മാധ്യമപ്രവർത്തകർക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല എന്ന് വളരെ അഭിമാനത്തോടുകൂടി പലരും പറയുന്നത് കേട്ടിട്ടുണ്ട്. സത്യമാണ്, പ്രത്യേക അവകാശങ്ങളൊന്നുമില്ല. ഒരു പൗരനുള്ള അവകാശം മാത്രം നൽകിയാൽ മതി. കൂടുതൽ കരുണ, ഫേവർ ഒന്നും ചെയ്യേണ്ട. ഇവിടെ വിയോജിക്കാനുള്ള അവകാശമില്ലെങ്കിൽ പിന്നെ അതെന്തുമാത്രം പ്രാകൃതമായ സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്
മാധ്യമപ്രവർത്തനം വെല്ലുവിളികൾ വളരെയധികം നേരിടുന്ന കാലമാണിത്. പണ്ടും മാധ്യമങ്ങൾ വെല്ലുവിളി നേരിട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വൈദ്യുതി വിച്ഛേദിക്കുക, കണ്ണാടിച്ചില്ലിൽ കല്ലെറിയുക ഒക്കെയായിരുന്നു പത്രത്തെയും പത്രപ്രവർത്തകരെയും നേരിടാനുള്ള ഭരണകൂടത്തിന്റെ മാർഗം.
ചുവരില്ലെങ്കിൽ ചിത്രം വരക്കാൻ പറ്റില്ലല്ലോ, അതുപോലെ വൈദ്യുതി വിച്ഛേദിച്ചാൽ പത്രം ഇറക്കാൻ കഴിയുമായിരുന്നില്ല. ഇന്നങ്ങനെയല്ല, മറ്റൊരു രീതിയാണ്. നരേന്ദ്ര മോദിയാണോ അദ്ദേഹത്തിന്റെ പിന്നിലുള്ള ആർ.എസ്.എസ് ആണോ ആരാണ് ഈ പൊതുമാതൃക ഉണ്ടാക്കിയത് എന്നറിയില്ല. ഈ പൊതുമാതൃകയിൽ ഭരണകൂടത്തിന് നേരിട്ട് ബന്ധമില്ലാത്ത ഒരു നോൺ സ്റ്റേറ്റ് ആക്ടറെ ഉണ്ടാക്കുന്നു.
ഈ നോൺ സ്റ്റേറ്റ് ആക്ടർ ഒരു ഇരയായിരിക്കും. ഒരു എം.എൽ.എയാണെങ്കിൽപോലും അതൊരു നോൺ സ്റ്റേറ്റ് ആക്ടർ ആണ്. രാഹുൽ ഗാന്ധിക്കെതിരായി പരാതി കൊടുത്ത എം.എൽ.എ ഒരു നോൺ സ്റ്റേറ്റ് ആക്ടറാണ്. അദ്ദേഹം ഒരു പരാതി കൊടുക്കുമ്പോൾ ഒരു വ്യക്തിയുടെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി കോടതി അതിൽ ഇടപെടുന്നു. വിധി വരുന്നു. 24 മണിക്കൂറിനുള്ളിൽ അതിൽ പൊലീസ് ഇടപെടുന്നു. ഉദാഹരണത്തിന്, അഖില നന്ദകുമാറിനെതിരെ ഒരു പരാതി വരുന്നു. എത്ര പെട്ടെന്നാണ് പൊലീസ് അതിനോട് പ്രതികരിച്ചത്? ‘മറുനാടനെ’തിരായ പരാതി നൽകിയതും ഒരു നോൺ സ്റ്റേറ്റ് ആക്ടർ ആണ്.
