1971ൽ പാകിസ്താനിൽനിന്ന് വിഘടിച്ച് ബംഗ്ലാദേശ് പിറവികൊണ്ടപ്പോൾ മുജീബുർറഹ്മാൻ അതിനെ വിശേഷിപ്പിച്ചത് സുവർണ ബംഗാൾ എന്നായിരുന്നു. പക്ഷേ, ബംഗ്ലാദേശികൾക്ക് ലഭിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഏകകക്ഷി ഭരണമാണ്. 75ഓടെ എല്ലാ രാഷ്ട്രീയ കക്ഷികളും, അവാമി ലീഗൊഴികെ, നിരോധിക്കപ്പെട്ടു. 75ൽതന്നെയാണ് ഇന്ദിര ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ബംഗ്ലാദേശിനെ അവർ ഒരു പരീക്ഷണശാലയായി കണ്ടിരുന്നോ എന്ന സംശയം അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ. ...
1971ൽ പാകിസ്താനിൽനിന്ന് വിഘടിച്ച് ബംഗ്ലാദേശ് പിറവികൊണ്ടപ്പോൾ മുജീബുർറഹ്മാൻ അതിനെ വിശേഷിപ്പിച്ചത് സുവർണ ബംഗാൾ എന്നായിരുന്നു. പക്ഷേ, ബംഗ്ലാദേശികൾക്ക് ലഭിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഏകകക്ഷി ഭരണമാണ്. 75ഓടെ എല്ലാ രാഷ്ട്രീയ കക്ഷികളും, അവാമി ലീഗൊഴികെ, നിരോധിക്കപ്പെട്ടു. 75ൽതന്നെയാണ് ഇന്ദിര ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ബംഗ്ലാദേശിനെ അവർ ഒരു പരീക്ഷണശാലയായി കണ്ടിരുന്നോ എന്ന സംശയം അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ. 75ൽ ഇന്ദിര ഗാന്ധിക്കുള്ള താക്കീതെന്നോണംകൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15നുതന്നെ വിദേശത്തുള്ള ഹസീനയും സഹോദരിയുമൊഴികെ മുജീബ് കുടുംബത്തെ ഒന്നായി കൂട്ടക്കൊല ചെയ്ത് പട്ടാളം അധികാരം പിടിച്ചടക്കുന്നത്. മുജീബ് മന്ത്രിസഭാംഗമായിരുന്ന ഖണ്ഡാക്കർ മുശ്താഖ് അഹ്മദാണ് അട്ടിമറിയെ തുടർന്ന് വന്ന സർക്കാറിനെ നയിച്ചതെന്നത് ശ്രദ്ധേയമാണ്. അവാമി ലീഗിനകത്തുള്ളവർതന്നെ മുജീബിന്റെ ഓട്ടോക്രസിക്കെതിരായിരുന്നുവെന്നർഥം. ഹസീനയെ ഓടിച്ച ജനകീയ പ്രക്ഷോഭം നടന്നതും ഒരു ആഗസ്റ്റിലാണെന്നത് യാദൃച്ഛികമാകാം. ഹസീന അവാമി ലീഗുകാർക്കിടയിൽതന്നെ വെറുക്കപ്പെട്ടിരുന്നു എന്ന വസ്തുത ഇന്ത്യയിലെ ഗോദി മീഡിയ ഒഴികെ ലോകത്തുള്ള എല്ലാ മീഡിയക്കും വ്യക്തമായിരുന്നു. അവാമി ലീഗിന്റെ സമുന്ന നേതാവും മുജീബ് മന്ത്രിസഭാംഗവുമായിരുന്ന കമാൽ ഹുസൈനെ പോലുള്ളവർ രണ്ടും മൂന്നും ഭരണ ടേമുകളിൽ ഹസീനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് അഴിച്ചുവിട്ടത്. സുപ്രീംകോടതി ജഡ്ജിമാരെ പുറത്താക്കാനുള്ള ഭരണഘടന ഭേദഗതിയെ അനുകൂലിക്കാത്തതിന്റെ പേരിൽ ഹസീന പുറത്താക്കിയ സുപ്രീംകോടതിയിലെ ഹിന്ദു ചീഫ് ജസ്റ്റിസായ സുരേന്ദ്രകുമാർ സിൻഹക്കും ഹുസൈൻ പിന്തുണ നൽകി. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് വിവരംകിട്ടിയ സുരേന്ദ്രകുമാർ നാടുവിടുകയായിരുന്നു. മതമൗലിക വാദികളെ അടിച്ചമർത്തിയ, ന്യൂനപക്ഷ സംരക്ഷകയായി പേരെടുത്ത ഹസീന ഒന്നാംതരം ഹിന്ദു ഷോ പീസായ സുരേന്ദ്രകുമാറിനെ വലിച്ചെറിഞ്ഞതെന്തുകൊണ്ടാണ്?
