രോഹിത്, കെടുത്താനനുവദിക്കില്ല താങ്കള്‍ കൊളുത്തിവെച്ച സമരജ്ജ്വാല

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും ദളിത് വിദ്യാര്‍ത്ഥി നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയുയര്‍ത്തിയ ചോദ്യങ്ങള്‍ രാജ്യത്തെ പിടിച്ചു കുലുക്കികൊണ്ടിരിക്കെതന്നെയാണ് ആ മരണത്തിന്‍റെ മുഖ്യകാരണക്കാരനായ വി.സി അപ്പറാവു വീണ്ടും ചുമതലയേല്‍ക്കുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പട്ട പ്രമാദമായ ഒരു കേസിലെ മുഖ്യ കുറ്റാരോപിതനെ വീണ്ടും അധികാരക്കസേരയില്‍ അവരോധിക്കാനൊരുക്കിയ തിരക്കഥയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ മുതല്‍ യൂണിവേഴ്സിറ്റിക്കുള്ളിലെ അധ്യാപക-അനധ്യാപക സംഘടനാ ഭാരവാഹികള്‍വരെ ഭാഗഭാക്കായിരുന്നു.

വിവരമറിഞ്ഞ് പ്രതിഷേധവുമായി അപ്പറാവു ക്യാംപ് ചെയ്ത ‘വിസീസ് ലോഡ്ജി’ലത്തെിയ വിദ്യാര്‍ത്ഥികളെ വരവേറ്റത് കാലേക്കൂട്ടി അപ്പറാവു വിളിച്ചുവരുത്തിയ എ.ബി.വി.പി പ്രവര്‍ത്തകരും അദ്ദേഹത്തെ പിന്തുണക്കുന്ന ഒരു പറ്റം അധ്യാപക-അനധ്യാപക സംഘടനാ പ്രവര്‍ത്തകരുമായിരുന്നു. വൈകാതെ അവിടെ എത്തിച്ചേര്‍ന്ന  പൊലീസ്, രാവിലെ മുതല്‍ വളരെ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഉച്ച കഴിഞ്ഞതോടെ കായികമായി നേരിട്ടുതുടങ്ങി. കാമ്പസിന്‍റെ ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം മൃഗീയമായ വിദ്യാര്‍ത്ഥി വേട്ടക്കായിരുന്നു ആ വൈകുന്നേരം സാക്ഷ്യം വഹിച്ചത്. ക്രൂരമായ ലാത്തിച്ചാര്‍ജിനു പുറമെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടും പൊലീസ് വിദ്യാര്‍ത്ഥികളെ പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടികളെ കൈകാര്യം ചെയ്ത പുരുഷ പോലീസുകാര്‍ അവരില്‍ ചിലരോട് ബലാല്‍സംഗ ഭീഷണി മുഴക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ നാലാംകിട കൂലിത്തല്ലുകാരെപോലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. ഒടുവിലാദിവസം അവസാനിച്ചത് 25വിദ്യാര്‍ത്ഥികളുടെയും രണ്ട് അധ്യാപകരുടെയും അറസ്റ്റോടുകൂടിയായിരുന്നു.

ക്രൂരമായ ലാത്തിച്ചാര്‍ജിനും നേതാക്കളുടെ അറസ്റ്റിനും വിദ്യാര്‍ഥികളുടെ സമരവീര്യത്തെ തെല്ലും തളര്‍ത്താന്‍ കഴിഞ്ഞില്ളെന്ന് മനസ്സിലാക്കിയ യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ കാമ്പസില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു പിന്നെ ശ്രമിച്ചത്. മെസ്, വെള്ളം, ഇലക്ട്രിസിറ്റി, ഇന്‍്റര്‍നെറ്റ്, എ.ടിഎം തുടങ്ങിയ സംവിധാനങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടു. കാമ്പസ് പൊലീസിന്‍്റെയും പാരാമിലിട്ടറിയുടെയും നിയന്ത്രണത്തിലായി. മാധ്യമ പ്രവര്‍ത്തകര്‍ക്കും വക്കീലന്മാര്‍ക്കും പോലും പ്രവേശനം നിഷേധിക്കപ്പെട്ടു. അറസ്റ്റിലായ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനത്തെിയ രോഹിതിന്‍റെ അമ്മ രാധിക വെമുലക്ക് കാമ്പസില്‍ പ്രവേശിക്കാനായില്ല.

