മനുഷ്യൻ എക്കാലവും ജിജ്ഞാസയോടെയും പ്രതീക്ഷയോടെയും കണ്ടിരുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ഈ ഉപഗ്രഹത്തിലെ രഹസ്യങ്ങൾ എ ന്താണ് അറിയാനുള്ള ആഗ്രഹമാണ് ചന്ദ്രാപര്യവേക്ഷണങ്ങളിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചത്. വർഷങ്ങൾ നീണ്ട പരീക് ഷണങ്ങളുടെ നിർണായക വഴിത്തിരിവായിരുന്നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയത്. അര നൂറ്റാണ്ട് പൂർത്തിയാ യ ചരിത്ര ദൗത്യത്തിന്‍റെ ആഘോഷം ചന്ദ്രനിൽ കാൽ കുത്തിയ യാത്രികരുടെ സാന്നിധ്യത്തിൽ അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയിൽ നടന്നു.
അപ്പോളോ-11ന്‍റെ ചരിത്രദൗത്യം
1969 ജൂലൈ 16നാണ് മൂന്നു ബഹിരാകാ ശ പര്യവേക്ഷകരുമായി ചന്ദ്രനിലേക്ക് നാസയുടെ അപ്പോളോ-11 ബഹിരാകാശ വാഹനവുമായി സാറ്റേൺ-അഞ്ച് റോ ക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു സഞ്ചാരികൾ. ജൂലൈ 20ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ടു.
നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ഈഗിൾ പേടകത്തിൽ ചന്ദ്രോപരി തലത്തിൽ ഇറങ്ങിയപ്പോൾ കോളിൻസ് കൊളംബിയ പേടകത്തിൽ തന്നെ ഇരുന്നു. ചെറുപേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി ആറു മണിക്കൂറിന് ശേഷം നീൽ ആംസ്ട്രോങ് ആദ്യവും 19 മിനിട്ടിന് ശേഷം ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തി. 21 മണിക്കൂർ 31 മിനിറ്റ് ചന്ദ്രനിൽ ചെലവഴിച്ച സംഘം പാറയും മണ്ണും അടക്കം 21.5 കിലോ ഗ്രാം വസ്ത ുക്കൾ ശേഖരിച്ചു. ജൂലൈ 24ന് മൂന്നംഗ സംഘം ഭൂമിയിൽ മടങ്ങിയെത്തിയതോടെ 10 വർഷം നീണ്ട പരീക്ഷണങ്ങളുടെയും പരിശ്രമ ങ്ങളുടെയും ഫലമാണ് വിജയം കണ്ടത്.
അപ്പോളോ 11ന്‍റെ ചരിത്ര വിജയത്തിന് ശേഷം 10 പേർ കൂടി നീൽ ആംസ്ട്രോങ്ങിന്റെയും ബസ് ആൽഡ്രിന്റെയ ും പിൻഗാമികളായി ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം അറിയിച്ച് ഭൂമിയിൽ മടങ്ങിയെത്തി. 1961ൽ ആരംഭിച്ച അപ്പോളോ പദ്ധതിക്ക് 1972 ൽ താൽകാലിക വിരാമമായപ്പോൾ ആറ് വിക്ഷേപണങ്ങളിലായി ആകെ 12 പേർ ചന്ദ്രനിൽ കാൽകുത്തി. ഹാരിസൺ ജാക് സ്മിത്ത്, അലൻ ബീൻ, ചാൾ സ് ഡ്യൂക്ക്, എഡ്ഗാർ മിച്ചൽ, അലൻ ഷെപ്പേർഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇർവിൻ, ജോൺ യങ്, ചാൾസ് കോൺറാഡ്, യൂജിൻ സർണാൻ എന്നി വരായിരുന്നു മറ്റ് ബഹിരാകാശ യാത്രികർ.
ദുരന്തമായ ആദ്യ ദൗത്യം
ചന്ദ്രനിൽ കാൽ കുത്തിയ വിജയകഥകൾ അയവിറക്കുമ്പോഴും 1967ലെ ആദ്യ ദൗത്യം ദുരന്തത്തിലാണ് കലാശിച്ചത്. ആദ്യ അപ്പോളോ-ഒന്ന് വാഹനം ലക്ഷ്യം കാണാതെ കരിഞ്ഞ് ചാമ്പലായി മൂന്നു യാത്രികർക്ക് ജീവൻ നഷ്ടമായതും ചരി ത്രത്തിന്റെ ഭാഗമാണ്. 1967 ജനുവരി 27ന് സജ്ജമായ അപ്പോളോ-ഒന്ന് വാഹനത്തിന് പരീക്ഷണ പറക്കലിനിടെയാണ് തീപിടിച്ചത്.
ശീതയുദ്ധം എന്ന കാരണം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ- സോവിയറ്റ് യൂണിയൻ (റഷ്യ) ചേരികൾ തമ്മിൽ നിലനിന്ന ശീതയുദ്ധമാണ് ബഹിരാകാശ പദ്ധതികളുടെ തുടക്കത്തിന് വഴിവെച്ച പ്രധാന കാരണം. സ്പുട്നിക്-ഒന്ന് എന്ന കൃത്രിമ ഉപഗ്രഹം 1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ചതോടെയാണ് പുതിയ പോരാട്ട വേദി തുറന്നത്. തുടർന്ന് 1959ൽ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് റഷ്യക്ക് കൂടുതൽ ശക്തി പകർന്നു. ഇതിന് പിന്നാലെ 1961 ഏപ്രിൽ 12ന് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതോടെ റഷ്യ മേൽകൈ നേടി.