ഇന്ദിര ഗാന്ധിയും മുജീബുർറഹ്മാനും
സുരേന്ദ്രകുമാറിന്റെ ഭഗ്നസ്വപ്നം
കോടതിയെ പാർലമെന്റിന്റെ വരുതിയിലാക്കാനുള്ള കടുത്ത സമ്മർദത്തിനൊടുവിലാണ് സുരേന്ദ്രകുമാർ നാടുവിടാൻ നിർബന്ധിതനാകുന്നത്. ദിവസങ്ങളോളം അദ്ദേഹം സുപ്രീംകോടതിയിൽ ഹാജരായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ലീവിലാണെന്നായിരുന്നു നിയമമന്ത്രി അനീസുൽ ഹഖ് അന്ന് പറഞ്ഞിരുന്നത്. പക്ഷേ, രാജ്യംവിടുന്ന സമയത്ത് വിമാനത്താവളത്തിൽവെച്ച് വാർത്താലേഖകരുമായി സംസാരിച്ച സിൻഹ പറഞ്ഞത് താൻ പൂർണ ആരോഗ്യവാനാണെന്നാണ്. ആദ്യം ആസ്ട്രേലിയക്ക് പോയ അദ്ദേഹം പിന്നീട് നോർത്ത് അമേരിക്കയിൽ അഭയം തേടിയെന്ന് പറയപ്പെടുന്നു. 2017ലാണ് ഈ സംഭവം. വിദേശത്തെത്തി രാജിവെച്ച ശേഷം അദ്ദേഹത്തിന്റെ പേരിൽ അഴിമതിയാരോപണം വരികയും 11 വർഷം തടവിന് അഭാവത്തിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു.
2017 ഒക്ടോബറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളുമായി സംസാരിക്കുന്ന ജസ്റ്റിസ് സുരേന്ദ്രകുമാർ സിൻഹ (ഫയൽ ചിത്രം)
യഥാർഥത്തിൽ എന്താണ് നടന്നത്? ‘ഭഗ്നസ്വപ്നം’ (എ ബ്രോക്കൺ ഡ്രീം: റൂൾ ഓഫ് ലോ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി) എന്ന പേരിൽ പിന്നീട് അദ്ദേഹം എഴുതിയ ആത്മകഥയിൽ അത് വിവരിക്കുന്നുണ്ട്. ‘മതമൗലികവാദികളെ’ പഴിചാരി ഹസീനക്ക് വേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ വായിക്കേണ്ട പുസ്തകമാണ് ഈ പീഡിത ഹിന്ദുവിന്റെ ആത്മകഥ. ബംഗ്ലാദേശ് യുദ്ധകാലത്ത് ‘റസാകാർമാർ’ നടത്തിയ ‘കൂട്ടക്കൊല’കളുടെ യഥാർഥ വസ്തുതകളറിയാൻ സുഭാഷ് ചന്ദ്രബോസിന്റെ പേരക്കിടാവായ ശർമിള ബോസിന്റെ ’71ലെ യുദ്ധസ്മരണകൾ’ (Dead Reckoning. Memories of the 1971 Bangladesh war) എന്ന കൃതിയും അനുബന്ധമായി വായിക്കാം.
