വിവിധ റോളുകളിൽ മികവ് തെളിയിച്ച ഓൾറൗണ്ടറായിരുന്നു ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് എന്ന സീനിയർ ബുഷ്. സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം 1942ൽ 18ാം വയസ്സിൽ ടോർപിഡോ ബോംബർ പൈലറ്റായാണ് തുടങ്ങിയത്. രണ്ടു വർഷത്തിനുശേഷം പസഫിക്കിനു മുകളിൽ തകർന്നുവീണ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട ഒരേയൊരു വൈമാനികൻ യേൽ സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷം ടെക്സസിലെ എണ്ണക്കമ്പനിയിൽ എക്സിക്യൂട്ടിവും സി.ഐ.എ മേധാവിയും റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിലെ സജീവതാരവും ചൈനയിലെ അംബാസഡറും കോൺഗ്രസ് അംഗവും രണ്ടു തവണ വൈസ് പ്രസിഡൻറും ഒരുതവണ പ്രസിഡൻറുമായത് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ സംഭവബഹുലമായ കരിയറായിരിക്കാം.
എന്നാൽ, യു.എസ് രാഷ്ട്രീയത്തിൽ ഡൈനാസ്റ്റി കൾചറിന് തുടക്കമിട്ടയാൾ എന്ന വിശേഷണവും സീനിയർ ബുഷിനുണ്ട്. ‘അമേരിക്കൻ ഡൈനാസ്റ്റി: അരിസ്റ്റോക്രസി, ഫോർച്യൂൺ ആൻഡ് ദ പൊളിറ്റിക്സ് ഒാഫ് ഡിസീറ്റ് ഇൻ ദ ഹൗസ് ഒാഫ് ബുഷ്’ എന്ന പുസ്തകത്തിൽ കെവിൻ ഫിലിപ്സ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
പ്രസിഡൻറ് ജോർജ് എച്ച്. ഡബ്ല്യൂ. ബുഷിെൻറ പിതാമഹനും അമേരിക്കൻ ബാങ്കറും വ്യവസായിയുമായ ജോർജ് ഹെർബർട്ട് വാക്കറും സാമുവേൽ പ്രസ്കോട്ട് ബുഷുമാണ് വൻകിട വ്യവസായികളായ കുടുംബത്തിെൻറ തലവന്മാർ. ഒന്നാം ലോകയുദ്ധകാലത്തും ശേഷവും ഇവർ നേടിയെടുത്ത വൻ കരാറുകൾ പിൽക്കാലത്ത് ആയുധ നിർമാണശാലകളുടെ സ്ഥാപനത്തിൽ വരെ എത്തിനിന്നു. രണ്ടാം ലോകയുദ്ധ കാലത്ത് സീനിയർ ബുഷിെൻറ പിതാമഹൻ പ്രസ്കോട്ടിന് ജർമൻ ആയുധ കോർപറേറ്റുകളുമായി സജീവബന്ധമുണ്ടായിരുന്നു. ടോക്യോയിൽ അമേരിക്ക വർഷിച്ച ബോംബുകളുടെ നിർമാതാക്കളായ ഡ്രസർ ഇൻഡസ്ട്രീസിൽ പിൽക്കാലത്ത് ബുഷ് ജോലി നോക്കിയിരുന്നു. സി.ഐ.എ ഡയറക്ടർ ആയിരുന്ന കാലത്ത് അദ്ദേഹത്തിെൻറ മുൻഗണനാ ക്രമങ്ങളിൽ പ്രധാനം ആയുധവിതരണം തന്നെയായിരുന്നു. ഇറാൻ, ഇറാഖ്, സൗദി അറേബ്യ, അഫ്ഗാൻ മുജാഹിദുകൾ എന്നിവർക്ക് അമേരിക്കൻ ആയുധങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു അദ്ദേഹം. മിലിട്ടറി ഇൻഡസ്ട്രി കോംപ്ലക്സിനെതിരെ 1961ലെ വിടവാങ്ങൾ പ്രസംഗത്തിൽ പ്രസിഡൻറ് ഐസനോവർ താക്കീത് നൽകിയത് ബുഷ് കുടുംബത്തെ മുന്നിൽനിർത്തിയായിരുന്നെന്ന് ഫിലിപ്സ് ചൂണ്ടിക്കാട്ടുന്നു.അമേരിക്കൻ പ്രസിഡൻറ് പദവി ബുഷ് കുടംബത്തിെൻറ ആഗ്രഹമായിരുന്നു. അമേരിക്കയുടെ പ്രഥമവനിത പദവി 1940കളിൽ തന്നെ ബാർബറ ബുഷ് സ്വപ്നം.