അധികാരികളുടെ തിട്ടൂരത്തിന് വഴങ്ങാതെ അവരുടെ ആയുധങ്ങളെപോലും സമര സാധ്യതകളാക്കുകയായിരുന്നു വിദ്യാര്‍ഥികള്‍ പിന്നെ ചെയ്തത്. അന്നം മുടക്കിയ അധികാരികളുടെ മൂക്കിനു താഴെ അവര്‍ പ്രതിക്ഷേധത്തിന്‍്റെ അടുപ്പുകൂട്ടി. ഐക്യദാര്‍ഢ്യത്തിന്‍്റെ ഭക്ഷണപ്പൊതികളുമായി സമൂഹത്തിന്‍്റെ പല കോണുകളില്‍ നിന്നും സംഘടനകളും വ്യകതികളും മുന്നോട്ടു വന്നു. ഇതിനിടെ ഭക്ഷണം പാകം ചെയ്തു എന്ന കുറ്റത്തിന് ഉദയഭാനു എന്ന വിദ്യാര്‍ഥി നേതാവിനെ പോലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് പ്രതിഷേധം ആളിക്കത്തിച്ചു. സാരമായി പരിക്കേറ്റ അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ ആണ്.

സുശക്തമായ വിദ്യാര്‍ഥി പ്രതിരോധങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ ആയുധങ്ങള്‍ ഫലവത്താവുന്നില്ളെന്നു മനസ്സിലാക്കിയ അധികൃതര്‍ രണ്ടു ദിവസങ്ങള്‍ക്കിപ്പുറം മെസ്സും മറ്റു സംവിധാനങ്ങളും പുനസ്ഥാപിച്ചു. കാമ്പസിലെ സംഭവ വികാസങ്ങളറിഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ വിഷയത്തിലിടപെട്ട് യൂണിവേഴ്സിറ്റിക്കും പൊലീസ് കമ്മീഷണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചതും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെട്ടതും പൊലീസിനെയും യൂണിവേഴ്സിറ്റി അധികൃതരെയും ഒരു പോലെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് അവരില്‍ നിന്നും വന്ന പ്രതികരണങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമായിരുന്നു. വിദ്യാര്‍ഥികള്‍ക്കുമേലുള്ള പൊലീസ് അതിക്രമങ്ങള്‍ നിഷേധിച്ച് പത്രക്കുറിപ്പിറക്കിയ പൊലീസ് കമ്മീഷണറും വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചെന്ന വാര്‍ത്ത നിരാകരിച്ച വാഴ്സിറ്റി അധികൃതരും യാഥാര്‍ത്ഥത്തില്‍  കൊഞ്ഞനം കുത്തുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ അനുഭവിച്ചു തീര്‍ത്ത യാഥാര്‍ഥ്യങ്ങള്‍ക്കു നേരെയാണ്.