ജീവഭയമാണ് നാടുവിടാൻ പ്രേരിപ്പിച്ചതെന്ന് 2018ൽ കാനഡയിൽവെച്ച് ‘അൽജസീറ’ ലേഖകൻ ഡേവിഡ് ബർഗ്മാന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് സുരേന്ദ്രകുമാർ സിൻഹ വെളിപ്പെടുത്തിയിരുന്നു. ഡി.ജി.എഫ്.ഐ (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്സസ് ഇന്റലിജൻസ്) രാജിക്ക് കടുത്ത സമ്മർദം ചെലുത്തി. അല്ലെങ്കിൽ രണ്ടു മാസമായി കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് അനിരുദ്ധ റോയ് എന്ന ബിസിനസുകാരനും സ്വന്തം കുടുംബാംഗങ്ങൾതന്നെയും വധിക്കപ്പെട്ടേക്കാമെന്നായിരുന്നു ഭീഷണി. ജി.ഡി.എഫ്.ഐയെ അദ്ദേഹം താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ‘ഗസ്റ്റപ്പോ’യോടാണ്. പ്രധാനമന്ത്രി ഹസീനയുടെ നേരിട്ടുള്ള നിർദേശമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡി.ജി.എഫ്.ഐ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. 2009ൽ ഹസീന അധികാരത്തിലെത്തിയതോടെ ഡസൻ കണക്കിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഡി.ജി.എഫ്.ഐക്കാരാൽ പൊക്കപ്പെടുകയോ കാണാതാവുകയോ ചെയ്തതായി മുൻ ചീഫ് ജസ്റ്റിസ് പറയുന്നു. സർക്കാറിനെതിരെ വിധി പ്രസ്താവിച്ചപ്പോഴാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിയത്. ബംഗ്ലാദേശിൽ ഒരു ചീഫ് ജസ്റ്റിസിന് നീതി ലഭ്യമല്ലെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഏറ്റുമുട്ടലിന്റെ തുടക്കം
2015ലാണ് ബംഗ്ലാദേശിലെ പ്രഥമ ഹിന്ദു ചീഫ് ജസ്റ്റിസായി സുരേന്ദ്രകുമാർ സിൻഹ സ്ഥാനമേൽക്കുന്നത്. 2016ൽതന്നെ സർക്കാറുമായി ഇടയാൻ തുടങ്ങി. ന്യായാധിപന്മാരെ പുറത്താക്കാൻ പാർലമെന്റിന് അധികാരം നൽകുന്ന 16-ാം ഭരണഘടന ഭേദഗതി ബില്ലായിരുന്നു നിമിത്തം. ബില്ലിന്റെ നിയമസാധുത ഹൈകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. വിധി പറയേണ്ട മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി അതിനിടെ സിൻഹയെ ചെന്നുകണ്ടു. സർക്കാറിനനുകൂലമായി വിധി പറയാൻ ചേംബറിൽ വന്നുകണ്ട ഡി.ജി.എ.ഐയിലെ ഒരു ഓഫിസർ സമ്മർദം ചെലുത്തിയതായി ജഡ്ജി പറഞ്ഞു. എങ്കിലും ബില്ലിനെതിരായിരുന്നു ഹൈകോടതിയുടെ ഭൂരിപക്ഷ വിധി.
2017 ഒക്ടോബർ ഒന്നിന്, അപ്പീലിന് വിധി പറയേണ്ടതിന്റെ തലേദിവസം രാത്രി വൈകീട്ട് പ്രസിഡന്റും പ്രധാനമന്ത്രി ഹസീനയും നിയമമന്ത്രിയും അറ്റോണി ജനറലും പങ്കെടുത്ത യോഗത്തിലേക്ക് സിൻഹ ക്ഷണിക്കപ്പെടുന്നു. സുപ്രീംകോടതിയിൽ എത്തിയ അപ്പീലിൽ ഗവൺമെന്റിന് അനുകൂലമായി വിധി പുറപ്പെടുവിക്കണമെന്ന് അവർ ജസ്റ്റിസ് സിൻഹയോട് ആവശ്യപ്പെടുന്നു.
‘‘പ്രധാനമന്ത്രിക്ക് ആന്ധ്യം ബാധിച്ചപോലെയാണ് എനിക്ക് തോന്നിയത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്ന ഏക ലക്ഷ്യത്തിനുവേണ്ടി സുപ്രീംകോടതിയെ അവർക്ക് നിയന്ത്രണത്തിലാക്കണം. ഇത് മാത്രമായിരുന്നു അവരുടെ ചിന്ത’’ -സിൻഹ എഴുതുന്നു. ‘‘ഭരണഘടനാ വിരുദ്ധവും നീതിക്ക് നിരക്കാത്തതുമായിരുന്നു അവരുടെ സമീപനം.’’