ട്രാഫിക് ജാമിനെതിരെയോ ആശുപത്രിയിൽ പ്രശ്നമുണ്ടാകുമ്പോഴോ ആണ് ഇത്രയും പെട്ടെന്ന് ആക്ഷൻ എടുത്തിരുന്നതെങ്കിൽ ജനങ്ങൾക്ക് എത്രമാത്രം ഉപകാരപ്രദമായേനെ. അതിനൊന്നും കാണിക്കാത്ത ഒരു ശുഷ്കാന്തിയാണ് ഇത്തരം സന്ദർഭങ്ങളിൽ സർക്കാറും പൊലീസും കാണിക്കുന്നത്. സർക്കാർ പറയും ഞങ്ങൾക്കിതിൽ ഒരു താൽപര്യവുമില്ല, ഒരു വ്യക്തി കോടതിയിൽ പോയി, ആ വ്യക്തിയുടെ താൽപര്യം കോടതി പരിഗണിച്ചു, കോടതിനിർദേശമനുസരിച്ച് പൊലീസ് പ്രവർത്തിക്കുന്നു എന്ന്.
സർക്കാറിന് ഒരു പങ്കുമില്ല. ഇതിനെ എങ്ങനെ പ്രതിരോധിക്കും? പ്രതിരോധമില്ല എന്നു മാത്രമല്ല, കേരളത്തിലെ പല എഴുത്തുകാരും ബുദ്ധിജീവികളും ഇതിനെ അനുകൂലിക്കുകയാണ്. കോടതിവിധി നടപ്പാക്കാൻ ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സർക്കാറിന് ഉത്തരവാദിത്തമുണ്ട് എന്നു പറയുന്നു അവർ. ഇതിനെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണം എന്നാണ് എന്റെ അഭിപ്രായം.
ഇതേ രീതിയിലുള്ള ഒരു പ്രശ്നം ഞാനും നേരിട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പേ ഇതിനിരയായ വ്യക്തിയാണ് ഞാൻ. പ്രസ് കൗൺസിലിൽ ഞാൻ പരാതി കൊടുത്തു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ നിർവാഹമില്ല. കേസുമായി മുൻസിഫ് കോടതികളിലും ഹൈകോടതികളിലും സുപ്രീംകോടതിയിലും കയറിയിറങ്ങുക സാധാരണ മാപ്രക്ക് സാധ്യമല്ല. 10 വർഷം മുമ്പ് പത്രത്തിൽ എന്തെങ്കിലും എഴുതിയാൽ പബ്ലിഷർ, എഡിറ്റർ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരുന്നത്.
ഇപ്പോഴങ്ങനെയല്ല, ഏഷ്യാനെറ്റിന്റെ ഉടമസ്ഥൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാൻ ഇവിടത്തെ സർക്കാറിന് ധൈര്യമുണ്ടോ? അഖില നന്ദകുമാർ എന്ന മാധ്യമത്തൊഴിലാളിക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യയിലെ ഒരു മാധ്യമസ്ഥാപനം മോദിക്കെതിരെ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ എഡിറ്ററെ പിന്നീട് അവർ പിരിച്ചുവിട്ടു. 70 വയസ്സുള്ള അദ്ദേഹത്തിനെതിരെ അഹ്മദാബാദിൽ കേസെടുത്തു. അസുഖബാധിതനായ അദ്ദേഹത്തിന് ഭാര്യയെയും കൂട്ടിവേണം പോകാൻ. താമസവും ഭക്ഷണവും യാത്രയും എല്ലാംകൂടി ഓരോ ഹിയറിങ്ങിനും 35,000 രൂപയാണ് ചെലവുവരുന്നത്. മാ.പ്രയെന്ന് പരിഹസിക്കുമ്പോൾ മാപ്രകളുടെ ജീവിതത്തിന് ഇങ്ങനെയുംകൂടി ഒരു വശമുണ്ടെന്ന് കാണാതെ പോകുന്നു.
