1960ൽ പുറത്തിറങ്ങിയ കെ. ആസിഫിെൻറ ‘മുഗേള അഅ്സം’ എന്ന ചലച്ചിത്രക്ലാസിക്കിൽ മധുബാല ജീവൻകൊടുത്ത അനാർക്കലി എന്ന കഥാപാത്രത്തെ കുറിച്ച് മധ്യകാലചരിത്രത്തിലുടനീളം പരതിയാൽ ഒരു സൂചനയും ലഭിക്കില്ല. കാരണം, അനാർക്കലി ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ്. അക്ബർ ചക്രവർത്തിയെക്കുറിച്ചോ പുത്രൻ സലീം രാജകുമാരനെക്കുറിച്ചോ (ജഹാംഗീർ) കേൾക്കാത്തവർക്കുപോലും അനാർക്കലി സുപരിചിതയാണ്. ആ പേരിൽ മലയാളത്തിലടക്കം എത്രയോ ഭാഷകളിൽ ചലച്ചിത്രാവിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. അനാർക്കലിയുടെ കഥ ചരിത്രത്തിനപ്പുറം ഐതിഹ്യമായി തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ജനഹൃദയങ്ങളിൽ ആ സൗന്ദര്യധാമവും അനശ്വര േപ്രമവും കുടിയിരുത്തപ്പെട്ടു. മിത്തുകളുടെ ശക്തിയാണത്. ചരിത്രവസ്തുതകളെക്കാൾ ഐതിഹ്യങ്ങളോടാണ് സാമാന്യജനത്തിന് അഭിനിവേശം. ആ അഭിനിവേശം വംശീയമോ മതപരമോ ആയ ഭ്രാന്തായി പരിണമിക്കുമ്പോൾ രാജ്യത്തിെൻറ സ്വാസ്ഥ്യം നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, സമൂഹത്തിന് നൊടിയിടയിൽ ബഹുദൂരം പിന്നോട്ട് സഞ്ചരിക്കേണ്ടിയും വരുന്നു. ‘പത്മാവതി’ എന്ന ഹിന്ദി സിനിമക്കെതിരെ രജപുത്രരുടെ പേരിൽ ഒരുവിഭാഗം രാജ്യത്തുടനീളം പ്രക്ഷുബ്ധത സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളും സിനിമ സംവിധായകൻ സഞ്ജയ് ലീല ഭൻസാലിക്കും നടി ദീപിക പദുകോണിനുമെതിരെ ഉയർത്തുന്ന ഭീഷണികളും രാജ്യം ഇന്നഭിമുഖീകരിക്കുന്ന അപൂർവമായൊരു പ്രതിസന്ധിയുടെ ബാഹ്യലക്ഷണങ്ങളിലൊന്നായേ വിലയിരുത്തേണ്ടതുള്ളൂ.
ചരിത്രം വക്രീകരിക്കുകയാണെന്നും രജപുത്രരുടെ മാനംകെടുത്തുകയാണെന്നുമൊക്കെ ആേക്രാശിച്ചുകൊണ്ട് ‘പത്മാവതി’െക്കതിരെ രംഗത്തുവന്നവർ (ഇതിൽ രാജസ്ഥാൻ ബി.ജെ.പി നേതാവും രാജ്ഞിയുമായ ദിയാകുമാരിയും ഉണ്ടെന്നതാണ് വിചിത്രം) ഏതുവിധത്തിലാണ് ചരിത്രത്തെ വളച്ചൊടിച്ചതെന്ന് വ്യക്തമാക്കുന്നില്ല. കാരണം, സിനിമയോ അതിെൻറ തിരക്കഥയോ കാണാതെയാണ് ഇപ്പോഴത്തെ ഉറഞ്ഞുതുള്ളൽ മുഴുവനും. സുൽത്തനത്ത് ചക്രവർത്തിയായ അലാവുദ്ദീൻ ഖിൽജിയും ചിറ്റോറിലെ രാജ്ഞി പത്മാവതിയും സ്വപ്നത്തിലൂടെ സംഗമിക്കുന്ന രംഗം ഭൻസാലിെൻറ സിനിമയിലുണ്ടെന്നും അന്യപുരുഷെൻറ മുന്നിൽ രജപുത്ര മങ്കമാർ നൃത്തം ചെയ്യാറില്ലെന്നും അങ്ങനെ ചെയ്യുന്നത് അവർക്ക് അഭിമാനക്ഷതമുണ്ടാക്കുമെന്നുമൊക്കെയുള്ള ബാലിശമായ വാദങ്ങൾ ഉയർത്തിയാണ്150 കോടി രൂപയിലധികം ചെലവഴിച്ച്, സാങ്കേതിക മികവോടെ നിർമിച്ച ചിത്രത്തിെൻറ പ്രദശനം അലങ്കോലപ്പെടുത്തിയിരിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം ഡിസംബർ ഒന്നിന് പടം റിലീസ് ചെയ്യുന്നില്ല എന്ന നിർമാതാവിെൻറ വെളിപ്പെടുത്തൽ രാജ്യത്തെ മൊത്തം ലജ്ജിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് തങ്ങൾക്ക് അനുകൂലമായ നിലപാട് പ്രതീക്ഷിക്കേണ്ടതില്ല എന്ന തിരിച്ചറിവാകണം പ്രക്ഷോഭകരുടെ മുന്നിൽ കീഴടങ്ങാൻ നിർമാതാക്കളെ നിർബന്ധിച്ചത്. തെൻറ ചലച്ചിത്രാവിഷ്കാരം ഉത്തരവാദപ്പെട്ടവർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ തയാറാണെന്നും ഏതെങ്കിലും വിധത്തിൽ വികാരം വ്രണപ്പെടുത്തുന്ന ഒരു സീനും കാണാൻ സാധിക്കില്ലെന്നുമുള്ള സംവിധായകെൻറ അടിയറവ് മൊഴികൾപോലും ഫലംകണ്ടില്ല. വെട്ടാൻ വരുന്ന പോത്തുകൾക്കു മുന്നിൽ വേദമോതിയിട്ടെന്തു കാര്യം?
ചരിത്രവും ഭാവനയും പത്മാവതിയെക്കുറിച്ചുള്ള വിവാദത്തിന് തീകൊളുത്തിയപ്പോൾതന്നെ മുഗളചരിത്രത്തിലും രജപുത്ര ചരിത്രത്തിലും അവഗാഹമുള്ളവർ എടുത്തുപറഞ്ഞ ഒരു വസ്തുത, പത്മാവതി ഒരു ചരിത്രകഥാപാത്രമേ അല്ല എന്നതാണ്. അലാവുദ്ദീൻ ഖിൽജിയുടെ കാലശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞാണ് പത്മാവതിയെക്കുറിച്ചുള്ള കഥകൾ ഉത്തരേന്ത്യയിൽ പ്രചരിക്കുന്നത്. സൂഫി കവി മലിക് മുഹമ്മദ് ജയാസിയുടെ ‘പത്മാവത്’ ആണ് രജപുത്രരാജ്ഞിയുടെ അനാദൃശമായ സൗന്ദര്യത്തെക്കുറിച്ചും അവരെ കാംക്ഷിക്കാൻ അലാവുദ്ദീൻ ഖിൽജി ആഗ്രഹിച്ച് ചിറ്റോർ കോട്ട ആക്രമിച്ചതിനെക്കുറിച്ചുമൊക്കെ വിവരിക്കുന്നത്. അനുരാഗത്തിെൻറ ആത്മീയചൈതന്യത്തെ സൂഫിപദാവലിയിൽ ആവിഷ്കരിച്ച മുഹമ്മദ് ജയാസി പറയുന്ന കഥതന്നെയാണ് ഭൻസാലി സിനിമക്ക് പ്രമേയമാക്കിയത്. ചിറ്റോറിലെ രാജാവ് രത്തൻ സിങ്, സിൻഹാളിലെ രാജകുമാരി പത്മാവതിയെക്കുറിച്ച് അറിഞ്ഞ് പത്നി നാഗമതിയെ കൊട്ടാരത്തിൽ ഉപേക്ഷിച്ച് യോഗിയുടെ ഉത്തരീയമണിഞ്ഞ് അനുചരന്മാരോടൊപ്പം പുറപ്പെടുകയാണ്. പത്മാവതിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ സന്നദ്ധമായുള്ള ആ യാത്രയിൽ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ലക്ഷ്യം നേടുകയും പത്മാവതിയുമായി ചിറ്റോറിലേക്ക് മടങ്ങുകയും ചെയ്തുവെത്ര. പത്മാവതി ചിറ്റോറിൽ രാജ്ഞിയായി വാഴ്ത്തപ്പെട്ട വിവരം അറിഞ്ഞ അലാവുദ്ദീൻ ഖിൽജി വൻ സൈന്യവുമായി ഉടൻ പുറപ്പെട്ടു. ശക്തമായ പ്രതിരോധത്തിനിടയിൽ ചിറ്റോർ കോട്ട പിടിച്ചടക്കിയെങ്കിലും അലാവുദ്ദീൻ അകത്ത് പ്രവേശിക്കുകയാണെന്നും തന്നെ കൈക്കലാക്കുകയാണ് ഉദ്ദേശ്യമെന്നും മനസ്സിലാക്കിയ പത്മാവതി 16,000 സ്ത്രീകളോടൊപ്പം സ്വയം തീയിൽ ചാടി ആത്മാഹുതി നടത്തി എന്നാണ് കഥ.
ശത്രുവിെൻറ കൈയിൽപെട്ട് മാനം പിച്ചിച്ചീന്തുന്നതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഈ ജീവബലിയെ ‘ജൗഹർ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സൂഫി കവി പറയുന്ന ഇക്കഥ, ആധികാരിക ചരിത്രത്തിൽ എവിടെയും വായിക്കാൻ സാധിക്കില്ല. 1296 മുതൽ 1316 വരെ ഡൽഹി മുതൽ ഡെക്കാൻ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായൊരു സാമ്രാജ്യം ഭരിച്ച അലാവുദ്ദീെൻറ സംഭവബഹുലമായ കാലഘട്ടത്തെക്കുറിച്ചും സൈനികാക്രമണങ്ങളെക്കുറിച്ചും ചരിത്രകാരനായ ളിയാഉദ്ദീൻ ബറാനി, പ്രശസ്തമായ താരീേഖ ഫിറോസ് ഷാഹിയിൽ ദൃക്സാക്ഷി വിവരണമെന്നോണം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1303 ജനുവരിയിലാണ് സുൽത്താെൻറ നേതൃത്വത്തിൽ വൻ സൈനിക സന്നാഹം ചിറ്റോർ കോട്ടയിലേക്ക് നീങ്ങുന്നത്. രാജാ രത്തൻ സിങ്ങിെൻറ നേതൃത്വത്തിൽ രജപുത്രർ ശക്തമായ പ്രതിരോധം തീർത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. ആഗസ്റ്റ് അവസാന വാരത്തോടെ കോട്ടയിലേക്ക് കടന്ന അലാവുദ്ദീൻ രാജകുടുംബാംഗങ്ങളെ വെറുതെ വിെട്ടങ്കിലും ഗ്രാമത്തലവന്മാരുടെ തലയെടുത്തുവെന്നാണ് ബറാനി രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരഭരണം പുത്രൻ ഖിസ്ർ ഖാനെ ഏൽപിച്ച് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.
സാങ്കൽപിക കഥാപാത്രം അലാവുദ്ദീൻ ഖൽജിയുടെ പല നയങ്ങളെയും വിമർശിക്കുകയും സ്വഭാവവൈകൃതങ്ങൾ അനാവൃതമാക്കുകയും ചെയ്ത ബറാനി, റാണിയെ കാംക്ഷിച്ചാണ് ചിറ്റോർ കോട്ട ആക്രമിച്ചതെങ്കിൽ അത് തുറന്നുപറയുകതന്നെ ചെയ്യുമായിരുന്നു. ആ ദിശയിൽ ഒരു സൂചനപോലും നൽകുന്നില്ല എന്നതിൽനിന്നുതന്നെ പിൽക്കാലത്ത് പ്രചരിച്ച കെട്ടുകഥ മാത്രമാണ് പത്മാവതിയുടേതെന്ന് അനുമാനിക്കേണ്ടിവരും. അലാവുദ്ദീൻ ഹിന്ദുറാണിമാരെ പത്നിമാരാക്കിയ കഥ ഇതേ ചരിത്രകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഗുജറാത്തിലെ വഗേല ആക്രമിച്ച ഘട്ടത്തിൽ രാജാവ് രാജാകരൺ പുത്രിയുമായി ദേവഗിരിയിലേക്ക് രക്ഷപ്പെട്ടപ്പോൾ രാജ്ഞി കമലദേവി സൈന്യത്തിെൻറ കൈയിൽ അകപ്പെട്ടു. ഡൽഹിയിലേക്ക് കൊണ്ടുപോയ മഹാറാണിയെ അലാവുദ്ദീൻ പത്നിയാക്കിയെന്ന് ചരിത്രപുസ്തകത്തിൽ വായിക്കാം. പത്മാവതി എന്ന രജപുത്രമങ്കയെക്കുറിച്ച് ആ കാലഘട്ടത്തിലെ സംഭവവികാസങ്ങൾക്ക് സാക്ഷ്യംവഹിച്ച ചരിത്രകാരന്മാരാരും പരാമർശിക്കുന്നില്ല എന്നതിൽനിന്നുതന്നെ അവർ ഒരു സാങ്കൽപിക കഥാപാത്രമാണെന്ന് ബലമായി സംശയിക്കണം. ഈ വിഷയത്തിൽ ആഴത്തിൽ പഠനംനടത്തിയ ചരിത്രകാരി രമ്യാ ശ്രീനിവാസൻ ‘ദ മെനി ലൈവ്സ് ഒാഫ് രജ്പുത് ക്വീൻ’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരുവശമുണ്ട്: ഓരോ ഭാഷ്യത്തിലും പത്മാവതിയുടെ ഉള്ളടക്കവും പശ്ചാത്തലവും വിഭിന്നവും കാൽപനികതയുടെ അതിരുകൾ ലംഘിക്കുന്നതുമാണ്. 