ബില്ലിനനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നെങ്കിൽ സർക്കാറിനും രാഷ്ട്രീയക്കാർക്കുമെതിരെ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാർ സ്ഥാനഭ്രഷ്ടരാക്കപ്പെടുക എന്നതായിരിക്കും ഫലം എന്ന് ജസ്റ്റിസ് സിൻഹ അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. പിറ്റേന്ന് സിൻഹ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഏകകണ്ഠമായി ബിൽ തള്ളി വിധി പ്രസ്താവിച്ചു.
രൂക്ഷമായ വിമർശനം
2017 ആഗസ്റ്റിൽ വിധിയുടെ ലിഖിത പകർപ്പ് പുറത്തുവന്നതോടെ സർക്കാറിൽനിന്നും സർക്കാറിനെ പിന്തുണക്കുന്നവരിൽനിന്നും അതിരൂക്ഷ വിമർശനങ്ങളാണ് ജസ്റ്റിസ് സിൻഹയുടെ നേർക്കു വന്നത്. ചീഫ് ജസ്റ്റിസ് ഒരു മാസത്തിനകം പടിയിറങ്ങണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ നീക്കംചെയ്യാൻ അഭിഭാഷകർ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭക്ഷ്യമന്ത്രി ഖമറുൽ ഇസ്ലാം ഭീഷണിപ്പെടുത്തി. പിന്നെ ഹിന്ദുവായ സിൻഹയും ‘റസാകാറാ’കാൻ താമസമുണ്ടായില്ല. ചീഫ് ജസ്റ്റിസ് വിമോചനസമര വിരുദ്ധ ശക്തികൾക്ക് ചൂട്ടുപിടിക്കുകയാണെന്നായി ഖമറുൽ ഇസ്ലാം. ‘‘ഒരു രാജ്യവും ഒരു ദേശവും ഒരാൾ മാത്രമായിട്ട് നിർമിക്കുന്നതല്ല’’ എന്നൊരു പരാമർശം കോടതി വിധിയിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പിതാവും സ്വാതന്ത്ര്യസമര നേതാവുമായ ശൈഖ് മുജീബുർറഹ്മാനെക്കുറിച്ച ദുഃസൂചനയായാണ് അവാമി പാർട്ടി പ്രവർത്തകർ ആ പരാമർശത്തെ കണ്ടത്. ‘‘ചീഫ് ജസ്റ്റിസ് രാഷ്ട്രപിതാവിനെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്തിരിക്കയാണെ’’ന്ന് പ്രധാനമന്ത്രി ഹസീന പാർലമെന്റിൽ പ്രസ്താവനയിറക്കുകയും ചെയ്തു.
ഡി.ജി.എഫ്.ഐ ഇടപെടൽ
ഡി.ജി.എഫ്.ഐ ഓഫിസറുടെ ഭീഷണി വരുന്നത് 2017 സെപ്റ്റംബറിൽ ജപ്പാനിൽ വെച്ചാണ്. രാജ്യത്തേക്ക് മടങ്ങരുതെന്നും ആസ്ട്രേലിയയിലേക്കോ കാനഡയിലേക്കോ പോകണമെന്നുമായിരുന്നുവത്രെ ആവശ്യം. അടുത്ത നടപടിയെക്കുറിച്ച് തീരുമാനമാകുന്നതുവരെ അവിടെത്തന്നെ നിൽക്കണമെന്നും ഓഫിസർ പറഞ്ഞുവെങ്കിലും അത് കൂട്ടാക്കാതെ അദ്ദേഹം ബംഗ്ലാദേശിലേക്കുതന്നെ മടങ്ങി. 2018 ഒക്ടോബറിൽ ഒരു സീനിയർ ജഡ്ജി സിൻഹയെ സന്ദർശിച്ചു. അദ്ദേഹത്തെയും മറ്റൊരു ജഡ്ജിയെയും പ്രസിഡന്റ് വിളിപ്പിച്ചതും സിൻഹക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ കൂടെ ബെഞ്ചിൽ ഇരിക്കരുതെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം വെളിപ്പെടുത്തി.