ഈ രീതി ഉത്തരേന്ത്യയിൽനിന്നോ ഗുജറാത്തിൽനിന്നോ കേരളത്തിലേക്കു വന്നതാണ്. നാളെ കോൺഗ്രസോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളോ അധികാരത്തിൽ വന്നാൽ അവരും ഈ ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കും. ഏറ്റവും അപകടം അതാണ്. കൊൽക്കത്തയിൽനിന്നുകൊണ്ട് ഓരോ രാത്രിയും പത്രത്തിന്റെ പേജ് റിലീസ് ചെയ്യുന്ന എന്റെ ഏറ്റവും വലിയ പ്രതീക്ഷ കേരളമായിരുന്നു. അതും അപ്രത്യക്ഷമാകുകയാണ്. ഒരു മാപ്ര എന്ന നിലയിൽ എന്റെ ടെംപ്ലേറ്റ് ഞാൻ ഉത്തർപ്രദേശിൽ പോയി കേരളത്തെ ചീത്ത പറയുക, ഇവിടെ വന്ന് ഉത്തർപ്രദേശിനെ ചീത്ത പറയുക. രണ്ടു സ്ഥലത്തുനിന്നും കൈയടി കിട്ടും. ഒരു സ്കിസോഫ്രീനിക് എക്സിസ്റ്റൻസായി നമ്മുടെ ന്യൂസ് റൂമുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. വളരെ അപകടകരമാണിത്. ഇതേക്കുറിച്ചൊന്നും ആരും ചർച്ച ചെയ്യുന്നില്ല. ഷാജൻ സ്കറിയ ചെയ്യുന്ന കാര്യത്തോട് ഞാൻ യോജിക്കുന്നില്ല. വർഗീയ വിഷം തുപ്പുന്നതിനെതിരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ അതിനെ അനുകൂലിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ ചെയ്യുന്നതിനെ അനുകൂലിക്കാൻ കഴിയില്ല.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല എന്ന് വളരെ അഭിമാനത്തോടുകൂടി പലരും പറയുന്നത് കേട്ടിട്ടുണ്ട്. സത്യമാണ്, പ്രത്യേക അവകാശങ്ങളൊന്നുമില്ല. ഒരു പൗരനുള്ള അവകാശം മാത്രം നൽകിയാൽ മതി. കൂടുതൽ കരുണ, ഫേവർ ഒന്നും ചെയ്യേണ്ട. ഇവിടെ വിയോജിക്കാനുള്ള അവകാശമില്ലെങ്കിൽ പിന്നെ അതെന്തുമാത്രം പ്രാകൃതമായ സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. പത്രം റിലീസ് ചെയ്യുന്ന അവസാന 15 മിനിറ്റുകളാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ നിമിഷങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട്. ആ സമയത്ത് നൂറ് സംശയങ്ങൾ വരും. ഈ സ്റ്റോറി ശരിയാണോ, തെറ്റാണോ? തെറ്റാണെങ്കിൽ മാപ്പ് പറയാമെന്ന് ആലോചിക്കാറുണ്ട്. പിന്നെ എന്തുവന്നാലും എന്റെ നാടുണ്ട്, കേരളമുണ്ട് എന്ന ചിന്തയായിരുന്നു ആശ്വാസം. ആ വിശ്വാസം ദിനംതോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മാധ്യമങ്ങൾ സത്യം മാത്രമേ പറയാവൂ എന്ന് സി.പി.എം എം.എൽ.എ വലിയ വാചാലനായി സംസാരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ, എന്താണ് സത്യം? നരേന്ദ്ര മോദി പുറത്തുവിടുന്ന ഏത് ഡേറ്റയാണ് നമ്മൾ വിശ്വസിക്കേണ്ടത്? ദാരിദ്ര്യത്തെക്കുറിച്ചുള്ള ഡേറ്റ, തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഡേറ്റ. ഏതാണ് വിശ്വസിക്കേണ്ടത്? മഹാത്മാ ഗാന്ധിയെ ആരാണ് കൊന്നതെന്ന് പറയാൻ നമുക്കു കഴിയില്ല. എല്ലാവർക്കും സത്യമറിയാം; പറയാൻ ധൈര്യമില്ല. രാഹുൽ ഗാന്ധിക്ക് അത്തരത്തിൽ ഒരു സപ്പോർട്ട് സിസ്റ്റം ഉള്ളതുകൊണ്ട് സത്യം പറയാം. ഞാൻ നാളെ അങ്ങനെ പറഞ്ഞാൽ രാജ്യദ്രോഹമായിരിക്കും. സത്യം എന്താണെന്ന് നമുക്ക് അറിയാൻ കഴിയില്ല.
