സത്താർ, മലയാളി മറന്നുപോയ നടന വൈഭവം

ഒരു കാലത്ത്​ മലയാള സിനിമയുടെ തിരശ്ശീലയിൽ നിറഞ്ഞുനിന്ന ഒരുപിടി സുന്ദരന്മാരുണ്ടായിരുന്നു. അഭിനയത്തിലും അവർ മ ോശമായിരുന്നില്ല... എഴുപതുകളുടെ രണ്ടാം പാതിയിലും എൺപതുകളുടെ ആദ്യത്തിലും അവരില്ലാത്ത സിനിമകൾ അപൂർവമായിരുന്നു ... സുധീർ, രാഘവൻ, വിൻസെന്റ് രവികുമാർ, ജോസ്​, പ്രേംനവാസ്​, രതീഷ്, ശ്രീനാഥ്​​... അങ്ങനെയൊരു നിര... അതിലൊരാളായിരുന്നു സത്താർ എന്ന നടൻ.

എന്നത്തെയും പോലെ സൂപ്പർ താരങ്ങൾ അടക്കിവാഴുന്ന സിനിയുടെ ലോകത്തിലെ ആവർത്തിക്കുന്ന വിധി ത ന്നെയായിരുന്നു സത്താറിനും. നായക വേഷങ്ങൾ പാതിയിൽ അഴിഞ്ഞുവീഴുകയും മെല്ലെ മെല്ലെ ചലച്ചിത്ര ലോകം വിസ്​മരിക്കുക യും ഒടുവിൽ അധികമാരുടെയും ഓർമകളിലില്ലാതെ അസ്​തമിക്കുകയും...


വിൻസ​​​​െൻറും സുധീറും പ്രേംനവാസും രതീഷ്​ പ ോലും അവസാന കാലങ്ങളിൽ താരഭാരങ്ങളില്ലാതെയായിരുന്നു ജീവിതത്തിൻെറ സ്​ക്രീനിൽനിന്ന്​ വിടവാങ്ങിയത്​. സത്താർ കടന്നുപോകുന്നതും അങ്ങനെത്തന്നെ.

2012ൽ റിലീസായ ആഷിക്​ അബു ചിത്രം ‘22 ഫീമെയിൽ കോട്ടയം’ കണ്ട ന്യൂജെൻ പ്രേക്ഷകരിൽ ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്​ ഹെഗ്​ഡെയെ കൊല്ലാൻ ​ടെസ്സയെ സഹായിച്ച ആ ഡി.കെ യുടെ വേഷം ചെയ്​ത നടൻ ആരെന്ന്​. ഏറെ കാലത്തിനു ​ശേഷം സത്താർ ഡി.കെ എന്ന വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത്​ ഒരു പുതുമുഖ താരത്തിൻെറ പിറവിക്ക്​ സമമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ പിന്നെയും കാര്യമായ വേഷങ്ങളൊന്നും സത്താറിനെ തേടി വന്നില്ല..

സത്യൻെറയോ പ്രേംനസീറിൻെറയോ ജയൻെറയോ എന്തിന് സോമൻറെയോ സുകുമാരൻെറയോ ഡേറ്റിനായി നിർമാതാക്കൾ വീട്ടുപടിക്കൽ സത്യഗ്രഹം കിടന്നപോലെ ഒരുകാലത്തും സത്താർ എന്ന നടൻെറ ഡേറ്റിനു വേണ്ടി നിർമാതാക്കൾ കാത്തുകിടന്നിട്ടുണ്ടാവില്ല. എന്നിട്ടും, മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നോറോളം സിനിമ സത്താറിൻെറ പേരിലുണ്ടായിരുന്നു. നായകനായും വില്ലനായും കാരക്​ടർ റോളുകിലും ആടിയും പാടിയും ഇടിച്ചും കൊന്നും മരിച്ചുവീണുമൊക്കെ സത്താർ സിനിമകളിൽ സജീവമായി നിന്നു.

സത്താർ ഒരു മോശം നടനായിരുന്നില്ല. എന്നല്ല, അന്നത്തെ പല നടന്മാരെക്കാളും മികച്ച നടനുമായിരുന്നു. അക്കാലത്തെ പല നടന്മാരിലും ദൃശ്യമായിരുന്ന സ്​ത്രൈണാംശം തെല്ലും അയാളിൽ ഉണ്ടായിരുന്നുമില്ല. എന്നിട്ടും, വലിയൊരു താരമായി അദ്ദേഹം ഉയർന്നില്ല. മമ്മൂട്ടിക്കോ മോഹൻലാലിനോ ഉള്ള സമർപ്പണ മനസ്സ് തനിക്കില്ലാതിരുന്നതുകൊണ്ടാണ്​ താനിങ്ങനെ ആയിപ്പോയതെന്ന്​ പിൽക്കാലത്ത്​ സത്താർ ചില അഭിമുഖങ്ങളിൽ സമ്മതിക്കുന്നുണ്ട്​..

വേഷങ്ങൾക്കു വേണ്ടി ആരുടെ മുന്നിലും ഭിക്ഷാടകന്റെ വേഷം കെട്ടാൻ അയാൾ ഒരുമ്പെട്ടിട്ടില്ല. അവസരങ്ങളിലേക്ക് ഇടിച്ചു കയറാൻ വൈഭവവുമുണ്ടായിരുന്നില്ല.. തന്നെ തേേടി വന്ന വേഷങ്ങൾ പരിിഭവങ്ങളില്ലാതെ ചെയ്തു തീർത്തു...

