ബംഗളൂരു സ്ഫോടന കേസിൽ വിചാരണത്തടവുകാരനായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നീതിനിഷേധത്തിെൻറ 10 വർഷം പിന്നിട്ടിരിക്കുന്നു. കോയമ്പത്തൂർ സ്ഫോടനകേസിൽ പ്രതി ചേർക്കപ്പെട്ട് ഒമ്പതര വർഷം ജയിലിൽ കഴിഞ്ഞ്, ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി കോടതി മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഭരണകൂടം അദ്ദേഹത്തെ ഈ കേസിൽ കുരുക്കിയത്. രണ്ടുകേസിലുമായി ഒരു മനുഷ്യായുസ്സിൻെറ നല്ലൊരുഭാഗമാണ് തടവറയിൽ ഹോമിക്കുന്നത്.
ബംഗളൂരു എൻ.ഐ.എ കോടതിയിൽ നടക്കുന്ന വിചാരണ അനന്തമായി നീളുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ നാല് മാസത്തിനകം കേസ് തീർക്കാമെന്ന് 2014ൽ അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലം കടലാസിലൊതുങ്ങി. കേസിെൻറ നടപടിക്രമങ്ങൾ മൂന്നാം ഘട്ടത്തിൽ നിൽക്കുേമ്പാൾ സുപ്രീംകോടതി അനുവദിച്ച നിബന്ധനകളോടെയുള്ള ജാമ്യത്തിൽ ബംഗളൂരുവിലെ വീട്ടിൽ അനാരോഗ്യത്തിെൻറയും അനീതിയുടെയും തടവറയിൽ കഴിയുകയാണ് 54 കാരനായ മഅ്ദനി.
2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂർ സ്ഫോടന കേസിൽ അബ്ദുന്നാസിർ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തിൽ അദ്ദേഹത്തിന് സർക്കാർ ബി കാറ്റഗറി സുരക്ഷ അടക്കം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2008ൽ ബംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അൻവാർശ്ശേരിയിൽനിന്ന് കർണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്തു.
ലഷ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന കണ്ണൂർ സ്വദേശി തടിയൻറവിട നസീറുമായി കുടകിലും എറണാകുളത്തുമായി നടന്ന ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയാണെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ തെളിയിക്കാൻ പത്തു വർഷമായിട്ടും പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് മാത്രമല്ല; കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകൾ കോടതിയിൽ തിരിച്ചടിയാവുകയും ചെയ്തു.
കുടകിലെ ലക്കേരി എസ്റ്റേറ്റിൽ നടന്നതായി പറയപ്പെടുന്ന ഗൂഢാലോചനയുടെ മുഖ്യ സാക്ഷിയായി അന്വേഷണ സംഘം അവതരിപ്പിച്ച റഫീക്ക് എന്നയാൾ, പൊലീസിെൻറ നിർബന്ധപ്രകാരമാണ് താൻ മൊഴി നൽകിയതെന്ന് വിചാരണകോടതിക്ക് മുന്നിൽ തിരുത്തി. മാത്രവുമല്ല, ഈ കാലയളവിൽ അബ്ദുന്നാസിർ മഅ്ദനി കേരള സർക്കാറിെൻറ ബി കാറ്റഗറി സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ബി കാറ്റഗറി സുരക്ഷയിൽ കഴിയുന്നവർക്കൊപ്പം സായുധരായ അംഗരക്ഷകരുണ്ടാവമെന്നതിന് പുറമെ, യാത്രാ വിവരങ്ങളെല്ലാം ഇൻറലിജൻസിെൻറ പക്കൽ ലഭ്യമാവേണ്ടതുമാണ്. ഈ രേഖയിലൊന്നും മഅ്ദനിയുടെ കുടക് യാത്രയെ കുറിച്ച പരാമർശമില്ല.
