കഞ്ഞിയും കൊടിഞ്ഞിയും 

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന വയോധികനെ സംഘപരിവാറുകാര്‍ അടിച്ചുകൊന്നത് അദ്ദേഹത്തിന്‍െറ വീട്ടിലെ ഫ്രിഡ്ജില്‍ ബീഫുണ്ട് എന്ന സംശയത്തെ തുടര്‍ന്നായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാര്‍, ഇത്രയും വിചിത്രമായ കാരണത്തിന് ഒരു വയോധികനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് തല്ലിക്കൊന്നതും അതിനെ പച്ചക്ക് ന്യായീകരിച്ചതും പരിഷ്കൃത ലോകമാസകലം ഞെട്ടലോടെയാണ് കണ്ടത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ആ സംഭവവും അനുബന്ധ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നമ്മുടെ നാട്ടിലും വലിയ രീതിയിലുള്ള ചര്‍ച്ചയും വിവാദങ്ങളുമായി ദാദ്രി സജീവമായി നിന്നു. ഫാഷിസത്തിന്‍െറ ഭീതിപ്പെടുത്തുന്ന കടന്നുകയറ്റത്തിനെതിരായ തിരിച്ചറിവുകള്‍ ഉല്‍പാദിപ്പിക്കുന്നതായിരുന്നു പ്രസ്തുത സംവാദങ്ങള്‍. എന്നാല്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ഇടതുപക്ഷ ചിന്തകന്‍ ദാദ്രി സംഭവങ്ങളെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുവെച്ച ആശയം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. ദാദ്രിയെ തുടര്‍ന്ന് പലേടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയായിരുന്നു ആ ഇടപെടല്‍. അതായത്, ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നവര്‍ അടിയന്തരമായി മലപ്പുറത്ത് കഞ്ഞി ഫെസ്റ്റിവലും സംഘടിപ്പിക്കണമത്രെ. കാരണം, റമദാന്‍ മാസമായാല്‍ മലപ്പുറത്തെ മുസ്ലിംകളല്ലാത്ത മനുഷ്യര്‍ കഞ്ഞി കുടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. അതിനാല്‍, ദാദ്രി സംഭവത്തില്‍ പ്രതിഷേധമുള്ളവര്‍ അവരുടെ മതേതര ബാലന്‍സിങ് ശരിയായി നിലനിര്‍ത്തണമെങ്കില്‍ കഞ്ഞി ഫെസ്റ്റിവലും നടത്തിയേ മതിയാവൂ. സി.പി.എം വേദികളിലെ സ്ഥിരം സാന്നിധ്യമാണ് മേല്‍പറഞ്ഞ ബുദ്ധിജീവിയെങ്കിലും ടിയാനെ ‘കണ്ണിലെ കൃഷ്ണമണി’പോലെ സംരക്ഷിക്കണമെന്ന് ആര്‍.എസ്.എസ് വാരിക നേരത്തേ ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍തന്നെ ഇദ്ദേഹം ഇങ്ങനെയൊരു ആഹ്വാനം നടത്തുന്നതില്‍ അദ്ഭുതപ്പെടാനില്ല. അതാകട്ടെ, അദ്ദേഹത്തിന്‍െറ മാത്രം പ്രശ്നവുമല്ല. കേരളത്തിലെ ലിബറല്‍/ഇടതുചിന്തയുടെ ജനിതക പ്രതിസന്ധിയാണത്. ഇസ്ലാമോഫോബിക് ആവാതെ നിങ്ങള്‍ക്കൊരു ലെഫ്റ്റ്/ലിബറല്‍ ആകാന്‍ സാധ്യമല്ല എന്നതാണ് ആ പ്രതിസന്ധി. പക്ഷേ, ഇവിടെ ലേഖനത്തിന്‍െറ വിഷയം അതല്ല. കഞ്ഞിയാണ്; കഞ്ഞി.