കാണുകയും സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. പ്രസിഡൻറ് ബുഷിെൻറ പിതാവ് പ്രസ്കോട്ട് 1962ൽ വിരമിക്കുന്നതിനുമുമ്പ് തെൻറ ആഗ്രഹമായി പറഞ്ഞതും അമേരിക്കയുടെ പ്രസിഡൻറ് പദവിതന്നെ. 1963ൽ ആൻഡോവർ അക്കാദമിയിലെ വിദ്യാർഥിയായിരുന്ന ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് പിതാവിെൻറ ആഗ്രഹ സഫലീകരണെത്തക്കുറിച്ച് സൂചന നൽകുകയും ചെയ്തു. അത് യാഥാർഥ്യമാക്കുക മാത്രമല്ല, തെൻറ മകൻ രണ്ടുവട്ടം പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അദ്ദേഹത്തിന് അവസരമുണ്ടായി. പിതാവും മകനും പ്രസിഡൻറ് പദവിയിൽ എത്തിയ രണ്ടു സംഭവങ്ങളാണ് അമേരിക്കയുടെ ചരിത്രത്തിലുള്ളത്. പ്രഥമ പ്രസിഡൻറ്
ജോർജ് വാഷിങ്ടണിനുശേഷം പ്രസ്തുത പദവിയിലെത്തിയ ജോൺ ആഡംസും (1797-1801) ആറാമത്തെ പ്രസിഡൻറായ മകൻ ജോൺ ക്വിൻസി ആഡംസുമാണ് (1825-1829) ആദ്യത്തേത്. 41ാം പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യൂ. ബുഷും (1989-1993) 43ാം പ്രസിഡൻറ് ജോർജ് ഡബ്ല്യൂ. ബുഷുമാണ് (2001-2009) രണ്ടാമത്തെ പിതാ-പുത്ര പ്രസിഡൻറുമാർ. ജൂനിയർ ബുഷ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സീനിയർ ബുഷ് രണ്ടാമൂഴത്തിൽ പരാജയപ്പെട്ടു. അധിനിവേശവും യുദ്ധവും തങ്ങളുടെ പ്രസിഡൻറ് പദവിയെ അലങ്കാരമായി കൊണ്ടുനടന്നവരാണ് ഇരുവരുമെന്നതാണ് വിരോധാഭാസം. ഇറാഖിൽ സദ്ദാം ഹുസൈനെതിരെ അമേരിക്ക നടത്തിയ രണ്ടു യുദ്ധങ്ങൾക്കും ചുക്കാൻ പിടിച്ചത് പിതാവും മകനുമായിരുന്നു. ആദ്യത്തേത് 1990ൽ ഇറാഖിെൻറ കുവൈത്ത് അധിനിവേശം അവസാനിപ്പിക്കാൻ നടത്തിയ ‘ഓപറേഷൻ ഡെസേർട്ട് ഷീൽഡ്’ എന്ന സൈനിക നടപടിയായിരുന്നു. 1991 ഫെബ്രുവരി 28ന് അവസാനിച്ച യുദ്ധം നടത്തിയത് അമേരിക്കയുടെ കാർമികത്വത്തിലായിരുന്നു. ഇറാഖിെൻറ അധിനിവേശം അവസാനിപ്പിക്കാനാണ് പിതാവ് ബുഷ് യുദ്ധം ചെയ്തതെങ്കിൽ ഇറാഖിൽ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കാനാണ് 2003ൽ ‘ഓപറേഷൻ ഇറാഖി ഫ്രീഡം’ എന്ന പേരിൽ മകൻ യുദ്ധം നയിച്ചത്. ഇല്ലാത്ത രാസായുധ കഥകൾ പ്രചരിപ്പിച്ച് യു.എൻ രക്ഷാസമിതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജൂനിയർ ബുഷും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും യുദ്ധം അടിച്ചേൽപിച്ചത്. അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിലും ജൂനിയർ ബുഷ് പങ്കുവഹിക്കുകയുണ്ടായി.