ഉദാഹരണത്തിന്, സത്യം അന്വേഷിക്കുകയാണ് നമ്മൾ ചെയ്യുന്നത്. നാളെ റിപ്പോർട്ട് ചെയ്യുന്നത് സത്യം ആയിരിക്കണമെന്നില്ല. എല്ലാവരുംകൂടിയാണ് സത്യം അന്വേഷിക്കുന്നത്. ഉദാഹരണത്തിന്, ഹിൻഡൻബർഗ് റിപ്പോർട്ട് വായിച്ചാൽ ആർക്കും ഒന്നും മനസ്സിലാവില്ല. അത് മനസ്സിലാക്കാനുള്ള വൈദഗ്ധ്യം ഉള്ളവർക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂ. സി.പി.എം എം.എൽ.എ പറഞ്ഞതുപോലെയാണെങ്കിൽ ഞാൻ എന്റെ റിപ്പോർട്ടറെ ന്യൂയോർക്കിലയച്ച്, ഇക്കണോമിക്സ് പഠിപ്പിച്ച് ഇത് ശരിയാണോ എന്നറിഞ്ഞു മാത്രമേ റിപ്പോർട്ട് ചെയ്യാൻ പറ്റുകയുള്ളൂ.
റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞ് റിപ്പോർട്ട് ചെയ്താൽ മതിയെന്നാണോ പറയുന്നത്? പ്രതിപക്ഷനേതാവ് വാർത്തസമ്മേളനം വിളിച്ച് തെറ്റായിരിക്കാം പറയുന്നത്, പക്ഷേ, അത് റിപ്പോർട്ട് ചെയ്യേണ്ടേ? ഫോർത്ത് പില്ലർ എന്ന നിലക്ക് മാധ്യമങ്ങളുടെ ധർമം പ്രതിപക്ഷത്തിന്റ ശബ്ദം പുറത്തുകേൾപ്പിക്കുകയാണ്. സർക്കാറിന് അതിനുവേണ്ടി മറ്റു മാർഗങ്ങളുണ്ട്. അതിനാൽ പ്രതിപക്ഷത്തിന്റെ ശബ്ദമാണ് പത്രങ്ങൾ കൂടുതൽ പുറത്തുകേൾപ്പിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പത്രത്തിൽ എന്തെങ്കിലും തെറ്റ് കാണുമ്പോൾ വിളിച്ച് കളിയാക്കുന്നത് എല്ലാവർക്കും വലിയ രസമാണ്. എന്നാൽ, വല്ലപ്പോഴും നല്ല കാര്യങ്ങൾ കാണുമ്പോൾ അതുംകൂടി വിളിച്ചുപറയുക. പലതരം പ്രശ്നങ്ങൾ 2014നുശേഷം ന്യൂസ് റൂമുകൾ നേരിടുന്നുണ്ട്. പത്രപ്രവർത്തനം വളരെ സേഫായി നടത്താം. ഏതുവേണം എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്, സമൂഹമാണ്, വായനക്കാരാണ്. ഈ സ്വാതന്ത്ര്യത്തിൽ നോൺ സ്റ്റേറ്റ് ആക്ടർക്കോ ഭരണകൂടത്തിനോ സ്വാധീനിക്കാൻ കഴിയില്ല. അത് വളരെ ബുദ്ധിപൂർവം, യുക്തിപൂർവം തീരുമാനിക്കുക. മുമ്പ് തലക്കെട്ടുകളുടെ പേരിൽ കേസ് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ തലക്കെട്ടുകളുടെ പേരിൽപോലും കേസുകൾ ചാർജ് ചെയ്യുന്നു. മാധ്യമങ്ങൾ ഒരുപാട് വെല്ലുവിളി നേരിടുന്നുണ്ട് എന്നതാണ് സത്യം.
(കെ.എസ്. ബിമൽ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ‘ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം’ സംവാദത്തിലെ പ്രഭാഷണത്തിൽനിന്ന്)
തയാറാക്കിയത്: അനുശ്രീ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.