യൂറി ഗഗാറിൻ വോസ്റ്റോക്ക് പേടകത്തിൽ 108 മിനിട്ട് ചന്ദ്രനെ വലംവെച്ചു. ഇതോടെ ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ, ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യൻ എന്നീ ചരിത്ര നേട്ടങ്ങൾ യൂറി ഗഗാറിന്‍റെ പേരിൽ എഴുതപ്പെട്ടു. ഇതേതുടർന്ന് അമേരിക്ക 1961ൽ ചാന്ദ്രദൗത്യമായ അപ്പോളോ പദ്ധതി പ്രഖ്യാപിച്ചു. 1967ലെ ആദ്യ ദൗത്യം ദുരന്തത്തിൽ കലാശിച്ചെങ്കിലും നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം 1969ൽ മനുഷ്യനെ ചന്ദ്രനിൽ കാൽ കുത്തിച്ച് അമേരിക്ക ചരിത്രനേട്ടം കൈവരിച്ചു.
വീണ്ടും ചാന്ദ്രദൗത്യവുമായി യു.എസ്
1972ലെ അപ്പോളോ-17ന്‍റെ യാത്രക്ക് ശേഷം നിർത്തിവെച്ച ചാന്ദ്രദൗത്യത്തിന് അമേരിക്ക 2017ൽ വീണ്ടും പച്ചക്കൊടി കാണിച്ചു. യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ആണ് ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള പദ്ധതി മാർച്ച് 26ന് പ്രഖ്യാപിച്ചത്. 2024ഒാടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുകയാണ് നാസയുടെ പുതിയ ദൗത്യം. ചന്ദ്രനിൽ ചെന്ന് പതാക നാട്ടാനും കാൽപ്പാടുകൾ പതിപ്പിക്കാനും മാത്രമല്ല, അതിനപ്പുറമുള്ള കാര്യങ്ങളുമാണ് യു.എസ് ലക്ഷ്യം വെക്കുന്നത്. ഇതിൽ ചൊവ്വയിലേക്ക് ആളുകളെ അയക്കുന്നതും ഉൾപ്പെടും.
ചന്ദ്രനിൽ 'മൂൺ വില്ലേജ്' സ്ഥാപിക്കാനുള്ള പദ്ധതി യൂറോപ്യൻ സ്പേസ് ഏജൻസിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര സഹകരണത്തോടെ സ്ഥിര മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ചന്ദ്രനിൽ പതിഞ്ഞ നീൽ ആംസ്ട്രോങ്ങിന്‍റെ കാലടികൾ ഇപ്പോഴും ചന്ദ്രോപരിതലത്തിൽ ഉണ്ടെന്ന വാദത്തെ ചൊല്ലി വിവാദം നിലനിൽക്കുന്നുണ്ട്.
ഇന്ത്യയും ചന്ദ്രയാൻ ദൗത്യവും
രാകേഷ് ശർമയുടെ ചരിത്രയാത്ര
ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനാണ് വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമ. 1984ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സോവിയറ്റ് യൂനിയന്റെ സഹായത്തോടെയാണ് രാകേഷ് ശർമയെ ഇന്ത്യ ബഹിരാകാശത്ത് അയച്ചത്. റഷ്യൻ ബഹിരാകാശ വാഹനമായ സോയൂസ് ടി 11ലായിരുന്നു രാകേഷ് ശർമയുടെ ചരിത്ര യാത്ര.
ചന്ദ്രയാൻ ദൗത്യം
2022ൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ പദ്ധതി. ഈ ദൗത്യത്തിന്‍റെ ഭാഗമായ ചന്ദ്രയാൻ ഒന്ന് 2008 ഒക്ടോബർ 22ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. 2009 ആഗസ്റ്റ് 29വരെ ചന്ദ്രയാൻ-1 പ്രവർത്തന സജ്ജമായിരുന്നു.
ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 വിക്ഷേപണത്തിന് ഇന്ത്യ തയാറെടുക്കുന്നത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽ നിന്ന് ചന്ദ്രയാൻ-2 പേടകവും വഹിച്ച് ‘ഫാറ്റ്ബോയ്’ ജി.എസ്.എൽ.വി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വൈകാതെ കുതിച്ചുയരും.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒാർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-2 ദൗത്യം. 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ലാൻഡർ ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.
ഗഗൻയാൻ ദൗത്യം
ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരെ റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപസ്ഥാപനമായ ഗ്ലാവ്കോസ്മോസ് പരിശീലിപ്പിക്കും. ബഹിരാകാശ യാത്രികരുടെ തെരഞ്ഞെടുപ്പ്, മെഡിക്കൽ പരിശോധന, പരിശീലനം തുടങ്ങിയ കാര്യങ്ങൾ റഷ്യൻ ഏജൻസിയുമായി ചേർന്നായിരിക്കും നടത്തുക. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുക. ആദ്യ രണ്ടുഘട്ട പരിശീലനം ഇന്ത്യൻ എയ്റോസ്പേസ് മെഡിസിനിലും മൂന്നാംഘട്ട പരിശീലനം വിദേശത്തുമായിരിക്കും. വ്യോമസേനയിൽ നിന്നായിരിക്കും ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുക.
2022നകം നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ മേൽനോട്ടത്തിലാണ്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ജി.എസ്.എൽ.വി മാർക്ക് 3 ആണ് ഇതിനായി ഉപയോഗിക്കുക. മൂന്നു പേർക്ക് ഏഴു ദിവസത്തെ ബഹിരാകാശ വാസത്തിനുള്ള പദ്ധതിയുടെ ചെലവ് 10,000 കോടി രൂപയാണ്. ഗഗൻയാൻ യാഥാർഥ്യമായാൽ ബഹിരാകാശത്തേക്ക് സ്വന്തം നിലക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ഇതിനകം മനുഷ്യരെ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിക്കുകയും തിരിച്ച് ഇറക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.