മലപ്പുറം വിരുദ്ധ കഥാകഥനം
മലപ്പുറം എന്നു പറഞ്ഞാല്‍ അങ്ങ് ചന്ദ്രനിലോ ശുക്രനിലോ ഉള്ള സ്ഥലമല്ല. കേരളത്തിലെ ഏത് സ്ഥലത്ത് നിന്നും ഏതാനും മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലം മാത്രം. അങ്ങനെയൊക്കെയാണെങ്കിലും മലപ്പുറത്തെ കുറിച്ച് ബഹുരസാവഹമായ കഥകള്‍ നാടാകെയുണ്ട്. മുസ്ലിംകളല്ലാത്തവര്‍ക്ക് കഞ്ഞി കുടിക്കാന്‍ കിട്ടുന്നില്ല എന്നത് അതിലൊന്നുമാത്രം. നാടോടിക്കഥാകാരന്മാരല്ല; ബഹുകേമന്മാരായ ബുദ്ധിജീവികളും മാധ്യമങ്ങളുമാണ് ഇത്തരം കഥകള്‍ക്ക് പിന്നില്‍. തന്‍െറ മകള്‍ തന്നോട് ചോദിക്കാതെ ആരെയെങ്കിലും പ്രണയിച്ച് കല്യാണം കഴിക്കാന്‍ പോകുമ്പോള്‍ സാധാരണ ഗതിയില്‍ നമ്മുടെ നാട്ടില്‍ പിതാക്കന്മാര്‍ പിണങ്ങും. ആ കല്യാണം മുടക്കാന്‍ അവര്‍ കഴിവിന്‍പടി ശ്രമിക്കും. ജാതി, മത, പ്രദേശ ഭേദമെന്യേ നാട്ടിലെ അവസ്ഥയാണിത്. പുരോഗമനവാദികള്‍ പാര്‍ട്ടി കമ്മിറ്റിയെ ഉപയോഗിച്ചാണ് ഈ പണി നടത്തുകയെന്ന് മാത്രം. പക്ഷേ, മലപ്പുറത്ത് ഏതെങ്കിലും പിതാവ് മകളുടെ പ്രണയം പൊളിക്കാന്‍ ശ്രമിച്ചാല്‍ അത് കേരളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കവര്‍ സ്റ്റോറിയാണ്. (ശരിക്കും അങ്ങനെ കവര്‍ സ്റ്റോറി വന്നിട്ടുണ്ട്.) പാകിസ്താന്‍ കപ്പല്‍, പൈപ്പ് ബോംബ്, മലപ്പുറം കത്തി തുടങ്ങിയ വാദങ്ങളുമായി ട്രൗസറിട്ട ആര്‍.എസ്.എസുകാരും അറബ്വത്കരണം, തീവ്രഇസ്ലാമിന്‍െറ കടന്നുകയറ്റം തുടങ്ങിയ കടുകട്ടി സിദ്ധാന്തങ്ങളുമായി മതേതര മാഷന്മാരും രംഗത്തിറങ്ങുമപ്പോള്‍. ലളിതമായി പറഞ്ഞാല്‍ ഒരു മുരടന്‍ കാക്ക, മകളുടെ പ്രണയം പൊളിക്കാന്‍ നടത്തുന്ന ശ്രമം. പക്ഷേ, സൈദ്ധാന്തികമായി പറഞ്ഞാല്‍ സാര്‍വദേശീയ ഇസ്ലാമിക തീവ്രവാദത്തിന്‍െറ പ്രാദേശിക വകഭേദം. അതിനാല്‍, മതേതര കേരളം ജാഗ്രതൈ. ഈ മാജിക് മലപ്പുറത്തിന്‍െറ കാര്യത്തില്‍ എപ്പോഴും സംഭവിക്കുന്നതാണ്. ഒരു മുസ്ലിം ദേശം എന്നുള്ളതാണ് മലപ്പുറത്തിന് ഈ പ്രസിദ്ധി ഉണ്ടാക്കിക്കൊടുക്കാന്‍ കാരണം. അതായത്, ഇസ്ലാമോഫോബിയയുടെ ഹരമുള്ള വകഭേദം.