വിധി പുറപ്പെടുവിച്ചതിന്റെ പിറ്റേന്ന് ഡി.ജി.എഫ്.ഐ തലവൻ മേജർ ജനറൽ മുഹമ്മദ് സൈഫുൽ ആബിദീൻ സിൻഹയെ കാണാൻ കോടതി ചേംബറിൽ എത്തി. വിധി പ്രതിപക്ഷമായ ബി.എൻ.പിയെ ആഹ്ലാദിപ്പിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസിനോട് അദ്ദേഹം പറഞ്ഞു. സന്തുഷ്ടരായ ബി.എൻ.പി പ്രവർത്തകർ മിഠായി വിതരണം നടത്തുകയും തങ്ങൾ അധികാരത്തിൽ തിരിച്ചുവരാൻ പോവുകയാണെന്ന് ടെക്സ്റ്റ് മെസേജുകൾ അയച്ചുതുടങ്ങുകയും ചെയ്തിരുന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ സുരക്ഷാ ഭടന്മാരാൽ വീട് വലയം ചെയ്യപ്പെട്ടതാണ് സിൻഹ കണ്ടത്.ആരോടും സംസാരിക്കാൻ പോലും അനുമതിയില്ലാതെ 15 ദിവസത്തോളം അദ്ദേഹത്തിന് വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു.
നാടുവിടുന്നു
രാജ്യംവിടുകയല്ലാതെ ഇനി രക്ഷയില്ലെന്ന് സിൻഹക്ക് ബോധ്യമായി. 2017 നവംബറിൽ ആസ്ട്രേലിയയിൽനിന്ന് കാനഡയിലേക്ക് പോകാനിരിക്കെ ഡി.ജി.എഫ്.ഐ ഓഫിസർ കേണൽ മുഹമ്മദ് നസീം ബിസിനസുകാരനായ അനിരുദ്ധ റോയിയെ വിട്ടയച്ചിട്ടുണ്ടെന്നും അതിനാൽ, ചീഫ് ജസ്റ്റിസ് പദവി രാജിവെക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിട്ടയച്ചതായി ബോധ്യപ്പെടാതെ രാജിവെക്കില്ലെന്ന് സിൻഹ പറഞ്ഞു. അതിന് ആദ്യം അനിരുദ്ധയുടെ ഭാര്യയുമായി സംസാരിക്കണമെന്ന ഉപാധിയും വെച്ചു. ഓഫിസർ അനിരുദ്ധയുടെ ഭാര്യയുമായി കണക്ട് ചെയ്ത ഫോൺ സിൻഹക്ക് കൈമാറി. ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ രാജിവെക്കണമെന്ന് കരഞ്ഞുകൊണ്ട് അവർ അപേക്ഷിച്ചു. തുടർന്ന് റോയിയുമായി സിൻഹ സംസാരിച്ചു. ‘‘സർ, ഞാൻ വീടിന്റെ പടികയറുകയാണ്’’ എന്ന് റോയ് പറഞ്ഞതോടെയാണ് സുരേന്ദ്രകുമാർ സിൻഹ ചീഫ് ജസ്റ്റിസ് പദവി രാജിവെച്ചുകൊണ്ടുള്ള രേഖ ഡി.ജി.എഫ്.ഐ ഓഫിസർക്ക് കൈമാറുന്നത്.
ഇതാണ് ഹസീനാ രാജിലെ ഹിന്ദു സുരക്ഷിതത്വത്തിന്റെ ‘സുവർണരേഖ’. ബംഗ്ലാദേശിന്റെ പിറവികാലത്ത് അബു അബ്രഹാമിന്റെ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരുന്നു. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം തിരുത്തി ഇന്ദിര ഗാന്ധി ത്രിരാഷ്ട്ര സിദ്ധാന്തം എന്നെഴുതുന്ന ഒരു ചിത്രം. ഒരു ശത്രുവിന് പകരം രണ്ട് ശത്രുക്കൾ എന്നായിരുന്നു അതിന്റെ വ്യംഗ്യം.
ഹസീനയെ നമുക്ക് കൈവിടാൻ പറ്റില്ലെന്ന് വ്യക്തം. പക്ഷേ, ബംഗ്ലാദേശിലെ താൽപര്യങ്ങൾ ബലികഴിച്ചുകൊണ്ടായിരിക്കരുത് അത്. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പാനന്തരം വരാനിരിക്കുന്ന സർക്കാറിനും ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം മറക്കാൻ കഴിയില്ല. ഭരണകർത്താക്കളുടെ വിവേകം പ്രവർത്തിക്കേണ്ട സന്ദർഭമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.