2015 സെപ്റ്റംബറിൽ യു.പി ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് ആൾക്കൂട്ടക്കൊലക്കിരയായ വേളയിൽ അപലപിക്കാൻ മുന്നോട്ടുവന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് ബിഹാറിലും ഝാർഖണ്ഡിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെല്ലാം മുസ്ലിംകൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന വാർത്തകൾ വരുമ്പോൾ സൈലന്റ് മോഡിലാണ്
മുസ്ലിം എന്നാൽ പുതിയ ഇന്ത്യയിൽ ശബ്ദമില്ലാത്തവർ എന്നായിരിക്കുന്നു. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്നതിൽനിന്നു തന്നെ വിട്ടുനിൽക്കുന്നു, പകരം ന്യൂനപക്ഷങ്ങളെന്ന മയപ്പെടുത്തിയ പ്രയോഗമാണ് പലപ്പോഴും നടത്തുന്നത്. ഭരണകക്ഷിയായ ഭാരതീയ ജനതപാർട്ടിയുടെ കാര്യം അതിലും കഷ്ടമാണ്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് ഫെല്ലോഷിപ് പോലും ഇല്ലാതാക്കിയ അവർ പറയുന്നത് രാജ്യത്ത് വിവേചനമേ ഇല്ലെന്നാണ്.
ഇവിടെ കാര്യങ്ങളെല്ലാം നീതിയുക്തവും മികച്ചതുമാണെന്ന് ജൂൺ 23ന് വൈറ്റ് ഹൗസിൽ നടത്തിയ മാധ്യമ ആശയവിനിമയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തിലും അതിശയപ്പെടാനൊന്നുമില്ല.
രാജ്യത്തെ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജനാധിപത്യം പുലർത്താനാകുമെന്ന് നാം എപ്പോഴും തെളിയിച്ചിട്ടുണ്ടെന്നും ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെയാണ് ജനാധിപത്യം സാധ്യമാക്കുന്നതെന്നും പറഞ്ഞ മോദി ഇവിടെ വിവേചനത്തിന് സ്ഥാനമേയില്ലെന്നും കൂട്ടിച്ചേർത്തു.
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ‘‘ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം’’ സംബന്ധിച്ച് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ നിഷേധം.
ജീവിതത്തിന്റെ സമസ്ത മേഖലകളിൽനിന്നും മുസ്ലിം പ്രാതിനിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുകയാണെന്ന യാഥാർഥ്യത്തിൽനിന്ന് മോദി സമർഥമായി വഴുതിമാറി. കർണാടകയിലെ 224 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരൊറ്റ മുസ്ലിം സ്ഥാനാർഥിയെപ്പോലും മത്സരിപ്പിച്ചില്ല. ഗുജറാത്തിലും ഉത്തർ പ്രദേശിലും ഡൽഹിയിലും ബിഹാറിലും ഇതു തന്നെയായിരുന്നു സ്ഥിതി.
കേന്ദ്രത്തിലാവട്ടെ, സ്വാതന്ത്ര്യലബ്ധിക്ക്ശേഷം ഇതാദ്യമായി മുസ്ലിം സമുദായത്തിൽ നിന്ന് ഒരു മന്ത്രി പോലുമില്ല. മുസ്ലിം പാർലമെന്റേറിയന്മാരില്ലാത്ത ആദ്യ ഭരണകക്ഷിയാണ് ബി.ജെ.പി. അതെയതെ, മോദി അവകാശപ്പെടുന്നതുപോലെ, അതൊന്നും വിവേചനമേയല്ല.
ബി.ജെ.പിയിൽ മാത്രം ഒതുങ്ങുന്നില്ല മുസ്ലിം പ്രാതിനിധ്യ നിഷേധം. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവിടെയുണ്ട്- പക്ഷേ ഒരൊറ്റ മുസ്ലിം മുഖ്യമന്ത്രി പോലുമില്ല. ബഹുസ്വരതയെക്കുറിച്ച് സംസാരിക്കുന്ന പാർട്ടികളും പ്രയോഗത്തിൽ വരുത്തുന്നത് ഭൂരിപക്ഷവാദമാണ്.
താൻ പ്രചാരകനായെത്തുന്നത് മിക്ക സ്ഥാനാർഥികളും ആഗ്രഹിക്കുന്നില്ലെന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, പരിണിതപ്രജ്ഞനായ (അന്നത്തെ) കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, പരിതപിച്ചപ്പോൾ, അത് പൂർവപ്രതാപം വീണ്ടെടുക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ വിലാപമായാണ് പലർക്കും തോന്നിയത്. എന്നാൽ, ഗുലാംനബി പറഞ്ഞത് തീർത്തും ശരിയാണെന്ന് തെളിയിച്ചു തുടർ സംഭവങ്ങൾ.