റമദാന്‍ മാസമായാല്‍ മലപ്പുറത്തുകാര്‍ കഞ്ഞികിട്ടാതെ പട്ടിണികിടക്കേണ്ടി വരുന്നുവെന്നും അതിനാല്‍ ബീഫ് ഫെസ്റ്റിവലുമായി നടക്കുന്ന ഡി.വൈ.എഫ്.ഐക്കാര്‍ മലപ്പുറത്ത് കഞ്ഞിഫെസ്റ്റിവല്‍ നടത്തണമെന്നും ഇടതുപക്ഷത്തുതന്നെയുള്ള കോഴിക്കോട്ട് ജില്ലക്കാരനായ മഹാ ബുദ്ധിജീവി, ദാദ്രി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഉപദേശം നല്‍കണമെങ്കില്‍ മലപ്പുറത്തെക്കുറിച്ച് അദ്ദേഹം വെച്ചുപുലര്‍ത്തുന്ന ധാരണകളെന്താണെന്ന് ഒന്നാലോചിച്ച് നോക്കൂ. പക്ഷേ, യഥാര്‍ഥത്തില്‍ മലപ്പുറത്തെക്കുറിച്ചുള്ള ധാരണയുടെയോ തെറ്റിദ്ധാരണയുടെയോ പ്രശ്നമല്ല അത്. മുസ്ലിംകള്‍ ധാരാളമുള്ള ദേശത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കാനേ അദ്ദേഹത്തിന് കഴിയൂ എന്ന പരിമിതിയാണത്. മുസ്ലിംകള്‍ ധാരാളമുള്ള ദേശമാകയാല്‍ അങ്ങനെയൊരു ജില്ലയേ പാടില്ല എന്നൊരു കാമ്പയിന്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നല്ളോ. ആ കാമ്പയിന് നേതൃത്വം നല്‍കിയ പത്രത്തെ നാം ദേശീയ മതേതര പത്രം എന്നാണല്ളോ വിളിക്കാറുള്ളത്. (ആ പത്രത്തിന്‍െറ പോസ്റ്റര്‍ ബോയ് കൂടിയാണ് മേല്‍ ബുദ്ധിജീവി എന്നുമറിയുക.) അങ്ങനെയെന്തെല്ലാം കഥകളുണ്ട്. ശബരിമല സീസണില്‍ മലപ്പുറത്ത് കറുത്ത തുണി വില്‍പന നടത്താന്‍ സമ്മതിക്കാറില്ല എന്നു പ്രസംഗിച്ചത് ഒരു സി.പി.എമ്മുകാരനായ എം.എല്‍.എയാണ്. അവിടത്തെ കുട്ടികള്‍ പരീക്ഷയില്‍ ജയിക്കുന്നത് കോപ്പിയടിച്ചിട്ടാണ് എന്നു പറഞ്ഞത് സി.പി.എമ്മിന്‍െറ പോളിറ്റ് ബ്യൂറോ അംഗവും!
ഇതെല്ലാം ഇപ്പോള്‍ ഇവിടെ ഓര്‍ത്തെടുക്കാന്‍ കാരണമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിലയുമില്ലാത്ത, അമുസ്ലിംകള്‍ക്ക് കഞ്ഞി കിട്ടാത്ത, പെണ്‍കുട്ടികള്‍ക്ക് പ്രണയം സാധ്യമല്ലാത്ത ഈ താലിബാന്‍ രാജഭരണ നാട്ടില്‍, കഴിഞ്ഞ നവംബര്‍ 25ന് തന്‍െറ അഭിപ്രായം തുറന്ന് പ്രകടിപ്പിച്ചതിന്‍െറ പേരില്‍ ഒരു യുവാവ് നടുറോഡില്‍ കൊല്ലപ്പെട്ടിരുന്നു. കൊടിഞ്ഞിയിലെ ഫൈസല്‍. ഇക്കാര്യം മാലോകരാരെങ്കിലും അറിഞ്ഞോ എന്നറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വലിയ രീതിയില്‍ ഒച്ചവെക്കുന്നവരാണ് നമ്മുടെ നാട്ടിലെ ലിബറല്‍/ഇടതു സമൂഹം. അത് ലംഘിക്കപ്പെടുന്നതിനെതിരെ ഒച്ചവെക്കുകയും വേണം. മതം വേണ്ടെന്നുവെക്കാനും മതം മാറാനുമുള്ള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ ഭാഗം തന്നെയാണ്. ഫൈസല്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെടുന്നത് തനിക്ക് ഇഷ്ടപ്പെട്ട മതം അയാള്‍ തെരഞ്ഞെടുത്തു എന്നതിന്‍റ പേരിലാണ്. തന്‍െറ ബന്ധുക്കളും നാട്ടുകാരുമായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് നടത്തുന്ന സ്ഥലത്തെ സ്കൂളില്‍  ഗൂഢാലോചന നടത്തിയാണ് ഫൈസലിനെ വകവരുത്തിയതെന്ന് പൊലീസ് പറയുന്നു. ആ സ്കൂളിന് പീസ് സ്കൂളിന്‍െറ ഗതിയുണ്ടായിട്ടില്ല. ആ പ്രതികള്‍ക്കും രണ്ടു മാസമായിട്ടും പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടില്ല. പ്രണയം