സോവിയറ്റ് യൂനിയൻ എന്ന സോഷ്യലിസ്റ്റ് സ്വപ്നം പൊലിയുന്ന വാർത്തകൾ എത്തുന്ന കാലം. സമത്വസുന്ദരമെന്നു കരുതിയ ഒരു നാടിെൻറ മെലിഞ്ഞുണങ്ങിയ അസ്ഥികൂടം പുറംലോകത്തിനുമുന്നിൽ വെളിപ്പെടുന്നു. യുക്രെയ്നിലെ ഒരു ആയുധനിർമാണ ഫാക്ടറിയുടെ രൂപാന്തരം അക്കാലത്തു വാർത്തയായി. ആയുധനിർമാണം ഉപേക്ഷിച്ചു ഫാക്ടറി കാർഷികോപകരണങ്ങൾ നിർമിക്കുന്നു. വാർത്ത വായിച്ച സാഹിത്യാസ്വാദകനായ ഒരു പത്രപ്രവർത്തകൻ മഹാകവി അക്കിത്തത്തെ ഫോണിൽ വിളിച്ചു. കവിയുടെ ദീർഘവീക്ഷണത്തെ സാഷ്ടാംഗം പ്രണമിക്കുന്നുവെന്ന വാക്കുകൾ കേട്ടപ്പോൾ അക്കിത്തം അദ്ദേഹത്തിെൻറ പ്രിയപ്പെട്ട ഖണ്ഡകാവ്യമായ 'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസ'ത്തിലെ വരികൾ ഓർമിച്ചു.
'തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരമ്പുകൾ,
ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ'.
കാലത്തിനു മുമ്പേ നടന്ന ഒരു കവിക്കു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതമാണ് ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം. സ്നേഹശൂന്യമായ വിപ്ലവത്തിനു നിലനിൽപില്ലെന്നു ദീർഘദർശനം ചെയ്ത കവിത. അധർമത്തിെൻറയും അക്രമത്തിെൻറയും വഴിയിലൂടെ മുന്നേറുന്ന വിപ്ലവം അൽപായുസ്സാണെന്നു പ്രവചിച്ച്, ആയിരങ്ങളുടെ അപ്രീതി സമ്പാദിച്ച വരികൾ. ഒരുപക്ഷേ, ലോകസാഹിത്യചരിത്രത്തിൽ കമ്യൂണിസ്റ്റ് ആശയത്തിെൻറ പിഴവുകൾ ചൂണ്ടിക്കാട്ടി പുറത്തുവന്ന ആദ്യത്തെ കൃതികൂടിയാണ് ഇതിഹാസം. 'ഡോക്ടർ ഷിവാഗോ', 'ഡാർക്നസ് അറ്റ് നൂൺ' തുടങ്ങി വിപ്ലവത്തിെൻറ മനുഷ്യത്വമില്ലായ്മ തുറന്നുകാണിക്കുന്ന കൃതികൾ വെളിച്ചം കാണുന്നത് അമ്പതുകളുടെ ഒടുവിലും അറുപതുകളുടെ ആരംഭത്തിലുമാണെങ്കിൽ ഇതിഹാസം രചിച്ചത് 1951 ൽ. തൊട്ടടുത്ത വർഷം ഒരു ആനുകാലികത്തിൽ പ്രകാശനം കണ്ട കവിത ആത്മാവില്ലാത്ത ശരീരം പോലെ മൃതമാണ് സ്നേഹത്തെ ഉൾക്കൊള്ളാത്ത പ്രത്യയശാസ്ത്രം എന്നു സൗമ്യമെങ്കിലും ധീരമായി ലോകത്തെ ഓർമിപ്പിച്ചു.
വിപ്ലവത്തിെൻറ പേരിൽ നടന്ന ഹിംസയുടെ താണ്ഡവം കണ്ട് പശ്ചാത്താപവിവശമായ ഒരു ഹൃദയത്തിെൻറ തേങ്ങിക്കരച്ചിലായിരുന്നു ഇതിഹാസം. ആത്മപരിശോധനക്കു പ്രേരിപ്പിച്ച അപൂർവ കൃതികളിലൊന്ന്. ഇതിഹാസത്തിലെ ഈരടികൾ പലതും മലയാളിയുടെ ദൈനംദിന ജീവത്തിൽപോലും ഇടംപിടിച്ചു. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരി സാധാരണക്കാരായ മലയാളികളും സ്ഥാനത്തും അസ്ഥാനത്തും ചൊല്ലിപഠിച്ചു. ഇരുട്ടിനെ സ്നേഹിക്കുന്ന വരികളുടെ പേരിൽ അക്കിത്തം ഇരുട്ടിെൻറ ഉപാസകനാണെന്നു വിധിയെഴുതി പലരും. എന്നാൽ, അദ്ദേഹംതന്നെ ആ വരികളുടെ അന്തരാർഥം വ്യക്തമാക്കി. ജീവിതമാകുന്ന വെളിച്ചം ശാശ്വതമായ മൃത്യുവിെൻറ ഇരുട്ടിലെ നിമിഷപ്രഭ മാത്രമെന്ന വിവേകം പ്രകടിപ്പിക്കുകയായിരുന്നു കവി. വെളിച്ചം വാഗ്ദാനം ചെയ്ത പ്രത്യയശാസ്ത്രങ്ങൾ കൂടുതൽ ഇരുട്ടിലേക്കു കൊണ്ടുപോയപ്പോൾ അനുഭവിക്കേണ്ടിവന്ന നിരാശ കവിയെ ഇരുട്ടിനെ സ്നേഹിക്കാൻ പ്രേരിപ്പിച്ചു എന്നുമാകാം.
ജീവിതത്തിലെ മൂല്യമേറിയ ദിവ്യൗഷധമായി കണ്ണുനീരിനെ അക്കിത്തം പ്രതിഷ്ഠിക്കുന്നതും ഇതിഹാസത്തിൽതന്നെ. പാപങ്ങളും ദുഃഖങ്ങളും അലിയിച്ചെടുക്കുന്ന മഹാമരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.