മതനിരപേക്ഷത എന്ന് സ്വയം അവകാശപ്പെടുന്ന പാർട്ടികൾ മുസ്ലിം നേതാക്കളുമായോ വോട്ടർമാരുമായോ തോൾചേർന്ന് നിൽക്കാൻ പോലും താൽപര്യപ്പെടുന്നില്ല. പാർട്ടികൾക്ക് അവരുടെ വോട്ട് വേണം, പക്ഷേ പരമരഹസ്യമായി വേണം.-സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഉദാഹരണമെടുക്കാം, 2022ലെ യു.പി തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിവേദികളിൽ മുസ്ലിം നേതാക്കളുടെ സാന്നിധ്യം അദ്ദേഹം പരിമിതപ്പെടുത്തി.
ബോധപൂർവമായ ഈ മുസ്ലിം അദൃശ്യവത്കരണത്തിന് ഒരുപാട് തലങ്ങളുണ്ട്. 2015 സെപ്റ്റംബറിൽ യു.പി ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് ആൾക്കൂട്ടക്കൊലക്കിരയായ വേളയിൽ അപലപിക്കാൻ മുന്നോട്ടുവന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് ബിഹാറിലും ഝാർഖണ്ഡിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെല്ലാം മുസ്ലിം പുരുഷന്മാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന വാർത്തകൾ വരുമ്പോൾ സൈലന്റ് മോഡിലാണ്.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചശേഷം നടന്ന ആൾക്കൂട്ട ആക്രമണക്കൊലകളിൽ 97 ശതമാനവും നടമാടിയിരിക്കുന്നത് 2014ന് ശേഷമാണെന്നും ഇരകളിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നുമുള്ള വസ്തുത അവഗണിക്കപ്പെടുന്നു.
ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കേണ്ടതുണ്ടെന്ന് പോലും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് തോന്നുന്നില്ല. നിരന്തരം ആൾക്കൂട്ടക്കൊലകളരങ്ങേറിയിട്ടും രാഷ്ട്രീയകേന്ദ്രങ്ങൾ നിശ്ശബ്ദത തുടർന്ന ഘട്ടത്തിൽ മുസ്ലിം നേതാക്കളുടെ പ്രതിനിധിസംഘത്തെയും കൂട്ടി കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുന്നിലെത്താൻ ജംഇയത്തുൽ ഉലമാ ഏ ഹിന്ദ് നിർബന്ധിതരായി.
മേലിൽ ഇത്തരം എന്തെങ്കിലുമൊരു സംഭവമുണ്ടാകുന്നത് ശ്രദ്ധയിൽപെടുത്തിയാൽ 72മണിക്കൂറിനകം നടപടി സ്വീകരിച്ചിരിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി. ആ വാക്കുപറച്ചിലും തനി പൊള്ളയായിരുന്നു. ആഭ്യന്തരമന്ത്രി ഉറപ്പു നൽകി മണിക്കൂറുകൾ പിന്നിടുമ്പോഴേക്ക് ഝാർഖണ്ഡിൽ നിന്നും ഹരിയാനയിൽ നിന്നും ആൾക്കൂട്ടക്കൊലകളുടെ വാർത്തകൾ വന്നു.
മാധ്യമങ്ങൾ ആ വാർത്തകളെ അവഗണിക്കുകയോ അകപ്പേജുകളുടെ മൂലയിലൊതുക്കുകയോ ചെയ്തു. ആൾക്കൂട്ടക്കൊല ഇപ്പോൾ കാലാവസ്ഥ ബുള്ളറ്റിൻ പോലെ പ്രവചനാത്മകമായിരിക്കുന്നു. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിവ മുഴക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ ചീത്തവിളിക്കുന്ന സംഭവങ്ങൾ ഈയടുത്ത കാലം വരെയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബലപ്രയോഗത്തിലൂടെ ജയ് ശ്രീരാം വിളിപ്പിക്കലാണ് രീതി.
പാർലമെന്റിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള ജന്തർമന്തറിൽ നിന്ന് കുറച്ച് വലതുപക്ഷ ഗുണ്ടകൾ ‘ജബ് മുല്ലേ കാട്ടേ ജായേംഗേ ജയ് ശ്രീറാം ചില്ലായേംഗേ’ (മുസ്ലിംകളെ വെട്ടിക്കൂട്ടുമ്പോൾ ജയ് ശ്രീറാം എന്ന് നിലവിളിക്കും) എന്ന് മുന്നറിയിപ്പ് മുഴക്കിയിട്ട് അധികകാലമായിട്ടില്ല. ഭീഷണി മുഴക്കിയവരിലൊരാൾ പിന്നീട് പൊലീസ് മുമ്പാകെ കീഴടങ്ങി- പൂമാലകളണിഞ്ഞ്, അനുയായികളുടെ തോളിലേറിയാണ് സ്റ്റേഷനിലെത്തിയത്, ഒരു ഒളിമ്പിക് മെഡൽ ജേതാവെന്ന മട്ടിൽ.
സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി ഉത്തരവിട്ട ശേഷവും സമുദായത്തെ ഉന്നമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻവർധനവാണ്. യതി നർസിംഘാനന്ദിനെയും കാലിചരൺ മഹാരാജിനെയും പോലുള്ളവർ മുസ്ലിംകളെ മാത്രമല്ല, മുഹമ്മദ് നബിയെപ്പോലും അധിക്ഷേപിച്ചപ്പോൾ പ്രജ്ഞാസിങ് ഠാകുർ എന്ന പാർലമെന്റംഗം വീടുകളിലെ കത്തികൾ മൂർച്ച കൂട്ടിവെക്കാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നു.
ഈയിടെ കേരള സ്റ്റോറിയുടെ പ്രദർശനത്തിനെത്തിയ അവർ കാണികളോട് പറഞ്ഞു ‘അവർ’ ഇപ്പോൾ 32 ശതമാനമാണുള്ളത്, ‘അവർ’ 40 ശതമാനമായാൽ നിങ്ങളുടെ പെൺമക്കൾ സുരക്ഷിതരായിരിക്കില്ല. ‘ദ കശ്മീർ ഫയൽസ്’ പുറത്തിറങ്ങിയ ഘട്ടത്തിലും സമാനതോതിൽ വിഷം വമിപ്പിക്കപ്പെട്ടിരുന്നു.
വിരോധ ആഖ്യാനം നിറച്ച സിനിമകൾ, അതല്ലെങ്കിൽ മുസ്ലിം ഭരണാധികാരികളുമായോ ഇസ്ലാമുമായോ ബന്ധമുള്ള സ്ഥലപ്പേരുകൾ മാറ്റിയെഴുതുന്ന രാഷ്ട്രീയം...സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയവൃത്തങ്ങളിലും നിറയുന്ന വിദ്വേഷത്തിന്റെ പ്രവാഹം.. ഇതെല്ലാം കണ്ടാണ് മുസ്ലിംകളുടെ ഓരോ ദിവസവും ആരംഭിക്കുന്നത്.
അതി പ്രശസ്തമായ മുഗൾ സരായി, ഔറംഗാബാദ് തുടങ്ങിയ നഗരങ്ങൾക്ക് പുറമെ മധ്യപ്രദേശിലെ ഇസ്ലാം നഗറിന്റെയും മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന്റെയും പേരുമാറ്റിയിരിക്കുന്നു. ഡൽഹിയിലെ മുഹമ്മദ്പുരിന്റെ പേരുമാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഭക്ഷണം, വസ്ത്രം, ഉപജീവനമാർഗം ഇവയെല്ലാം കടന്നാക്രമണത്തിനിരയാവുന്നു. കർണാടകയിൽ മുസ്ലിം വിദ്യാർഥിനികൾക്ക് സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കുണ്ട്. രാജ്യത്തിന്റെ പല കോണുകളിലും നവരാത്രി കാലത്ത്, അത് റമദാൻ മാസത്തിലാണെങ്കിലും ശരി മാംസവിൽപനയും ഉപയോഗവും വിലക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ ഒരു പാർലമെന്റംഗം മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. അയാൾ പാർട്ടിയിലെ സഹപ്രവർത്തകരോട് കിടപിടിച്ചുയരാൻ നടത്തിയ ശ്രമമാണത്. രണ്ടു വർഷം മുമ്പ് ഈ സമുദായത്തെ ഒന്നാകെ വെടിവെച്ച് കൊല്ലേണ്ട ദേശദ്രോഹികളെന്ന് മുദ്രാവാക്യം മുഴക്കിയ അയാളുടെ ഒരു സഹപ്രവർത്തകന് വൻകോളാണ് കിട്ടിയത്. ഓർമയില്ലേ ദേശ് കേ ഗദ്ദാറോം കോ... എന്ന് തുടങ്ങുന്ന മുദ്രാവാക്യം വിളി? എന്താണ് തന്റെ യജമാനൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ചതാണ് ആ യുവ പാർലമെന്റംഗം.
രാം നവമി, ഹനുമാൻ ജയന്തി വേളകളിൽ വർഷന്തോറും മസ്ജിദുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ കൂടി ചേർക്കുമ്പോൾ അസഭ്യവർഷങ്ങളുടെയും അക്രമങ്ങളുടെയും ചക്രവ്യൂഹനടുവിൽ മുറിവേറ്റ് സകലരാലും കൈയൊഴിയപ്പെട്ട ഒരു സമുദായത്തിന്റെ ചിത്രം നമുക്ക് കാണാനാവും.
(ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററും നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)
ziya.salam@thehindu.co.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.