വിജയിപ്പിക്കാന്‍ വാപ്പയോട് പടവെട്ടുന്ന പെണ്‍കുട്ടിക്ക് കിട്ടുന്ന പരിഗണനയുടെ നൂറിലൊന്നുപോലും സ്വന്തം അഭിപ്രായമനുസരിച്ച് മതം തെരഞ്ഞെടുത്തതിന്‍െറ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസലിനോ അദ്ദേഹത്തിന്‍െറ കുടുംബത്തിനോ ലഭിച്ചില്ല. ‘യുവാവ് കൊല്ലപ്പെട്ട നിലയില്‍’ എന്നാണ് ഫൈസല്‍ കൊലചെയ്യപ്പെട്ട വാര്‍ത്തക്ക് നേരത്തേ സൂചിപ്പിച്ച ദേശീയ പത്രം നല്‍കിയ തലക്കെട്ട്. പക്ഷേ, ഫൈസലിനെ അരിഞ്ഞുവീഴ്ത്തിയതിന്‍െറ പേരില്‍ മലപ്പുറത്ത് ഒരു മുസ്ലിം സംഘടനയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. ഒരു കാറിന്‍െറ ചില്ലുപോലും എറിഞ്ഞുടക്കപ്പെട്ടില്ല. മുമ്പ് യാസിര്‍ എന്നു പേരുള്ള മറ്റൊരു യുവാവിനെയും സമീപ പ്രദേശമായ തിരൂരില്‍വെച്ച് ആര്‍.എസ്.എസുകാര്‍ ഇതേ കാരണത്താല്‍ കൊലചെയ്തിരുന്നു. മലപ്പുറത്തെ ഇല്ലാത്ത കഞ്ഞിനിരോധത്തിനെതിരെ സമരമുന്നണി രൂപപ്പെടുത്തുന്നതിനിടയില്‍ മതേതര കേരളം ഇതൊന്നും അറിഞ്ഞില്ല എന്നു മാത്രം.

പൊലീസിന്‍െറ നിസ്സംഗത
ഫൈസല്‍ വധത്തിലെ പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന്‍െറ പൊലീസ് തികഞ്ഞ നിസ്സംഗതയാണ് കാണിച്ചത്. യഥാര്‍ഥ പ്രതികളും ഗൂഢാലോചനക്കാരും ഇപ്പോഴും നാട്ടില്‍ കൊലവിളിയുമായി സൈ്വര വിഹാരം നടത്തുന്നു. പ്രതികളെ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചിട്ടുപോലും അന്വേഷിക്കാനോ പിടികൂടാനോ പൊലീസ് സന്നദ്ധമായില്ല. അങ്ങനെയാണ് നാട്ടുകാര്‍ സംയുക്ത കര്‍മസമിതി രൂപവത്കരിച്ച് സമരത്തിനിറങ്ങുന്നത്. ബി.ജെ.പിയും സി.പി.എമ്മും ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ, സമുദായ സംഘടനകളും കര്‍മസമിതിയുടെ ഭാഗമാണ്. ജനുവരി 19ന് താലൂക്ക് ഓഫിസ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങളുമായി കര്‍മസമിതി മുന്നോട്ടു പോയി. കര്‍മസമിതിയുടെ ഉപരോധ സമരം നടക്കുന്നതിന്‍െറ തലേദിവസം സി.പി.എം താനൂര്‍ ഏരിയ കമ്മിറ്റി പുറപ്പെടുവിച്ച പത്രപ്രസ്താവന വായിക്കുന്നത് കൗതുകകരമായിരിക്കും. ‘വര്‍ഗീയവാദികളുടെ കലാപാഹ്വാനമാണ്’ കര്‍മസമിതിയുടെ ഉപരോധ സമരം എന്നാണ്  സി.പി.എം പത്രക്കുറിപ്പ് പറയുന്നത്. അപ്പോള്‍ കാര്യങ്ങളെ നമുക്കിങ്ങനെ ചുരുക്കി വിശദീകരിക്കാം: സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ചെറുപ്പക്കാരനെ ആര്‍.എസ്.എസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം വെട്ടിനുറുക്കി കൊല്ലും. നാട്ടില്‍, ഒരാളും അതേക്കുറിച്ച് മിണ്ടില്ല. ഇടതുപക്ഷത്തിന്‍െറ പൊലീസായാലും പ്രതികളെ പിടിക്കില്ല. പ്രതികളെ പിടിക്കണമെന്ന് ആരും ആവശ്യപ്പെടരുത്. അഥവാ അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവന്‍ വര്‍ഗീയവാദിയും വിഘടനവാദിയും രാജ്യദ്രോഹിയുമാണ്. അതിനാല്‍, മുഴുവന്‍ രാജ്യദ്രോഹികളും മലപ്പുറത്തുകാരും ഇടതു മതേതര ലിബറല്‍ ദേശീയ കഞ്ഞികുടിച്ച് മിണ്ടാതിരുന്നു കൊള്ളുക.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.