എറണാകുളത്തെ ഗൂഢാലോചനായോഗത്തിെൻറ സാക്ഷിയായി ഇടപ്പള്ളി സ്വദേശി മജീദ് എന്നയാളെയാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നത്. 2009 ഡിസംബർ 11ന് അന്വേഷണ സംഘത്തിന് മുമ്പാകെ കണ്ണൂരിൽ വെച്ച് മജീദ് െമാഴി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്. എന്നാൽ, ഈ വാദം പൊലീസിെൻറ കെട്ടുകഥയാണെന്ന് മഅ്ദനിയുടെ അഭിഭാഷകൻ കോടതിയിൽ ബോധ്യപ്പെടുത്തി. ഡിസംബർ നാലു മുതൽ 16 വരെ ഇയാൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർബുദ രോഗം വഷളായി അബോധാവസസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുെന്നന്നും ഡിസംബർ 16ന് മരണപ്പെട്ടതായുമുള്ള രേഖകൾ കോടതിയിൽ ഹാജരാക്കിയാണ് കർണാടക പൊലീസിെൻറ കള്ളം പൊളിച്ചത്. മാത്രവുമല്ല, എറണാകുളത്ത് മഅ്ദനി താമസിച്ചിരുന്ന വീടിെൻറ ഉടമ ജോസ് വർഗീസിനെയും സാക്ഷിപ്പട്ടികയിൽ പൊലീസ് ഉൾപ്പെടുത്തിെയങ്കിലും തെൻറ പേരിൽ തെറ്റായ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
ബംഗളൂരു കേസിൽ മഅ്ദനിക്കെതിരെ തെളിവുകളൊന്നുമില്ലാതിരുന്നിട്ടും വിചാരണയുടെ പേരിൽ ഒരു ദശാബ്ദക്കാലമാണ് അദ്ദേഹം ജയിലിലും വീട്ടിലുമായി തടങ്കലിൽ കഴിഞ്ഞത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തോളം കിടന്നു. ഒടുവിൽ സുപ്രീംകോടതിയുടെ കാരുണ്യത്തിൽ 2014 ജൂലൈ 14ന് ഒരു മാസത്തേക്ക് ആദ്യ ജാമ്യം ലഭിച്ചു. ഇത് ഓരോ തവണയും നീട്ടി നൽകിയ സുപ്രീം കോടതി നവംബറിൽ കർശന ഉപാധികളോടെ ജാമ്യം സ്ഥിരപ്പെടുത്തി. ബംഗളൂരു നഗര പരിധി വിട്ട് പോവരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നതുമായിരുന്നു നിബന്ധനകൾ.
കഴിഞ്ഞ 10 വർഷത്തിനിടെ മക്കളുടെ വിവാഹ ചടങ്ങിനായി രണ്ടു തവണയും അസുഖബാധിതയായിരുന്ന ഉമ്മയെ കാണാൻ അഞ്ചു തവണയുമാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം കേരളത്തിലേക്ക് വന്നത്. 2018ൽ ഉമ്മയുടെ മരണസമയത്താണ് അവസാനമായി കേരളത്തിലെത്തിയത്. മാനുഷിക പരിഗണന പോലും നൽകാതിരുന്ന വിചാരണ കോടതിയുടെ നടപടിക്കെതിരെ പലപ്പോഴും സുപ്രീംകോടതിയെ വരെ സമീപിച്ചാണ് അദ്ദേഹത്തിന് ഈ യാത്രകൾ പോലും സാധ്യമായത്.
വൃക്കസംബന്ധമായും ഹൃദയസംബന്ധമായും അസുഖങ്ങൾക്കു പുറമെ പ്രമേഹവും രക്തസമ്മർദവും അലട്ടുന്നതിനാൽ പല തവണ ബംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം മാസങ്ങൾക്ക് മുമ്പ് വിചാരണക്കിടെ കോടതിയിൽ അബോധാവസ്ഥയിലായ സംഭവവുമുണ്ടായി. ഒരേ കുറ്റകുത്യവും ഒരേ പ്രതികളും ഒരേ സാക്ഷികളുമുള്ള സംഭവങ്ങൾ സാധാരണ ഒറ്റ കേസായാണ് പരിഗണിക്കാറെങ്കിലും ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് കേസിലായാണ് വിചാരണ.
