ഒരു കവിക്ക് പോകാവുന്ന ദൂരം എത്രമാത്രം? ഒരു പാട്ടുകാരന്റെ പടപ്പുറപ്പാടിന് കീഴടക്കാൻ കഴിയുന്ന ഹൃദയങ്ങൾ എത്ര? അറിയണമെങ്കിൽ കവിയുടെ കണ്ണിലെ അഗ്നി തിരിച്ചറിയണം. കവിതയും പാട്ടും നാടൻകലയുടെ തപ്പും തുടിയുമായി അഞ്ചും ആറും മണിക്കൂർ മൂന്നു ലക്ഷത്തോളം മനുഷ്യരെ കോറസ് പാടിക്കുന്ന ഗദ്ദറിന്റെ കണ്ണുകളിലെ അഗ്നി തിരിച്ചറിയണം. ആ ചടുലമായ താളവും നൃത്തവും ഹൃദയത്തിൽ ഏറ്റുവാങ്ങണം. തെലുങ്ക് മക്കൾ അത് ചെയ്തിരുന്നു. അവർ ഗദ്ദറിന്റെ പാട്ടിനായി കാതോർത്തിരുന്നു. ഗദ്ദറിനൊപ്പം പാടി നൃത്തംവെച്ചിരുന്നു. അദ്ദേഹം പാടുന്നത് അവരെക്കുറിച്ചായിരുന്നു, അവരുടെ വിശപ്പിനെയും വേദനയെയും സ്വപ്നങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ചായിരുന്നു.
ഗദ്ദറിനെപ്പോലെ ഇത്രയേറെ ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞൊരു നാടോടിഗായകൻ സമകാലീന ഇന്ത്യയിലില്ല. ആ പാട്ടുകളെ ഭരണകൂടം ഭയന്നതും അതുകൊണ്ടുതന്നെ. ആ ഭയമാണ് വെടിയുണ്ടയുടെ രൂപത്തിൽ വന്ന് അദ്ദേഹത്തെ മുറിവേൽപിച്ചത്. 1997 ഏപ്രിൽ ആറിലെ വധശ്രമത്തിൽ ശരീരത്തിൽ തുളഞ്ഞുകയറിയ അഞ്ചു വെടിയുണ്ടകളിലൊന്നുമായി മരിക്കുന്നതുവരെ ജനങ്ങൾക്കുവേണ്ടി സംസാരിച്ച് ജനങ്ങൾക്കിടയിൽ ജീവിച്ചു. കോൺഗ്രസായാലും ചന്ദ്രബാബു നായിഡുവായാലും ആന്ധ്രയിലെ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ കൂടെനിർത്താൻ എന്നും ശ്രമിച്ചിരുന്നു. അദ്ദേഹം പാട്ടുകളിലൂടെയും വാക്കുകളിലൂടെയും ജനങ്ങളോട് സംവദിച്ചാൽ അവർക്കിടയിൽ ഭരണകൂടത്തിനും ചൂഷണത്തിനുമെതിരായ വികാരം രൂപപ്പെടും, അത്തരമൊരു തിരിച്ചടി ഇല്ലാതാക്കാൻ ഗദ്ദറിനെ കൂടെനിർത്തുക, പറ്റിയില്ലെങ്കിൽ അദ്ദേഹം തങ്ങൾക്കെതിരാവാതെ സൂക്ഷിക്കുക എന്നതായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിച്ച തന്ത്രം. ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്തെ രാഷ്ട്രീയനീക്കങ്ങൾക്കുമെതിരെ ഗദ്ദർ രൂക്ഷമായിത്തന്നെ പ്രതികരിച്ചു. തുടർന്നുണ്ടായ വധശ്രമത്തിനു പിറകിൽ ചന്ദ്രബാബു നായിഡുവായിരുന്നുവെന്ന് മരിക്കുംവരെ അദ്ദേഹം വിശ്വസിച്ചിരുന്നു. വധശ്രമം അന്വേഷിക്കാൻ നായിഡു സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല, വർഷങ്ങൾക്കുശേഷം വൈ.എസ്. രാജശേഖര റെഡ്ഡി സർക്കാർ ആ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