റൊണാൾഡ് റെയ്ഗനിൽനിന്ന് യു.എസ് പ്രസിഡൻറ് പദവി ബുഷിൽ എത്തുമ്പോൾ സമാധാനപൂർണമായ ചില സംഭവങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി എന്നത് നേരാണ്. ബർലിൻ മതിൽ ഇടിയുകയും ജർമനി ഒന്നാവുകയും ചെയ്തു, കിഴക്കൻ യൂറോപ്പിൽ കമ്യൂണിസ്റ്റ് ഏകാധിപത്യ കോട്ടകൾ ഒന്നൊന്നായി നിലംപരിശായി, ഗോർബച്ചേവിയൻ കാലത്തെ പെരിസ്േത്രായിക്കയും ഗ്ലാസ്നോസ്റ്റും സോവിയറ്റ് യൂനിയനെ പിടിച്ചുകുലുക്കി. 1922ൽ നിലവിൽവന്ന സോവിയറ്റ് യൂനിയൻ എന്ന 15 റിപ്പബ്ലിക്കുകളുടെ കൂട്ടായ്മ 70 വർഷം തികയാൻ ഒരു കൊല്ലം ബാക്കിയിരിക്കെ 1991 ഡിസംബറിൽ അത്രയും രാജ്യങ്ങളായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിനുമുമ്പുതന്നെ വൻശക്തികളായ സോവിയറ്റ് യൂനിയനും അമേരിക്കക്കും ഇടയിലുണ്ടായിരുന്ന ശീതയുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങിയിരുന്നു. 1989 ഡിസംബറിൽ മാൾട്ടയിൽ നടന്ന ഉച്ചകോടിയിൽ ബുഷും അന്നത്തെ സോവിയറ്റ് യൂനിയൻ പ്രസിഡൻറ് മിഖായേൽ ഗോർബച്ചേവും ശീതയുദ്ധം അവസാനിച്ചതായും സമാധാനത്തിെൻറ പുതിയ യുഗത്തിലേക്ക് ലോകം പ്രവേശിച്ചതായും പ്രഖ്യാപിച്ചു.
എന്നാൽ, പ്രസ്താവനകളിലൊതുങ്ങുന്നതാണ് ബുഷിെൻറ പ്രഖ്യാപനമെന്ന് താമസിയാതെ ലോകം കണ്ടു. ഉച്ചകോടി നടന്ന മാസംതന്നെയാണ് പാനമയിൽ അധിനിവേശത്തിന് ബുഷ് ഉത്തരവിട്ടത്. തൊട്ടടുത്ത വർഷം, 1990ൽ കുവൈത്തിൽ അധിനിവേശം നടത്തിയ ഇറാഖിനെ പുറത്താക്കാൻ സൈനിക നടപടി ആവശ്യപ്പെട്ടത് ബുഷായിരുന്നു. 1993ൽ പടിയിറങ്ങും മുമ്പ് ഗൾഫ് യുദ്ധത്തിന് തുടക്കമിട്ടാണ് തെൻറ പ്രഖ്യാപനത്തിലെ പൊള്ളത്തരം ബുഷ് ലോകത്തെ ബോധ്യപ്പെടുത്തിയത്. മിഡിലീസ്റ്റിൽ യു.എസ് മിലിട്ടറിസത്തിന് വിത്തുപാകിയത് ജോർജ് ഡബ്ല്യൂ. ബുഷ് ആണെന്ന് നിസ്സംശയം പറയാം. അതിനുമുമ്പ് ജിമ്മി കാർട്ടറുടെയും റെയ്ഗെൻറയും കാലത്ത് ഇറാൻ-ഇറാഖ് യുദ്ധത്തിൽ അമേരിക്ക പരോക്ഷമായി ഇടപെട്ടിരുന്നു. ഒരു ഭാഗത്ത് സദ്ദാമിനെ സൈനികമായി സഹായിക്കുകയും മറുഭാഗത്ത് ഇറാന് ആയുധം വിറ്റ് അതിൽനിന്നുള്ള പണം നികരാഗ്വയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടുന്ന കോൺട്രകൾക്ക് നൽകുകയും ചെയ്തത് റെയ്ഗെൻറ രണ്ടാമത്തെ ടേമിലാണ്. അന്ന് ബുഷ് വൈസ് പ്രസിഡൻറായിരുന്നു.
