ബഹുസ്വരതക്കും അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ സഹസ്ഥാപക സുനിത വിശ്വനാഥ് എഴുതുന്നുശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി നാളിലാണ് യഹൂദ, ക്രൈസ്തവ, മുസ്ലിം, ഹിന്ദു, ബുദ്ധ സഹോദരങ്ങളടങ്ങിയ സംഘത്തോടൊപ്പം ഞാൻ ഫലസ്തീനിൽ വന്നിറങ്ങിയത്. മഥുരയിലെ ജയിലറക്കുള്ളിലാണ് കൃഷ്ണന്റെ ജനനം. ദുഷ്ടനായ അമ്മാവൻ കംസൻ, കൃഷ്ണനെ കൊലപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. കാവൽക്കാരുറങ്ങവേ ജയിലിന്റെ വാതിലുകൾ...
ബഹുസ്വരതക്കും അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ സഹസ്ഥാപക സുനിത വിശ്വനാഥ് എഴുതുന്നു
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി നാളിലാണ് യഹൂദ, ക്രൈസ്തവ, മുസ്ലിം, ഹിന്ദു, ബുദ്ധ സഹോദരങ്ങളടങ്ങിയ സംഘത്തോടൊപ്പം ഞാൻ ഫലസ്തീനിൽ വന്നിറങ്ങിയത്.
മഥുരയിലെ ജയിലറക്കുള്ളിലാണ് കൃഷ്ണന്റെ ജനനം. ദുഷ്ടനായ അമ്മാവൻ കംസൻ, കൃഷ്ണനെ കൊലപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. കാവൽക്കാരുറങ്ങവേ ജയിലിന്റെ വാതിലുകൾ തുറക്കപ്പെടുകയും പിതാവ് വസുദേവർ കുഞ്ഞുകൃഷ്ണനെ തലയിലേറ്റി യമുനാനദി കടന്ന് സുരക്ഷിത സ്ഥാനത്തേക്കെത്തുകയുമായിരുന്നു.
രണ്ട് ദശാബ്ദത്തോളമായി ഇസ്രായേൽ ഉപരോധം തുടരുന്ന ഗസ്സയെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നാണ് ഐക്യരാഷ്ട്രസഭയും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിക്കുന്നത്. ഗസ്സക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാനും പുറത്തുപോകാനും കഴിയില്ലെന്ന് മാത്രമല്ല, അവർക്ക് മതിയായ ഭക്ഷണവും വെള്ളവും പോലും നിഷേധിക്കപ്പെടുന്നു. പുല്ലുവെട്ടിത്തെളിക്കൽ എന്ന കളിപ്പേരിട്ട് വിളിക്കുന്ന പ്രക്രിയയിൽ ഇസ്രായേൽ ഇടക്കിടെ അവിടെ ബോംബ് വർഷിച്ചുപോന്നിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം തികച്ചും നിയമവിരുദ്ധമാണ് ഗസ്സയിലെ ഉപരോധം. അധിനിവേശത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനി ജനതക്ക് അതിനെ ചെറുക്കാനും ജനീവ കൺവെൻഷൻ അംഗീകരിച്ച അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അവകാശമുണ്ട്.
അതിമനോഹരമായ കുട്ടിക്കാലമായിരുന്നു ഉണ്ണിക്കണ്ണന്റേത്. അയൽക്കാരിൽ നിന്ന് വെണ്ണ മോഷ്ടിക്കുന്ന വെണ്ണക്കണ്ണന്റേതുൾപ്പെടെ ബാല്യകാല കുസൃതികളുടെ കഥകൾ നിരന്തരം പറഞ്ഞ് ആസ്വദിക്കാറുണ്ട് നമ്മൾ.
കഴിഞ്ഞ ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിൽ 1200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 251 ഇസ്രായേലികൾ ബന്ദികളാക്കപ്പെടുകയും ചെയ്തതിനു മറുപടിയായി ഇസ്രായേൽ നടത്തിയ അതിക്രൂരമായ ബോംബാക്രമണം തികഞ്ഞ വംശഹത്യയാണെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ഗസ്സക്കാരുടെ അവകാശങ്ങൾക്കുമേൽ അപകടവും അപരിഹാര്യമായ മുൻവിധികളും നിലനിൽക്കുന്നതായും കോടതി പ്രസ്താവിച്ചു.