കുറ്റപത്രം സമർപ്പിക്കലും സാക്ഷി വിസ്താരവും പൂർത്തിയായ കേസിൽ പ്രതികളിൽനിന്ന് കോടതി മൊഴി രേഖപ്പെടുത്തുന്ന നടപടിയാണിപ്പോൾ നടക്കുന്നത്. ഒമ്പതു കേസുകളിൽ രണ്ട് കേസുകളിൽ മൊഴി രേഖപ്പെടുത്താൻ ബാക്കിയുണ്ട്. ചില സാക്ഷികളുടെ പുനർ വിചാരണ ആവശ്യപ്പെട്ടുള്ള ഹരജിയും കോടതിയുടെ പരിഗണനയിലാണ്. കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ കഴിഞ്ഞമാസം വിഡിയോ കോൺഫറൻസിങ് വഴി ആഴ്ചയിൽ രണ്ടു ദിവസമായി വിചാരണ പുനരാരംഭിച്ചിരുന്നു. പ്രതിഭാഗത്തിെൻറ സാക്ഷി വിസ്താരവും അവസാനഘട്ട വാദപ്രതിവാദവും പൂർത്തിയായി വിധി വരുേമ്പാേഴക്കും ഒരു വർഷത്തിലേറെയെടുക്കുമെന്നും മഅ്ദനിക്കെതിരായ ഗൂഢാലോചന തെളിയിക്കുന്ന യാതൊന്നും ഹാജരാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകനായ അഡ്വ. ഉസ്മാൻ പറഞ്ഞു.
ഈ അപകടം താൻ മുൻകൂട്ടി കണ്ടിരുന്നതായി മഅ്ദനി വ്യക്തമാക്കുന്നു. 'കോയമ്പത്തൂരിലേതിനേക്കാൾ വലിയ കുരുക്കാണ് തന്നെ കാത്തിരിക്കുന്നതെന്ന് 2010 ആഗസ്റ്റ് 17ന് കേരളത്തിൽനിന്ന് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുവരുേമ്പാൾ വിമാനത്താവളത്തിൽ കൂടിയ മാധ്യമപ്രവർത്തകരോടും ജനങ്ങളോടും താൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് പലരും അതിനെ നിസ്സാരവത്കരിച്ചുകൊണ്ടാണ് സംസാരിച്ചത്. കോടതിയിൽ ഹാജരായി തിരിച്ചുവരാവുന്ന കാര്യമേയുള്ളൂ എന്നൊക്കെയാണ് പലരും പറഞ്ഞത്. യഥാർഥത്തിൽ വളരെ ആസൂത്രിതമായ ഒരു കുരുക്കാണ് ഇവിടെ എനിക്കായി തയാറാക്കിയിരുന്നത്. കോയമ്പത്തൂരിലേത് വലിയ കേസായിട്ടും ഒമ്പതര വർഷം കൊണ്ട് കേസ് അവസാനിച്ച് നിരപരാധിത്വം വ്യക്തമാക്കി എനിക്ക് കേരളത്തിൽ തിരിച്ചെത്താനായി.
എന്നാൽ, കോയമ്പത്തൂർ കേസിനെ അപേക്ഷിച്ച് എത്രയോ ചെറുതാണ് ബംഗളൂരു കേസ്. ഈ കേസിൽ സാങ്കേതികത്വത്തിെൻറ നിരവധി നൂലാമാലകളിൽ തന്നെ കുരുക്കിയിട്ടിരിക്കുകയാണ്. ഒരു കാരണവശാലും അതിൽനിന്ന് ഞാൻ ഊരിപ്പോവരുത് എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. അതുകൊണ്ടാണ് ഒരു പതിറ്റാണ്ട് പൂർത്തിയായിട്ടും കേസ് എവിടെയുമെത്താതെ നിൽക്കുന്നത്. എങ്കിലും നിയമപരമായി ചെയ്യാവുന്ന എല്ലാ പോരാട്ടങ്ങളും ഞാൻ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രഗദ്ഭരായ അഭിഭാഷകരാണ് കേസ് നയിക്കുന്നത്. കേസിെൻറ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നീക്കുന്നുണ്ട്. ഇക്കാര്യത്തിൽ എന്നെ സഹായിക്കുകയും പിന്തുണക്കുകയും െചയ്യുന്ന കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മനുഷ്യാവകാശത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകൾക്കും എെൻറ മോചനത്തിനുവേണ്ട പരിശ്രമങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കും ഹൃദയത്തിെൻറ ഭാഷയിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരുപാട് ശാരീരിക വിഷമതകളിലൂടെയാണ് താൻ കടന്നുപോവുന്നതെന്നും ഏവരുടെയും പ്രാർഥന കൂടെയുണ്ടാവണമെന്നും മഅ്ദനി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.