ബാൽക്കൻ യുദ്ധം മൂർധന്യാവസ്ഥയിൽ എത്തിയതും ചൈനയിൽ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല നടന്നതും ബുഷിെൻറ ഭരണകാലത്തായിരുന്നു. എന്നാൽ, െക്രായേഷ്യയിലും ബോസ്നിയയിലും സെർബുകൾ നടത്തിയ ഭീകര താണ്ഡവത്തിനെതിരെ സൈനിക നടപടിക്ക് ബുഷ് തയാറായിരുന്നില്ല. കുവൈത്ത് അധിനിവേശം നടത്തിയ സദ്ദാം ഹുസൈനെ പുറത്താക്കാൻ യുദ്ധം നടത്തിയ ബുഷ്, സെർബുകളുടെ ഉന്മൂലന പരിപാടി മൂർധന്യത്തിലെത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചതിനു പിന്നിൽ അമേരിക്കയുടെ വാണിജ്യതാൽപര്യങ്ങൾ മാത്രമായിരുന്നു. എണ്ണയുടെ രാഷ്ട്രീയം നന്നായി അറിയുന്ന ബുഷ് കുടുംബത്തിന് ബാൽക്കനെക്കാൾ താൽപര്യം മിഡിലീസ്റ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ക്ലിൻറെൻറ കാലത്ത് 1995 ജൂലൈയിൽ സ്രബ്രനീസയിലുണ്ടായ മുസ്ലിം കൂട്ടക്കൊല 1940കൾക്കുശേഷം യൂറോപ്പിെൻറ ചരിത്രത്തിലെ ഏറ്റവും ഭീകരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യഥാർഥത്തിൽ ബോസ്നിയൻ പ്രശ്നത്തിെൻറ തുടക്കത്തിൽ ബുഷും നാറ്റോയും യൂറോപ്യൻ യൂനിയനും കാണിച്ച നിസ്സംഗതയാണ് റഡോവൻ കരാജിച്ചിനെപ്പോലുള്ള സെർബ് ഭീകരർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയത്.
1988ലെ ഇലക്ഷൻ കാമ്പയിനിൽ പുതിയ നികുതികളൊന്നും ഉണ്ടാകില്ലെന്ന ബുഷിെൻറ രണ്ടുവരി വാചകം വലിയ പ്രചാരണം പിടിച്ചുപറ്റിയിരുന്നു. ഡെമോക്രാറ്റ് എതിരാളി മൈക്കൽ ഡുകാകിസിനെ മലർത്തിയടിച്ചതിനു പിന്നിൽ ഈ പ്രഖ്യാപനങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. രണ്ട് തവണ റെയ്ഗെൻറ വൈസ് പ്രസിഡൻറായതിെൻറ പരിചയ സമ്പത്തും ഇതോടെ ബുഷിന് തുണയായി. എന്നാൽ, ആ പ്രഖ്യാപനം പാലിക്കാൻ കഴിയാഞ്ഞത് സ്വന്തം പാർട്ടിക്കാർക്കിടയിൽപോലും മതിപ്പ് കുറച്ചതാണ് ഗൾഫ് യുദ്ധത്തിെൻറ െക്രഡിറ്റ് ഉണ്ടായിട്ടും രണ്ടാം വട്ടം പ്രസിഡൻറ് പദവിയിൽ എത്താനുള്ള അദ്ദേഹത്തിെൻറ നീക്കങ്ങളെ തകർത്ത പ്രധാന ഘടകം. ബിൽ ക്ലിൻറനെപ്പോലുള്ള യുവ നേതാവിനെ അവതരിപ്പിച്ച് ഡെമോക്രാറ്റുകൾ നേട്ടം കൊയ്യുകയും ചെയ്തു.
വിശ്രമജീവിത കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ഭാഗഭാക്കായി. തെൻറ രാഷ്ട്രീയ എതിരാളിയ ക്ലിൻറനുമൊന്നിച്ച് സൂനാമി ബാധിച്ചവർക്കുവേണ്ടിയുള്ള ഫണ്ട് ശേഖരണത്തിൽ അദ്ദേഹം പങ്കെടുത്തു. ക്ലിൻറനുമായി ഉൗഷ്മള ബന്ധമായിരുന്നു ബുഷിന്. ഭാര്യ ബാർബറയുടെ വിയോഗത്തിന് എട്ടുമാസം തികയുമ്പോഴാണ് അദ്ദേഹത്തിെൻറ മടക്കവും.
(ഖത്തറിലെ ‘പെനിൻസുല’ പത്രത്തിൽ
സീനിയർ എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.