2003ലാണ് അദ്ദേഹത്തോടൊപ്പം നാലു ദിവസം താമസിക്കാൻ ഈ കുറിപ്പുകാരന് അവസരം ലഭിച്ചത്. ഗദ്ദറിന്റെ ഒരു ദിവസം തുടങ്ങുന്നത് നിരവധി ആളുകളെ, അവരുടെ കൊച്ചുകൊച്ചു പരാതികളെ കേട്ടുകൊണ്ടാണ്. രാവിലെ എഴുന്നേറ്റ് എട്ടരയോടെ അദ്ദേഹത്തിന്റെ ദിനചര്യ ആരംഭിക്കും. അപ്പോഴേക്കും ഗ്രാമത്തിൽനിന്ന് ഭക്ഷണവിഷയങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കുമെല്ലാം പരിഹാരം തേടി നിരവധി പേരെത്തിയിട്ടുണ്ടാകും. ഭീഷണികൾക്കു നടുവിൽ ജീവിക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ ഭയംതീണ്ടാത്തവയായിരുന്നു. സർക്കാറിൽനിന്ന് സുരക്ഷയോ കാവൽക്കാരെയോ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. അവസാന കാലങ്ങളിൽ വിപ്ലവത്തിൽനിന്ന് വഴുതിമാറി അദ്ദേഹം ജനാധിപത്യത്തെ ആശ്ലേഷിച്ചു. അനുഭവങ്ങളാണ് അതിനും പ്രേരകമെന്ന് അദ്ദേഹം പറയുന്നു.
നിമിഷകവിതകളായിരുന്നു ഗദ്ദറിന്റേത്. ഒരു സ്ഥലത്ത് ചെന്നാൽ അവിടത്തെ സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെല്ലും. പത്തോ ഇരുപതോ വാക്കുകൾ ചേർത്തുവെച്ച് നിമിഷങ്ങൾക്കകം അദ്ദേഹം അവിടെയൊരു കവിത സൃഷ്ടിക്കും. അതൊരു ഇടിമുഴക്കമായി മാറും. കൽക്കരി ഖനികളിലും തൊഴിലിടങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം അദ്ദേഹം സംവദിച്ചത് ഈമട്ടിലായിരുന്നു. വളരെ ലളിതമായിരുന്നു ആ ഭാഷ. അതെല്ലാവർക്കും മനസ്സിലാകും. അത് പാടാൻ അദ്ദേഹം ഉപയോഗിച്ചത് ആന്ധ്രയിലെ നാടോടിഗാനങ്ങളുടെ റിഥമായിരുന്നു. ഇപ്പോഴും ആന്ധ്രയിലെ ആളുകളെ കണ്ടുമുട്ടുമ്പോൾ ഗദ്ദറിനെ അറിയുമോ എന്നു ചോദിച്ചാൽ ‘ഗദ്ദറിനെ അറിയാത്തവരുണ്ടോ’ എന്നായിരിക്കും മറുപടി. ആന്ധ്രയിലെ 90 ശതമാനം മനുഷ്യർക്കും തന്നെ അറിയാം. അതുതന്നെയാണ് എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അംഗീകാരമെന്ന് ഗദ്ദർ പറഞ്ഞിട്ടുണ്ട്. ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ ഒരുകാലത്ത് ഗദ്ദർ നിറഞ്ഞുനിന്നു.
തടിച്ചുകൂടിനിൽക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് നടുവിൽനിന്ന് പാട്ടുപാടുന്ന ഗദ്ദറിന്റെ ചിത്രം അതിപ്രശസ്തമാണ്. പീപ്ൾസ് വാർ ഗ്രൂപ്പിനു മേലുള്ള നിരോധനം നീക്കിയ വേളയിൽ കുറഞ്ഞ ദിവസത്തെ അറിയിപ്പുകൊണ്ട് ഹൈദരാബാദിലെ നിസാം കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയുടെ ചിത്രമാണത്. ലക്ഷക്കണക്കിനാളുകളാണ് ഗദ്ദറിനെ കേൾക്കാനും അതിനൊപ്പം ചുവടുവെക്കാനും അവിടെ ഒത്തുകൂടിയത്.
(ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ലേഖകൻ ‘ഗദ്ദർ: പാട്ടും പോരാട്ടവും’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.