റമദാൻ അഹംബോധത്തിന്റെ കുടിയൊഴിപ്പിക്കൽ

'നോമ്പ് എന്റേതാണ്, എനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം തരുന്നവൻ ഞാനാണ്' എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതായി മുഹമ്മദ് നബി അരുളിയിരിക്കുന്നു. എല്ലാത്തിന്റെയും ഉടമയായ അല്ലാഹു നോമ്പിന്മേലുള്ള തന്റെ ഈ ഉടമാവകാശത്തെ പ്രത്യേകം എടുത്തുപറഞ്ഞത് എന്തിനായിരിക്കും? നോമ്പിന്റെ സ്വഭാവവിശേഷണത്തിൽ, അല്ലാഹുവിന്റെ ഇഷ്ടക്കാരായ വിശ്വാസികളുടെ സമുദായം എന്ന നിലയിൽ മുസ്‌ലിം സമൂഹത്തിനകത്തെ നോമ്പിന്റെ ദൗത്യം എന്താണ് എന്നതിലേക്ക് ഈ ഉടമാവകാശ പ്രഖ്യാപനം നൽകുന്ന സൂചന എന്താണ്?

ശാരീരികമായി വലിയ പരിത്യാഗം ആവശ്യപ്പെടുന്ന ഇബാദത്താണ് നോമ്പ്. വിശപ്പാണ് ആ ഇബാദത്തിന്റെ മർമപ്രധാനമായ ഭാഗം. മനുഷ്യശരീരത്തിന്റെ ഓരോ ഭാഗവും ആ ത്യാഗത്തിന്റെ പരിണതികൾ നേരിട്ട് അനുഭവിക്കുകയും ചെയ്യും. മറ്റെന്തെല്ലാം നഷ്ടപ്പെട്ടാലും അവസാനം വരെ തന്റെ ഉടമസ്ഥതയിലുള്ളതെന്നു മനുഷ്യൻ കരുതിപ്പോരുന്ന മുതലാണ് അവന്റെ ശരീരം. ആ ശരീരത്തിൽ അതിന്റെ ഉടമകൾ അനുഭവിക്കുന്ന അധ്വാനത്തെയാണ് അല്ലാഹു തന്റേതെന്നു പറഞ്ഞ് ഏറ്റെടുക്കുന്നത്. തീർത്തും വ്യക്തിപരമായി, സ്വകാര്യമായി മനുഷ്യശരീരം അനുഭവിക്കുന്ന ഈ ത്യാഗത്തിന്റെ ഉടമ അല്ലാഹു ആകുന്നത് എങ്ങനെയാണ്? ഈ ത്യാഗത്തിന്റെ ഉടമ ഞാൻതന്നെയാണെന്ന് അല്ലാഹു പ്രത്യേകമായി പ്രഖ്യാപിക്കാൻ മാത്രം എന്തു രഹസ്യമാണ് നോമ്പിൽ ഉള്ളടങ്ങിയിരിക്കുന്നത്? ഉടമയും അടിമയും തമ്മിലുള്ള ബന്ധത്തിന്റെ ഏതു മർമത്തിലാണ് ആ രഹസ്യം തൊടുന്നത്?

വിശപ്പിനെ പിശാചിനെ ആട്ടിയോടിക്കാനുള്ള ഉപായമായാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. 'രക്തപ്രവാഹംപോലെയാണ് (നിങ്ങളുടെ ശരീരത്തിലൂടെയുള്ള) പിശാചിന്റെയും പ്രവാഹം. വിശപ്പുകൊണ്ട് അവന്റെ വഴികളെ നിങ്ങൾ കുടുസ്സാക്കുക' എന്ന് ഒരു ഹദീസിൽ തിരുനബിയോർ വിശദീകരിക്കുന്നുണ്ട്. പിശാചിനെ ആട്ടിയോടിച്ച് നമ്മുടെ ശരീരത്തിൽ ഇലാഹീ ചിന്തയുടെ പ്രവാഹം കൊണ്ടുവരുകയാണ് നോമ്പിലെ വിശപ്പിന്റെ ദീനിയ്യായ ദൗത്യം. ശരീരത്തിൽനിന്നുള്ള അഹംബോധത്തിന്റെ കുടിയൊഴിപ്പിക്കലാണത്. അഹംബോധം വഴിമാറി നിൽക്കുന്നിടത്ത് നിസ്സഹായതയും നിസ്സാരതയും വന്നുപാർക്കും. അതു മനുഷ്യശരീരത്തെ വിനീതമാക്കും. വിനീതനായ അടിമയാണ് താൻ എന്ന അനാദ്യന്തമായ സത്യത്തിലേക്ക് വഴിനടത്തും. അതോടെ ഹൃദയം വിടരും. വെളിച്ചം പ്രവഹിക്കും. ആ വെളിച്ചത്തിന്റെ പ്രവാഹത്തിൽ നോമ്പുകാരൻ റയ്യാൻ എന്ന വാതിൽ കാണും. അതിലൂടെ സ്വർഗത്തിലേക്ക് നടന്നുകയറും.

റമദാനായാൽ സ്വർഗത്തിന്റെ വാതിലുകൾ തുറക്കും, നരകം അടക്കും, പിശാചിനെ പിടിച്ചുകെട്ടുമെന്ന് ഒരു ഹദീസിലുണ്ട്. വിശപ്പ് മനുഷ്യജീവിതവുമായി, അടിമയും ഉടമയും തമ്മിലുള്ള പാരസ്പര്യവുമായി എങ്ങനെയൊക്കെ കെട്ടുപിണഞ്ഞുകിടക്കുന്നു എന്നതിലേക്കുള്ള സൂചനയാണ് ഈ ഹദീസ്. റയ്യാൻ തുറക്കുന്ന താക്കോലാണ് നോമ്പുകാരന്റെ വിശപ്പ്. ഉടമയിലേക്കുള്ള ആ വഴിയുടെ ഉടമ അല്ലാഹു അല്ലാതിരിക്കുന്നതെങ്ങനെ? ആ വഴിയുടെ പ്രതിഫലം അവനല്ലാതെ മറ്റാരാണ് തരുക? അവനല്ലാതെ മറ്റെന്താണ് ആ വിശപ്പിനുള്ള പ്രതിഫലം? വിശന്നുകൊണ്ടിരിക്കുമ്പോൾ അടിമ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, അടിമയിൽ എങ്ങനെയാണ് വിശപ്പ് പ്രവർത്തിക്കുന്നത് എന്ന് ആ ഉടമക്കല്ലാതെ മറ്റാർക്കാണ് മനസ്സിലാവുക? അല്ലാഹു അല്ലാതെ മറ്റാരാണ് നമ്മുടെ വിശപ്പിൽ ആനന്ദം കണ്ടെത്തുക?

ശരീരത്തിന്റെ പുഷ്‌ടികൊണ്ടല്ല, അതിന്റെ ബലഹീനത കൊണ്ടാണ് റയ്യാൻ വാതിലുകൾ തുറക്കുക. ആ ബലഹീനതയിലേക്കുള്ള മുസ്‌ലിംകളുടെ വളർച്ചയാണ് റമദാൻ നോമ്പ്. ആ ബലഹീനതയാണ് ഈ സമുദായത്തിന്റെ കരുത്ത്. ആ കരുത്തിനു മുന്നിൽ അടഞ്ഞുകിടക്കാൻ ഒരു വാതിലിനും കഴിയില്ല.

സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ

Tags:    
News Summary - Abdul Hakeem Azhari about ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT