ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും ട്രാൻസ്ജെൻഡർ ആയതിന്‍റെ പേരിൽ മാത്രം വിവിധയിടങ്ങളിൽനിന്ന് ജോലി നിരസിക്കപ്പെട്ട അനീറ കബീർ ഒടുവിൽ തൊഴിൽ ചെയ്ത് അന്തസ്സോടെ ജീവിക്കാനാവാത്തതിനാൽ ഹൈകോടതി മുഖേന ദയാവധത്തിന് അപേക്ഷിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒടുവിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അനീറക്ക് സ്ഥിരം ജോലി ഉറപ്പുനൽകി. ചെറുപ്പം മുതൽ താൻ കടന്നുപോയ നീറുന്ന അനുഭവങ്ങൾ അനീറ കബീർ എഴുതുന്നു...
വളരെ ചെറിയ പ്രായത്തിൽതന്നെ, അതായത് അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോഴേ കബീർ എന്ന എന്‍റെ ആൺശരീരത്തിനുള്ളിൽ വളരുന്ന പെൺസ്വത്വത്തെ ഞാൻ പതിയെ തിരിച്ചറിഞ്ഞിരുന്നു. പെൺകുട്ടികളെപ്പോലെ പാവാട ധരിക്കാനും മുടികെട്ടാനുമൊക്കെയായിരുന്നു എനിക്ക് താൽപര്യം, അന്നു മുതൽ ഞാൻ ഇതിന്‍റെ പേരിൽ കുത്തുവാക്കുകളും പരിഹാസങ്ങളുമൊക്കെ കേൾക്കാൻ തുടങ്ങി. ഒമ്പത്, ആണും പെണ്ണുംകെട്ട എന്നീ പദപ്രയോഗങ്ങൾ സ്കൂളിലും നാട്ടിലുമെല്ലാം ഏറെ കേട്ടു. പാലക്കാട് ഒറ്റപ്പാലത്ത് ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. ട്രാൻസ്ജെൻഡർ എന്ന വാക്കുപോലും അത്ര പരിചിതമല്ലാത്ത കാലമാണ്. ട്രാൻസ് ആയിട്ടുള്ളവർ ആൺവേഷം കെട്ടിയും ഒളിച്ചും പതുങ്ങിയുമൊക്കെ ജീവിച്ചിരുന്ന കാലം. ഈ ശരീരത്തിൽനിന്നൊരു മോചനം തേടി ഞാൻ ചെറുപ്പംമുതലേ അലഞ്ഞിട്ടുമുണ്ട്. പ്ലസ് വണിൽ പഠിക്കുമ്പോൾ ഒറ്റക്ക് ബംഗളൂരു നഗരത്തിൽ പോയി, ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അന്വേഷിക്കുന്നതിനായി.
എത്രയൊക്കെ അധിക്ഷേപങ്ങളും ചീത്തവിളികളും കേട്ടാലും തളരാൻ ഞാനൊരുക്കമായിരുന്നില്ല. വിദ്യാഭ്യാസം മാത്രമേ എനിക്കൊരു കൈമുതലായി ഉണ്ടാവൂ എന്ന തിരിച്ചറിവിൽ കഷ്ടപ്പെട്ട് കുത്തിയിരുന്നു പഠിച്ചു. ഇതിനിടെ എന്‍റെ സ്വത്വത്തെയും വ്യക്തിത്വത്തെയും പൂർണമായും നിഷേധിച്ച് ബന്ധുക്കൾ എനിക്കായി വിവാഹം ആലോചിച്ചു, ഇതിനുമുമ്പ് ഒരു ഡോക്ടറുടെ അടുക്കൽ നിർബന്ധിച്ച് കൊണ്ടുപോയി കൺവെർഷൻ തെറപ്പിക്കു വിധേയയാക്കി, ലൈംഗിക ഉത്തേജനത്തിനുള്ള ചികിത്സ തേടി. അയാൾ പറഞ്ഞത്, ഈ മരുന്നു കഴിച്ചാൽ സാധാരണ പുരുഷന്മാരെപ്പോലെ ലൈംഗികജീവിതം കിട്ടുമെന്നെല്ലാമാണ്. എന്‍റെ എതിർപ്പും പ്രതിരോധവും വകവെക്കാതെ 25ാം വയസ്സിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടിവന്നു. മാനസികമായും ശാരീരികമായും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നായിരുന്നു ആ ബന്ധം, അതുകൊണ്ടുതന്നെ ഏറെ വൈകാതെ വിവാഹമോചനത്തിലേക്ക്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് അന്ന് നഷ്ടപരിഹാരം നൽകിയത്. ആ സംഭവത്തോടെ വീട്ടിൽനിന്നിറങ്ങേണ്ടിവന്നു. ആരോരുമില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ കഴിച്ചുകൂട്ടിയ നാളുകൾ. ചെറുതുരുത്തി പാലത്തിൽനിന്ന് ഭാരതപ്പുഴയിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചെങ്കിലും അന്ന് മരണംപോലും എന്നെ കൈവിട്ടുകളഞ്ഞു. അതോടെയാണ് ഒരു ഉയിർത്തെഴുന്നേൽപുണ്ടായത്. പിന്നീട് പാലക്കാട് ജില്ലയിൽ ട്രാൻസ് സമൂഹത്തിനായി ഒരുമ കൂട്ടായ്മ രൂപവത്കരിച്ചു, നിരന്തര പരിശ്രമത്തിലൂടെ കലക്ടറേറ്റിൽ അഞ്ചു ലക്ഷം രൂപ സർക്കാർ ഫണ്ടിൽ ട്രാൻസ്ജെൻഡർ കാൻറീൻ തുടങ്ങി. സമൂഹത്തിലെ എല്ലാവർക്കും റേഷൻ കാർഡ് കിട്ടാനുള്ള നിയമപോരാട്ടത്തിന്‍റെ ഭാഗമായി... അങ്ങനെയങ്ങനെ ഞാൻ ജീവിക്കുകയായിരുന്നു. 2020ലാണ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ഞാൻ എന്‍റെ പൂർണസ്വത്വത്തിലേക്ക് എത്തിച്ചേരുന്നത്, നിലവിൽ കബീർ എന്ന പേരിനൊപ്പം അനീറയെന്ന പേരു ചേർത്ത് ഞാൻ അനീറ കബീറായി മാറി.
ഇതിനിടെ വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദങ്ങൾ, കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള എം.എഡ്, സെറ്റ് എന്നീ യോഗ്യതകളുമായി ഒരു ജോലി തേടി പല വാതിലുകളിൽ മുട്ടി. ഇത്രയധികം പഠിച്ചതുകൊണ്ടുതന്നെ സ്വന്തം കാലിൽ നിൽക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. രണ്ടു മാസത്തിനിടെ 14 സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള പരസ്യം കണ്ടു ചെന്നു, വയനാട്ടിലുൾപ്പെടെ. എന്നാൽ, എല്ലായിടത്തും ട്രാൻസ്ജെൻഡർ ആണെന്ന യാഥാർഥ്യം തിരിച്ചറിയുന്നതോടെ അവഗണനയായിരുന്നു ഫലം. ഒരു ഇൻറർവ്യൂവിനിടെ അധ്യാപകർ ചോദിച്ചത് മറക്കാനാവില്ല; നിങ്ങളെ ടീച്ചറായി എടുത്താൽ നിങ്ങൾ കുട്ടികളെ ലൈംഗികച്ചുവയോടെ നോക്കില്ലേ എന്നായിരുന്നു എന്‍റെ ഉള്ളുതകർത്ത ആ ചോദ്യം. ഒരിടത്ത് പുരുഷവേഷത്തിൽപോലും അഭിമുഖത്തിനു പോയിട്ടുണ്ട്. എല്ലാം ക്ഷമിച്ചും സഹിച്ചും ഒരു ജോലി കിട്ടുംവരെ പിടിച്ചുനിന്നു. അങ്ങനെയാണ് ചെർപ്പുളശ്ശേരിയിലെ സർക്കാർ സ്കൂളിൽ ജൂനിയർ തസ്തികയിൽ താൽക്കാലിക നിയമനം കിട്ടിയത്. ഇവിടത്തെ സീനിയർ പോസ്റ്റിൽ സ്ഥിരനിയമനമായപ്പോൾ, ആ തസ്തികയിലുണ്ടായിരുന്ന ആളെ ജൂനിയർ തസ്തികയിലേക്കു മാറ്റി എന്നെ പറഞ്ഞുവിടുകയായിരുന്നു. ഇതോടെ എന്‍റെ മുന്നിൽ വീണ്ടും പെരുവഴിയായി. ഏറെ അലഞ്ഞും കഷ്ടപ്പെട്ടും കിട്ടിയ ഒരു ജോലിയാണ്.
നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ, ഇത്രയും വിദ്യാഭ്യാസമുള്ള എന്‍റെ സ്ഥിതി ഇതാണെങ്കിൽ, നിരക്ഷരരും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരുമായ ട്രാൻസ് സമൂഹത്തിലെ സഹോദരങ്ങളുടെ കാര്യം എങ്ങനെയായിരിക്കുമെന്ന്. എന്‍റെ മാതാപിതാക്കളാണ് എനിക്കെല്ലാം, അവരെ കാണാനും കഴിയുന്ന സാമ്പത്തികസഹായം നൽകാനും ഞാനിടക്ക് പോകാറുമുണ്ട്. മൂന്നാഴ്ച മുമ്പ് സഹോദരൻ അപകടത്തിൽ മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറക്കുറെ എന്നിലായി.
ഇങ്ങനെ നിസ്സഹായതയുടെ നൂൽപാലത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 34ാം വയസ്സിൽ മറ്റൊരു വഴിയുമില്ലാതെ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നത്. സ്വയം ജീവനൊടുക്കാൻ ഞാനില്ല, ഹൈകോടതിയിൽ ഇതിനുള്ള അപേക്ഷ നൽകുന്നതിനായി ലീഗൽ സർവിസ് അതോറിറ്റി മുഖേന അഭിഭാഷകനെ തേടുന്നുവെന്ന വാർത്ത വന്നതോടെ പലരും പിന്തുണയും സഹായവുമായെത്തി. ബുധനാഴ്ച തിരുവനന്തപുരത്ത് ചെന്ന് മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ടു കണ്ടു. അദ്ദേഹം പാലക്കാട് ബി.ആർ.സിയിൽ തൽക്കാലം ക്ലസ്റ്റർ കോഓഡിനേറ്ററായി പ്രവേശിക്കാനാണ് ഉത്തരവിട്ടത്. രണ്ടു മാസത്തിനകം സ്ഥിരനിയമനം നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. എന്‍റെ കാര്യം മാത്രമല്ല, ട്രാൻസ് വ്യക്തികൾക്ക് തൊഴിൽമേഖലയിൽ സംവരണം നൽകണമെന്നാണ് എനിക്കാവശ്യപ്പെടാനുള്ളത്. ഒന്നുമില്ലെങ്കിലും ഞങ്ങളും മനുഷ്യജീവികൾതന്നെയല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.