ഈ നിമിഷം ഗസ്സയൊരു തുറന്ന ജയിലല്ല, മറിച്ച് ബോംബിട്ട് തകർക്കപ്പെട്ട ഒരു ശവപ്പറമ്പാണ്. 40,000 ഗസ്സക്കാർ ഇതിനകം കൊല്ലപ്പെട്ടു, അതിൽ മൂന്നിലൊന്ന് കുട്ടികളാണ്. പ്ലാസ്റ്റിക് സഞ്ചികൾക്കുള്ളിൽ മരിച്ച കുഞ്ഞുങ്ങളെയും വഹിച്ച് നടക്കുന്ന മാതാപിതാക്കളുടെ, കൈകാലുകൾ പൊട്ടിയ, തലച്ചോർ ചിതറിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിഡിയോകളും അനുഭവസാക്ഷ്യങ്ങളുമെല്ലാം ഒക്ടോബർ ഏഴുമുതൽ ദിനേന നമ്മൾ കാണുന്നുണ്ട്.
സ്കൂളുകൾക്കും ആശുപത്രികൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ ബോധപൂർവം ഉന്നമിടുന്നുണ്ട് ഇസ്രായേൽ. ഏതാനും ആഴ്ച മുമ്പ് അൽ-തബിൻ സ്കൂളിൽ നടന്ന ബോംബാക്രമണത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ലഭിച്ച മൃതദേഹങ്ങളിൽ ഒന്നുപോലും കുടുംബാംഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല.
ഗസ്സയിലെ കുഞ്ഞുങ്ങളിന്ന് പോഷകാഹാരക്കുറവും ക്ഷാമവും നേരിടുന്നു, പോഷകാഹാരത്തിന്റെയും മലിനജല സംസ്കരണത്തിന്റെയും അഭാവം മൂലം കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിൽ വിദ്യാഭ്യാസ-ആശ്വാസ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പ്രധാന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് ഇപ്പോൾ അമേരിക്ക ധനസഹായം നൽകുന്നില്ല. ഇസ്രായേലി സൈനികരുടെ പീഡനത്തിനിരയാവുന്ന ഗസ്സ തടവുകാരിൽ കുട്ടികളുമുണ്ടെന്ന് ഈയിടെ റിപ്പോർട്ടുണ്ടായിരുന്നു.
ഐതിഹാസികമായ മഹാഭാരത യുദ്ധത്തിൽ ഇരുപക്ഷങ്ങൾക്കുമിടയിലെ മുഖ്യ സന്ധിസംഭാഷകനായിരുന്നു കൃഷ്ണൻ. സ്വയം ആയുധമെടുക്കാതെ യുദ്ധം തടയാൻ ആവതും ശ്രമിച്ചു അദ്ദേഹം. യുദ്ധ മര്യാദകളെക്കുറിച്ച് വാചാലമാകുന്ന മഹാഭാരതം തുല്യർ തമ്മിൽ വേണം എതിരിടാനെന്നും, യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് അറിയിപ്പ് നൽകണമെന്നും, സൈനികർക്കിടയിൽ പരിമിതപ്പെടുത്തണമെന്നും സിവിലിയന്മാരെ വലിച്ചിഴക്കരുതെന്നും സ്ത്രീകളെയും കുട്ടികളെയും സദാ സംരക്ഷിക്കണമെന്നും അനുശാസിക്കുന്നുണ്ട്. സ്ത്രീകൾ, കുട്ടികൾ, പോരാളികളല്ലാത്തവർ എന്നിവർക്കുപുറമെ ഭയചകിതരായിരിക്കുന്നവരെപ്പോലും കൊല്ലരുതെന്ന് കർശന നിർദേശമുണ്ട്. ശത്രുസൈനികർക്ക്, പരിക്കേറ്റാൽ വൈദ്യസഹായം നൽകുകയും സുഖം പ്രാപിച്ച ശേഷം സ്വതന്ത്രരായി വിട്ടയക്കുകയും വേണം. അത്തരം യുദ്ധനിയമങ്ങളൊന്നുമേ പാലിക്കാറില്ല ഇസ്രായേൽ.