1952ൽ ആലുവയിലെ കടുങ്ങല്ലൂരിൽ ഖാദർ പിള്ളയുടെയും ഫാത്തിമയുടെയും പത്തു മക്കളിൽ ഒമ്പതാമനായ സത്താറിന്​ സിനിമ ചെറുപ്പത്തിലേ പിടികൂടിയ ഒരാവേശമായിരുന്നില്ല. തികച്ചും യാദൃച്ഛികമായി സിനിമയിൽ വന്നിറങ്ങിയ ഒരാൾ. പ്രേം നസീർ നിറഞ്ഞുകത്തുന്ന കാലം. ആലുവ യു.സി കോളജിൽ ഹിസ്​റ്ററിയിൽ ബിരുദാനന്തര ബിരുദത്തിന്​ പഠിക്കവെയാണ്​ പുതുമുഖങ്ങളെ ആവശ്യമുണ്ട്​ എന്ന പരസ്യം കണ്ട്​ വെറുതെ ഒന്നപേക്ഷിച്ചു നോക്കിയത്​. ആകാരവും ആകൃതിയും അഭിനയവുമെല്ലാം ഒത്തിണങ്ങിയപ്പോൾ നടനാവാൻ യോഗമുണ്ടായി. എം. കൃഷ്​ണൻ നായർ സംവിധാനം ചെയ്​ത ‘ഭാര്യയെ ആവശ്യമുണ്ട്​’ എന്ന ചിത്രത്തിലൂടെ 1975ൽ അങ്ങനെ സിനിമക്കാരനായി തുടങ്ങി.

തൊട്ടടുത്ത വർഷം വിൻസെന്റ് സംവിധാനം ചെയ്​ത ‘അനാാവരണ’ത്തിൽ നായകനായി. 1978ൽ തൃക്കുന്നപ്പുഴ വിജയകുമാർ നിർമിച്ച്​ കെ. നാരായണൻ സംവിധാനം ചെയ്​ത ‘ബീന’ എന്ന ബ്ലാക്​ ആൻഡ്​ വൈറ്റ്​ ചിത്രത്തിൽ സത്താറിന്നാ ജോഡിയായത് അക്കാലത്തെ ഏറ്റവും ജനപ്രിയ നായികയായിരുന്ന ജയഭാരതിയായിരുന്നു.

‘നീയൊരു വസന്തം എൻെറ മാനസ സുഗന്ധം..’
ബിച്ചു തിരുമല എഴുതി കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനരംഗത്തിൽ പ്രണയ ജോഡികളായി അവർ ചെന്നുകയറിയത്​ വെള്ളിത്തിരയ്​ക്കും പുറത്തെ പ്രണയത്തിലേക്കും വിവാഹ ജീവിതത്തിലേക്കുമായിരുന്നു. ജയഭാരതി കരിയറിൻെറ ഉന്നതിയിൽ നിൽക്കെ 1979ലായിരുന്നു സത്താറിൻെറയും ജയഭാരതിയുടെയും വിവാഹം. ഒരുപക്ഷേ, മലയാളത്തിലെ ആദ്യ താരദമ്പതികൾ.

1980ൽ സോമൻ നായകനായ ശശികുമാർ സംവിധാനം ചെയ്​ത ‘പ്രകടനം’ എന്ന സിനിമയിലെ സത്താറി​​ൻറെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൗർഭാഗ്യവശാൽ സത്താറിന്​ പിന്നീട്​ ​ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ അപൂർവമായി. എൺപതുകളുടെ രണ്ടാംപാതിയിൽ ചെറുചെറു വേഷങ്ങളിൽ പരിഭവങ്ങളില്ലാതെ നടന്നു നീങ്ങിയ സത്താർ 90കളിൽ തീർത്തും അപ്രസക്​തനായി. പിന്നെയും ചെറുവേഷങ്ങളിൽ ഒതുങ്ങി. അതിനിടയിൽ 1987ൽ സത്താർ - ജയഭാരതി ബന്ധം വേർപിരിയുകയും ചെയ്​തു.

22 ഫീമെയിൽ കോട്ടയത്തിലെ സത്താറിൻെറ വേഷം ശ്രദ്ധിച്ചിട്ടുണ്ടോ... അയാളിലെ നടൻ എത്ര മികച്ചതായിരുന്നു എന്ന്​ തെളിയിക്കുന്നതായിരുന്നു ഡി.കെ എന്ന വേഷം. വീണ്ടും സിനിമയിൽ സജീവമാകാൻ ആ വേഷം തുണയാകും എന്നു കരുതിയിരുന്നുവെങ്കിലും അതുണ്ടാകാതെ പോയി. സ്വന്തം വിധിയുടെ മാളത്തിൽ സത്താർ എന്ന നടൻ സ്വയം ചുരുണ്ടുകൂടി.

ഒടുവിൽ അയാൾ ഓർമയാകു​മ്പോഴെങ്കിലും സമ്മതിക്കാതിരിക്കാനാവില്ല, സത്താർ ഒരു മികച്ച നടൻ തന്നെയായിരുന്നുവെന്ന്​. മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിക്കാതെ പോയ ഒരു നടനവൈഭവമായിരുന്നു സത്താർ എന്ന്​.

Tags:    
News Summary - Article about malayalam movie actor sathar-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT