‘‘ഞങ്ങൾക്ക് ഇപ്പോൾ 13 മുഖ്യമന്ത്രിമാരുണ്ട്്. കേരളം, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുന്നതോടെയായിരിക്കും പാർട്ടിയുടെ സുവർണകാലം സമാഗതമാവുക’’- ഏപ്രിൽ 16ന് ഭുവനേശ്വറിൽ ചേർന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം പാർട്ടി പ്രസിഡൻറ് അമിത് ഷാക്ക് മാധ്യമങ്ങളുമായി പങ്കുവെക്കാനുണ്ടായിരുന്ന സ്വപ്നം ഇതായിരുന്നു. ഇത്രയും കൂടി അമിത് ഷാ പറഞ്ഞു: ‘‘പാർട്ടിയുടെ ഭാഗ്യചിഹ്നമായി മോദിജി തലപ്പത്തുള്ള കാലത്തോളം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ല.’’ ഇപ്പറഞ്ഞ സുവർണദിശയിലേക്ക് എടുത്തുചാടാനുള്ള തിടുക്കംകൊണ്ടാവണം മുഖ്യമന്ത്രിയുടെ ജന്മസ്ഥലമായ പിണറായിയിലൂടെ നടന്ന് പാർട്ടി വളർത്താൻ അമിത് ഷാ കൊട്ടും കുരവയുമായി എത്തുന്നത്. പ്രാദേശിക പാർട്ടികൾപോലും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലൂടെ നടന്ന് രാഷ്ട്രീയപ്രചാരണ പരിപാടി അവസാനിപ്പിക്കുകയാണ് പതിവെങ്കിൽ അമിത് ഷാ ആ രീതി തെറ്റിക്കാൻ തീരുമാനിച്ചതുതന്നെ കേരളത്തെ കുട്ടിച്ചോറാക്കണമെന്ന ദുഷ്ടലാക്കോടെയാവാനേ തരമുള്ളൂ. പ്രകോപനത്തിെൻറ ഹിംസാത്മക മാർഗത്തിലൂടെ കേരളത്തിെൻറ രാഷ്ട്രീയമണ്ണ് ഉഴുതുമറിക്കാനും അതിലൂടെ ഹിന്ദുത്വയുടെ വിത്തു വിതച്ച് കണ്ണൂരിെൻറ ചെമ്മണ്ണിൽ കാവിധ്വജം പറപ്പിക്കാനുമുള്ള അതിമോഹത്തോടെയുള്ള അഭിനവ ചാണക്യെൻറ വരവിനെ കേരളീയ ജനത കരുതിയിരിക്കേണ്ടതുണ്ട്. ‘ജിഹാദി-ചുകപ്പ് ഭീകരതക്കെതിരായ’ കുമ്മനം രാജശേഖരെൻറ ‘കേരള ജനരക്ഷയാത്ര’ ഉദ്ഘാടനം ചെയ്തു ഡൽഹിയിലേക്ക് മടങ്ങുക എന്നതിനു പകരം സംസ്ഥാനത്ത് രണ്ടു നാൾ തങ്ങാനും ഒരുദിവസം മുഴുവൻ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെ ചുറ്റിക്കറങ്ങാനുമുള്ള തീരുമാനത്തിനു പിന്നിൽ, കേരളം പിടിച്ചടക്കിയേ അടങ്ങൂ എന്ന ധിക്കാരത്തിനപ്പുറം ‘ഹിറ്റ്ലറിസ’ത്തിെൻറയും ഫാഷിസത്തിെൻറയും ഭീകരമുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാതിരുന്നുകൂടാ.
ഉപായങ്ങൾ പലവിധം
സംസ്ഥാനങ്ങളോരോന്നായി പിടിച്ചെടുക്കാൻ ബി.ജെ.പി അവലംബിക്കുന്ന മാർഗങ്ങൾ വ്യത്യസ്തമാണ്. ഒന്നുകിൽ മറ്റുപാർട്ടിയുടെ (മിക്കവാറും കോൺഗ്രസിെൻറ) നേതാക്കളെയോ എം.എൽ.എമാരെയോ കോടികൾ കൊടുത്ത് വിലയ്ക്കെടുത്ത് രായ്ക്കുരാമാനം പാർട്ടിയെ കൊഴുപ്പിക്കുക. അല്ലെങ്കിൽ, എൻ.ഐ.എയെയോ സി.ബി.ഐയെയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കുക. രാഷ്ട്രീയപ്രതിയോഗികളെ അടിച്ചമർത്താനും തങ്ങളുടെ ഫാഷിസ്റ്റ് ശൈലിയെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാനും ഏതു മാർഗവും അവലംബിക്കാം എന്ന ആർ.എസ്.എസ് ചിന്താഗതി വ്യവസ്ഥാപിത ശൈലിയായി മാറിയത് അമിത് ഷാ അമരത്ത് അവരോധിതനായതോടെയാണ്. കേരളത്തിലെ സംഘ്പരിവാരം രാഷ്ട്രീയപ്രതിയോഗികളെ നേരിടുന്നതിന് കൊല മുഖ്യ ആയുധമാക്കി എടുത്തതിെൻറ ആധികാരിക വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് എത്ര നിർലജ്ജമാണ് രാഷ്ട്രീയാന്തരീക്ഷം സംഘർഷഭരിതമാക്കാൻ ഇക്കൂട്ടർ അസത്യപ്രചാരണം നടത്തുന്നതെന്ന് ജനം തിരിച്ചറിയുന്നത്. ദേശമാസകലം അമിത് ഷായും അനുയായികളും നടത്തുന്ന പ്രചണ്ഡമായ പ്രചാരണം കേട്ടാൽ തോന്നും മാർക്സിസ്റ്റുകൾ പാവം ബി.ജെ.പിക്കാരെയും ആർ.എസ്.എസുകാരേയും പിന്തുടർന്നോടിപ്പിടിച്ച് കൊല്ലുമ്പോൾ അവർ കഴുത്ത് നീട്ടിക്കൊടുക്കുകയാണെന്നും ഇതുവരെ ഒരു മനുഷ്യെൻറയും ശരീരത്തിൽ തൊടാൻ ഗണവേഷധാരികളാരും ഒരുമ്പെട്ടിട്ടില്ലെന്നുമാണ്. അമിത് ഷാ കേരളക്കരയിലൂടെ എത്ര കാതങ്ങൾ താണ്ടിയാലും ശരി കാവിഭീകരതക്കെതിരെ നിഷ്പക്ഷമതികളുടെ മനസ്സിൽ കുമിഞ്ഞുകൂടിയ വെറുപ്പ് തൂത്തുവാരാൻ സാധ്യമല്ലെന്നുറപ്പാണ്.
ഉജ്ജൈയിനിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ തലക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത്, അന്ന് തട്ടിവിട്ടത് കേരളത്തിലെ സി.പി.എമ്മുകാർ മുന്നൂറിലേറെ സംഘ്പരിവാർ നേതാക്കളെയും പ്രവർത്തകരെയും കൊന്നൊടുക്കി എന്നാണ്. ഗോധ്രയിൽ 56 കർസേവകരെ തീവെച്ചുകൊന്നതിന് 2000 മുസ്ലിംകളെ തങ്ങൾ കഥകഴിച്ചെങ്കിൽ തങ്ങളുടെ മുന്നൂറ് പ്രവർത്തകരെ കൊന്നതിന് മൂന്നുലക്ഷം മാർക്സിസ്റ്റുകളുടെ തലയോട്ടികൾകൊണ്ട് ഭാരതാംബയെ ഹാരമണിയിക്കുമെന്നുവരെ ആ മനുഷ്യൻ ആേക്രാശിച്ചപ്പോൾ ഭ്രാന്തൻ ജൽപനമായി അത് തള്ളിയവർക്ക് തെറ്റി. 14ാം വയസ്സ് തൊട്ട് ആർ.എസ്.എസിെൻറ ശിക്ഷണത്തിൽ വളർന്ന അമിത് ഷാക്ക് നിഷേധിക്കാനാവുമോ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ ഹിംസക്കും കൊലക്കും ഒരു സ്ഥാനവുമില്ലെന്ന്. തെൻറ ഔദ്യോഗികവസതിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് ചാണക്യെൻറ മാത്രല്ല വി.ഡി. സവർക്കറുടെയും ചിത്രമാണെങ്കിൽ ഷായുടെ രാഷ്ട്രീയചിന്ത ഏത് വഴിക്കാണ് സഞ്ചരിക്കുക എന്ന് ഉൗഹിക്കാവുന്നതല്ലേയുള്ളൂ.
കണ്ണൂരിെൻറ രാഷ്ട്രീയ ചരിത്രത്തിനു കണ്ണീരിെൻറ ഉപ്പുരസവും ചോരയുടെ ഗന്ധവുമാണെന്ന സത്യം മറച്ചുവെക്കാനാവില്ല. 1971ലെ കുപ്രസിദ്ധമായ തലശ്ശേരി കലാപം ആസൂത്രിത വർഗീയ പദ്ധതിയായിരുന്നുവെന്നും ആർ.എസ്.എസും ബി.ജെ.പിയുടെ മുൻ അവതാരമായ ജനസംഘവുമാണ് അതിനു പിന്നിലെ ചാലകശക്തിയെന്നും ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷൻ അസന്ദിഗ്ധമായി കണ്ടെത്തിയതാണ്. ഇന്നും തലശ്ശേരിയുടെയും പരിസരപ്രദേശങ്ങളുടെയും അന്തരാളം വർഗീയമുക്തമാവാതെ കാത്തുസൂക്ഷിക്കുന്നതിൽ ഹിന്ദുത്വ ശക്തികൾ സദാ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ധർമടത്ത് പിണറായി വിജയൻ ജയിച്ചുകയറിയതിെൻറ പിറ്റേന്നു തന്നെ വിജയാഘോഷ യാത്രക്കുനേരെ ബോംബെറിഞ്ഞപ്പോൾ രവീന്ദ്രൻ എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു. അധികം താമസിയാതെ മോഹനൻ എന്ന സി.പി.എം പ്രാദേശിക നേതാവിനെയും വകവരുത്തി. ഇതിെൻറ പ്രതികാരമെന്നോണമാണ് രണ്ടു ബി.ജെ.പിക്കാർ പിന്നീട് കൊല്ലപ്പെടുന്നത്. ‘ചെങ്കോട്ട’യിൽ അതിക്രമിച്ചുകയറി ശത്രുവിനെ നേരിടാനും തങ്ങൾക്ക് കരുത്തുണ്ട് എന്ന് സമർഥിക്കാനായിരുന്നില്ലേ സി.പി.എം ഘോഷയാത്രക്കുനേരെ ബോംബെറിഞ്ഞതും സി.പി.എം അധികാരത്തിലേറിയ ഉടൻ തന്നെ അവരുടെ പ്രവർത്തകരുടെ കഥ കഴിക്കാൻ ഒരുമ്പെട്ടതും. കമ്യൂണിസ്റ്റ്- ന്യൂനപക്ഷ വിരോധം ഉൗതിക്കത്തിച്ച് പുതുതലമുറയിലേക്കുകൂടി വെറുപ്പിെൻറയും സംഘർഷത്തിെൻറയും സംസ്കാരം സന്നിവേശിപ്പിക്കുകയല്ലേ അമിത് ഷായും ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. പച്ചക്കള്ളം നിരത്തി ജനമനസ്സിൽ വർഗീയത കുത്തിനിറക്കുക എന്നത് സംഘ്പരിവാരം എക്കാലവും പയറ്റുന്ന വൃത്തികെട്ട അടവാണ്. 300 സ്വയംസേവകർ കേരളത്തിൽ ബലിദാനം നടത്തി എന്ന കുന്ദൻ ചന്ദ്രാവതിെൻറ ജൽപനം, ദേശമൊട്ടുക്കും സംഘ്പരിവാരം പ്രസരിപ്പിക്കുന്ന കല്ലുവെച്ച നുണയുടെ ചെറിയൊരു അംശം മാത്രമാണ്. കേരളത്തെ കുറിച്ച് അമിത് ഷാ പോലും എന്തുമാത്രം തെറ്റിദ്ധാരണജനകമായ വസ്തുതകളാണ് കൊണ്ടുനടക്കുന്നതെന്ന് ‘ദ വീക്കു’മായുള്ള അഭിമുഖത്തിൽ (ജൂലൈ 2, 2017) അദ്ദേഹം നിരത്തുന്ന വാദങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും: ‘‘കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് അക്രമങ്ങളുണ്ടാവാറേയില്ല. ഇടതുസർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വരേണ്ടതാമസം, അക്രമങ്ങൾ തുടങ്ങുകയായി, അതും മുഖ്യമന്ത്രിയുടെ ജില്ലയിൽ. അദ്ദേഹത്തിെൻറ സമ്മതമില്ലാതെ അക്രമങ്ങൾ നടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ’’
ശുദ്ധാത്മാക്കൾ!