 22ാം തിയ്യതി വൈകുന്നേരം 6 മണിയോടെ അറസ്റ്റിലായ വിദ്യാര്‍ഥികളെയും അദ്ധ്യാപകരേയും കുറിച്ച് പിന്നെ ഒരു സൂചന ലഭിക്കുന്നത് ഏതാണ്ട് ഒരുദിവസത്തിനുശേഷം മാത്രമാണ്. ജയിലില്‍ അവരെ സന്ദര്‍ശിച്ച അധ്യാപകരോടും വിദ്യാര്‍ഥി സുഹൃത്തുക്കളോടും അവര്‍ പങ്കുവെച്ചത്  അറസ്റ്റ്ചെയ്ത് കൊണ്ടുപോയതിനു ശേഷമുള്ള ഇരുപത്തിനാലുമണിക്കൂര്‍ അവര്‍ അനുഭവിച്ച പീഡാനുഭവങ്ങളായിരുന്നു. ഇരുപത്തിരണ്ടാം തിയ്യതി ആറുമണിക്ക് അറസ്റ്റിലായ അവരെ കോടതിയില്‍ ഹാജരാക്കിയത് ഇരുപത്തിനാലാം തിയ്യതി പുലര്‍ച്ചെ ഒരു മണിക്ക് മാത്രമായിരുന്നു. വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റപ്പെട്ട അവരെ യാത്രയിലുടനീളം തികച്ചും ജാതീയമായ കമന്‍്റുകളടിച്ചും മര്‍ദ്ദിച്ചും ഭയപ്പെടുത്തി. മുസ്ലിം വിദ്യാര്‍ത്ഥികളെയും താടിയുള്ളവരെയും തീവ്രവാദികളെന്നും പാക്കിസ്താനികളെന്നുമൊക്കെ വിളിച്ചായിരുന്നു ഭര്‍ത്സനം. രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടിനിര്‍ത്തി ‘ഫെയ്ക്ക് എന്‍കൗണ്ടര്‍’ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ തെലങ്കാന പോലീസിന് ആവിഷയത്തിലുള്ള കഴിവ് ഓര്‍മ്മപ്പെടുത്താനും മറന്നില്ല. രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ  നിരന്തരം കലഹിച്ച് കീഴാള രാഷ്ട്രീയത്തിന് പുത്തനുണര്‍വ്വുകള്‍ പകരുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസ് എത്രത്തോളം  അധികാര വര്‍ഗത്തിന്‍റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു പോലീസിന്‍്റെ ഓരോ വാക്കുകളും. ‘ബീഫ് ഫെസ്റ്റിവലും’‘യാക്കൂബ് മേമനും’ തുടങ്ങി കഴിഞ്ഞ കുറച്ചുകാലങ്ങളായി കാമ്പസില്‍ നടന്ന ഓരോ പരിപാടികളും എണ്ണിപ്പറഞ്ഞായിരുന്നു പോലീസ് മുറകള്‍. അറസ്റ്റിലായ മുതിര്‍ന്ന അധ്യാപകന്‍ പ്രൊഫസര്‍ രത്നം പോലും പോലീസിന്‍റെ മര്‍ദ്ദനമുറകളില്‍ നിന്ന് ഒഴിവായില്ല.

കോടതിയില്‍ ഹാജരാക്കുന്നതില്‍ പോലീസ് കാണിച്ച മനപൂര്‍വ്വമുള്ള അലംഭാവവും തുടര്‍ച്ചയായി വന്ന ഒഴിവു ദിനങ്ങളും കാരണം ജാമ്യാപേക്ഷ  പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്ന വാര്‍ത്ത കാമ്പസില്‍ നിരാശ പടര്‍ത്തിയെങ്കിലും ചെര്‍ലാപ്പള്ളി ജയിലിലെ അന്തരീക്ഷം സൗകര്യ പ്രദമാണെന്ന തടവിലായവരുടെ വാക്കുകള്‍ കുറച്ച് ആശ്വാസം പകര്‍ന്നു. തങ്ങളെ സന്ദര്‍ശിക്കാന്‍ വന്നവരോട് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ഓര്‍മ്മിപ്പിച്ചത് തുടങ്ങിവെച്ച സമരം മുന്നോട്ട് കൊണ്ടു പോകേണ്ടത്തിന്‍റെ ആവശ്യതകളെ കുറിച്ചായിരുന്നു. വൈകാതെ തങ്ങള്‍ സമര മുഖത്തേക്ക് തിരിച്ചത്തെുമെന്നും സമരാഗ്നി കെടാതെ നോക്കണമെന്നുമുള്ള അവരുടെ വാക്കുകള്‍ വിദ്യാര്‍ഥികളില്‍ പകര്‍ന്ന ആവേശം ചെറുതല്ല.

ഹൈദരാബാദ് സര്‍വകലാശാല വി.സി അപ്പറാവു
 

ഇതിനിടെ ഇനിയും അറസ്റ്റ് ചെയ്യപ്പെടാനുള്ളവരുടേതായി 5 പെണ്‍കുട്ടികള്‍ അടക്കം 25 ഓളം പേരുടെ പുതിയ ലിസ്റ്റ് പൊലീസ് പുറത്തുവിട്ടെങ്കിലും സമരത്തിന്‍റെ ചൂടണക്കാന്‍  അതൊന്നും മതിയാകുമായിരുന്നില്ല . അപ്പറാവുവിന്‍റെയും തെലങ്കാന പോലീസിന്‍റെയും കോലം കത്തിച്ചായിരുന്നു കാമ്പസ് അതിന് മറുപടി നല്‍കിയത്. ‘‘ഏകലവ്യ സംസാരിക്കുന്നു’’ എന്ന പേരില്‍ പോലീസ് അക്രമത്തിന്‍റെ ഇരകളുടെ അനുഭവ വിവരണം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങി വിവിധ സമര രൂപങ്ങളാല്‍ ‘വെളിവാട’(യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയപ്പോള്‍ രോഹിത് അടക്കമുള്ള 5 ദളിത് വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന സമരപ്പന്തല്‍) ഇന്നും സജീവമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ വിദഗ്ധ അഭിഭാഷകരും സ്വയം സമര്‍പ്പിതരായ ഒരുപറ്റം അധ്യാപകരും സമരത്തിന് താങ്ങും തണലുമായി വിദ്യാര്‍ഥികളുടെ കൂടെയുണ്ട്. ക്ളാസ്മുറികളില്‍ ഘോരഘോരം സിദ്ധാന്തം വിളമ്പുന്ന വലിയൊരു വിഭാഗം അധ്യാപകര്‍ അപ്പറാവു വച്ചുനീട്ടിയ  അപ്പക്കഷണങ്ങള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍കുന്നത് ഈ സമരം തന്ന ദയനീയ കാഴ്ചയായി. വി.സി ബംഗ്ളാവില്‍ നിന്നും ചോര്‍ന്നു കിട്ടിയ ‘ഓപ്പറേഷന്‍ അപ്പറാവു റിട്ടേന്‍സിന്‍റെ’ പ്ളാന്‍ ഷീറ്റില്‍ ABVP ക്കാരോടോപ്പം പാലും പച്ചക്കറിയും വാങ്ങാനേല്‍പിക്കപ്പെട്ടവര്‍ കാമ്പസിലെ ‘തലമുതിര്‍ന്ന’ അധ്യാപകരായിരുന്നു എന്നത് സമരച്ചൂടിനിടക്ക് ഞങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ വകനല്‍കി.
അധികാരത്തിന്‍റെ വാറോലകാട്ടി പേടിപ്പിച്ച് ഒരു വലിയ വ്യവസ്ഥിതി തന്നെ തങ്ങള്‍ക്കെതിരെയുണ്ടെങ്കിലും രോഹിത് കൊളുത്തിവെച്ച സമരജ്ജ്വാല കെടാതെ സൂക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് വിദ്യാര്‍ഥികള്‍. രോഹിതിനെ മരണത്തിലേക്ക് തള്ളിയിട്ടവര്‍ ശിക്ഷിക്കപ്പെടുംവരെ ഇനിയൊരു പിന്‍വാങ്ങലില്ളെന്ന് അവര്‍ വിളിച്ചു പറയുന്നു.

 (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷകന്‍ ആണ് ലേഖകന്‍)

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.