ്ങള്‍ മാനുഷിക പരിഗണന നല്‍കാതെ അവര്‍ പുറത്തിറക്കി. അത് കഴിച്ചവര്‍ മറ്റൊരു രോഗങ്ങള്‍ക്ക് അടിമപ്പെട്ടു. സമൂഹത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഈ നടപടി കണ്ടില്ളെന്ന് നടിക്കുകയായിരുന്നു ഇവിടെ കേന്ദ്ര- സംസ്ഥാന ഡ്രഗ്സ് വിഭാഗങ്ങള്‍. അവശ്യം വേണ്ട മരുന്നില്‍ ചേര്‍ക്കുന്ന കോമ്പിനേഷന്‍ മരുന്നിന്‍െറ പ്രവര്‍ത്തനവും പ്രത്യാഘാതവും പോലും നോക്കാതെ ഡോക്ടര്‍ സമൂഹം അവര്‍ക്ക് കൂട്ടുനിന്നു എന്നിടത്താണ്  മനുഷ്യത്വ രാഹിത്യം വെളിപ്പെടുന്നത്.
വില നിയന്ത്രണത്തെ അട്ടിമറിക്കാന്‍ അശാസ്ത്രീയ ചേരുവ( ഫിക്സഡ് ഡോസ് കോമ്പിനേഷനുകള്‍) ഡോക്ടര്‍മാര്‍ നമുക്ക് കുറിച്ചെഴുതി  മരുന്നുകമ്പനികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പങ്കുപറ്റുകാരായി കോടികളാണ് നമ്മില്‍ നിന്ന് കൊള്ളയടിച്ചത്.  അനാവശ്യ മരുന്നുകള്‍ ശരീരത്തില്‍ നിറഞ്ഞ് മനുഷ്യര്‍ മരുന്നുകൂമ്പാരങ്ങളായി മാറിയത് മിച്ചം. 344 മരുന്നുസംയുക്തങ്ങള്‍ വെച്ച് വിവിധ ബ്രാന്‍ഡുകളിലായി 20000 ലേറെ മരുന്നുകളാണ് മാര്‍ക്കറ്റില്‍ ഉള്ളത്. ഇതില്‍ 6000 ലേറെ മരുന്നുസംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍െറ അംഗീകാരമില്ലാതെയാണെന്ന് പുറത്തിറക്കുന്നതെന്ന് വിദഗ്ധ സമിതി കണ്ടത്തെിയിരുന്നു.

വൈകിയത്തെിയ ബുദ്ധി
ഇത് അടുത്ത കാലത്ത് സംഭവിച്ചവിച്ചവയൊന്നുമല്ല എന്നതാണ് രസകരം. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഇതാണ് നടന്നുവരുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഡോക്ടര്‍ സമൂഹവും ജനകീയാരോഗ്യപ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. നിരന്തരം പ്രതിഷേധം വരുന്നുണ്ടെങ്കിലും ഫലം കാണാതെ പോയി. ഒടുവില്‍ ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ കോടതി ഇടപെടലിനത്തെുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫ. രഞ്ജിത് റോയ് ചൗധരിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനും മരുന്നു പരീക്ഷണം തടയിടാനും അശാസ്ത്രീയ ചേരുവ ചേര്‍ന്ന മരുന്നുകള്‍ നിയന്ത്രിക്കാനുമായിരുന്നു കമ്മിറ്റി ശിപാര്‍ശ ചെയ്തത്.

ഡ്രഗ്സ് വിഭാഗത്തിന്‍െറ അനാസ്ഥ
ലോകാരോഗ്യ സംഘടനയുടെ  അവശ്യ മരുന്നുപട്ടികയില്‍ ഒരു ഡസനിലേറെ മരുന്നു ചേരുവ മാത്രമേയുള്ളൂ. കേന്ദ്ര ഡ്രഗ് കണ്‍ട്രോളര്‍ മരുന്നു നിര്‍മിക്കാന്‍ നല്‍കിയ ലൈസന്‍സിന്‍െറ ബലത്തിലാണ് വ്യാപകമായി മരുന്നുചേരുവകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ തുടങ്ങിയത്. സംസ്ഥാന ഡ്രഗ് വിഭാഗമാകട്ടെ ഇതിനൊക്കെ അനുമതിയും നല്‍കി. കൂണുപോലെ മുളച്ചുപൊന്തിയ ഒൗഷധ നിര്‍മാണക്കാര്‍ ലാഭം വാരിക്കൂട്ടി. ഇപ്പോഴിതാ നിരോധം വന്നതോടെ ആ മരുന്നുവ്യാപാരത്തിന് തടയും വന്നു. ഇപ്പോള്‍ 344 മരുന്നുകള്‍ നിരോധിച്ചതിലൂടെ 3,800 കോടിയുടെ നഷ്ടമാണ് മരുന്നു മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുന്നത്. 500 മരുന്നുകള്‍ കൂടി നിരോധിക്കുന്നതിലൂടെ 10,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഒരു ലക്ഷം കോടിയുടെ വ്യാപാരമാണ് ഫാര്‍മസ്യൂട്ടിക്കല്‍ റീട്ടെയ്ല്‍ രംഗത്ത് ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്നത്.

എങ്ങനെ നടപ്പാക്കും
നിരോധം എങ്ങനെ പ്രയോഗത്തില്‍ കൊണ്ടുവരും എന്നത് സംബന്ധിച്ച് ആശങ്ക ഏറെയാണ്. ഓരോ മരുന്നുഷോപ്പിലും കുന്നുകൂടിക്കിടക്കുന്ന മരുന്നുകള്‍ കമ്പനികളുടെ നേതൃത്വത്തില്‍  പിന്‍വലിക്കണം. ഡോക്ടമാര്‍ക്ക് മരുന്ന് എഴുതാന്‍ പാടില്ല എന്നത് സംബന്ധിച്ച് കര്‍ശനം നിര്‍ദേശം നല്‍കണം. അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. ഇതിനൊക്കെയുള്ള സംവിധാനം സംസ്ഥാന ഡ്രഗ്സ് വിഭാഗത്തില്‍ ഉണ്ടോ എന്നതിലാണ് സംശയം ഉയരുന്നത്.  ജനറിക് മരുന്ന് മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാന്‍ പാടുള്ളൂ എന്ന നിയമവും കുറിപ്പടി വ്യക്തമായി എഴുതണം തുടങ്ങി പല നിര്‍ദേശങ്ങളും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പാലിക്കപ്പെടാതെയും പരിപാലിക്കാതെയും പോകുന്ന നിയമങ്ങളുടെ കൂട്ടത്തിലേക്കാണോ ഒരു ജനയുടെ ആരോഗ്യസംരക്ഷണത്തിനായി ഇറക്കിയ ഉത്തരവ് ചെന്നുപെടുക എന്നതിലാണ് ആശങ്ക.

നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് ഗസറ്റഡ് വിജ്ഞാപനത്തില്‍.
http://cdsco.nic.in/writereaddata/SO 705(E) TO 1048(E) DATED 10-03-2016.pdf

നിരോധിച്ചതായുള്ള കേന്ദ്ര ഉത്തരവ്
http://www.cdsco.nic.in/writereaddata/SKM_12032016.pdf

 


 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.