സിവിലിയന്മാർക്കുനേരെ ബോംബ് വർഷിക്കുന്നതിനുമുമ്പ് അത്യപൂർവമായി മാത്രമേ മുന്നറിയിപ്പ് നൽകാറുള്ളൂ. സിവിലിയന്മാരോട് സുരക്ഷിത മേഖലകളിലേക്ക് മാറാൻ ആവശ്യപ്പെട്ട് സുരക്ഷിത മേഖലകളിൽ ബോംബിടുകയാണ് രീതി. ഹമാസുമായി വെടിനിർത്തൽ ചർച്ചകൾ നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെ വെടിനിർത്തൽ ചർച്ചയിലെ അവരുടെ പ്രധാന മധ്യസ്ഥൻ ഇസ്മായിൽ ഹനിയ്യയെ വധിച്ചുകളഞ്ഞു. വൈറ്റ് ഫോസ്ഫറസ് പോലുള്ള നിയമവിരുദ്ധ ആയുധങ്ങളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്.
അർജുനന്റെ ഗുരുവും തേരാളിയുമായിനിന്ന് കൃഷ്ണൻ നൽകുന്ന ദിവ്യോപദേശങ്ങൾ ഉള്ളടങ്ങിയിരിക്കുന്നു ഭഗവദ്ഗീതയിൽ. ഏവർക്കും ക്ഷേമമുണ്ടാവുന്ന ‘ലോകസംഗ്രഹ’ത്തിനായി പരിശ്രമിക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളും സങ്കടങ്ങളും തന്റേതായി കാണുന്ന പരദുഃഖ ദുഃഖിയാവാനും നീതിപൂർവകമായ പ്രവർത്തനരീതിയിൽ സ്വന്തം ധർമം ഏറ്റെടുക്കാനും കർമങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതിരിക്കാനും അദ്ദേഹം അർജുനനെ ഉപദേശിക്കുന്നു. ലോകമൊട്ടുക്കുമുള്ള ഹൈന്ദവ സമൂഹം ജന്മാഷ്ടമി ആഘോഷിക്കുന്ന വേളയിൽ, പത്ത് മാസമായി ഗസ്സയിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന, അവസാനത്തിന്റെ ഒരു ലക്ഷണവും കാണാത്ത വംശഹത്യയെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് നാം സ്വയം ചോദിക്കണം.
ഈ വംശഹത്യയിൽ ഇസ്രായേൽ വിന്യസിക്കുന്ന ആയുധശേഖരത്തിൽ ഇന്ത്യൻ ഡ്രോണുകളും ബോംബുകളും ഉൾപ്പെടുന്നു, നമ്മളും ഇതിൽ പങ്കാളികളാണ്. ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ലെങ്കിലും നാം ഇതേക്കുറിച്ച് സംസാരിക്കുക തന്നെ വേണം.
കർമത്തിനായുള്ള ആഹ്വാനമാണ് ഭഗവദ്ഗീത. ആശയക്കുഴപ്പത്തിലും, വിഷാദത്തിലുമാണ്ട് പരവശനാവുന്ന അർജുനനോട് തളർച്ചവിട്ടെഴുന്നേറ്റുനിന്ന് പ്രവർത്തിക്കാൻ കൃഷ്ണൻ നിർദേശിക്കുന്നു. ‘‘ഏതൊരാൾ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്ത്തി കർമേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്കാമകർമം ആരംഭിക്കുന്നുവോ അവരാകുന്നു ശ്രേഷ്ഠ’’രെന്ന് ഉപദേശിക്കുന്നു. കർമങ്ങൾ ചെയ്യാതിരിക്കുന്നത് നിഷ്പക്ഷതയല്ലെന്നും ഓർമിപ്പിക്കുന്നു.
അനീതിക്കുമുന്നിൽ പുലർത്തുന്ന നിശ്ശബ്ദത ഒരാളെ ആ അനീതിയുടെ പങ്കാളിയാക്കുന്നു. നമുക്ക് മാറിയിരിക്കാൻ ഒരു അവസരമില്ല. നാം ഒരു നിലപാട് കൈക്കൊള്ളുകയും നമ്മുടെ ഭാഗധേയം നിർവഹിക്കുകയും ചെയ്താലും അത് ശരിയായ തിരഞ്ഞെടുപ്പാകുമെന്നും ഒരു ഉറപ്പുമില്ല.
കേൾക്കാനും ഗ്രഹിക്കാനും സാക്ഷ്യംവഹിക്കാനുമാണ് ജന്മാഷ്ടമി നാളിൽ ഞാൻ ഫലസ്തീനിലേക്ക് വന്നത്. ഈ മഹാദുരന്തത്തിന് അറുതി വരുത്താൻ ഞാൻ വിനയാന്വിതയായി പ്രാർഥിക്കും, ആഹ്വാനം ചെയ്യും.
നിങ്ങളെന്താണ് ചെയ്യുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.