എന്താണ് യാഥാർഥ്യം? കണ്ണൂരിലാവട്ടെ, സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലാവട്ടെ ബി.ജെ.പിയും ആർ.എസ്.എസും ശുദ്ധാത്മാക്കളും ശാന്തിദൂതന്മാരുമാണെന്ന് രാഷ്ട്രീയത്തിെൻറ ബാലപാഠം അറിയുന്ന ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? 2000-2016 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ 69 പേർ കൊല്ലപ്പെട്ടതിൽ 31ബി.ജെ.പി--ആർ.എസ്.എസുകാരാണെങ്കിൽ 30 പേർ സി.പി.എമ്മുകാരാണ്. 2016ൽ നാലു ബി.ജെ.പിക്കാർ കൊല്ലപ്പെട്ടപ്പോൾ മൂന്ന് ഇടതുപ്രവർത്തകർക്കും ജീവൻ നഷ്ടപ്പെട്ടു. തലേവർഷം ഇരുപാർട്ടികളിൽനിന്നും 27 പേർ വീതമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് രേഖകൾ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് ഭരിച്ച 2001-2006 കാലഘട്ടത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിനെക്കാൾ മൂന്നുപേർ കൂടുതൽ ബലി നൽകേണ്ടിവന്നു. 2000-2008 കാലഘട്ടത്തിൽ സി.പി.എമ്മിെൻറ 11 പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത് എട്ടുപേരാണ്. ഈ കണക്കുകളിൽനിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം കേരളം ആരു ഭരിച്ചാലും രാഷ്ട്രീയകൊലപാതകങ്ങൾക്ക് അറുതി ഉണ്ടാവാറില്ല എന്നു മാത്രമല്ല, ആറ്, -ഏഴു ശതമാനം മാത്രം വോട്ടുമായി അരികുവത്കരിക്കപ്പെട്ടു കഴിഞ്ഞപ്പോഴും സംഘ്പരിവാരം അക്രമത്തിെൻറയും കൊലയുടെയും കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിയോട് ഇഞ്ചോടിഞ്ച് മത്സരിക്കുകയായിരുന്നു. തങ്ങൾക്ക് ആധിപത്യമുള്ള മേഖലയിൽ മതേതര പാർട്ടികളോട് കൈക്കരുത്ത് കാണിക്കുന്നതിനോടൊപ്പം കേരളീയസമൂഹത്തെ വർഗീയമായി ധ്രുവീകരിക്കാൻ ന്യൂനപക്ഷങ്ങളെ അറുകൊല ചെയ്യാനും മടിക്കാത്ത ഒരു ഭീകര പ്രത്യയശാസ്ത്രം ‘ജിഹാദി-ചുകപ്പ്’ ഭീകരതയെ കുറിച്ച് വിലപിക്കുന്നത് വെള്ളം ചേർക്കാത്ത കാപട്യമല്ലേ? സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ടവർക്കുവേണ്ടി അശ്രുപൊഴിക്കുന്ന അമിത് ഷാ കാസർകോട്ടെ റിയാസ് മൗലവിയെയും മലപ്പുറത്തെ കൊടിഞ്ഞി ഫൈസലിനെയും എന്തിനുവേണ്ടിയാണ് ആർ.എസ്.എസുകാർ കൊന്നതെന്നുകൂടി വിശദീകരിച്ചിട്ട് മതി ഡൽഹിയിലേക്ക് മടങ്ങാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.