18ാം നൂറ്റാണ്ടിൽ മുഗള ഭരണത്തിെൻറ ശൈഥില്യം സൃഷ്ടിച്ച പുതിയ ദേശീയബോധ പരിസരത്തെയും ഹൈന്ദവ നവജാഗരണ പ്രവണതകളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള രചനകളിൽ രജപുത്ര/ഹൈന്ദവ വികാരം ഉണർത്തുന്ന പ്രതിപാദനത്തിന് സ്വീകാര്യത ലഭിച്ചത് സ്വാഭാവികം. 18,19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ഓറിയൻറലിസ്റ്റുകളുടെ ഒരു ഡസനിലധികം വരുന്ന ചരിത്രപുസ്തകങ്ങളിലെല്ല്ലാം പത്മാവതി കയറിവരുന്നത് മലിക് മുഹമ്മദ് ജയാസിയെ ഉദ്ധരിച്ചാണ്. സൽത്തനത്ത്, മുഗള ഭരണകർത്താക്കളെ രാക്ഷസവത്കരിക്കുന്നതിനും അവർക്കെതിരെ ഹിന്ദുവികാരം ഈതിക്കാച്ചി മതധ്രുവീകരണം വളർത്തുന്നതിനും ബ്രിട്ടീഷ് ചരിത്രകാരന്മാർ കൂടുതലായും ആശ്രയിച്ചത് ഇത്തരം കെട്ടുകഥകളെയും മിത്തുകളെയുമായിരുന്നു.
പത്മാവതിയുമായി ബന്ധപ്പെട്ട് ഇപ്പോഴുയർന്ന വിവാദങ്ങൾ ഹിന്ദുത്വശക്തികളുടെ കൃപാശിസ്സുകളോടെയാണ്. ‘മ്ലേച്ഛനായ’ മുസ്ലിം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെ മുന്നിൽ രജപുത്ര റാണി പത്മാവതി നൃത്തംചെയ്യുകയോ എന്ന ചോദ്യത്തിൽതന്നെ വിഷയത്തിെൻറ മർമം ഒളിഞ്ഞിരിപ്പുണ്ട്. മുസ്ലിംവിരുദ്ധ വികാരം ഉൗതിക്കത്തിച്ച് വോട്ട്ബാങ്ക് ഉറപ്പിക്കുക എന്ന സംഘ്പരിവാർ ലക്ഷ്യമാണ് ഇപ്പോഴത്തെ ‘ധർമരോഷ’ത്തിനു പിന്നിൽ. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണം ഒരുക്കിക്കൊടുത്ത അനുകൂല സാഹചര്യമാണ് ഫാഷിസ്റ്റ് രീതി സ്വീകരിക്കാൻ രജപുത്ര കർണി സേനക്കും അഖില ഭാരതീയ ക്ഷത്രിയ മഹാസഭക്കും മറ്റും ധൈര്യംപകരുന്നത്. ദീപിക പദുകോണിനെ ജീവനോടെ കൊല്ലുന്നവർക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ചിട്ടും സർക്കാർ നോക്കിനിൽക്കുകയാണ്. ഭൻസാലിയുടെയും ദീപികയുടെയും തലക്ക് ഹരിയാനയിലെ ബി.ജെ.പി നേതാവ് സൂരജ് പാൽ വിലയിട്ടിരിക്കുന്നത് 10 കോടിയാണ്. പുരാണത്തിലെ ശൂർപ്പണഖയോട് ചെയ്തതുപോലെ ദീപികയുടെ മൂക്ക് അരിയാനാണ് ഒരു വംശീയഭ്രാന്തെൻറ ആഹ്വാനം. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാെജ സിന്ധ്യ മൗനത്തിലാണ്. ചിത്രം പ്രദർശിപ്പിച്ചാൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി, സിനിമക്കും സിനിമ പ്രവർത്തകർക്കും എതിരായ ജൽപനങ്ങൾ കേട്ട് മൗനം ദീക്ഷിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അധികൃതർ നിസ്സഹായരായി കൈമലർത്തുന്നു. ഇന്ത്യ എപ്പോഴാണ് ഇമ്മട്ടിൽ വെള്ളരിക്കാപ്പട്ടണമായി അധ$പതിച്ചതെന്ന് സാമാന്യജനം ചോദിച്ചുപോയേക്കാം. ഫാഷിസത്തിെൻറ അദൃശ്യമുഖങ്ങൾ ഇനിയുമെത്ര കാണാനിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.